Monday, October 13, 2008

അതും ഇതും


അറിവ്


ഭൂമിയുടെ മറുഭാഗത്തുള്ള സ്വന്തം നാടിനെക്കുറിച്ചും സമയ വ്യത്യാസത്തെക്കുറിച്ചും കൊച്ചു മകനെ ബോധവാനാക്കാൻ അയാൾ പരിശ്രമിയ്ക്കുകയായിരുന്നു:

"നമ്മൾ ഉറങ്ങി തുടങ്ങുമ്പോൾ അവർ ഉണരുന്നു. അവർ ഉറങ്ങി തുടങ്ങുമ്പോൾ നമ്മൾ ഉണരുന്നു."

മനസ്സിലായി എന്ന അർത്ഥത്തിൽ തല ആട്ടിയെങ്കിലും, പൂർണ്ണമായി മനസ്സിലാക്കുവാൻ അവൻ പരിശ്രമിച്ചു:

"ഡ്രാക്കുള പോലെ അല്ലെ ?"സാഹിത്യം

ഇത്രയും കാലത്തെ തന്റെ സാഹിത്യ ജീവിതം ഈശ്വരനു കാഴ്ചവയ്ക്കുവാനായി തന്റെ എല്ലാ രചനകളുടേയും ആദ്യ കയ്യെഴുത്തു പ്രതികൾ തുലാസ്സിന്റെ ഒരു തട്ടിൽ കയറ്റിവച്ച് മറു തട്ടിൽ അയാൾ കയറിയിരുന്നു; സംതുലനമാകുന്നതിനു മുമ്പേ കണ്ണുകളടച്ചു, കൈകൾ കൂപ്പി.

അപ്പോൾ പുറകിൽ നിന്നും ആരോ മന്ത്രിയ്ക്കുന്നത് കേട്ടു:

"താങ്കൾ ഇനിയും ധാരാളം ധാരാളം എഴുതണം."എളുപ്പ വഴി

നാട്ടു വഴിയിലൂടെ സംശയിച്ച് പതുക്കെ പതുക്കെ അയാൾ നടന്നു. വഴി തെറ്റിയ അയാൾ വഴിയിൽ കണ്ട പലരോടും വഴി ചോദിച്ചു. ചിലർ കൈ മലർത്തി, ചിലർ ചിരിച്ചു, കുറേപ്പേർ അത്ഭുതപ്പെട്ടു. നല്ലവനായ ഒരാൾ കൂടെ ചെന്നു.

പൂമുഖപ്പടിയിൽ അവൾ ജ്വലിച്ചു നില്ക്കുന്നുണ്ടായിരുന്നു:

"ഇന്നും മൂക്കറ്റം കുടിച്ചു അല്ലെ ?"രഹസ്യം

തൊട്ടടുത്ത പെട്ടിക്കടയിൽ നിന്നും വെറുതെ കിട്ടിയ ഒരു പായ്ക്കറ്റിലെ ഓരോരോ സിഗരറ്റായി പുകച്ചു തള്ളുന്നതിനിടയിൽ, ബസ്സ് സ്റ്റാന്റിന്റെ ഒരറ്റത്ത് മഫ്തിയിൽ ഡ്യൂട്ടിയില്ലുണ്ടായിരുന്ന നിയമപാലകന്റെ ശ്രദ്ധ ഒരു തൂണിനു പുറകിൽ മറഞ്ഞു നിന്നിരുന്ന ഒരു സ്ത്രീയിലേയ്ക്കായി. അടക്കിപ്പിടിച്ച സ്വരത്തിൽ ആരോടോ അവർ സെൽ ഫോണിൽ സംസാരിയ്ക്കന്നത് കുറച്ചൊക്കെ അയാൾ കേട്ടു.

"അവനെ കൊന്നു... കഴിഞ്ഞ ആഴ്ച... അതു പറയാൻ പറ്റില്ല.... ആരും സംശയിയ്ക്കില്ല..."

'ഉണക്കാനിട്ട വലയിൽ സ്രാവ് കുടുങ്ങിയോ' എന്ന് സംശയിച്ച് സ്റ്റാന്റിന്റെ മറുഭാഗത്തുള്ള സഹപ്രവർത്തകനോട് അയാൾ എന്തോ ആംഗ്യം കാണിച്ചു. സഹപ്രവർത്തകൻ വയർലെസ്സായി വേണ്ടപ്പെട്ടവരെയെല്ലാം ബന്ധപ്പെടുന്ന നേരം പ്രതി രക്ഷപ്പെടാതിരിയ്ക്കാനും അടുത്ത നടപടിയെപ്പറ്റി തല പുകച്ചും അയാൾ അവരുടെ പുറകിലേയ്ക്കു പതുക്കെ പതുക്കെ നീങ്ങിയപ്പോൾ സംസാരം തുടർന്നു കേട്ടു:

"പിന്നെയോ? അതിന്നു അടുത്ത ആഴ്ചയിലല്ലെ മുന്നൂറ്റംപതാമത്തെ എപ്പിസോട് !"യാത്ര

കാൽനടയായി ലോകം മുഴുവൻ ചുറ്റിക്കറങ്ങി, വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സ്വന്തം നാട്ടിൽ തിരിച്ചെത്തിയ അയാൾ ഹർത്താലിന്റെ തോലിട്ട ബന്ദ് ബന്ധനത്തിലാക്കിയ നാടിനെ കണ്ടറിഞ്ഞു, കൊണ്ടറിഞ്ഞു.

എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്ത് നാട്ടിൽ തിരിച്ചെത്തിയ അയാളുടെ സാഹസികതയെ പ്രകീർത്തിച്ച ഒരു അനുമോദന യോഗത്തിൽ അയാളുടെ മറുപടി വളരെ ലളിതമായിരുന്നു:

"ഗൃഹാതുരത്വമായിരുന്നു പ്രേരക ശക്തി."

പിന്നെ ഒരു വീണ്ടു വിചാരത്തിൽ അയാൾ തടർന്നു:

"പക്ഷേ, എന്റെ യാത്ര അവസാനിച്ചിട്ടില്ല".

Labels: , , , , ,