Friday, April 21, 2006

കൂഴച്ചക്ക

"ഈ കുട്ട്യെവിടെപ്പോയെന്റീശ്വരാ..." തുപ്പല്‍ കോളാമ്പിയിലേയ്ക് നീട്ടിതുപ്പിയശേഷം അകത്തളത്തിലിരുന്ന് മുത്തശ്ശി പിറുപ്പിറുത്തു. കുറച്ചുമുമ്പുവരെ വടക്കിയിനിയിലുണ്ടായിരുന്ന കുട്ടനെ പലയിടത്തും പരതിയിട്ടും ഫലമില്ലാതെ മുത്തശ്ശി നീട്ടിവിളിച്ചു. "കുട്ടാ...". ഏകദേശം പന്ത്രണ്ട് വയസ്സുള്ള കുട്ടന്‍ മുത്തശ്ശിയുടെ ഇളയ മകളുടെ കുട്ടിയാണ്. സ്ക്കൂളവധിയായതുകൊണ്ട് സര്‍വ്വവ്യാപിയായ് കുട്ടന്‍ ആഘോഷിയ്ക്കുകയാണ്.

ചടഞ്ഞുകൂടിയിരുന്ന് നാമം ജപിയ്ക്കുന്നതിലല്ല മുത്തശ്ശിയ്ക്ക് താല്പര്യം. വീട്ടിലും, പറമ്പിലും എല്ലാകാര്യങ്ങളിലും ഒരു മേല്‍നോട്ടം ഉണ്ടാകും. പാടത്ത് പണിയെടുക്കുന്നവര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കുന്നിടത്തും, പശുവിനുള്ള പിണ്ണാക്കും കഞ്ഞിവെള്ളവും സമയത്തെത്തിയ്ക്കുന്നതിലും, കൊഴിഞ്ഞു വീഴുന്ന പഴുത്ത അടയ്ക്കയും പറമ്പിലെ വെറ്റിലയും കൂട്ടി ഒന്ന് മുറുക്കുന്ന കാര്യത്തിലും, വീട്ടിലെത്തുന്നവരോട് നാലു വര്‍ത്തമാനം പറയുന്ന കാര്യത്തിലും, വീട് അമ്പലത്തിനടുത്തായതിനാല്‍ ദിവസ്സവും തൊഴാന്‍ പോകുന്ന കാര്യത്തിലും എല്ലായിടത്തും മുത്തശ്ശി മുന്‍പില്‍ തന്നെ. പ്രായമായ് കാഴ്ച ഇത്തിരി കുറയുമെങ്കിലും നല്ല ആരോഗ്യം.

"എന്ത്യേ..." കുട്ടന്‍ പറമ്പില്‍ നിന്നും വിളികേട്ടു വീട്ടിലെത്തി. "നീയാ പ്ലാവിന്റെ ചക്ക്യൊന്ന് താഴെര്‍ക്കിയെ. കാക്ക കൊത്തീന്നാ തോന്നണെ...". മുത്തശ്ശി കുട്ടനൊരു പണി കൊടുത്തു. വീട്ടുമുറ്റത്ത് പടിയ്ക്കലായി നില്ക്കുന്ന പ്ലാവില്‍ കൂഴച്ചക്കയാണ് (പഴച്ചക്ക). വരിക്കച്ചക്കയാണെങ്കില്‍ മുത്തശ്ശിയ്ക്കത്ര വേവലാതിയില്ല. കൂഴച്ചക്ക പഴുത്ത് താഴെ വീണാല്‍ അനന്തരാവകാശികളായ ചക്കകുരുകളെപ്പോലും അടുത്ത പറമ്പില്‍ നിന്നേ കണ്ടുകിട്ടുകയുള്ളു. അതുകൊണ്ട് കയറുകെട്ടിയാണ് ചക്കയിറക്കുന്നത്.

കൂഴച്ചക്ക സുരക്ഷിതമായ് താഴെയിറക്കുന്ന വിദ്യ തലമുറകളായി കൈമാറി ഇപ്പോള്‍ കുട്ടന് സ്വന്തം. ഒരാള്‍ പ്ലാവില്‍ കയറി ചക്കയുടെ ഞെട്ടിയില്‍ കയറുകെട്ടി, കയര്‍ കൊമ്പില്‍ ചുറ്റി, കയറിന്റെ മറ്റേ അറ്റം വേറൊരാള്‍ താഴെനിന്നും വലിച്ചുപിടിച്ചതിനുശേഷം ചക്കയുടെ ഞെട്ടി പതുക്കെ മുറിയ്ക്കും. പൊക്കിള്‍ക്കൊടിയറ്റ ചക്കയെ പതുക്കെപ്പതുക്കെ കയറഴച്ച് താഴെയിറക്കും.

കുട്ടനാവിദ്യയില്‍ ചെറിയൊരു മാറ്റം വരുത്തി. കയറിന്റെ ഒരു തല പ്ലാവിന്റെ കടയ്ക്കല്‍ കെട്ടിയിട്ട്, മറ്റേ തല കടിച്ചുപ്പിടിച്ച്, പ്ലാവില്‍ കയറും. പിന്നെ കൊമ്പില്‍ കയറു ചുറ്റി, ചക്കയുടെ ഞെട്ടിയില്‍ കയറു കെട്ടി വലിച്ചുമുറുക്കിയതിനുശേഷം പതുക്കെ ഞെട്ടി മുറിയ്ക്കും. പിന്നെ താഴെയിറങ്ങി, കയറഴിച്ച് പതുക്കെപ്പതുക്കെ ചക്ക താഴെയിറക്കും. രണ്ടുപേര്‍ വേണ്ടിവരുന്ന ജോലി കുട്ടന്‍ ഒറ്റയ്ക്കു ചെയ്യുമെന്നര്‍ത്ഥം. കൂടാതെ ഇഷ്ടം പോലെ സമയമെടുത്ത് പ്ലാവിന്‍ കൊമ്പിലിരുന്ന് കണ്ണിമാങ്ങ ഉപ്പുകൂട്ടി മതിയാവോളം തിന്നാം; വഴിയില്‍ക്കൂടി പോകുന്നവരെ അവരറിയാതെ നോക്കാം; തൊട്ടപ്പുറത്തുള്ള ഉണ്ണിയുടെ വീട്ടിലേയ്ക്കെത്തിനോക്കാം; ഉണ്ണിയുടെ 'കാണാതായ' തിളങ്ങുന്ന കുപ്പിക്കായകള്‍ (ഗോലികള്‍) പ്ലാവിന്‍ കൊമ്പിലെ പൊത്തില്‍ നിന്നെടുത്ത് കണ്‍ക്കുളിര്‍ക്കെ കാണാം; അനന്തമായ സാധ്യതകള്‍...

ആകെ കൂടിയുള്ള പ്രശ്നങ്ങള്‍ ചക്ക കൊത്താന്‍ വരുന്ന കാക്കയുടെ കരച്ചിലും, പെട്ടെന്നറിയാതെ തലയ്ക്കിട്ടുള്ള തോണ്ടലും, വല്ലപ്പോഴും വഴിതെറ്റിവരുന്ന പുളിയുറുമ്പുകളുടെ സ്ഥാനത്തും അസ്ഥാനത്തുമുള്ള സ്നേഹപ്രകടനങ്ങളും മാത്രമാണ്!

മുത്തശ്ശിയുടെ ആജ്ഞ ശിരസ്സാവഹിച്ച് കുട്ടന്‍ കര്‍മ്മ നിരതനായ്. കയറിന്റെ ഒരറ്റം പ്ലാവിന്റെ കടയ്ക്കല്‍ കെട്ടി മണ്ണില്‍ നിന്നും കേവലം ഒമ്പതടി ഉയരത്തിലുള്ള കൊമ്പില്‍ കയറി, കയറിന്റെ മറ്റേ അറ്റം ചക്കയുടെ കടയ്ക്കല്‍ കെട്ടി വലിച്ചുമുറുക്കി, ചക്കയുടെ ഞെട്ടി മുറിച്ച് ഇറങ്ങുന്നതിനു മുമ്പ് ഉണ്ണിയുടെ പറമ്പിലേയ്ക്കെത്തി നോക്കിയപ്പോള്‍ ചക്കമടല്‍ വെട്ടിയുണ്ടാക്കിയ ചക്രങ്ങള്‍ കൊണ്ടുള്ള ഉണ്ണിയുടെ ഉന്തുവണ്ടിയുടെ നേര്‍ക്ക് ആവേശത്തോടെ ആഞ്ഞടുക്കുന്ന പുള്ളിപ്പശുവിനെ കാണുകയും, ഉണ്ണിയ്ക്ക് ഒരു അടിയന്തിര സന്ദേശമയയ്ക്കുകയും ചെയ്തു: "ഉണ്ണീ... നിന്റെ പശു വണ്ടീടെ ടയറുതിന്നാന്‍ പോണൂ...".

ഒറ്റ തുമ്മലിന് പുറത്തു ചാടിയ തൂവെണ്ണ ഇടതുകൈതണ്ട കൊണ്ട് തുടച്ച്, കൊഴിഞ്ഞുവീഴാറായ വാടിയ പൂവിതള്‍പ്പോലെയുള്ള ട്രൗസ്സര്‍ വലതുകൈക്കൊണ്ട് നിമിഷത്തില്‍ നാലു പ്രാവശ്യം വലിച്ചുകയറ്റി വീടിന് പുറത്തിറങ്ങിയ ഉണ്ണി അതിവിദഗ്ദമായി സ്വന്തം ഉന്തുവണ്ടിയെ പുള്ളിപ്പശുവില്‍ നിന്നും രക്ഷിച്ച്, വളരെ തിരക്കുള്ള റോഡ് കുറുകെ കടക്കുമ്പോള്‍ ഇരുവശവും മാറി മാറി നോക്കുന്നതുപ്പോലെ ശ്രദ്ധിച്ച്, വേലിയ്ക്കുള്ളിലെ പൊത്തില്‍ക്കൂടി വലിഞ്ഞ് കടന്ന് പ്ലാവിന്‍ ചുവട്ടിലെത്തി.

വെറും ഏഴു വയസ്സുള്ള ഉണ്ണി, നിസ്സഹായനായ് കയറില്‍ തൂങ്ങികിടക്കുന്ന ചക്കയെകണ്ട് അലിവ് തോന്നി, ചക്ക താഴെയിറക്കാന്‍ കുട്ടന് തന്റെ എല്ലാ വിധ സഹായവും വാഗ്ദാനം ചെയ്തു. ചക്കയേക്കാള്‍ ഭാരക്കുറവുള്ള ഉണ്ണിയുടെ വാഗ്ദാനം, പ്ലാവിന്‍ കൊമ്പില്‍ അമര്‍ന്നിരുന്ന് വായിലുള്ള പുളിങ്കുരു തുപ്പിക്കളഞ്ഞ് കുട്ടന്‍ സ്നേഹപ്പൂര്‍വം നിരസ്സിച്ചു. എങ്കിലും പ്ലാവിന്റെ കടയില്ലുള്ള കയറഴിച്ച് ആ ചക്കയ്ക്ക് ആശ്വാസമേകാന്‍ ഉണ്ണിയുടെ കൈകള്‍ തരിച്ചു.

എന്തോ ഒരു ശബ്ദം കേട്ട് മുറ്റത്തേയ്ക്ക് നോക്കിയ മുത്തശ്ശി കണ്ടത് കയറില്‍ തൂങ്ങി മണ്ണില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ നില്ക്കുന്ന കൂഴച്ചക്കയാണ്.

കുട്ടന് ഒരു കൈ സഹായമാകാം എന്ന് കരുതി ചക്കയ്കരുകിലെത്തി കയറഴിയ്ക്കാന്‍ തുടങ്ങിയ മുത്തശ്ശി, "കയറഴിയ്ക്കല്ലേ..." എന്നലറിക്കൊണ്ട് പ്ലാവിന്റെ തടിയില്‍ക്കൂടി വെണ്ണ പുരട്ടിയാലെന്നപ്പോലെ അതിവേഗം താഴേയ്ക്കു വരുന്ന കുട്ടനെ കാണുകയും, ഇടവപ്പാതിയിലെന്നപ്പോലെ തന്റെമേല്‍ ചൊരിയുന്ന മഴയുടെ ഉറവിടമെവിടെയെന്നന്വേഷിയ്ക്കുകയും, ദേഹമുപേക്ഷിച്ച ദേഹിയെപ്പോലെ തന്റെ സര്‍വസ്വവുമായിരുന്ന ട്രൗസ്സര്‍ ഉപേക്ഷിച്ച് ഉടുമ്പിനേപ്പോലെ കയറിന്‍ തുമ്പില്‍ മുറുകെപ്പിടിച്ച് പിടയുന്ന ഉണ്ണിയായിരുന്നു തന്റെമേല്‍ പെയ്തിറങ്ങിയതെന്നറിയുകയും, "ന്റെ ഗുരുവായൂരപ്പാ..." എന്നൊരു നിലവിളിയോടെ കൈകളുയര്‍ത്തി വലിഞ്ഞെത്തി ഉണ്ണിയുടെ കാലുകളില്‍ പിടിച്ചുവലിയ്ക്കുകയും, മുത്തശ്ശിയ്ക്കൊരു സഹായമാകട്ടെയെന്ന് കരുതി അതിവേഗം പ്ലാവില്‍ നിന്നിറങ്ങിയെത്തിയ കുട്ടന്‍ മുത്തശ്ശിയെപ്പിടിച്ച് വലിയ്ക്കുകയും, ഈ ബഹളമെല്ലാം കേട്ട് നിര്‍ത്താതെ കുരച്ചുകൊണ്ട് വേലിയ്ക്കിടയിലെ വിടവിലുടെ വെടിയുണ്ടപ്പൊലെ നാലുകാലില്‍ പാഞ്ഞുവന്ന ഉണ്ണിയുടെ വലംകൈ 'തുട്ട്' കുട്ടന്റെ മുണ്ടില്‍ കടിച്ചുവലിയ്ക്കുകയും, കൂട്ടപ്രയത്നത്താല്‍ ഉണ്ണി പതുക്കെപ്പതുക്കെ താഴേയ്ക്കുവരുകയും, ചക്ക പതുക്കെപ്പതുക്കെ മുകളിലേയ്ക്കുയരുകയും, നിലം സ്പര്‍ശിച്ച ഉണ്ണി അടിയന്തിരഘട്ടത്തില്‍ സുരക്ഷിതമായ് നിലത്തിറങ്ങിയ വിമാനത്തിലെ യാത്രക്കാരനെപ്പോലെ ദീര്‍ഘശ്വാസം വിടുകയും, ആദ്യമായ് ചന്ദ്രനില്‍ കാലുകുത്തിയ ആംസ്റ്റ്രോംഗ് ദൈവത്തിന് നന്ദി പ്രകാശിപ്പിച്ചതുപ്പോലെ സന്തോഷാധിക്ക്യത്താല്‍ മുത്തശ്ശിയോട് നന്ദി പ്രകടിപ്പിയ്ക്കുവാനായ് ഉണ്ണി കൈകള്‍ സ്വതന്ത്രമാക്കുകയും, പ്ലാവിന്‍ ചുവട്ടിലും ഭുഗുരുത്വത്തിന് വ്യത്യാസമില്ലെന്ന് തെളിയിച്ചുകൊണ്ട് കൂഴച്ചക്ക അവരുടെ ഇടയിലേയ്ക്ക് ഒരു ഉല്‍ക്കയേപ്പോലെ ആഞ്ഞുപ്പതിയ്ക്കുകയും, ചക്കയാല്‍ കളഭാഭിഷേകം ചെയ്യപ്പെട്ട സര്‍വ്വരും റിപ്പബ്ലിക്ക് ദിനപ്പരേടിലെ ദൃശ്യം പോലെ ഒരു നിമിഷം നിശ്ചലരായിത്തീരുകയും, മണ്ണിനെ പുല്‍കിയ കൂഴച്ചക്കയില്‍നിന്നും അതിവേഗം വിക്ഷേപിക്ക്യപ്പെട്ട ഒരു ചക്കകുരു "വല്ലതും തരണേ.." എന്ന് വിലപിച്ചുകൊണ്ട് രസീത് കുറ്റിയുമായ് പടിയ്ക്കലെത്തിയ സ്ഥിരം പിരിവ്കാരിലൊരുവന്റെ വായിലെത്തി തല്ക്കാലമവനെ നിശബ്ദനാക്കുകയും ചെയ്തതിനെല്ലാം മൂകസാക്ഷി പടിയ്ക്കലെ പാവം പ്ലാവ് തന്നെ.
:)

17 Comments:

Blogger സ്നേഹിതന്‍ said...

പുസ്തകക്കെട്ടുകളെ മറന്ന്, ചക്കയും മാങ്ങയും സമൃദ്ധമായ വേനലവധി തിമിര്‍ത്താഘോഷിയ്ക്കുന്ന കുട്ടികളുടെ മനസ്സുള്ളവര്‍ക്കായി ഇതാ ഒരു കൂഴച്ചക്ക (പഴച്ചക്ക)...

9:50 PM  
Blogger Visala Manaskan said...

‘ദേഹമുപേക്ഷിച്ച ദേഹിയെപ്പോലെ തന്റെ സര്‍വസ്വവുമായിരുന്ന ട്രൗസ്സര്‍ ഉപേക്ഷിച്ച് ഉടുമ്പിനേപ്പോലെ കയറിന്‍ തുമ്പില്‍ മുറുകെപ്പിടിച്ച്..’

പ്രിയദര്‍ശന്‍ പടങ്ങളിലെ ലാസ്റ്റ് കൂട്ടപ്പൊരിച്ചില്‍ പോലെയായല്ലോ സ്‌നേഹിതാ... നൈസ് പോസ്റ്റ്.

വണ്ടിയുടെ ടയറ്, ഹഢാദാകര്‍ഷിച്ചുട്ടോ!

10:06 PM  
Blogger myexperimentsandme said...

സ്നേഹിതാ തകര്‍ത്തു...

“ഒറ്റ തുമ്മലിന് പുറത്തു ചാടിയ തൂവെണ്ണ ഇടതുകൈതണ്ട കൊണ്ട് തുടച്ച്, കൊഴിഞ്ഞുവീഴാറായ വാടിയ പൂവിതള്‍പ്പോലെയുള്ള ട്രൗസ്സര്‍ വലതുകൈക്കൊണ്ട് നിമിഷത്തില്‍ നാലു പ്രാവശ്യം വലിച്ചുകയറ്റി“യ ഉണ്ണിയെ ശരിക്കും ഇമാജിന്‍ ചെയ്തു.

പിന്നെ അവസാന ഭാഗം അടിപൊളി... കൂഴച്ചക്ക ആദ്യം പ്ലിം എന്ന് ഭൂമിയില്‍ ലാന്റ് ചെയ്ത് ഇത്താക് പുതിയേട്ടന് നാണക്കേടുണ്ടാക്കാണ്ടിരുന്നത്....

പിന്നെ ചക്കക്കുരു പ്ലിം എന്നു തെറിച്ച് പിരിവുകാരന്റെ അണ്ണാക്കില്‍ ലാന്റ് ചെയ്തത്.........

എല്ലാത്തിനും മൂകസാക്ഷി കൂഴച്ചക്ക... സാക്ഷിയണ്ണോ

ഇതൊക്കെക്കൊണ്ടുതന്നെ എനിക്കിഷ്ടം വരിക്കയാ

ഈ കാ

10:10 PM  
Blogger aneel kumar said...

:)
സീനുകളെല്ലാം മനസിന്റെ ആര്‍കൈവ്സിലുള്ളത്.
ഓര്‍മ്മകളെ‍ തിരികെത്തന്ന പോസ്റ്റ്.

10:30 PM  
Blogger Kalesh Kumar said...

അസ്സലായിട്ടുണ്ട്‌!
പെട്ടന്ന് കുട്ടിക്കാലത്തേക്ക് ഒരു ഫ്ലാഷ് ബാക്ക്!
ക്ലൈമാക്സ് കലക്കി!

2:25 AM  
Blogger ചില നേരത്ത്.. said...

സ്നേഹിതാ
ഓര്‍മ്മകളില്‍ നിന്ന് ഒരു പഴം ചക്ക കൂടി നെട്ടറ്റ് വീണിരിക്കുന്നു. മനോഹരം ..

4:11 AM  
Blogger ശനിയന്‍ \OvO/ Shaniyan said...

ഹഹാ! ഓര്‍മ്മകളേ....

കൊള്ളാം മാഷേ..

:)

4:50 PM  
Blogger സ്നേഹിതന്‍ said...

വിശാലന്‍ : എഴുതിത്തുടങ്ങിയപ്പോള്‍ ഒരു കൂട്ടപ്പൊരിച്ചില്‍ മനസ്സിലില്ലായിരുന്നു. മഴക്കാലത്ത് ട്രാന്‍സ്പോര്‍ട്ട് ബസ്സ് ബ്രേക്ക് ചെയ്തപ്പോലെയായി, വിചാരിച്ചിടത്ത് നിന്നില്ല! :)
വക്കാരി : അവസാനഭാഗം എഴുതിക്കൊണ്ടിരിയ്ക്കുമ്പോള്‍ പിരിവ്കാര്‍ ഇടയില്‍ വന്ന്കയറുമെന്ന് സ്വപ്നത്തില്‍പ്പോലും കരുതിയില്ല. പിരിവ്കാരെക്കൊണ്ട് തോറ്റു!
അനില്‍ : ഈയടുത്ത് നാട്ടിലേയ്ക്ക് യാത്രയായ ഒരു കുടംബമാണ് വേനലവധിയെപ്പറ്റിയുള്ള എന്റെ ഓര്‍മ്മയ്ക്ക് കാരണമായത്. :)
കലേഷ് : ഇനിയൊരിയ്ക്കലും തിരിച്ചുവരാത്ത കുട്ടിക്കാലത്തെ വെറുതെ സ്വപ്നം കണ്ടു ഞാന്‍. :)
ചിലനേരത്ത് : ചിലനേരത്ത ഓര്‍മ്മകള്‍ നമ്മളറിയാതെ മുന്നിലെത്തും. മറയുന്നതിന് മുമ്പെ പങ്കുവെയ്ക്കാമെന്ന് വച്ചു. :)
ശനിയന്‍ : ഓര്‍മ്മകളേ.... പഴചക്കയായ്, ചക്കകുരുവായ്, വീണ്ടുമൊരു പഴചക്കയായ് തുടരേണമേ... :)

10:27 PM  
Blogger അഭയാര്‍ത്ഥി said...

This comment has been removed by a blog administrator.

11:52 PM  
Blogger അഭയാര്‍ത്ഥി said...

കൂഴച്ചക്ക കൂഞ്ഞില്‍ പിടിച്ചു ഒരു വലി വലിക്കുമ്പോള്‍ മലറ്‍ക്കെ പിളര്‍ന്നു തേനുറുന്ന ചുളകള്‍ ചൌണിമെത്തയില്‍ അങ്ങിനെ ഒരു കിടപ്പുണ്ടു. വായറിയാതെ തിന്നിപ്പിക്കുകയും വയററിയാതെ തൂറ്റുകയും ചെയ്യിപ്പിക്കുന്നു ഈ വിദ്വാന്‍. ചക്കതിന്നു തൂറ്റല്‍ പിടിച്ച ഗന്ധറ്‍വ ബാലനോടു സരസനായ വൈദ്യറ്‍ പറഞ്ഞതു "ഇനി ചക്ക തിന്നുമ്പോള്‍ ആദ്യം ഒരു കുരു വിഴുങ്ങുക. ദ്വാരങ്ങളൊക്കെ അടയട്ടെ".

കയറില്‍ ഞാന്ന ഉണ്ണിയെ ഞാനൊന്നു സങ്കല്‍പ്പിച്ചു നോക്കി. ഒരു പാടു ബാല്‍ ചാപല്യങ്ങല്‍ ഒരോരുത്തറ്‍ക്കും ഉണ്ടു. പ്ളാസ്റ്റിക്‌ കത്തിച്ചു കൈപൊള്ളിക്കുക, പൊട്ടാത്ത പടക്കം പരിശോധിക്കുമ്പോള്‍ പൊട്ടുക. അങ്ങിനെ ജാള്ള്യത പെട്ടു നില്‍ക്കുന്ന ഉണ്ണിയും ഞാനും രണ്ടല്ല ഒന്നു തന്നെ എന്നു തിര്‍ച്ചറിയുന്നു.

സ്നേഹിതന്റെ കയ്യില്‍ ഇപ്പൊഴും ആ കയറുരിഞ്ഞ തയമ്പുണ്ടോ?.


കൊടകര ഒരു ധന്യ ഭൂവാകുന്നു. ഇവിടുത്തെ പൂവുകളൊക്കെ നിറം മങ്ങാത്തവ സൌരഭ്യം പരത്തുന്നവ.

11:55 PM  
Blogger സ്നേഹിതന്‍ said...

ഗന്ധര്‍വന്‍ : തയമ്പൊക്കെ മനസ്സിലല്ലെ ഗന്ധര്‍വാ! വൈദ്യന്റെ ഉപദേശം കലക്കി; ശുദ്ധവൈദ്യം! ഇടയ്ക്കൊക്കെ അറിവുകള്‍ പങ്കുവയ്ക്കു!

9:53 PM  
Blogger Visala Manaskan said...

"ഇനി ചക്ക തിന്നുമ്പോള്‍ ആദ്യം ഒരു കുരു വിഴുങ്ങുക. ദ്വാരങ്ങളൊക്കെ അടയട്ടെ"

ഗന്ധര്‍വ്വരേ.. ഇജ്ജാതി ചികിത്സാവിധികള്‍ കയ്യിലുണ്ടായിട്ടും എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട് ബ്ലോഗെഴുത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നു?

വൈദ്യന്റെ അഡ്വൈസിന്റെ കാര്യം പറഞ്ഞപ്പോള്‍ ഓര്‍ത്ത ഒരു കാര്യം. വൃത്തികേടായി തോന്നിയാല്‍ പൊറുക്കുക.

പണ്ടൊരിക്കല്‍ ഒരു കുരങ്ങന്‍ മാങ്ങ തിന്നപ്പോള്‍ മാങ്ങണ്ടി വയറിനുള്ളില്‍ കുടുങ്ങിക്കിടന്നത്രേ..!

അതീപ്പിന്നെ എന്ത് കിട്ടിയാലും ഗഡി, ഒന്നളവ് നോക്കി ഡബിള്‍ ചെക്ക് ചെയ്തിട്ടേ കഴിക്കൂമായിരുന്നുള്ളൂ.

അതുകൊണ്ടാണത്രേ പിന് തലമുറ കുരങ്ങന്മാര്‍ എന്തും കഴിക്കുന്നതിന് മുന്‍പായി പിറകിലോട്ട് കൊണ്ട് പോകുന്നത്..!!

10:12 PM  
Blogger അഭയാര്‍ത്ഥി said...

വിശാലന്റേയും , സ്നെഹിതന്റേയും, അരവിന്ദിന്റേയും, അതുല്യയുടേയും, മറ്റു പലരുടേയും പ്റോത്സാഹനവും നല്ലവാക്കും തീറ്‍ച്ചയായും പ്റചൊദനാമേകുന്നു. ബ്ളൊഗ്‌ എഴുതാത്തതിന്റെ കാരനം.
1. പൂച്ചു പുറത്താകും.
2. അക്ഷര തെറ്റുകള്‍.

എങ്കിലും ഞാന്‍ ഡ്രാഫ്റ്റായി ഒരു സ്മരണക്റിപ്പു തയ്യറാക്കി വരുന്നുണ്ടു. എന്നെങ്കിലും ഒരു വെള്ളി ആഴ്ച്ച അതു ഞാന്‍ ബ്ളൊഗിലിടും. കുറെ പണി എടുക്കേണ്ടതുള്ളതു കൊണ്ടാണേ.

പിന്നെ വിശാലോ നിങ്ങളൊരു നൈറ്റ്രസ്‌ ഒക്സയിഡു ആണു. എത്റ അടക്കി പിടിച്ചാലും ഉച്ചത്തില്‍ ചിരിപ്പിക്കുന്നു നിങ്ങള്‍. കലേഷിനേയും എന്നെ പോലേയും ഉള്ളവരുടെ പണി പോക്കാ.


മാങ്ങ അണ്ടി അളവു നോക്കുന്ന കുരങ്ങനെ ഓറ്‍ത്തു ചിരിക്കാത്ത ബ്ളൊഗരുണ്ടെങ്കില്‍, അവറ്‍ അറിയാതെ വലിയ മാങ്ങ അണ്ടി വിഴുങ്ങിയ കുരങ്ങന്റെ ഗണത്തിലുള്ളവറ്‍. പുറത്തേക്കവറ്‍ക്കു ചിരി വരില്ല. അവരുടെ ചൊദനയുടെ(ശോദനയുടെ അല്ല) ദ്വാരം അടഞ്ഞിരിക്കുന്നു

11:06 PM  
Blogger സ്നേഹിതന്‍ said...

നാട്ടറിവിനെപ്പറ്റിയുള്ള ഒരു ബുലോകം ആരെങ്കിലും തുടങ്ങിയിരുന്നുവെങ്കില്‍ ഗന്ധര്‍വ്വന്റെ ചക്കകുരു വൈദ്യവും, വിശാലന്റെ മാങ്ങാണ്ടി വിദ്യയും ഒരു വലിയ മുതല്‍ക്കൂട്ടായേനെ! :):)

ഇത് വെറുതെ പറഞ്ഞെങ്കിലും, കാര്യമായ് ഞാനുദേശിച്ചത് തലമുറകളായ് വാമൊഴിയായ് കൈമാറിവരുന്ന അറിവുകള്‍ മാത്രം (ഉദാ: ചികിത്സകള്‍, ആചാരങ്ങള്‍, കലകള്‍, ഭക്ഷണങ്ങള്‍ തുടങ്ങിയവ) പങ്കുവയ്ക്കാനും വായിച്ചറിയുവാനുമുള്ള ഒരു വേദി മലയാളത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ കൊള്ളാമായിരുന്നു എന്നാണ്. അതോ അങ്ങനെയുള്ള മലയാളം ബുലോകങ്ങള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ടൊ ?

10:27 PM  
Blogger ദേവന്‍ said...

സ്നേഹിതാ,
താങ്കളുടെ ആഹവാഹ്വാനത്തില്‍ ആവേശം കൊണ്ട്‌ ഞാന്‍ ശാസ്ത്രം, അറിവ്‌, തിരിച്ചറിവ്‌
എഴുതാന്‍ തുടങ്ങി . എഴുതി തുടങ്ങിയപ്പോ പിരാന്തായി. വിശ്വം മാഷ്‌ പിടിച്ചു നിര്‍ത്തിയില്ലെങ്കില്‍ കൊടകര യോഹന്നാന്‍ ചേട്ടണ്‍ ഓടിയപോലെ ഞാന്‍ മൂത്ത്‌ ഓടിയേനേ. എന്തായാലും തുടരാന്‍ തീരുമാനിച്ച്‌. മെഡിക്കല്‍ പുലികള്‍ (പേരു പറയുന്നല്ല വേണേല്‍ കല്ലെടുത്തെറിഞ്ഞ്‌ ആള്‍ക്കാരെ കാട്ടിത്തരാം ബ്ലോഗിലുണ്ടെന്ന ധൈര്യത്തില്‍ തുടങ്ങീ അബദ്ധം വാ സുബദ്ധം വാ

2:54 AM  
Blogger സ്നേഹിതന്‍ said...

ദേവരാഗം: ചെറിയ ജലദോഷത്തിനുപ്പോലും, വളരെയധികം പാര്‍ശ്വഫലങ്ങളുള്ള അലോപ്പതിയെ ആശ്രയിയ്ക്കുന്ന ഈ കാലഘട്ടത്തില്‍ നാട്ടറിവുകളുടെ പ്രസക്തിയെപ്പറ്റി പ്രത്യേകം പറയേണ്ടതില്ലല്ലൊ. അപൂര്‍വങ്ങളായ പല സസ്യങ്ങളും, ജീവികളും കാലത്തിന്റെ കുത്തൊഴുക്കില്‍ അപ്രത്ത്യക്ഷമാകുന്നതുപ്പോലെ നാട്ടറിവുകള്‍ പലതും കാലക്രമേണ വിസ്മരിയ്ക്കപ്പെടാം. 'എഴുത്ത്' അപൂര്‍വ്വവും, ചിലര്‍ക്ക് മാത്രമായ് വിധിയ്ക്കപ്പെട്ടിരുന്നതുമായ
ഒരു കാലഘട്ടത്തില്‍ വാമൊഴികള്‍ക്ക് പ്രസക്തി വളരെയധികമായിരുന്നു. ചിലതെല്ലാം താളിയോലകളിലേയ്ക്ക് പകര്‍ത്തപ്പെട്ടുവെങ്കിലും എത്രപ്പേര്‍ക്ക് ഇപ്പോഴും അത് പ്രാപ്യമാണ് ? നമ്മളെല്ലാം സംവദിയ്ക്കുവാനുപയോഗിയ്ക്കുന്ന ഈ ഭൂലോക ചിലന്തിവലത്തന്നെയല്ലെ ഈ അറിവുകളും പകര്‍ന്നു കൊടുക്കാന്‍ പറ്റിയ മാധ്യമം എന്നെനിയ്ക്ക് തോന്നി. നാട്ടറിവുകളെപ്പറ്റിയുള്ള എന്റെ അറിവ് വളരെ വളരെ പരിമിതമായതുകൊണ്ടും, അറിവുള്ളവര്‍ ബൂലോക എഴുത്ത്കാരിലും, വായനക്കാരിലും തീര്‍ച്ചയായും ഉണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ടുമാണ് കഴിവുള്ളവര്‍ പകര്‍ന്നുക്കൊടുക്കട്ടെയെന്ന് ഞാന്‍ ഒരു എളിയ അപേക്ഷ മുന്നോട്ടുവച്ചത്. ദേവരാഗത്തിന്റെ ഈ സംരംഭം തികച്ചും ശ്ലാഘനീയവും മറ്റുള്ളവര്‍ക്ക് പ്രചോദനമേകുന്നതുമാണ്.

12:48 PM  
Blogger രാവണന്‍ said...

സ്നേഹിതാ,

കുഴച്ചക്ക is just wonderfull.

മനസ്സില്‍ സന്തോഷം തലതല്ലുമ്പോള്‍ ചടുലമായി സംസാരിക്കാന്‍ നല്ല ഭാഷ ഇംഗ്ലീഷാണെന്നു പണ്ടെങ്ങോ നരേന്ദ്രപ്രസാദ്‌ പറഞ്ഞതോര്‍മയില്ലേ.... അതിനാല്‍ ഇംഗ്ലീഷില്‍ പറഞ്ഞെന്നേയുള്ളൂ....

3:39 AM  

Post a Comment

<< Home