Monday, August 21, 2006

യോഗം

കള്ളക്കര്‍ക്കിടകത്തിലെ കോരിച്ചൊരിയുന്നൊരു കാളരാത്രിയില്‍ കരക്കാരുമായി കൂട്ടിമുട്ടി കാണാതായ കൊച്ചു കള്ളന്‍ കൊച്ചുണ്ണി കാലമേറെ കഴിഞ്ഞാണ് കരയ്ക്കു കയറിയത്.

പ്രാണനാഥനാല്‍ പരിത്യജിയ്ക്കപ്പെട്ട്, പകലന്തിയോളം പണിയെടുത്ത്, പട്ടിണിയകറ്റിയിരുന്ന പത്മാവതിയ്ക്ക് പ്രാണേശ്വരന്റെ പ്രത്യക്ഷപ്പെടല്‍ പരമാനന്ദമേകി.

കണ്ണഞ്ചിപ്പിയ്ക്കുന്ന കൊട്ടാരം കെട്ടി, കാവലേര്‍പ്പെടുത്തി, കെട്ടിലമ്മയ്ക്ക് കൊച്ചുണ്ണി കാഴ്ചവെച്ചത് കണ്ടവരും കേട്ടവരും, കാണാത്തവരോടും കേള്‍ക്കാത്തവരോടും കൊട്ടിഘോഷിച്ചു:
"ഒക്കെ അവള്‍ടെ യോഗം!".

കൊമ്പന്‍ മീശ കറുപ്പിച്ച് , കറുത്ത കണ്ണട വെച്ച്, കസ്സവുള്ള കുപ്പായമിട്ട്, കറുത്ത കാറില്‍ കെട്ട്യോളുടെ കൂടെ കറങ്ങിയിരുന്ന കൊച്ചുണ്ണിയെ കണ്ട് കണ്ണുചിമ്മി കരക്കാര്‍ കുശുകുശുത്തു:
"ഒക്കെ അവള്‍ടെ യോഗം!".

ഊരുവിലക്കിയിരുന്നവര്‍ക്ക് ഉരുളയ്ക്ക് ഉപ്പേരിയായി ഉത്തരമേകിയും, ഉത്സവത്തിന് ഉദാരമതിയായും, ഉത്സവ പറമ്പില്‍ ഉത്സാഹിയുമായുള്ള ഉണ്ണിക്കുടവയറനെ കണ്ട് ഉത്സാഹക്കമ്മറ്റിക്കാര്‍ ഉച്ചരിച്ചു:
"ഒക്കെ അവള്‍ടെ യോഗം!".

കാക്കിധാരികളുടെ കാവലില്‍, കുമ്പിട്ട്, കയ്യിലെ കയ്യാമം കണ്ട്, കടന്നു പോയ കൊച്ചുണ്ണിയ്ക്ക് കാലിടറിയപ്പോള്‍, കലങ്ങിയ കണ്ണുകളുള്ള, കണ്ഠമിടറിയ, കണ്ണീരൊഴുക്കുന്നവളെ കണ്ട് കരക്കാര്‍ കഷ്ടം വെച്ചു:
"ഒക്കെ അവള്‍ടെ യോഗം!".

Tuesday, August 15, 2006

തെക്കും വടക്കും

ഒളിച്ചോടിയാലും ജീവിയ്ക്കണം. മുംബെയില്‍ കൂട്ടുകാര്‍ കാത്തു നില്ക്കും. എന്തു വന്നാലും ആത്മഹത്യ ചെയ്യില്ല. ബാലകൃഷ്ണ തീരുമാനിച്ചുറച്ചു.

തലേ ദിവസം കോളേജില്‍ വെച്ച് സുനന്ദിനിയ്ക്ക് ട്രെയിന്‍ ടിക്കറ്റ് കൈമാറിയിരുന്നു, സീറ്റ് നമ്പര്‍ പറഞ്ഞു കൊടുത്തിരുന്നു; കൂടാതെ പരിചയമുള്ളവരുടെ മുമ്പില്‍ ചെന്നു പെടാതിരിയ്ക്കാനായി പ്ലാറ്റ്ഫോമില്‍ എവിടെയെങ്കിലും മറഞ്ഞു നില്ക്കാനും, ട്രെയിനെത്തിയാല്‍ ഉടനെ കംപാര്‍ട്ടുമെന്റില്‍ കയറാനും തീരുമാനിച്ചിരുന്നു. പക്ഷെ അവളെവിടെ? വേറെ കംപാര്‍ട്ടുമെന്റില്‍ കയറിയിരിയ്ക്കാം.

ആന്ധ്രയിലെ കൊണ്ടപുരം റെയില്‍വേ സ്റ്റേഷനിലെ അല്പ വിരാമത്തിനുശേഷം വടക്കോട്ട് മുംബെയിലേയ്ക്ക് പതുക്കെ കുതിച്ചു തുടങ്ങിയ ജയന്തി ജനതയില്‍ നിന്നും അവന്‍ വിയര്‍ത്ത്, വിറച്ച് പ്ലാറ്റ്ഫോമിലേയ്ക്കും കംപാര്‍ട്ടുമെന്റിലേയ്ക്കും മാറി മാറി നോക്കി.

തൊട്ടടുത്ത പ്ലാറ്റ്ഫോമില്‍ നിന്നും തെക്കോട്ട് കന്യാകുമാരിയിലേയ്ക്ക് കുതിച്ചു തുടങ്ങിയ ജയന്തി ജനതയില്‍* അവനെക്കാത്ത് അവളും വ്യാകുലയായ് വേപഥു പൂണ്ടു.

__________________________________________________
* കന്യാകുമാരിയിലേയ്ക്ക് പോകുന്ന ജയന്തി ജനതയും (കന്യാകുമാരി എക്സ്പ്രസ്സ് ) മുംബെയിലേയ്ക്ക് പോകുന്ന ജയന്തി ജനതയും ആന്ധ്രയിലെ കൊണ്ടപുരം റെയില്‍വേ സ്റ്റേഷനില്‍ തൊട്ടടുത്ത പ്ലാറ്റ്ഫോമുകളില്‍ സമയം തെറ്റി ചിലപ്പോള്‍ ഒരേ സമയം എത്തിച്ചേരാറുണ്ട്.

Monday, August 07, 2006

വണ്‍... ടൂ...

കീറിപ്പറിഞ്ഞ വസ്ത്രങ്ങളും, ജട പിടിച്ച മുടിയും, പീള കെട്ടിയ കണ്ണുകളും, ഉമിനീര്‍ ഉണങ്ങി വികൃതമായ താടിയുമുള്ള അയാള്‍ മേല്‍പ്പാലത്തിന്റെ കൈവരിയില്‍ പിടിച്ച്, ചക്രവാളത്തിലേയ്ക്ക് നീണ്ടു കിടക്കുന്ന സമാന്തരങ്ങളില്‍ നിന്നും കണ്ണുകള്‍ പറിച്ചെടുത്ത്, തന്നെ അവഗണിച്ച് കടന്നു പോകുന്ന ഓരോരുത്തരോടായി ആവര്‍ത്തിച്ചു:
"വണ്‍...
ടൂ...
ത്രീ.
അവള് ചാടി...
...ഞാന്‍ പോന്നു".