Tuesday, March 28, 2006

സ്വാഗതം!

സ്വാഗതം!
അതായിരുന്നു എനിയ്ക് പറയുവാനുണ്ടായിരുന്നത്.

പണ്ട് പണ്ടൊരു തിരുമനസ്സ് ഒരു ഗ്രാമത്തിലൂടെ പല്ലക്കിലെഴുന്നെള്ളുമ്പോള്‍ എതിരെ വന്ന മറകുട ചൂടിയൊരു നമ്രമുഖി ദര്‍ശനം നല്‍കുകയും, ദര്‍ശനമാത്രയില്‍ തമ്പുരാന്‍ അനുരാഗവിവശനാകുകയും, കൊട്ടാരത്തിലെത്തിയശേഷം ചിന്താവിഷ്ഠനാവുകയും, പള്ളിയുറക്കത്തിന് ഭംഗം വന്നപ്പോള്‍ 'കുട കണ്ട കരയെവിടെ' എന്ന് അന്വേക്ഷിയ്ക്കാന്‍ ആജ്ഞാപിയ്ക്കുകയും, തത്ഫലമായ് ആ ഗ്രാമത്തിന് 'കുടകണ്ടകര' എന്ന് നാമകരണം നടക്കുകയും, കാലമേറെ ചെന്നപ്പോള്‍ ആ നാമം ലോപിയ്ക്കുകയും ചെയ്തത്രെ. ആ ഗ്രാമത്തില്‍ കര്‍ത്താവിന്റെ മണവാട്ടികള്‍ നടത്തുന്ന പാഠശാലയില്‍ അഞ്ചാം ക്ലാസ്സില്‍ പഠിയ്ക്കുമ്പോഴാണ് എനിയ്ക്കു് സ്വാഗതപ്രസംഗം എഴുതി പ്രസംഗിയ്ക്കാനുള്ള സുവര്‍ണ്ണാവസരം കിട്ടിയത്.

ഒന്നാമത്തെ ബഞ്ചില്‍ ഒന്നാമനായി കുടികിടപ്പുള്ളതുകൊണ്ടാണോ എന്നറിയില്ല, 'സിസ്റ്റര്‍ സില്‍വര്‍ ലൈന്‍' സ്കൂള്‍ വാര്‍ഷികത്തിന് സ്വാഗതപ്രസംഗം എഴുതി പ്രസംഗിയ്ക്കുന്ന കൃത്യം ഓഫീസ്സില്‍ വെച്ച് എന്നെ ഏല്പിച്ചു. ഒരാഴ്ചത്തെ സമയം മാത്രമെയുള്ളു പ്രസംഗം എഴുതി, സിസ്റ്റര്‍ക്ക് കൊടുത്ത്, സിസ്റ്റര്‍ തിരുത്തി തന്നത് ഞാന്‍ വീണ്ടും തിരുത്തി, എന്റെ മനസ്സില്‍ തിരുകുവാന്‍.

ജീവിതത്തിലാദ്യമായ് നിറഞ്ഞ സദസ്സിനുമുന്നില്‍ കാല്‍മുട്ടടിയ്ക്കാന്‍ കിട്ടിയ അവസരമായതുകൊണ്ട് വളരെ ശ്രദ്ധാപൂര്‍വം ഒരു IAS ട്രെയിനിയെപ്പോലെയാണ് ഞാന്‍ എഴുതി തുടങ്ങിയത്. ആദ്യമായ് ഒരു ഡ്രാഫ്റ്റ് കോപ്പി എഴുതാന്‍ തീരുമാനിച്ചു. ആദ്യത്തെ വാചകം എഴുതി തുടങ്ങി. 'ബഹുമാന്യനായ...'. ഇത്രയുമായപ്പോഴേയ്ക്കും ഒരു സംശയം ഉടലെടുത്തു. 'ബഹുമാന്യ' എന്നുച്ചരിച്ചതിനുശേക്ഷം ദീര്‍ഘശ്വാസം എടുക്കേണ്ടിവരുകയും തുടര്‍ന്ന് പ്രസംഗിയ്ക്കേണ്ടി വരുകയും ചെയ്യുകയാണെങ്കില്‍?
രണ്ടു കാലില്‍ നടക്കുന്നവരെ അങ്ങിനെ അഭിസംബോധന ചെയ്യുന്നത് ശരിയല്ല എന്ന് തോന്നുകയും, പക്ഷെ ആദ്യമായെഴുതിയ വാക്കായതുകൊണ്ട് അതിനെ ഉപേക്ഷിയ്ക്കാന്‍ മടി തോന്നുകയും ചെയ്കയാല്‍ ഇക്കാര്യം പിന്നെ തീരുമാനിയ്ക്കാം എന്നുള്ള ചിന്തയില്‍ അവിടെ "അതു വേണോ?" എന്ന് എഴുതി ചേര്‍ക്കുകയും ചെയ്തു. സ്റ്റണ്ട് രംഗങ്ങളില്‍ നായകനു പകരം ഡ്യൂപ്പിടുന്നതു പോലെ, മറ്റൊരു വാക്കെഴുതി തുടങ്ങി 'ബഹുമാനപ്പെട്ട...'. വാടി തുടങ്ങിയ ഒരു സൂര്യകാന്തി പൂ ഉടനെ മനസ്സില്‍ തെളിയുകയും, "ഇതും വേണൊ?" എന്ന് അവിടെ എഴുതി ചേര്‍ക്കുകയും ചെയ്തു. ഇത്രയുമായപ്പോഴേയ്ക്കും എഴുത്ത് അത്ര സുഖമുള്ള ജോലിയല്ലെന്ന് ബോദ്ധ്യം വരികയും, ബാക്കിയുള്ളതെല്ലാം പിന്നെ ഒരിയ്ക്കലേയ്ക്കായി മാറ്റി വയ്ക്കുകയും ചെയ്തു.

മഴക്കാലം തുടങ്ങുന്നതിന്ന് മുമ്പ്, പഞ്ചായത്ത് റോഡ് തിരക്കിട്ട് ടാറിംഗ് ചെയ്യുന്നതുപോലെ, എന്തൊക്കെയൊ ഒരുവിധം എഴുതി നിധികുംബം പോലെ സിസ്റ്ററെ ഏല്പിച്ചു. കാര്യമായ മാറ്റങ്ങളോടെ തിരികെ കിട്ടിയ ഫൈനല്‍ കോപ്പി അതിലുള്ളതും അപ്പുറവും ഇരുന്നും, കിടന്നും, നടന്നും, ഓടിയും മനഃപ്പാഠമാക്കി. ജീവനുള്ളതുപോലെ വേണം പ്രസംഗിയ്കാന്‍. അതു കേള്‍ക്കുന്നവര്‍ കോരിത്തരിയ്കണം. ആ കോരിത്തരിപ്പ് വിറയലായ് എനിയ്ക്ക് അനുഭവപ്പെട്ടു.

അങ്ങിനെ സുപ്രധാന ദിനം വന്നു ചേര്‍ന്നു. 'സോഫ്റ്റ്വെയര്‍' കമ്പനിയുടെ പുതിയ ഉല്പന്നത്തിന്റെ അവതരണത്തിനിടയ്ക്ക് പ്രദര്‍ശന കംപ്യൂട്ടറിന് താളപ്പിഴകള്‍ വന്നാല്‍ ബദല്‍ കംപ്യൂട്ടറിലേയ്ക്ക് എടുത്ത് ചാടി അവതരണം അഭംഗുരം തുടരുന്നതുപോലെ, മനഃപ്പാഠമാക്കിയതെന്തെങ്കിലും മറന്നാല്‍ ഉപയോഗത്തിന്, സിസ്റ്റര്‍ തന്ന കോപ്പിയും, അത് കൈമോശം വന്നാല്‍ സ്വന്തം ഡ്രാഫ്റ്റും ഞാന്‍ കയ്യില്‍ കരുതിയിരുന്നു.

ഞാനറിഞ്ഞില്ലെങ്കിലും അണിയറയില്‍ ഇതേ സമയം കാര്യമായ സംഭവങ്ങള്‍ നടന്നിരുന്നു. സ്വാഗതമോതാന്‍ ആകാംഷഭരിതനായ് നില്ക്കുന്ന എന്റെ മുന്‍പിലേയ്ക്ക് ഒരു വെള്ളിടിയായ് സിസ്റ്റര്‍ സില്‍വര്‍ ലൈന്‍ പ്രത്യക്ഷപ്പെട്ടു. എന്നോട് പതുക്കെപ്പറഞ്ഞു: "സ്വാഗതപ്രസംഗം പറയുന്നത് അനിലാണ്. ഞാന്‍ തന്ന പേപ്പര്‍ അവന് കൊടുക്കണം. അവന്‍ നോക്കി വായിച്ചുകൊള്ളും." പിന്നീടാണ് ഞാന്‍ അറിഞ്ഞതെങ്കിലും, അണിയറയിലെ കാര്യങ്ങള്‍ അവസാന നിമിഷത്തില്‍ ഒരു വഴിതിരിവില്‍ എത്തി വളഞ്ഞു പോയിരുന്നു.

സ്ഥലത്തെ പ്രധാന പയ്യന്‍സ് സ്ക്കൂള്‍ വാര്‍ഷികത്തിനോടൊപ്പമുള്ള സമ്മാന ദാനത്തിനായ് കാര്യമായ സംഭാവന നല്‍കിയിരുന്നു. പയ്യന്‍സിനെ പ്രസാദിപ്പിയ്കാന്‍, പയ്യന്‍സ്സിന്റെ പയ്യനായ അനിലിന് വേദിയില്‍ തിളങ്ങാന്‍ അവസരം നല്‍കുകയായിരുന്നു അവസാനനിമിഷത്തില്‍. സ്റ്റേഡിയത്തിലേയ്ക് പോകാനിരുന്ന ഓപ്പണിംഗ് ബാറ്റ്സ്മാനോട് "പോയി ഗ്യാലറിയിലിരുന്ന് കളി കാണെടാ മോനെ..." എന്ന് പറയുന്നതുപ്പോലെ എനിയ്ക്ക് തോന്നി.

ദത്തെടുക്കലിന്റെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കുഞ്ഞിനെ കൈമാറുന്ന അമ്മയുടെ ഹൃദയവേദനയോടെ ഞാന്‍ പേപ്പറുകളെല്ലാം അനിലിന് കൈമാറുകയും, ആനന്ദഭരിതന്‍ അനില്‍ കടലാസ്സുകള്‍ മുഴുവന്‍ കയ്യടക്കി പുഞ്ചിരി പൊഴിയ്ക്കുകയും ചെയ്തു.

ജീവിതത്തില്‍ ഏറിയ പങ്കും ചുമടെടുത്ത തൊഴിലാളിയെപ്പോലെ ഞാന്‍ സ്കൂള്‍ ഗ്രൗണ്ടിന്റെ ഒരു മൂലയില്‍ ഒതുങ്ങി നിന്നു. "ആദ്യമായ് സ്വാഗതം" എന്ന് മൈക്കിലൂടെ കേട്ടപ്പോള്‍ ഞാന്‍ ചുറ്റും നോക്കി. എന്റെ ക്ലാസ്സിലെ മൂന്ന്പേര്‍ കുറച്ചകലെയായ് സേമിയാ ഐസ്ക്രീം ആരവത്തോടെ ആസ്വദിയ്ക്കുന്നു. ഞാനവിടേയ്ക്ക് ചെന്നു. അനില്‍ സ്റ്റേജിലേയ്ക് വന്നപ്പോള്‍ "ഞാനാ സ്വാഗതപ്രസംഗം എഴുതിയെ" എന്ന് മൂവരോടും അഭിമാനപ്പൂര്‍വം പറഞ്ഞു. അവരുടെ ചെറുതായ്പ്പോകുന്ന കണ്ണുകളിലേയ്ക് നോക്കി ഞാന്‍ വിണ്ടും പറഞ്ഞു "അതേഷ്ടാ, ഞാന്‍ തന്ന്യാ".

കുഴലപ്പം പോലെ ചുരുട്ടികൊണ്ടുവന്ന കടലാസ്സുകള്‍ വലിച്ചു നിവര്‍ത്തി ആര്‍ത്തിയോടെ അനില്‍ വായിച്ചു തുടങ്ങി. "ബഹുമാന്യ നായ...അതു വേണോ?... ബഹുമാന പെട്ട... ഇതും വേണൊ?...".

ഇത്രയും ആയപ്പോഴേയ്ക്കും വിശിഷ്ഠാതിഥികള്‍ പരസ്പരം നോക്കുന്നതും, എവിടെ നിന്നോ പറന്നിറങ്ങിയ പരുന്തിനേപ്പോലെ സിസ്റ്റര്‍ അനിലിനെ റാഞ്ചിമറയുന്നതും, എന്തിനും ഏതിനും ആഹ്ലാദിയ്ക്കുന്ന മുന്‍നിരയിലെ തറടിക്കറ്റിലിരിയ്ക്കുന്ന ഒന്നും രണ്ടും ക്ലാസ്സിലെ കുട്ടികള്‍ നിര്‍ത്താതെ കയ്യടിയ്ക്കുന്നതും, 'ഹെഡ്മിസ്ട്രസ്സ് ഹല്ലേലൂയ' സര്‍വര്‍ക്കും സമാധാനവുമായ് സ്റ്റേജിലേയ്ക് വരുന്നതും, കയ്യടി പവര്‍ കട്ടായതുപോലെ പെട്ടെന്ന് നിന്നതും എല്ലാം ഒരു മിന്നായം പോലെ എന്റെ മുന്‍പില്‍ മിന്നിമറഞ്ഞു.

'ഇതായിരുന്നൊ നിന്റെ സ്വാഗതപ്രസംഗം' എന്ന മട്ടില്‍ കൂട്ടുകാര്‍ മൂവരും എന്നെ തിരിഞ്ഞ് നോക്കിയപ്പോള്‍ ഞാന്‍ എവിടെയായിരുന്നെന്ന് സത്യത്തില്‍ എനിയ്ക്ക് പോലും അറിയില്ലായിരുന്നു.

Labels:

28 Comments:

Blogger ഉമേഷ്::Umesh said...

സ്വാഗതം സ്നേഹിതാ!

തുടക്കം കണ്ടിട്ടു കസറുന്ന ലക്ഷണമുണ്ടല്ലോ!

- ഉമേഷ്

5:09 PM  
Blogger Unknown said...

സ്നേഹിതനും സ്വാഗതം!

അവിടവിടെ ചിരിയുടെ നേര്‍ത്ത പൊടിപ്പുകളുണ്ട്. കസറുന്ന ലക്ഷണം തന്നെ കേട്ടാ..
കുടകണ്ടകര=കുടകര=കൊടകര?

7:44 PM  
Blogger ദേവന്‍ said...

സ്വാഗതം സ്നേഹിതാ. കുടമാറ്റം വര്‍ണ്ണോജ്ജ്വലമാവുന്നുണ്ട്‌.

9:03 PM  
Blogger രാജ് said...

ഹാഹാ ഇതുഗ്രന്‍, തുടക്കം തന്നെ വെടിക്കെട്ടായിണ്ട്‌ഷ്ടാ!

9:27 PM  
Blogger bodhappayi said...

സ്നേഹിതാ എഴുത്തു അപാരം. കൊടകരേടെ അഭിമാനം വിശാലേട്ടന്‍ എവിടെ...:)

10:03 PM  
Blogger ഉമേഷ്::Umesh said...

ഈ കൊടകരയില്‍ നിറച്ചു പുലിയാണല്ലോ...

5:49 AM  
Blogger ശനിയന്‍ \OvO/ Shaniyan said...

ഇതേതാണ്ട് തൃശ്ശൂര്‍ പൂരത്തിന്റെ സാമ്പിള്‍ മട്ടാണല്ലൊ മാഷെ?
എന്തായാലും പോരട്ടെ!

6:17 AM  
Blogger ശനിയന്‍ \OvO/ Shaniyan said...

മാഷെ,
പിന്മൊഴിഗൂഗിളത്തേക്ക് ചേര്‍ത്താല്‍ നന്നായിരുന്നു.. അതിന്‍ കമന്റ്സ് നോട്ടിഫിക്കേഷന്‍ pinmozhikal(at)gmail(dot)com ആക്കൂ.. പിന്നെ ഗ്രൂപ്പില്‍ ചേരൂ..

6:33 AM  
Blogger സു | Su said...

സ്വാഗതം :) എനിയ്ക്കും പറയാനുള്ളത് അതു തന്നെ.

6:33 AM  
Blogger viswaprabha വിശ്വപ്രഭ said...

ഒരുവിധം ആശാന്മാരൊക്കെ വന്ന് നെരന്നുകഴിഞ്ഞൂ, വെടിക്കെട്ടും കഴിഞ്ഞൂന്ന് കരു‍തുമ്പോ,..

ദേ, വന്നൂലോ!


...ച്ചാല്‍, കേമന്മാര്ടെ എഴുന്നള്ളിപ്പൊക്കെ കണ്ടു കഴിഞ്ഞു കാശിക്കു പോവാന്‍ പറ്റലുണ്ടാവില്യാന്നെന്നെ!

ച്ചാ‍ലും ക്ഷ്യാവ്ണ്ട്്ന്നെന്നെ കൂട്ടിക്കോള്‌ാ‍ാ..

7:46 AM  
Blogger Visala Manaskan said...

സ്വാഗതം പ്രിയ സുഹൃത്തേ...

ബ്ലോഗുപുലികളേ.., ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന വെളുത്ത കൈകള്‍ എന്റെയല്ല!

ഇദ്ദേഹം, ഊഹം ശരിയാണെങ്കില്‍.... അല്ലെങ്കി വേണ്ട ആരാവാനാണ് ചാന്‍സെന്നൊന്നും ഞാന്‍ പറയുന്നില്ല.

പക്ഷെ ഒരു കാര്യം പറയാതെ വയ്യ. അല്ലെങ്കില്‍ രണ്ട് കാര്യങ്ങള്‍ തന്നെ പറയാം.

ഒന്ന്. കലക്കന്‍ പോസ്റ്റ്.

രണ്ട്. ഇത് ഇന്നാണ് ഞാന്‍ വായിക്കുന്നത്. പക്ഷെ, ഞാനിന്നെഴുതാന്‍ വിചാരിച്ചിരുന്ന ഡോണ്‍ബോസ്കോയെക്കുറിച്ച് തന്നെ എങ്ങിനെ ഇദ്ദേഹം എഴുതി? അതിനെയാണല്ലേ മനപ്പൊരുത്തം എന്ന് പറയുന്നത്!

7:28 PM  
Blogger അരവിന്ദ് :: aravind said...

ടീച്ചര്‍ “ബഹുമാന്യനായ ശ്രീ ---- അവര്‍കളേ” എന്നെഴുതിത്തന്നത്, ഒരു ദുര്‍ബ്ബലനിമിഷത്തില്‍
“ബഹുമാന്യ നായ ശ്രീ ---- അവര്‍കളേ” എന്നു വായിച്ചു പോയ ഒരു പാവം പ്രാസംഗികന്റെ സ്വാഗതം.

9:59 PM  
Blogger സ്നേഹിതന്‍ said...

ഉമേഷ് :) നന്ദി... പരിചയപ്പെടുത്തലിനും, കമന്റിനും. എന്റേതൊരു പരീക്ഷണം മാത്രം.
യാത്രാമൊഴി :) ഒരു മിന്നാമിനുങ്ങിന്റെ...
വടകര? കൊട്ടാരക്കര? കൊടകര?
ദേവരാഗം :) നിറം പോരെന്നാ എനിയ്ക്...
പെരിങ്ങോടന്‍ :) നനഞ്ഞ കടലാസ്സു പടക്കം പോലെ.
കുട്ടപ്പായി :) ലിങ്കിനു നന്ദി. വിശാലമനസ്കന്‍ വളരെ വളരെ നന്നായി എഴുതിയിരിയ്കുന്നു.
ഉമേഷ് :) യെവന്‍ പുലിയല്ല. പള്ളീലച്ചന്റെ ഭാഷയില്‍ കുഞ്ഞാടാണേയ്...
ശനിയന്‍ :) സാമ്പിള്‍ വെടിക്കെട്ടിന് മുമ്പോ പിമ്പോ കത്തിയ്കുന്ന പൂത്തിരി പോലെ.
പിന്മൊഴിയെപ്പറ്റിയുള്ള വിവരത്തിന് നന്ദി. ചേര്‍ക്കാം.
സു :) സുസ്വാഗതം!
വിശ്വപ്രഭ :) ന്നാലും... ഒരു വാശിയ്ക് കാശിയ്ക് പോയാലാകീശേലെകാശെല്ലാം... കാണിയ്കയിടാംല്ലെ!
വിശാലമനസ്കന്‍ :) വിശാലന്റെ പോസ്റ്റു് വായിച്ചു രസിച്ചു. വിശാലന്റെ വരികളെ വര്‍ണിയ്കാനൊരൊറ്റ വാക്ക് വാടകയ്കെടുക്കട്ടെ...വിസ്മയം!!!
ഡോണ്‍ബോസ്കോയെ കാത്തിരിയ്ക്കുന്നു...
അരവിന്ദ് :) മൊത്തം ചില്ലറ കണ്ടു.. ബഹുകേമം!

11:16 PM  
Blogger Santhosh said...

ബഹുവര്‍ണ്ണക്കുടക്കാരന്‍ സ്നേഹിതാ, സ്വാഗതം!

സസ്നേഹം,
സന്തോഷ്

11:53 AM  
Blogger nalan::നളന്‍ said...

സ്നേഹിതാ,
അരങ്ങത്തെത്തിയില്ലെങ്കിലും ഇവിടെ അരങ്ങുതകര്‍ത്തൂട്ടോ..
വന്നു വന്ന് കാണുന്നവരെല്ലാം കൊടകരക്കാരാണല്ലോ. ഇന്നലേം കണ്ടു ഒരു കൊടകര കൂട്ടരെ. വിശാലന്റെ പല കഥാപാത്രങ്ങളേയും വെരിഫൈ ചിയ്തു !! ങാ

11:59 AM  
Blogger Manjithkaini said...

ബഹുമാന്യ ..ഇതു വേണോ, ബഹുമാനപ്പെട്ട അത്രയ്ക്കങ്ങട് പെടാറായോ...
പ്രിയ (കൊള്ളാല്ലോ) സ്നേഹിതാ,

സ്വാഗതം. ഒരു കരയില്‍ നെറയെ പുലികളാണെന്നു മനസിലായി. കൊടകരവഴിയടിക്കുന്ന കാറ്റ് ഇങ്ങോട്ടും ഒന്നു വീശിയിരുന്നെങ്കില്‍ വല്ലപ്പോഴും ഒന്നു രണ്ടു തമാശ എഴുതാമായിരുന്നു. സ്നേഹിതാ, തുടക്കം കസറി.

പ്രാസംഗികന്‍ എന്നതു തെറ്റായ പ്രയോഗമാണോന്നൊരു സംശയം. അനവസരത്തില്‍ കയറി വരുന്നവന്‍ എന്നോ മറ്റോ ആണ് ആ വാക്കിനര്‍ത്ഥം എന്നാണു കേട്ടറിവ്. പ്രസംഗകന്‍ എന്നോ പ്രഭാഷകന്‍ എന്നോ ഉപയോഗിക്കുകയാവും നല്ലത്. ഇതൊക്കെ ആധികാരികമായി പറയാന്‍ ഇവിടെ വേറേ പുലികളൊരുപാടുണ്ട് കേട്ടാ. ഒരു കേട്ടറിവു പങ്കുവച്ചു എന്നു മാത്രം. അപ്പോ ഇനി പോരട്ടെ.

6:35 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

സ്വാഗതം.

തുടക്കം ഗംഭീരം. തുടര്‍ച്ചയ്ക്കായി കാത്തിരിക്കുന്നു.

8:24 PM  
Blogger ഇളംതെന്നല്‍.... said...

സ്വാഗതം.....സ്വാഗതം.....

8:40 PM  
Blogger Visala Manaskan said...

‘എന്തിനും ഏതിനും ആഹ്ലാദിയ്കുന്ന മുന്‍നിരയിലെ തറടിക്കറ്റിലിരിയ്കുന്ന ഒന്നും രണ്ടും ക്ലാസ്സിലെ കുട്ടികള്‍ നിര്‍ത്താതെ കയ്യടിയ്കുന്നതും..’

വായിച്ച് ഒരുപാട് ചിരിച്ചുമാഷെ...

ഉവ്വ, ഉവ്വ, മഞ്ജിത്തേ.., എന്തായാലും ഒരു വീട്ടില്‍ രണ്ടുപുലികള്‍ അത് ഞങ്ങളുടെ ഹന്ന കുഞ്ഞാവയുടെ വീട്ടില്‍ മാത്രമേയുള്ളൂ..!

8:55 PM  
Blogger അഭയാര്‍ത്ഥി said...

This comment has been removed by a blog administrator.

1:49 AM  
Blogger അഭയാര്‍ത്ഥി said...

കുടയോളം ഭൂമി കുടത്തൊളം കുളിരു.. ഈ പാട്ടിന്റെ അറ്‍ത്വം ഇപ്പൊള്‍ പിടിക്കിട്ടി

1:53 AM  
Blogger അഭയാര്‍ത്ഥി said...

spelling mistakes regretted in my comments on കുടക്കീഴില്‍

2:01 AM  
Blogger Kalesh Kumar said...

ബൂലോഗപുലികളെല്ലാരും വന്ന് സ്വാഗതം ഓതി!
ഈയുള്ളവന്റെ എളിയ സ്വാഗതം കൂടെ സ്വീകരിക്കൂ! :)

അടുത്ത വെടിക്കെട്ടിനായി കാത്തിരിക്കുന്നു!
കൊടകരക്കാരെല്ലാരും എന്താ‍യാലും സെന്‍സ് ഓഫ് ഹ്യൂമര്‍ ഉള്ളവരാന്ന് മനസ്സിലായി!

3:21 AM  
Blogger ഉമേഷ്::Umesh said...

മഞ്ജിത്തു പറഞ്ഞതു ശരി. പ്രാസംഗികന്‍ എന്നു വെച്ചാല്‍ പറഞ്ഞകൂട്ടത്തില്‍ പരാമര്‍ശിക്കപ്പെട്ടവന്‍ എന്നര്‍ത്ഥം. പ്രസംഗകനും പ്രഭാഷകനും ശരി. പക്ഷേ ഈ തെറ്റു് “ഹാര്‍ദ്ദവം” പോലെ പ്രചാരമേറിപ്പോയി. സിബുവും രാജേഷും acceptance theory ഉപയോഗിച്ചു ശരിയാണെന്നു വാദിക്കുമെന്നതില്‍ സംശയമില്ല.

6:53 AM  
Blogger Kuttyedathi said...

മറ്റൊരു കൊടകരക്കാരന്റെ പോസ്റ്റെല്ലാമൊന്നു കേറി വായിച്ചോളൂട്ടോ. ആര്‍ക്കറിയാം, അതെലേതിലെയെങ്കിലും കഥാപാത്രം നമ്മുടെ സ്നേഹിതനാണോന്ന് ?

ഹായ്‌ ഹായ്‌..ഒരടി കണ്ടിട്ടൊരുപാടു കാലമായി.

സുസ്വാഗതം!

7:49 AM  
Blogger സ്നേഹിതന്‍ said...

സന്തോഷ് :) സന്തോഷം...
നളന്‍ :) ഇതിനര്‍ത്ഥം ഈയുള്ളവന്റെയും കഥാപാത്രങ്ങളെ ഭൂതകണ്ണാടിയില്‍ക്കൂടി നോക്കുമെന്നല്ലെ? പാവം ഞാന്‍...
മന്ജിത്ത്, ഉമേഷ് :) "പ്രാസംഗികന്‍" എന്ന പദത്തിനെപ്പറ്റി എനിയ്ക്കും സംശയമുണ്ടായിരുന്നു. സംശയനിവാരണത്തിനായി ശബ്ദതാരാവലി (പത്താം എഡീഷന്‍ , പേജ്: 1309) നോക്കിയപ്പോള്‍ കിട്ടിയ അര്‍ത്ഥം "പ്രസംഗകര്‍ത്താവു്" എന്നാണ്. "പ്രസംഗകന്‍" കണ്ടില്ല. "പ്രസംഗി" കണ്ടു. സൂചിപ്പിച്ചതിന് നന്ദി...
സാക്ഷി :) തീര്‍ച്ചയായും...
ഇളം തെന്നല്‍ :) നന്ദി... നന്ദി...
വിശാലന്‍ :) വിശാലനെ ചിരിപ്പിച്ചെന്നോ ? അത്രയ്കുണ്ടോ ആശാനെ ? :) :) :)
ഗന്ധര്‍വന്‍ :) എനിയ്ക്ക് ഇപ്പോഴും പിടികിട്ടിയിട്ടില്ല...
കലേഷ് :) നന്ദി... വീണ്ടും കാണാം... കാണണം...
കുട്ട്യേടത്തി :) കുടുംബം കുളമാക്കി കലക്കല്ലെ കുട്ട്യേടത്തി... :) :) :)

9:15 PM  
Blogger nalan::നളന്‍ said...

സ്നേഹിതാ..
എന്റെ കൈയ്യില്‍ ഭൂതക്കണ്ണാടിയൊന്നുമില്ല, കോടകരക്കാരെ കണ്ടാല്‍ ഇതൊക്കെ സംസാരിച്ചുപോകും, അത്രയക്കു തലയ്ക്കു പിടിച്ചിട്ടുണ്ട്.
..ഞാനൊരു പാവം കൊടകര ഫാന്‍ ആണേ..

9:57 AM  
Blogger ഉമേഷ്::Umesh said...

സ്നേഹിതാ,

താങ്കള്‍ നോക്കിയ “ശബ്ദതാരാവലി”യില്‍ പ്രസംഗകര്‍ത്താവു് എന്നതിനു ശേഷം ബ്രായ്ക്കറ്റില്‍ എന്തെങ്കിലും കൊടുത്തിട്ടുണ്ടോ? മിക്കവാറും (അ. പാ.) എന്നുണ്ടാവും. “അപപാഠം” അഥവാ തെറ്റായ പാഠം എന്നര്‍ത്ഥം.

ശബ്ദതാരാവലി മുതലായ നിഘണ്ടുക്കള്‍ തെറ്റായ രൂപങ്ങളും കൊടുത്തു തെറ്റു ചൂണ്ടിക്കാണിക്കാറുണ്ടു്. സ്വതവേ, വിശിഷ്യാ, ക്ഷണനം, ഹാര്‍ദ്ദവം തുടങ്ങി.

9:37 PM  

Post a Comment

<< Home