Monday, May 29, 2006

സര്‍പ്പകോപം

സന്ധ്യയ്ക്ക് പറമ്പില്‍ നിന്നും പശുവിനെ അഴിയ്ക്കാന്‍ പോയ കല്യാണിയാണ് ആദ്യം പാമ്പിനെ കണ്ടത്. പശുവിനെ പുല്ലുതിന്നാന്‍ കെട്ടിയിട്ടിരുന്നതിനടുത്തുള്ള വേലിയോട് ചേര്‍ന്നുള്ള നെടുനീളന്‍ മണ്‍തിട്ടയില്‍ നിറയെ പൊത്തുകളാണ്. അതിലൊന്നില്‍ തല പുറത്തേയ്ക്കിട്ട് ഇടയ്ക്കിടെ നാവു നീട്ടിയ ഒരു ചെറിയ പാമ്പിനെ കണ്ടതും കല്യാണി പശുവിനെ അഴിയ്ക്കാതെ ഓടി അപ്പുറത്തെ വീടിന്റെ പുറകിലെത്തി ശാരദയോട് ഒരു വിഷപാമ്പിനെ കണ്ട കാര്യം പറഞ്ഞു. രണ്ടുപേരുംകൂടി കാര്‍ത്ത്യായനിയുടെ വീട്ടിലെത്തി ഒരു മൂര്‍ഖനെ കണ്ട രംഗം വിവരിച്ചു. മുവരും കൂടി ഒരു എട്ടടി മൂര്‍ഖനെ കണ്ട കാര്യം തൊട്ടപ്പുറത്തെ വീട്ടിലെ നാണിയമ്മയോട് അതിശയത്തോടെ വര്‍ണ്ണിച്ചു. ഇനിയും ഈ വിവരം ആരോടു പറയുമെന്നാലോചിച്ച് എല്ലാവരും വിഷമിച്ചു.

എന്നിരുന്നാലും, കല്യാണി ഉഗ്രവിഷമുള്ള ഒരു രാജ വെമ്പാലയെ കണ്ടെന്നും, മോഹാലസ്യപ്പെട്ടുവെന്നും (പാമ്പല്ല), രാജ വെമ്പാല കല്യാണിയെ കൈവയ്ക്കാതെ വെറുതെ വിട്ടെന്നും സന്ദര്‍ശകരെ സ്വീകരിയ്ക്കാന്‍ ഇപ്പോഴും പൊത്തിലിരിപ്പുണ്ടെന്നും ഉള്ള വാര്‍ത്ത അല്പസമയത്തിനകം കാട്ടുതീ പോലെ ആ കരയിലാകെ പരന്നു.

ഈ പാമ്പിനെ ഒന്ന് ഒതുക്കീട്ട് തന്നെ ഇനിയെന്തും എന്ന് കരുതി ചുണയുള്ള ആണുങ്ങളും, പെണ്ണുങ്ങളും കുഞ്ഞുങ്ങളും അത്യാവശ്യം അടിയ്ക്കാനുള്ള വടികളുമായ് കല്യാണിയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി. ജനക്കൂട്ടത്തെ കണ്ടതും 'നിങ്ങള്‍ക്ക് നിങ്ങളുടെ വഴി എനിയ്ക്ക് വളഞ്ഞ വഴി' എന്ന മട്ടില്‍ പാമ്പ് തല വലിച്ച് അപ്രത്യക്ഷമായി. പാമ്പിനെ പിടിയ്ക്കണൊ, അടിയ്ക്കണൊ, എങ്ങിനെ പിടിയ്ക്കും, എങ്ങിനെ അടിയ്ക്കും, കൊല്ലണൊ, വളര്‍ത്തണൊ, ദാനം ചെയ്യണൊ എന്ന് തുടങ്ങിയ ചര്‍ച്ചകളായി പിന്നെ. പക്ഷെ ചര്‍ച്ചകളുടെ പ്രസക്തി തെളിയിച്ചുകൊണ്ട് ഒരു ജനകീയ അഭിപ്രായം ഉരുത്തിരിഞ്ഞുവന്നു. അതെ, അതുതന്നെ; കീരിവാസുവിനെ വിളിയ്ക്കുക!

പാമ്പു പിടുത്തത്തില്‍ കീരിവാസു നിസ്സാരക്കാരനല്ലെന്നാണ് ജനസംസാരം. ഒരുവിധം പാമ്പുകളൊക്കെ കീരിവാസു വരുന്നുണ്ടെന്ന് മണത്തറിഞ്ഞാല്‍ ആ നിമിഷം സ്ഥലം വിടുമത്രെ! ഒരിയ്ക്കല്‍ നിലാവുള്ളൊരു രാത്രിയില്‍ പതിവിലധികം പട്ടയടിച്ച് ഊടുവഴിയില്‍ക്കൂടി സര്‍വ്വതും ചവിട്ടി മെതിച്ച് നടന്നു നീങ്ങിയിരുന്ന കീരിവാസുവിനെ ഒരു എട്ടടി മൂര്‍ഖന്‍ വാലിലെഴുന്നേറ്റ് നിന്ന് മുഖാമുഖം പേടിപ്പിച്ചുവത്രെ! വാസുവാകട്ടെ മൂര്‍ഖന്റെ 'ചെവിയ്ക്ക്' പിടിച്ച് തിരുമ്മി, "ഈ അസമയത്താണൊ ഇവിടെ കിടന്ന് കളിയ്ക്കണെ? വീട്ടീപ്പോടാ.." എന്ന് പറഞ്ഞ് വിരട്ടിയെന്നും, അതല്ല വാസുവിന്റെ ഉച്ഛ്വാസം തട്ടി കുഴഞ്ഞുവീണ പാമ്പിനെ അറിയാതെ ചവിട്ടിക്കൂട്ടി കാലില്‍കോര്‍ത്ത് ദൂരെയെറിഞ്ഞതാണെന്നും രണ്ട് തരം കഥകള്‍ പ്രചാരത്തിലുണ്ട്.

കീരിവാസുവിനെ വിളിയ്ക്കാന്‍ ഒരു സംഘം ദൂതന്മാര്‍ നിയോഗിയ്ക്കപ്പെട്ടു. പാമ്പിനെ തല്ലിയൊതുക്കാനുള്ള വടിയും മറ്റ് മാരകായുധങ്ങളും കൂടുതലായി സംഭരിയ്ക്കാന്‍ മറ്റൊരു സംഘം യാത്രയായി. ബാക്കിയുള്ളവര്‍ പൊത്തിലിരിയ്ക്കുന്ന നാഗരാജാവിന് കാവലായ് പുറത്ത് നിലകൊണ്ടു. കുറച്ചു സമയത്തിനുള്ളില്‍ കീരിവാസുവിനേയും പുറകിലിരുത്തി വാസുവിന്റെ വലംകൈ സുബ്രന്‍ ഒരു ലൂണ മോപ്പെഡില്‍ പറന്നെത്തി. വെളിച്ചം കുറഞ്ഞു തുടങ്ങിയതു കൊണ്ട് ആരുടെയൊ കയ്യില്‍ നിന്നും ഒരു ടോര്‍ച്ച് വാങ്ങി വാസു പൊത്തിലേയ്ക്കടിച്ചുനോക്കി. ഒന്നും കാണാനില്ലായിരുന്നു. പഹയനെ പുകച്ചു പുറത്തിറക്കണൊ, ചൂടുവെള്ളമൊഴിച്ച് ചാടിയ്ക്കണൊ എന്ന് ചിന്തിയ്ക്കാനായി വാസു ഒരു ബീഡി കത്തിച്ച് സ്വന്തം മനസ്സാകെ പുകച്ച് ഒരു തീരുമാനമെടുത്തു. വെള്ളം തന്നെ!

വെളുത്തുള്ളി പാല്‍ക്കായം തുടങ്ങിയവ ഇട്ടു തിളപ്പിച്ച വെള്ളം തയ്യാറാക്കാന്‍ വാസു കല്പന കൊടുത്തു. പാല്‍ക്കായ പായസം ആരൊ പെട്ടെന്ന് തന്നെ തയ്യാറാക്കി കൊണ്ടുവന്നു. അടിയ്ക്കാന്‍ തയ്യാറായി വിവിധ കോണുകളില്‍ പലരും കാത്തു നിന്നു. പാല്‍ക്കായ പാനി മുക്കാല്‍ പങ്കും മാളത്തിലെത്തിച്ചു. ചാടിവീഴാന്‍ പോകുന്ന പാമ്പിനെ തല്ലാന്‍ എല്ലാവരും തയ്യാറായി നിന്നെങ്കിലും ഇരു കൈകളും ശിരസ്സില്‍ വെച്ച് കുമ്പിട്ട് ആരും മാളത്തില്‍ നിന്നും പുറത്തു വന്നില്ല!

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ കല്യാണിയ്ക്കൊരു സംശയം: 'ഇത്രയും സമയം പാല്‍ക്കായ ഗന്ധം സഹിച്ചിരിയ്ക്കാന്‍ സാധാരണ പാമ്പുകള്‍ക്ക് പറ്റുമൊ? അപ്പോളിത് അതു തന്നെ, സര്‍പ്പം!'.

"ഇത് സര്‍പ്പാണെന്നാ തോന്നണെ. അതിനെ ഒന്നും ചെയ്യണ്ട. സര്‍പ്പകോപണ്ടാവും." എല്ലാവരോടുമായി കല്യാണി പറഞ്ഞു.

"ഇടപ്പള്ളിയിലേയ്ക്ക് രണ്ട് കോഴീനെ കൊടുത്താ മതി" മറിയാമ്മ ചേട്ടത്തി പെട്ടെന്നൊരു പ്രതിവിധി കണ്ടെത്തി.

"എന്നാ പാമ്പുമേക്കാട്ടേയ്ക്ക് ഒരു വഴിപാടായിക്കോട്ടെ" മുത്തശ്ശിയും അറിവ് പങ്കു വെച്ചു.

"കാശും കോഴീം അകത്തുള്ളോന്റെ തലേലിരിയ്ക്കണ മാണിയ്ക്കനേം ഞാനെടുത്തോളാം. ഒരു കുപ്പി കള്ള് വേറെ വേണം" കീരിവാസു ഏല്ലാവരേയും സംതൃപ്തരാക്കാന്‍ ശ്രമിച്ചു.

നേരം കറേ കഴിഞ്ഞീട്ടും പാമ്പിനെ കാണാത്തതുമൂലം തനിയ്ക്ക് നഷ്ടപ്പെടാന്‍ പോകുന്ന അഭിനന്ദനങ്ങളോര്‍ത്ത് വാസുവിന് അരിശം വന്നു.

"അവന്‍ പൊറത്തു വന്നില്ലങ്ങെ നമ്മള് അകത്തേയ്ക്ക് പോവും. നമുക്കീ പൊത്ത് കെളയ്ക്കാം." വാസു എല്ലാവരോടുമായി പറഞ്ഞു.

"ഇരുട്ടായി തുടങ്ങീട്ടൊ. അകത്തൂള്ളോനെ സൂക്ഷിയ്ക്കണം." പ്രായമായവരിലാരൊ വാസുവിനെ ഉപദേശിച്ചു.

"അകത്ത് വാസുകിയാണെങ്കിലെ പൊറത്ത് വാസ്വാ! കെളയ്ക്കെടാ പൊത്ത്." വാസുവിന് ആത്മധൈര്യം കൂടി.

വാസുവിന്റെ ആവേശം കണ്ട് യുവാക്കള്‍ക്ക് ഉത്സാഹമായി. കാല്‍ വെളിച്ചത്തെ പകുതിയാക്കാന്‍ ടോര്‍ച്ചുമായി രണ്ടാളും, അള മാറി മാറി കിളയ്ക്കാന്‍ രണ്ടുപേരും, പാമ്പിനെ കണ്ടാല്‍ കുത്തി മലര്‍ത്താന്‍ മുപ്പല്ലിയുമായി സുബ്രനും, പുറത്തേയ്ക്ക് വന്നാല്‍ അടിച്ചു കൊല്ലാനായി വാസു മുമ്പിലും മറ്റു ചിലര്‍ ചുറ്റിലും വ്യത്യസ്ത ദിശകളിലും സ്ഥലങ്ങളിലുമായി നില കൊണ്ടു.

"ഒന്ന്... രണ്ട്... മൂന്ന്..." സുബ്രന്‍ എണ്ണാന്‍ പഠിച്ചു. കിളച്ച് തുടങ്ങി, കിളച്ചവര്‍ കിതച്ചു തുടങ്ങി, കിതച്ചവര്‍ കുഴഞ്ഞു തുടങ്ങി.

വെളിച്ചം കുറവായിരുന്നെങ്കിലും പാമ്പിന്റെ വാലറ്റം കണ്ടതും സുബ്രന്‍ മുപ്പല്ലി കൊണ്ട് വാലില്‍ ആഞ്ഞുകുത്തി മുറുകെപ്പിടിച്ച് വിളിച്ചു പറഞ്ഞു "പാമ്പിനെ കിട്ടീ... പൊറത്തേയ്ക്കെടുക്കാന്‍ പോവാ... അടിയ്ക്കാന്‍ റെഡിയായീക്കോ...".

പാമ്പിനെ കിട്ടിയ ആവേശത്തില്‍ സുബ്രന്‍ മുപ്പല്ലി പുറത്തേയ്ക്കാഞ്ഞു വലിയ്ക്കുകയും, നിര്‍ഭാഗ്യവശാല്‍ മുപ്പല്ലിയില്‍ നിന്നും വേര്‍പ്പെട്ട് പാമ്പ് ആകാശത്തെത്തി കറങ്ങിത്തിരിഞ്ഞ് ഒരു പൂമാലപ്പോലെ താഴേയ്ക്ക് വരികയും നിലത്തെത്തുന്നതിന് മുന്‍പേ ചറുപിറുന്നനെ എല്ലാവരും കൂടി അടി തുടങ്ങുകയും ചെയ്തു.

'എന്നെ കൊല്ലല്ലെ... നിറുത്ത്..' എന്നൊരാര്‍ത്തനാദത്തോടെ കീരിവാസു വെട്ടിയിട്ട വാഴപ്പോലെ നിലംപതിച്ചു. ആകാശത്തേയ്ക്കുയര്‍ന്നു പൊന്തിയത് പാമ്പാണൊ ചേമ്പാണൊ, വന്നുവീണത് നിലത്താണൊ വാസുവിന്റെ കഴുത്തിലാണൊ എന്നൊന്നും ചിന്തിയ്ക്കാനുള്ള അവസ്ഥയിലായിരുന്നില്ല അവിടെയുള്ള ആരും തന്നെ. വെളിച്ചം കുറയുന്തോറും മനുഷ്യന് ഭയം കൂടുമെന്നുള്ളതു കൊണ്ടൊ, സ്വന്തം ജീവനില്‍ കൊതിയുള്ളതുകൊണ്ടൊ, പ്രത്യേക സാഹചര്യങ്ങളില്‍ പെട്ടെന്ന് പ്രതികരിയ്ക്കാനുള്ള ശേഷി പലരിലും വ്യത്യസ്തമായതുകൊണ്ടൊ, കുറച്ച് സമയം കഴിഞ്ഞാണ് അടി നിന്നത്.

പാമ്പാണൊ കീരിയാണൊ ചത്തതെന്നറിയാന്‍ എത്തിനൊക്കിയ നാട്ടുകാര്‍ കണ്ടത് പണ്ടെന്നൊ പൊഴിച്ചുകളഞ്ഞ ഒരു പാമ്പുറ (പാമ്പിന്‍ പടം) തന്റെ കഴുത്തില്‍ നിന്നും ഊരിയെടുത്ത് 'വെള്ളം... വെള്ളം...' എന്ന് പതുക്കെപ്പറഞ്ഞ് നിലത്തു നിന്നും എണീയ്ക്കാന്‍ ശ്രമിയ്ക്കുന്ന വാസുവിനെയായിരുന്നു.

വെള്ളമെത്തും മുമ്പെ വാസു വടിയായാലൊ എന്ന് സംശയിച്ച് സുബ്രന്‍ വാസുവിന്റെ അവസാനത്തെ ആഗ്രഹം നിറവേറ്റേണ്ടത് തന്റെ കടമയായി കണക്കാക്കി വലതു കയ്യില്‍ മുപ്പല്ലിയും ഇടതു കയ്യില്‍ ഇരുമ്പു ചട്ടിയില്‍ ബാക്കിയുള്ള പാല്‍ക്കായ പാനിയുമായി വാസുവിനെ സമീപിച്ചു. നീരുവന്ന് വീര്‍ത്ത കണ്ണുകളിലൊന്ന് പതുക്കെ തുറന്ന് നോക്കിയ വാസു ആദ്യം തന്നെ മുപ്പല്ലിയുടെ കൂര്‍ത്ത മുനകള്‍ കാണുകയും 'ഒന്നും വേണ്ടേയ്...' എന്നലറി കരഞ്ഞുകൊണ്ട് വീണ്ടും ബോധശൂന്യനായി നിലം പതിയ്ക്കുകയും ചെയ്തു.

ഇതെല്ലാം കണ്ട്, ഇതിനെല്ലാം കാരണക്കാരനായ ഒരു നീര്‍ക്കോലി 'അപ്പോള്‍ ഇന്നത്തെ ഷോ കഴിഞ്ഞുവല്ലെ, അടുത്തതെന്നാണാവൊ ' എന്ന് ചിന്തിച്ച് കുറച്ചകലെയുള്ള തന്റെ ബാല്‍ക്കണിയില്‍ നിന്നും അകത്തെ മുറിയിലേയ്ക്ക് കയറി.
:)

Tuesday, May 16, 2006

അന്വേഷണം

എന്നിലര്‍പ്പിതമാമമിതപ്രതീക്ഷകള്‍ക്കൊപ്പമുയരുവാനാകാതെ ഞാന്‍ വലഞ്ഞു.
എന്‍ സ്പര്‍ശമേറ്റതെല്ലാം നാശമാകുവതെന്‍ നിര്‍ഭാഗ്യത്താലല്ലെന്നാരറിഞ്ഞു ?
നിസ്വാര്‍ത്ഥനായെന്നെയര്‍പ്പിച്ചൊരാകര്‍ത്തവ്യങ്ങളേവതും വ്യര്‍ത്ഥമായതുമിന്നറിഞ്ഞു.
ബന്ധുക്കളാം ബന്ധനങ്ങളില്‍ നിന്നെനിക്കേകണേ മോക്ഷമെന്നുള്ളില്‍ മൊഴിഞ്ഞു.
സര്‍വ്വവും ത്യജിച്ചെന്‍നാടിനെമറന്നന്ന്യനായ് മറുനാട്ടിലെത്താന്‍ തുനിഞ്ഞു.
ചിന്തയാം ചിതയിലേറെയഗ്നിയായെന്‍ പിതാവിന്‍ മനം ഞാനറിഞ്ഞു.
ഒന്നുമുരിയാടാതെയെല്ലാമുള്ളിലൊതുക്കിയെന്നമ്മതന്‍ ദുഃഖം കണ്ണീരിലലിഞ്ഞു.
അലൗകികനായെന്നസ്ഥിത്വം തേടിയലയുവാനെന്‍ വിധിയെന്നെന്‍ മനം പറഞ്ഞു.
പട്ടിണിപ്പാവങ്ങള്‍, പീഡിതര്‍, രോഗികളേറെയാചിത്രം കണ്ടെന്‍ കരള്‍ പിടഞ്ഞു.
അതിലൊരുവനായവശനായിരവും പകലും മറന്നെന്നെമറന്നു ഞാനലഞ്ഞു.
ഇത്രയും കാലമറിഞ്ഞതത്രയും നിരര്‍ത്ഥമായിരുന്നെന്നോടൊരുനാളൊരു ഗുരു മൊഴിഞ്ഞു.
ഞാന്‍, ഞാന്‍ത്തന്നെയെന്‍ നിഴലല്ലെന്നറിയുവാനെന്‍ നിഴലിനുനേരെ ഞാന്‍ പുറം തിരിഞ്ഞു.
പിന്നെയും ഞാനാരാണെന്നറിയുവാനെന്നിലേയ്ക്കിറങ്ങിയെന്‍ കണ്‍തുറന്നുവെന്‍ കണ്‍നിറഞ്ഞു.
ഞാന്‍ ഞാനായിപ്പിറന്നീട്ടുമെന്നെയേവരുമപരനായികാണുവതെന്നപരാധമേയല്ലെന്നറിഞ്ഞു.
ഒന്നിനോടുമുപമിയ്ക്കാനൊന്നുമെനിയ്ക്കില്ലെങ്കിലുമായില്ലായ്മയല്ലെയെന്‍ സര്‍വ്വവുമെന്നറിഞ്ഞു!

Tuesday, May 02, 2006

മിടുക്കന്‍!

കിട്ടന്‍, ഉയരം മൂന്നടി മൂന്നിഞ്ചാണെങ്കിലും ഏകദേശം എട്ടടിയോളം മിടുക്കനാണ്; മിടുമിടുക്കന്‍! കിട്ടന്റെ പ്രഭാതം പൊട്ടിവിടരുന്നത് തൊട്ടടുത്ത 'വൃന്ദാവന്‍' തിയ്യേറ്ററിലെ സെക്കന്റ്ഷോയ്ക്ക് തൊട്ടുമുമ്പാണ്. ഇടവേളയ്ക്ക് മുമ്പേ തിയ്യേറ്റര്‍ പരിസരത്തെത്തുന്ന കിട്ടന്‍, ഇടവേളക്കഴിഞ്ഞ് തിരികെക്കയറുന്ന കാണികളോട് ടിക്കറ്റ് ആവശ്യപ്പെടുകയില്ല എന്നറിയാവുന്നതുകൊണ്ട് അക്കൂട്ടത്തില്‍ അകത്ത് കയറുകയും, എല്ലാ സിനിമകളുടേയും പകുതി കണ്ട് എന്നും അതിശയിയ്ക്കുകയും ചെയ്തിരുന്നു. എല്ലാദിവസവും തുടക്കം മുതല്‍ ഒടുക്കം വരെ സിനിമ കാണുന്ന ഒരു നല്ലകാലം തനിയ്ക്കും വന്നു് ചേരുമെന്ന് സ്വപ്നം കാണുകയും, ആ സ്വപ്നസാക്ഷാത്ക്കാരത്തിനായ് തിയ്യേറ്റര്‍ പരിസരത്ത് പലപ്പോഴും ചുറ്റിപ്പറ്റി നടക്കുകയും, ടിക്കറ്റ് കൗണ്ടറിലിരിയ്ക്കുന്നവരോടും, പ്രൊജക്ടര്‍ ഓപ്പറേറ്ററോടും കുശലാന്വേഷണം നടത്തുകയും ചെയ്തിരുന്നു. കുറച്ചുകാലത്തിനുള്ളില്‍ കിട്ടന്‍ അവിടെ ഒരു താല്ക്കാലിക ജോലിക്കാരനായി. ജീവിതത്തില്‍ ഒരിയ്ക്കലും ഒരു പ്യൂണ്‍ പോലുമാകില്ലെന്ന് കരുതിയിരുന്ന കിട്ടന്‍ അങ്ങിനെ കലക്ടറായി, ടിക്കറ്റ് കലക്ടര്‍!

സെക്കന്റ്ഷോ കഴിഞ്ഞാല്‍ സ്വയം തൊഴില്‍ കണ്ടെത്തുന്നതിന്റെ ഭാഗമായ് കിട്ടന്‍ കര്‍മ്മനിരതനാകുന്നു. വീടുകളില്‍ നിന്നും അകലെയുള്ള തെങ്ങുകളില്‍ കയറും. തന്റെ പൊക്കക്കുറവ് ഒരു പ്രശ്നമല്ലെന്നറിഞ്ഞ് നിലാവുള്ള രാത്രികളില്‍ ഒരു വിഹഗവീക്ഷണം നടത്തും. ഇരുട്ടാണെങ്കില്‍ ഓരോ ചീവീടിന്റേയും, മാക്രിയുടേയും ശബ്ദം എടുത്തുമാറ്റി മനുഷ്യന്റേയും നായയുടേയും മാത്രം ശബ്ദത്തിനായ് കാതോര്‍ക്കും. ഉള്ളിന്റെയുള്ളില്‍ പച്ചവെളിച്ചം തെളിഞ്ഞാല്‍ ഒരു നാളികേരം പിരിച്ചെടുത്ത് താഴേയ്ക്കിടും. കുറച്ചു നേരത്തേയ്ക്ക് ചുവപ്പ് വെളിച്ചം. വീണ്ടും കാതോര്‍ക്കും. അങ്ങിനെ കുറച്ചു സമയത്തിനുള്ളില്‍ മൂത്തതെല്ലാം താഴേയ്ക്കെത്തും. നാളികേരം തരപ്പെട്ടില്ലെങ്കില്‍ വാഴക്കുല, കൊള്ളി തുടങ്ങിയവയ്ക്കാണ് ആ കരസ്പര്‍ശം എല്ക്കാനുള്ള ഭാഗ്യം. ശേഖരിച്ചതെല്ലാം പുലരും മുമ്പെ സ്വന്തം മാളത്തിലെത്തിച്ച് സൗകര്യം പോലെ വിതരണം ചെയ്യും. രാത്രിയിലെ ജോലിയായതുകൊണ്ട് ഒരു സമര്‍ദ്ദവുമില്ലാത്ത പകലുറക്കം നിര്‍ബന്ധം!.

കിട്ടന്‍ കുറച്ച് വടക്ക് നിന്ന് അതായത് വടക്കാഞ്ചേരിയില്‍ നിന്നോ വടക്കുംചേരിയില്‍ നിന്നോ ആണ് ഇവിടേയ്ക്ക് കുടിയേറിയത്. കിട്ടന്റെ അവിടുത്തെ 'നിസ്വാര്‍ത്ഥ' സേവനത്തില്‍ 'സംതൃപ്തരായ' നാട്ടുകാര്‍ ഒരു ദിവസം കിട്ടന് ഗംഭീര 'യാത്രയയപ്പ്' നല്കുകയും പലയിടത്തും കറങ്ങിക്കറങ്ങി ഒടുവില്‍ യാത്രാവിവരണങ്ങള്‍ എഴുതേണ്ട സമയമായെന്ന് തോന്നിയപ്പോള്‍ വെറുതെ കള്ളവണ്ടി കയറി കല്ലേറ്റുംകര റെയില്‍വേസ്റ്റേഷനിലിറങ്ങി കറങ്ങുന്നതിനിടയില്‍ ഒരാള്‍ കുറവില്‍ തീവണ്ടി സ്ഥലം വിടുകയും, എന്നാല്‍ ഒരു പുതിയ ജീവിതം തുടങ്ങാമെന്ന് കരുതി കിട്ടന്‍ അവിടെ നിന്നും തുടങ്ങിയുള്ള എല്ലാ തെങ്ങുകളുടേയും എണ്ണവും വണ്ണവും എടുത്ത് കൊടകരയിലെത്തുകയും ചെയ്തുവെന്നാണ് ചരിത്രം.

പതിവുപോലെ ഒരു ദിവസം കിട്ടന്‍ സെക്കന്റ്ഷോ കഴിഞ്ഞ് 'വഴിതെറ്റി' ഒരു വലിയ തെങ്ങിന്‍ പറമ്പില്‍ ചെന്നുപ്പെട്ടു. അഞ്ചോളം തെങ്ങുകളില്‍ കയറി മൂത്തത് മാത്രം പിരിച്ചെടുത്ത് താഴേയ്ക്കിട്ടു. സ്ഥലമുടമസ്ഥന്‍ രവിയേട്ടനോളം ഉറക്കെ കുരയ്ക്കാന്‍ കഴിയുന്ന രവിയേട്ടന്റെ നായയുടെ നിദ്രാഭംഗത്തിന് തുടര്‍ച്ചയായ് കേട്ട ഈ ശബ്ദം ഹേതുവായി. പിന്നെ വൈകയില്ല. നായ ലക്ഷ്യ സ്ഥാനത്തെത്തി മുകളിലേയ്ക്ക് നോക്കി ബഹളമുണ്ടാക്കി. സംഗതി പന്തിയല്ലെന്ന് കണ്ട് കിട്ടന്‍ തലയൂരാന്‍ ഒരു വിഫല ശ്രമം നടത്തി. ചരടില്‍ കല്ലുക്കെട്ടി വട്ടം കറക്കിയാലെന്നപ്പോലെ തെങ്ങിനു ചുറ്റും ദ്രുതവേഗത്തിലോടിയ നായ കിട്ടന്റെ എല്ലാ പരീക്ഷണങ്ങളേയും അതിജീവിച്ചു. അറ്റകൈയ്ക്ക് കിട്ടന്‍ വീണ്ടും തെങ്ങിന്റെ തലയ്ക്കലെത്തി. നാളികേരമോരോന്നായ് പിരിച്ചെടുത്ത് നായയെ എറിഞ്ഞു. അസാമാന്യ മെയ് വഴക്കത്തോടെ ശുനകന്‍ എല്ലാതില്‍ നിന്നുമൊഴിഞ്ഞുമാറി. കുറച്ചുക്കഴിഞ്ഞപ്പോള്‍ തെങ്ങിന്മേല്‍ ഒരു മച്ചിങ്ങ പോലുമില്ലാതെയായ്!

ഈ ബഹളമെല്ലാം കേട്ട് രവിയേട്ടന്‍ ടോര്‍ച്ചുമെടുത്ത് തെങ്ങിന്‍ച്ചുവട്ടിലെത്തുകയും, തെങ്ങിന്റെ മണ്ടയില്‍ ചൊവ്വാഗ്രഹത്തില്‍ നിന്നും തൊട്ട് മുമ്പ് വന്നിറങ്ങിയ ഒരു ജീവിയേയും, പറന്നടുത്ത പറക്കുംതളികയുടെ പരാക്രമത്തില്‍ പേടിച്ച് കൊഴിഞ്ഞുവീണ നാളികേരം, കരിക്ക്, മച്ചിങ്ങ തുടങ്ങിയവ തെങ്ങിന് ചുറ്റും ചിതറിക്കിടക്കുന്നത് കാണുകയും ചെയ്തു.

"ഇറങ്ങടാ താഴെ" കയ്യിലുള്ള ടോര്‍ച്ചിന്റെയും കൂടെയുള്ള നായയുടെയും ബലത്തില്‍ രവിയേട്ടന്‍ ആക്രോശിച്ചു.

"പിന്നേയ്... നായിനെക്കൊണ്ട് കടിപ്പിയ്ക്കാനല്ലെ? അതിന് വേറെ ആളെ നോക്ക്..." മുകളില്‍ നിന്നും മനുഷ്യ ശബ്ദം.

"നിന്നോടാരാ പറഞ്ഞെ എന്റെ തെങ്ങില്‍ കേറാന്‍ ?" രവിയേട്ടന്‍ ഒരു ചോദ്യം തൊടുത്തു.

"ഞാന്‍ കേറീതൊന്നല്ല. സെക്കന്റ്ഷോ കഴിഞ്ഞ് റോട്ടീക്കോടെ മര്യാദയ്ക്ക് വീട്ടീപ്പോയ എന്നെ ഈ നായിന്റെമോന്‍ ഓടിച്ചപ്പോ ജീവനീ കൊതിയ്ള്ളോണ്ടാ ഞാനീ തെങ്ങി കേറിയെ. എന്നെ ഓടിച്ചു കേറ്റീതാ." കിട്ടന്‍ ന്യായം നിരത്തി.

യുക്തിബോധമുള്ള രവിയേട്ടന്‍ ഒരു നിമിഷം ചിന്തിച്ചു: 'ശരിയായിരിയ്ക്കുമൊ?'

"അപ്പോള്‍ പിന്നെ ഈ തെങ്ങിന്റെ കടയ്ക്കല്‍ കാണുന്ന നാളികേരമൊക്കെ എങ്ങിനെ വന്നു?" രവിയേട്ടന്‍ വിശദീകരണം ആവശ്യപ്പെട്ടു.

"നിങ്ങള്‍ടല്ലെ നായ! ഞാന്‍ പറഞ്ഞട്ട് അവന്‍ കേട്ടില്ല. അവനെ വീട്ടിലേയ്ക്ക് വിടാന്‍ വേണ്ട്യാ ഞാനിതൊക്കെ പൊട്ടിച്ചെറിഞ്ഞെ. പക്ഷെ അതവന് മനസ്സിലായില്ല്യാന്നാ തോന്നണെ. അല്ലാണ്ട് ഞാനെന്താ എന്റെ ജീവിതത്തില് ഇതേവരെ നാളികേരം കണ്ടട്ടില്ല്യാന്നാ വിചാരിച്ചെ?" കിട്ടന്‍ വ്യക്തമായി വിശദീകരിച്ചു.

രവിയേട്ടന്‍ വീണ്ടും ചിന്തിച്ചു: 'ശരിയാണല്ലൊ. ഒരാള്‍ക്ക് സ്വന്തം ജീവന്‍ തന്നെയല്ലെ ഏറ്റവും വലുത്. ജീവനില്ലെങ്കില്‍ എന്ത് നാളികേരം!'

കുറച്ച്നേരം വീണ്ടും ചിന്തിച്ചിട്ട് രവിയേട്ടന്‍ പറഞ്ഞു "ശരി... ശരി... നീ താഴെറങ്ങി വീട്ടീപ്പോ".

"നായിനെ കെട്ടിടാണ്ട് ഞാന്വ്ടന്ന് ഇറങ്ങണ പ്രശ്നല്ല്യ" കിട്ടന്‍ വാശിപ്പിടിച്ചു.

രവിയേട്ടന്‍ നായയെ പിടിച്ച് ഒതുക്കി നിറുത്തി. ഇത് കണ്ട കിട്ടന്‍ കയറിയതിലും വേഗത്തില്‍ താഴെയിറങ്ങി മച്ചിങ്ങയെല്ലാം കാലുക്കൊണ്ട് തട്ടിമാറ്റി ഏറ്റവും വലിയ ഒരു നാളികേരം എടുത്ത് കുലുക്കിനോക്കി.

"എന്തിനാ നീ നാളികേരം എടുക്കണെ?" രവിയേട്ടനാകെ സംശയമായ്.

"അതുശരി. ഇത്രയും വലിയ തെങ്ങുംപ്പറമ്പുണ്ടായ്ട്ട് അതറിയില്ലെ? തെങ്ങുകയറ്റുക്കാരന് ചുരുങ്ങിയത് ഒരു നാളികേരമെങ്കിലും സ്വന്തമാക്കാം." കിട്ടന്‍ നിയമം വിശദീകരിച്ചു.

രവിയേട്ടന്‍ വീണ്ടും ചിന്തിച്ചു. കുറേ സമയത്തിന് ശേഷം പറഞ്ഞു "ശരി... ശരി... വേഗം ആ നാളികേരം കൊണ്ട് സ്ഥലം വിട്".

"അതെങ്ങ്ന്യാ? തെങ്ങിലാരെങ്കിലും വെറുതെ കയറോ? തെങ്ങൊന്നുക്ക് പത്തു രൂപയാ എന്റെ കൂലി." കിട്ടന്‍ തൊഴില്‍ നിയമം വിശദീകരിച്ചു.

"പത്ത് രൂപയൊ? എന്റെ പറമ്പില്‍ സ്ഥിരം നാളികേരമിടുന്നവന് അഞ്ച് രൂപയാ എന്റെ കണക്ക്." രവിയേട്ടനും തൊഴില്‍ നിയമങ്ങളറിയാമെന്ന് വ്യക്തമാക്കി.

"അത് പകല്. ഇപ്പോള്‍ രാത്രി. കൂലി ഇരട്ടിയാ. പത്തു രൂപയും രണ്ട് നാളികേരവും." കിട്ടന്‍ രവിയേട്ടനേക്കാള്‍ ഒരു പടി മുന്നിലാണെന്ന് തെളിയിച്ചു.

രവിയേട്ടന്‍ വീണ്ടും ചിന്താമഗ്നനായ്. കുറേനേരം കഴിഞ്ഞ് പറഞ്ഞു "ശരി... ശരി... ഞാന്‍ കാശിപ്പോ കൊണ്ടരാം. അതേവരെ ഈ നാളികേരം ആരും കൊണ്ടുവാണ്ട് നോക്ക്യോള്ളൊ."

കാശെടുക്കാന്‍ പോകാനൊരുങ്ങിയ രവിയേട്ടന്റെ മനസ്സിലേയ്ക്ക് ഒരു മിന്നലായ് കിട്ടന്‍ വീണ്ടും കടന്നു ചെന്നു "വേറെ നാല് തെങ്ങും കൂടി കേറീണ്ട്. എല്ലാം കൂടി അമ്പത് രൂപയാവും. വേഗാവട്ടെ. എനിയ്ക്ക് പോയീട്ട് വേറെ പണീണ്ട്!"
:)