Thursday, June 19, 2008

കാണിക്ക

അന്നത്തെ ആദ്യ കാണിക്ക,
നല്ല കണി തന്നതിനുള്ള
ഒരു പാവം പൂജാരിയുടെ
പാരിതോഷികമായിരുന്നു

പിന്നീടെത്തിയത്,
സര്‍വ്വം മറന്ന്, കൈകൂപ്പി,
മനമുരുകിയ ഒരമ്മയുടെ
കണ്ണുനീര്‍ തുള്ളികളായിരുന്നു.

ചൊവ്വാദോഷം വഴിതടഞ്ഞ
സീമന്ത പുത്രിയെയോര്‍ത്ത,
രോഗിയായ ഒരച്ഛന്റെ
വിഹ്വലതകളായിരുന്നു.

പറന്നു വന്ന പേരക്കുട്ടികളെ
ആദ്യമായി താലോലിയ്ക്കാനായ,
പ്രായമാകാത്ത വാത്സല്ല്യത്തിന്റെ
ചാരിതാര്‍ത്ഥ്യമായിരുന്നു.

ചന്ദനകുറിയിട്ട്,
തുളസിക്കതിര്‍ ചൂടിയ
മധുരപ്പതിനേഴിന്റെ
പൊന്‍ക്കിനാവുകളായിരുന്നു.

പകര്‍ത്തിയതൊന്നും
പതിരായിടല്ലേയെന്നൊരു
പത്താം തരക്കാരന്റെ
പ്രാര്‍ത്ഥനയായിരുന്നു.

'താന്‍ പാതി, ദൈവം പാതി'യില്‍
മുഴുവനും വിശ്വസിച്ചിരുന്ന,
അരകള്ളന്‍ കനിഞ്ഞു നല്കിയ,
അര പവന്‍ അരഞ്ഞാണത്തിന്റെ
പകുതിയോളം മൂല്യമായിരുന്നു.

ആരേയും വരവേല്ക്കുന്ന
അഭിസാരികയുടെ,
അവിചാരിതമായ
ആത്മാന്വേഷണമായിരുന്നു.

അന്നത്തെ അവസാന കാണിക്ക,
ഉത്ക്കണ്ഠ നിറഞ്ഞ ഒരുവന്റെ,
'ദേവനിതെല്ലാമെന്തിനാ?'
'വിദേശത്തേയ്ക്ക് പോകുന്നോ?'
എന്നീ സ്നേഹാന്വേഷണങ്ങളായിരുന്നു.

Labels: ,