Friday, April 21, 2006

കൂഴച്ചക്ക

"ഈ കുട്ട്യെവിടെപ്പോയെന്റീശ്വരാ..." തുപ്പല്‍ കോളാമ്പിയിലേയ്ക് നീട്ടിതുപ്പിയശേഷം അകത്തളത്തിലിരുന്ന് മുത്തശ്ശി പിറുപ്പിറുത്തു. കുറച്ചുമുമ്പുവരെ വടക്കിയിനിയിലുണ്ടായിരുന്ന കുട്ടനെ പലയിടത്തും പരതിയിട്ടും ഫലമില്ലാതെ മുത്തശ്ശി നീട്ടിവിളിച്ചു. "കുട്ടാ...". ഏകദേശം പന്ത്രണ്ട് വയസ്സുള്ള കുട്ടന്‍ മുത്തശ്ശിയുടെ ഇളയ മകളുടെ കുട്ടിയാണ്. സ്ക്കൂളവധിയായതുകൊണ്ട് സര്‍വ്വവ്യാപിയായ് കുട്ടന്‍ ആഘോഷിയ്ക്കുകയാണ്.

ചടഞ്ഞുകൂടിയിരുന്ന് നാമം ജപിയ്ക്കുന്നതിലല്ല മുത്തശ്ശിയ്ക്ക് താല്പര്യം. വീട്ടിലും, പറമ്പിലും എല്ലാകാര്യങ്ങളിലും ഒരു മേല്‍നോട്ടം ഉണ്ടാകും. പാടത്ത് പണിയെടുക്കുന്നവര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കുന്നിടത്തും, പശുവിനുള്ള പിണ്ണാക്കും കഞ്ഞിവെള്ളവും സമയത്തെത്തിയ്ക്കുന്നതിലും, കൊഴിഞ്ഞു വീഴുന്ന പഴുത്ത അടയ്ക്കയും പറമ്പിലെ വെറ്റിലയും കൂട്ടി ഒന്ന് മുറുക്കുന്ന കാര്യത്തിലും, വീട്ടിലെത്തുന്നവരോട് നാലു വര്‍ത്തമാനം പറയുന്ന കാര്യത്തിലും, വീട് അമ്പലത്തിനടുത്തായതിനാല്‍ ദിവസ്സവും തൊഴാന്‍ പോകുന്ന കാര്യത്തിലും എല്ലായിടത്തും മുത്തശ്ശി മുന്‍പില്‍ തന്നെ. പ്രായമായ് കാഴ്ച ഇത്തിരി കുറയുമെങ്കിലും നല്ല ആരോഗ്യം.

"എന്ത്യേ..." കുട്ടന്‍ പറമ്പില്‍ നിന്നും വിളികേട്ടു വീട്ടിലെത്തി. "നീയാ പ്ലാവിന്റെ ചക്ക്യൊന്ന് താഴെര്‍ക്കിയെ. കാക്ക കൊത്തീന്നാ തോന്നണെ...". മുത്തശ്ശി കുട്ടനൊരു പണി കൊടുത്തു. വീട്ടുമുറ്റത്ത് പടിയ്ക്കലായി നില്ക്കുന്ന പ്ലാവില്‍ കൂഴച്ചക്കയാണ് (പഴച്ചക്ക). വരിക്കച്ചക്കയാണെങ്കില്‍ മുത്തശ്ശിയ്ക്കത്ര വേവലാതിയില്ല. കൂഴച്ചക്ക പഴുത്ത് താഴെ വീണാല്‍ അനന്തരാവകാശികളായ ചക്കകുരുകളെപ്പോലും അടുത്ത പറമ്പില്‍ നിന്നേ കണ്ടുകിട്ടുകയുള്ളു. അതുകൊണ്ട് കയറുകെട്ടിയാണ് ചക്കയിറക്കുന്നത്.

കൂഴച്ചക്ക സുരക്ഷിതമായ് താഴെയിറക്കുന്ന വിദ്യ തലമുറകളായി കൈമാറി ഇപ്പോള്‍ കുട്ടന് സ്വന്തം. ഒരാള്‍ പ്ലാവില്‍ കയറി ചക്കയുടെ ഞെട്ടിയില്‍ കയറുകെട്ടി, കയര്‍ കൊമ്പില്‍ ചുറ്റി, കയറിന്റെ മറ്റേ അറ്റം വേറൊരാള്‍ താഴെനിന്നും വലിച്ചുപിടിച്ചതിനുശേഷം ചക്കയുടെ ഞെട്ടി പതുക്കെ മുറിയ്ക്കും. പൊക്കിള്‍ക്കൊടിയറ്റ ചക്കയെ പതുക്കെപ്പതുക്കെ കയറഴച്ച് താഴെയിറക്കും.

കുട്ടനാവിദ്യയില്‍ ചെറിയൊരു മാറ്റം വരുത്തി. കയറിന്റെ ഒരു തല പ്ലാവിന്റെ കടയ്ക്കല്‍ കെട്ടിയിട്ട്, മറ്റേ തല കടിച്ചുപ്പിടിച്ച്, പ്ലാവില്‍ കയറും. പിന്നെ കൊമ്പില്‍ കയറു ചുറ്റി, ചക്കയുടെ ഞെട്ടിയില്‍ കയറു കെട്ടി വലിച്ചുമുറുക്കിയതിനുശേഷം പതുക്കെ ഞെട്ടി മുറിയ്ക്കും. പിന്നെ താഴെയിറങ്ങി, കയറഴിച്ച് പതുക്കെപ്പതുക്കെ ചക്ക താഴെയിറക്കും. രണ്ടുപേര്‍ വേണ്ടിവരുന്ന ജോലി കുട്ടന്‍ ഒറ്റയ്ക്കു ചെയ്യുമെന്നര്‍ത്ഥം. കൂടാതെ ഇഷ്ടം പോലെ സമയമെടുത്ത് പ്ലാവിന്‍ കൊമ്പിലിരുന്ന് കണ്ണിമാങ്ങ ഉപ്പുകൂട്ടി മതിയാവോളം തിന്നാം; വഴിയില്‍ക്കൂടി പോകുന്നവരെ അവരറിയാതെ നോക്കാം; തൊട്ടപ്പുറത്തുള്ള ഉണ്ണിയുടെ വീട്ടിലേയ്ക്കെത്തിനോക്കാം; ഉണ്ണിയുടെ 'കാണാതായ' തിളങ്ങുന്ന കുപ്പിക്കായകള്‍ (ഗോലികള്‍) പ്ലാവിന്‍ കൊമ്പിലെ പൊത്തില്‍ നിന്നെടുത്ത് കണ്‍ക്കുളിര്‍ക്കെ കാണാം; അനന്തമായ സാധ്യതകള്‍...

ആകെ കൂടിയുള്ള പ്രശ്നങ്ങള്‍ ചക്ക കൊത്താന്‍ വരുന്ന കാക്കയുടെ കരച്ചിലും, പെട്ടെന്നറിയാതെ തലയ്ക്കിട്ടുള്ള തോണ്ടലും, വല്ലപ്പോഴും വഴിതെറ്റിവരുന്ന പുളിയുറുമ്പുകളുടെ സ്ഥാനത്തും അസ്ഥാനത്തുമുള്ള സ്നേഹപ്രകടനങ്ങളും മാത്രമാണ്!

മുത്തശ്ശിയുടെ ആജ്ഞ ശിരസ്സാവഹിച്ച് കുട്ടന്‍ കര്‍മ്മ നിരതനായ്. കയറിന്റെ ഒരറ്റം പ്ലാവിന്റെ കടയ്ക്കല്‍ കെട്ടി മണ്ണില്‍ നിന്നും കേവലം ഒമ്പതടി ഉയരത്തിലുള്ള കൊമ്പില്‍ കയറി, കയറിന്റെ മറ്റേ അറ്റം ചക്കയുടെ കടയ്ക്കല്‍ കെട്ടി വലിച്ചുമുറുക്കി, ചക്കയുടെ ഞെട്ടി മുറിച്ച് ഇറങ്ങുന്നതിനു മുമ്പ് ഉണ്ണിയുടെ പറമ്പിലേയ്ക്കെത്തി നോക്കിയപ്പോള്‍ ചക്കമടല്‍ വെട്ടിയുണ്ടാക്കിയ ചക്രങ്ങള്‍ കൊണ്ടുള്ള ഉണ്ണിയുടെ ഉന്തുവണ്ടിയുടെ നേര്‍ക്ക് ആവേശത്തോടെ ആഞ്ഞടുക്കുന്ന പുള്ളിപ്പശുവിനെ കാണുകയും, ഉണ്ണിയ്ക്ക് ഒരു അടിയന്തിര സന്ദേശമയയ്ക്കുകയും ചെയ്തു: "ഉണ്ണീ... നിന്റെ പശു വണ്ടീടെ ടയറുതിന്നാന്‍ പോണൂ...".

ഒറ്റ തുമ്മലിന് പുറത്തു ചാടിയ തൂവെണ്ണ ഇടതുകൈതണ്ട കൊണ്ട് തുടച്ച്, കൊഴിഞ്ഞുവീഴാറായ വാടിയ പൂവിതള്‍പ്പോലെയുള്ള ട്രൗസ്സര്‍ വലതുകൈക്കൊണ്ട് നിമിഷത്തില്‍ നാലു പ്രാവശ്യം വലിച്ചുകയറ്റി വീടിന് പുറത്തിറങ്ങിയ ഉണ്ണി അതിവിദഗ്ദമായി സ്വന്തം ഉന്തുവണ്ടിയെ പുള്ളിപ്പശുവില്‍ നിന്നും രക്ഷിച്ച്, വളരെ തിരക്കുള്ള റോഡ് കുറുകെ കടക്കുമ്പോള്‍ ഇരുവശവും മാറി മാറി നോക്കുന്നതുപ്പോലെ ശ്രദ്ധിച്ച്, വേലിയ്ക്കുള്ളിലെ പൊത്തില്‍ക്കൂടി വലിഞ്ഞ് കടന്ന് പ്ലാവിന്‍ ചുവട്ടിലെത്തി.

വെറും ഏഴു വയസ്സുള്ള ഉണ്ണി, നിസ്സഹായനായ് കയറില്‍ തൂങ്ങികിടക്കുന്ന ചക്കയെകണ്ട് അലിവ് തോന്നി, ചക്ക താഴെയിറക്കാന്‍ കുട്ടന് തന്റെ എല്ലാ വിധ സഹായവും വാഗ്ദാനം ചെയ്തു. ചക്കയേക്കാള്‍ ഭാരക്കുറവുള്ള ഉണ്ണിയുടെ വാഗ്ദാനം, പ്ലാവിന്‍ കൊമ്പില്‍ അമര്‍ന്നിരുന്ന് വായിലുള്ള പുളിങ്കുരു തുപ്പിക്കളഞ്ഞ് കുട്ടന്‍ സ്നേഹപ്പൂര്‍വം നിരസ്സിച്ചു. എങ്കിലും പ്ലാവിന്റെ കടയില്ലുള്ള കയറഴിച്ച് ആ ചക്കയ്ക്ക് ആശ്വാസമേകാന്‍ ഉണ്ണിയുടെ കൈകള്‍ തരിച്ചു.

എന്തോ ഒരു ശബ്ദം കേട്ട് മുറ്റത്തേയ്ക്ക് നോക്കിയ മുത്തശ്ശി കണ്ടത് കയറില്‍ തൂങ്ങി മണ്ണില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ നില്ക്കുന്ന കൂഴച്ചക്കയാണ്.

കുട്ടന് ഒരു കൈ സഹായമാകാം എന്ന് കരുതി ചക്കയ്കരുകിലെത്തി കയറഴിയ്ക്കാന്‍ തുടങ്ങിയ മുത്തശ്ശി, "കയറഴിയ്ക്കല്ലേ..." എന്നലറിക്കൊണ്ട് പ്ലാവിന്റെ തടിയില്‍ക്കൂടി വെണ്ണ പുരട്ടിയാലെന്നപ്പോലെ അതിവേഗം താഴേയ്ക്കു വരുന്ന കുട്ടനെ കാണുകയും, ഇടവപ്പാതിയിലെന്നപ്പോലെ തന്റെമേല്‍ ചൊരിയുന്ന മഴയുടെ ഉറവിടമെവിടെയെന്നന്വേഷിയ്ക്കുകയും, ദേഹമുപേക്ഷിച്ച ദേഹിയെപ്പോലെ തന്റെ സര്‍വസ്വവുമായിരുന്ന ട്രൗസ്സര്‍ ഉപേക്ഷിച്ച് ഉടുമ്പിനേപ്പോലെ കയറിന്‍ തുമ്പില്‍ മുറുകെപ്പിടിച്ച് പിടയുന്ന ഉണ്ണിയായിരുന്നു തന്റെമേല്‍ പെയ്തിറങ്ങിയതെന്നറിയുകയും, "ന്റെ ഗുരുവായൂരപ്പാ..." എന്നൊരു നിലവിളിയോടെ കൈകളുയര്‍ത്തി വലിഞ്ഞെത്തി ഉണ്ണിയുടെ കാലുകളില്‍ പിടിച്ചുവലിയ്ക്കുകയും, മുത്തശ്ശിയ്ക്കൊരു സഹായമാകട്ടെയെന്ന് കരുതി അതിവേഗം പ്ലാവില്‍ നിന്നിറങ്ങിയെത്തിയ കുട്ടന്‍ മുത്തശ്ശിയെപ്പിടിച്ച് വലിയ്ക്കുകയും, ഈ ബഹളമെല്ലാം കേട്ട് നിര്‍ത്താതെ കുരച്ചുകൊണ്ട് വേലിയ്ക്കിടയിലെ വിടവിലുടെ വെടിയുണ്ടപ്പൊലെ നാലുകാലില്‍ പാഞ്ഞുവന്ന ഉണ്ണിയുടെ വലംകൈ 'തുട്ട്' കുട്ടന്റെ മുണ്ടില്‍ കടിച്ചുവലിയ്ക്കുകയും, കൂട്ടപ്രയത്നത്താല്‍ ഉണ്ണി പതുക്കെപ്പതുക്കെ താഴേയ്ക്കുവരുകയും, ചക്ക പതുക്കെപ്പതുക്കെ മുകളിലേയ്ക്കുയരുകയും, നിലം സ്പര്‍ശിച്ച ഉണ്ണി അടിയന്തിരഘട്ടത്തില്‍ സുരക്ഷിതമായ് നിലത്തിറങ്ങിയ വിമാനത്തിലെ യാത്രക്കാരനെപ്പോലെ ദീര്‍ഘശ്വാസം വിടുകയും, ആദ്യമായ് ചന്ദ്രനില്‍ കാലുകുത്തിയ ആംസ്റ്റ്രോംഗ് ദൈവത്തിന് നന്ദി പ്രകാശിപ്പിച്ചതുപ്പോലെ സന്തോഷാധിക്ക്യത്താല്‍ മുത്തശ്ശിയോട് നന്ദി പ്രകടിപ്പിയ്ക്കുവാനായ് ഉണ്ണി കൈകള്‍ സ്വതന്ത്രമാക്കുകയും, പ്ലാവിന്‍ ചുവട്ടിലും ഭുഗുരുത്വത്തിന് വ്യത്യാസമില്ലെന്ന് തെളിയിച്ചുകൊണ്ട് കൂഴച്ചക്ക അവരുടെ ഇടയിലേയ്ക്ക് ഒരു ഉല്‍ക്കയേപ്പോലെ ആഞ്ഞുപ്പതിയ്ക്കുകയും, ചക്കയാല്‍ കളഭാഭിഷേകം ചെയ്യപ്പെട്ട സര്‍വ്വരും റിപ്പബ്ലിക്ക് ദിനപ്പരേടിലെ ദൃശ്യം പോലെ ഒരു നിമിഷം നിശ്ചലരായിത്തീരുകയും, മണ്ണിനെ പുല്‍കിയ കൂഴച്ചക്കയില്‍നിന്നും അതിവേഗം വിക്ഷേപിക്ക്യപ്പെട്ട ഒരു ചക്കകുരു "വല്ലതും തരണേ.." എന്ന് വിലപിച്ചുകൊണ്ട് രസീത് കുറ്റിയുമായ് പടിയ്ക്കലെത്തിയ സ്ഥിരം പിരിവ്കാരിലൊരുവന്റെ വായിലെത്തി തല്ക്കാലമവനെ നിശബ്ദനാക്കുകയും ചെയ്തതിനെല്ലാം മൂകസാക്ഷി പടിയ്ക്കലെ പാവം പ്ലാവ് തന്നെ.
:)

Thursday, April 13, 2006

കാലമോതിയ കഥ

ചുളി വീണ മുഖത്ത് ചിരിപ്പരത്തി
വിറയ്ക്കുന്ന ശബ്ദത്തില്‍ കാലമാ കഥ പറഞ്ഞു.
ഏഴു വര്‍ണ്ണങ്ങളും, ഏഴു നാദങ്ങളും
മെനഞ്ഞെടുത്ത ശില്പിയുടെ കദന കഥ!

" പണ്ട്, പണ്ടൊരിയ്ക്കല്‍,
ഒരു ശില്പി തന്റെ തിളയ്ക്കുന്ന ചിന്തയില്‍ നിന്നല്പം
സ്നേഹത്തിന്റെ തവി കൊണ്ട്
ശൂന്യതയില്‍ കോരിയൊഴിച്ചു.
അത് പ്രകാശമായ്, നാദമായ്, പ്രപഞ്ചസത്യമായ്...

പിന്നീടൊരിയ്ക്കല്‍,
ഒരു പിടി മണ്ണെടുത്താനന്ദാശ്രുവിലലിയിച്ച്
ഉരുട്ടിയുണക്കിയൂതി ശില്പങ്ങളുണ്ടാക്കി.
സ്വന്തം രൂപഭാവങ്ങളുള്ള ശില്പങ്ങള്‍ !

അതിനു ശേഷം ശില്പി വിശ്രമിച്ചു
അന്നൊരു ഞായറാഴ്ചയായിരുന്നു.

ശില്പങ്ങള്‍ക്കൊ...
ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും,
കടല്‍ തീരത്തെ മണല്‍ തരികള്‍ പോലെയും,
വായുവിലെ ധൂളി പോലെയും
പെരുകിപ്പെരുകി വര്‍ദ്ധിയ്ക്കുവാനനുവാദമുണ്ടായിരുന്നു.
ചലിയ്ക്കുന്ന, രുധിരം നിറഞ്ഞ ശില്പങ്ങള്‍ !

ശില്പങ്ങളൊ...

ഒരിടത്ത്,
ഒന്ന് മറ്റൊന്നിന്റെ ജീവനായ്
വിലപേശുകയായിരുന്നു.

മറ്റൊരിടത്ത്,
നിലയ്ക്കാത്ത അപ്പക്കഷണങ്ങള്‍ക്കായ്
കേഴുകയായിരുന്നു.

വേറൊരിടത്ത്,
അസംഭവ്യതകളുടേയും, അശരീരികളുടേയും
സ്രോതസ്സുകള്‍ക്കായ് കാതോര്‍ക്കുകയായിരുന്നു.

ഇനിയുമൊരിടത്ത്,
നന്മയും, തിന്മയും കൂട്ടിക്കുഴച്ച്
ക്രയവിക്രയം ചെയ്യുകയായിരുന്നു.

ഇനിയും വേറൊരിടത്ത്,
ആദിയുമന്ത്യവുമറിയാതെ
സ്വന്തം അസ്തിത്വം തേടിയുഴലുകയായിരുന്നു.

ശില്പിയൊ...
ഇതെല്ലാം കണ്ടും, കേട്ടും
തന്റെ നീണ്ട വെളുത്ത താടി തടവി
മന്ദഹസിയ്ക്കുകയായിരുന്നു.

കരുണയാര്‍ന്ന ആ മന്ദഹാസത്തിന്
ഒരു വിലയുണ്ടായിരുന്നു.
ആ വില മുപ്പത് വെള്ളിനാണയങ്ങളില്‍
ഒതുങ്ങി നിന്നു.

ശില്പങ്ങളൊ...
ശില്പിയ്ക്ക് കാഴ്ച വെയ്ക്കുവാനായ്
സമ്മാനങ്ങളൊരുക്കുകയായിരുന്നു.

അത് കണ്ട് ശില്പി വിയര്‍ത്തു.
വിയര്‍പ്പ് രക്തതുള്ളികളായ് ഭൂമിയിലിറ്റിറ്റുവീണു.
മണ്ണ് ചുവന്നതന്നായിരുന്നു !

സമ്മാനങ്ങളാകട്ടെ...
മനോഹരമായി മരത്തില്‍ തീര്‍ത്ത ഭാരമേറിയ ഒരു കുരിശും,
കൂര്‍ത്ത മുള്‍ക്കിരീടവും, മൂന്നിരുമ്പാണികളും ! "
:-(

Wednesday, April 05, 2006

കൂപമണ്ഡൂകം

വര്‍ഷം തോറും മൂന്ന് പൂവ് കൃഷി ചെയ്തിരുന്ന കൊടകര പാടത്ത് വേനലില്‍ മഴയ്കായും, മണ്‍സൂണില്‍ സമ്മറിനായും, വല്ലപ്പോഴും ലക്ഷണമൊത്തൊരിണയ്കായും, തുണയ്കായും തവളകള്‍ കൂട്ടപ്രാര്‍ത്ഥന നടത്തിയിരുന്ന കാലമുണ്ടായിരുന്നു. കാലം മാറി, പിന്നെ പ്രാര്‍ത്ഥന, കാലന്മാരായി വരുന്ന തവളപ്പിടുത്തക്കാരുടെ കരാള ഹസ്തങ്ങളില്‍ നിന്നും തങ്ങളെ "കാപ്പാക്കണെ കടവുളെ" എന്നും, തങ്ങളുടെ കുലം അന്ന്യം നിന്നു പോകല്ലേ എന്നുമായി; ഫ്രീ വിസയില്‍ വിദേശത്തേയ്ക് പോകാന്‍ താല്പര്യമുള്ള ചിലര്‍ക്ക് ഇതില്‍ എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും!

അങ്ങിനെയുള്ളൊരു തവളരാത്രിയില്‍ ശുദ്ധഹൃദയനും, കടുംബസ്നേഹിയുമായ മത്തായിച്ചേട്ടന്‍ ഒരു ടെംപര്‍റി തവളപ്പിടുത്തക്കാരനാകാന്‍ തീരുമാനിച്ചു. ഒരു ഫൈവ് കോഴ്സ് ഡിന്നറിന് ഫ്രൈഡ് ഫ്രോഗ് ലെഗ്സ് നിര്‍ബന്ധമായിരുന്നതു കൊണ്ടൊന്നുമല്ല, കുഞ്ഞുകുട്ടികള്‍ക്ക് മുന്ന് നേരവും എന്തെങ്കിലും ഫീഡ് ചെയ്യുവാന്‍ ഒരു അഡീഷണല്‍ ഇന്‍കം എന്നേ ഇതിനെ കരുതിയുള്ളു. കുട്ടായിയുടെ തുന്നല്‍ക്കടയില്‍ കുട്ടിക്കുപ്പായത്തിന് ബട്ടന്‍സിടുന്ന ഗുട്ടന്‍സ്സല്ലാതെ വേറെ കുടുക്ക് വിദ്യകളൊന്നും മത്തായിച്ചേട്ടനറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ ലോകം വളരെ വളരെ നാരൊ ആയിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഒരു കൂപമണ്ഡൂകം...

കുറച്ച് ദിവസം മുമ്പ് രണ്ട് തവളപ്പിടുത്തക്കാരുടെ സംഭാഷണം റോഡരുകില്‍ വെച്ച് ഡിഫറന്റ് ഫ്രീക്വന്‍സിയില്‍ മത്തായിചേട്ടന്റെ വോയ്സ് റെക്കോര്‍ഡറില്‍ കടന്നുകൂടിയതാണ് ഈ എളിയ സംരംഭത്തിന് പ്രചോദനം. റീ പ്ലെ ചെയ്തതില്‍ നിന്നും പള്ളിയ്കടുത്തുള്ള പൂട്ടിക്കിടക്കുന്ന കടയുടെ മമ്പില്‍ പുലര്‍ച്ച 5 മണിയ്കു മുമ്പായി തവളകളെ കൊണ്ടുവന്നാലെ മൊത്തക്കച്ചവടക്കാര്‍ അവയെ വാങ്ങുകയുള്ളുവെന്ന് മത്തായിച്ചേട്ടന് വ്യക്തമായിരുന്നു.

എന്നാല്‍ തവളപ്പിടുത്തം പരിചയമില്ലാത്തതുകൊണ്ടും തവളക്കാലിതുവരെ ടേയ്സ്റ്റ് ചെയ്യാത്തതു കൊണ്ടും മാക്രിയെപ്പറ്റിയ്ക്കുന്ന ഈ പണിയെപ്പറ്റി കൂടുതലറിഞ്ഞാല്‍ കൊള്ളാമെന്ന് പിന്നീട് തോന്നി. പക്ഷെ, ഒരു തവളപ്പിടുത്തക്കാരനാണെന്ന് നാലാളറിഞ്ഞാല്‍ അത് തന്റെ ഇപ്പോഴത്തെ പ്രൊഫഷനെ ബാധിയ്ക്കുമെന്നും, ഇമേജ് ഡിം ആകുമെന്നും തോന്നുകയാല്‍ മത്തായിച്ചേട്ടന്‍ ആരോടും ഒന്നും ചോദിച്ചുമില്ല, പറഞ്ഞുമില്ല; സ്വന്തം ഭാര്യയായ മറിയാമ്മച്ചേട്ടത്തിയോടു പോലും!

പക്ഷെ രാത്രിയില്‍ കുറെ കാലിച്ചാക്കും, മത്തായിചേട്ടന്റെ ആറാമത്തെ സന്തതിയുടെ വലിപ്പമ്മുള്ള ആറു സെല്ലിന്റെ ടോര്‍ച്ചുമെടുത്ത് സീമന്തപുത്രനേയും കൂട്ടി പുറപ്പെടാനൊരുങ്ങിയപ്പോള്‍ മറിയാമ്മച്ചേട്ടത്തിയുടെ മനസ്സില്‍ അടുത്തിടെ സമീപസ്ഥലങ്ങളില്‍ അപ്രത്യക്ഷമായ കോഴികള്‍, കായക്കുലകള്‍ തുടങ്ങിയവ തെളിഞ്ഞുവന്നു. അത് വ്യക്തമായി വായിച്ചറിഞ്ഞപ്പോലെ മത്തായിച്ചേട്ടന്‍ "നമ്മുടെ കുട്ടായീടെ വീട്ടിലേയ്ക്കൊരു സഹായത്തിന് വരാന്‍ പറഞ്ഞണ്ട്. കിട്ടിയാല്‍ രണ്ട് ചാക്ക് അറക്കപ്പൊടി കൊണ്ടരണം. കൊറച്ച് വൈകും." എന്ന് പതുക്കെപ്പറഞ്ഞു.

അധികം ഗ്യാസ് നിറച്ച സോഡാകുപ്പിപോലെ മനസ്സില്‍ തിങ്ങിനിറഞ്ഞ ആവേശവുമായ് മത്തായിച്ചേട്ടന്‍ ശുഭമുഹൂര്‍ത്തത്തില്‍ വേട്ടയ്ക്കിറങ്ങി.

നേരം പുലരുന്നതിന് മുമ്പ് കിട്ടാവുന്നിടത്തോളം തവളകളെയെല്ലാം
ജാതിമതവര്‍ഗ്ഗവര്‍ണ്ണപ്രായലിംഗഭേദമെന്യെ ചാക്കിനകത്താക്കിയ കാര്യത്തില്‍ മൂത്തമകന്റെ സേവനം പ്രശംസനീയമായിരുന്നു. അങ്ങിനെ രണ്ട് ചാക്ക് 'സോഫ്റ്റ് ഐപോടുകളുടെ' വിലാപയാത്രയോടെ തിരക്കിട്ട് പള്ളിയ്ക്കരികിലുള്ള പൂട്ടികിടക്കുന്ന കടയുടെ മുമ്പിലേയ്കു ചെന്നു. പെട്രോമാക്സും, ടോര്‍ച്ചുമായ് ക്യൂവില്‍ നില്ക്കുന്ന പ്രൊഫഷണല്‍ തവളപിടുത്തക്കാരുടെ പുറകെ രണ്ടുപേരും തങ്ങളുടെ ഊഴവും കാത്ത് നിന്നു. പരിചയമുള്ള ആരെയും ക്യൂവില്‍ ഐഡന്റിഫൈ ചെയ്യാഞ്ഞ് ആശ്വാസത്തോടെ മത്തായിച്ചേട്ടന്‍ നെടുവീര്‍പ്പിട്ടു. ക്യൂവില്‍ നിവര്‍ന്നുനിന്നും, വളഞ്ഞുനിന്നും, ഒടിഞ്ഞുനുറുങ്ങിയും കൂലങ്കഷമായി ചിന്തിച്ചപ്പോള്‍ പ്രതീക്ഷിയ്ക്കുന്നതിലുമധികം ലാഭമുണ്ടാവുകയാണെങ്കില്‍ സ്വന്തം പ്രൊഫഷന്‍ സ്വിച്ച് ചെയ്യുന്നതില്‍ തെറ്റില്ലെന്നു പോലും മത്തായിച്ചേട്ടന് തോന്നി.

തന്റെ ഊഴം വന്നപ്പോഴാണ് മത്തായിച്ചേട്ടന് കാര്യങ്ങളുടെ ക്ലീന്‍ പിക്ചര്‍ പിടിക്കിട്ടിയത്. അവരെല്ലാ തവളകളെയും വാങ്ങിയ്ക്കില്ലത്രെ! പസഫിക് മഹാസമുദ്രത്തില്‍ നിന്നും പിടിയ്ക്കുന്ന കൊഞ്ചുകളേയും ഞണ്ടുകളേയും അളവുകോലില്‍ വെച്ച് ചെറുതെന്ന് കണ്ടാല്‍ തിരികെ കടലിലെറിയുന്നപ്പോലെ, മൊത്തച്ചവടക്കാര്‍ മത്തായിച്ചേട്ടന്റെ തവളകളെ ഓരോന്നായ് നിഷ്ക്കരുണം റോഡിലെറിഞ്ഞു. അതില്‍ നല്ലൊരു പങ്കും ചൊറിതവളകളായിരുന്നു. ഒളിമ്പിക്സിനുള്ള ഇന്ത്യയുടെ ഫൈനല്‍ സെലക്ഷന്‍ ലിസ്റ്റിലേപ്പോലെ, രണ്ട് ചാക്ക് തവളകളില്‍ നിന്നും അളവുകോല്‍ ചാടിക്കടന്ന് വിജയശ്രീലാളിതരായത് നാലഞ്ചു മാക്രികള്‍ മാത്രം!

ഗ്യാസ് പോയ സോഡാകുപ്പിപോലെ മത്തായിച്ചേട്ടന്‍ കടയുടെ ഷട്ടറില്‍ ചാരിയിരുന്നു!

പരോളിലിറങ്ങി പുതിയ പാത തേടുന്ന പോക്കറ്റടിക്കാരെപ്പോലെ റോഡിലെറിയപ്പെട്ട തവളകള്‍ തലങ്ങും വിലങ്ങും ചാടിനീങ്ങി. മത്തായിച്ചേട്ടനെന്തേ ഇത്രയും വൈകുന്നതെന്നോര്‍ത്ത് വ്യസനിച്ച് പുലര്‍ച്ച 6 മണിയ്ക്കുള്ള കുര്‍ബ്ബാനയ്ക്ക് പള്ളിയിലേയ്ക്ക് തിരക്കിട്ട് വന്നിരുന്ന മറിയാമ്മച്ചേട്ടത്തിയും കൊച്ചുമകളും ഒന്നു നിന്നു; വഴി നിറയെ തവളകള്‍! തലേ ദിവസം പുലര്‍ച്ച പള്ളിയിലേയ്ക്ക് പോകുമ്പോള്‍, ഇരുളിന്റെ മറവില്‍, രണ്ട് പാമ്പുകള്‍ വഴിയില്‍ കുറുകേ പോകുന്നത് കണ്ട കാര്യം മറിയാമ്മച്ചേട്ടത്തിയ്ക്ക് ഓര്‍മ്മ വന്നു. ഇന്നിപ്പോള്‍ തവളകള്‍! മോശയുടെ കാലത്ത് ദൈവം വിവിധ 'ബാധ'കള്‍ അയച്ച് ഫറവോനെ ശിക്ഷിച്ചത് 'ടെന്‍ കമാന്റ് മെന്റ്സ്' ലെപ്പോലെ മറിയാമ്മച്ചേട്ടത്തിയുടെ മനോമുകുരത്തില്‍ തെളിഞ്ഞുവന്നു.

തവളകളെ ചവിട്ടാതെ സുരക്ഷിതയായി പള്ളിയിലെത്താന്‍ തവളച്ചാട്ടം ചാടുന്ന കൊച്ചുമകളെ മറന്ന് മറിയാമ്മച്ചേട്ടത്തി സ്വര്‍ഗ്ഗത്തിലേയ്ക്ക് നോക്കി കൈകകള്‍ കൂപ്പി കേണു "എന്റെ കര്‍ത്താവെ അടുത്തതെന്തൂട്ടണാവോ ?"
:)