Wednesday, April 05, 2006

കൂപമണ്ഡൂകം

വര്‍ഷം തോറും മൂന്ന് പൂവ് കൃഷി ചെയ്തിരുന്ന കൊടകര പാടത്ത് വേനലില്‍ മഴയ്കായും, മണ്‍സൂണില്‍ സമ്മറിനായും, വല്ലപ്പോഴും ലക്ഷണമൊത്തൊരിണയ്കായും, തുണയ്കായും തവളകള്‍ കൂട്ടപ്രാര്‍ത്ഥന നടത്തിയിരുന്ന കാലമുണ്ടായിരുന്നു. കാലം മാറി, പിന്നെ പ്രാര്‍ത്ഥന, കാലന്മാരായി വരുന്ന തവളപ്പിടുത്തക്കാരുടെ കരാള ഹസ്തങ്ങളില്‍ നിന്നും തങ്ങളെ "കാപ്പാക്കണെ കടവുളെ" എന്നും, തങ്ങളുടെ കുലം അന്ന്യം നിന്നു പോകല്ലേ എന്നുമായി; ഫ്രീ വിസയില്‍ വിദേശത്തേയ്ക് പോകാന്‍ താല്പര്യമുള്ള ചിലര്‍ക്ക് ഇതില്‍ എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും!

അങ്ങിനെയുള്ളൊരു തവളരാത്രിയില്‍ ശുദ്ധഹൃദയനും, കടുംബസ്നേഹിയുമായ മത്തായിച്ചേട്ടന്‍ ഒരു ടെംപര്‍റി തവളപ്പിടുത്തക്കാരനാകാന്‍ തീരുമാനിച്ചു. ഒരു ഫൈവ് കോഴ്സ് ഡിന്നറിന് ഫ്രൈഡ് ഫ്രോഗ് ലെഗ്സ് നിര്‍ബന്ധമായിരുന്നതു കൊണ്ടൊന്നുമല്ല, കുഞ്ഞുകുട്ടികള്‍ക്ക് മുന്ന് നേരവും എന്തെങ്കിലും ഫീഡ് ചെയ്യുവാന്‍ ഒരു അഡീഷണല്‍ ഇന്‍കം എന്നേ ഇതിനെ കരുതിയുള്ളു. കുട്ടായിയുടെ തുന്നല്‍ക്കടയില്‍ കുട്ടിക്കുപ്പായത്തിന് ബട്ടന്‍സിടുന്ന ഗുട്ടന്‍സ്സല്ലാതെ വേറെ കുടുക്ക് വിദ്യകളൊന്നും മത്തായിച്ചേട്ടനറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ ലോകം വളരെ വളരെ നാരൊ ആയിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഒരു കൂപമണ്ഡൂകം...

കുറച്ച് ദിവസം മുമ്പ് രണ്ട് തവളപ്പിടുത്തക്കാരുടെ സംഭാഷണം റോഡരുകില്‍ വെച്ച് ഡിഫറന്റ് ഫ്രീക്വന്‍സിയില്‍ മത്തായിചേട്ടന്റെ വോയ്സ് റെക്കോര്‍ഡറില്‍ കടന്നുകൂടിയതാണ് ഈ എളിയ സംരംഭത്തിന് പ്രചോദനം. റീ പ്ലെ ചെയ്തതില്‍ നിന്നും പള്ളിയ്കടുത്തുള്ള പൂട്ടിക്കിടക്കുന്ന കടയുടെ മമ്പില്‍ പുലര്‍ച്ച 5 മണിയ്കു മുമ്പായി തവളകളെ കൊണ്ടുവന്നാലെ മൊത്തക്കച്ചവടക്കാര്‍ അവയെ വാങ്ങുകയുള്ളുവെന്ന് മത്തായിച്ചേട്ടന് വ്യക്തമായിരുന്നു.

എന്നാല്‍ തവളപ്പിടുത്തം പരിചയമില്ലാത്തതുകൊണ്ടും തവളക്കാലിതുവരെ ടേയ്സ്റ്റ് ചെയ്യാത്തതു കൊണ്ടും മാക്രിയെപ്പറ്റിയ്ക്കുന്ന ഈ പണിയെപ്പറ്റി കൂടുതലറിഞ്ഞാല്‍ കൊള്ളാമെന്ന് പിന്നീട് തോന്നി. പക്ഷെ, ഒരു തവളപ്പിടുത്തക്കാരനാണെന്ന് നാലാളറിഞ്ഞാല്‍ അത് തന്റെ ഇപ്പോഴത്തെ പ്രൊഫഷനെ ബാധിയ്ക്കുമെന്നും, ഇമേജ് ഡിം ആകുമെന്നും തോന്നുകയാല്‍ മത്തായിച്ചേട്ടന്‍ ആരോടും ഒന്നും ചോദിച്ചുമില്ല, പറഞ്ഞുമില്ല; സ്വന്തം ഭാര്യയായ മറിയാമ്മച്ചേട്ടത്തിയോടു പോലും!

പക്ഷെ രാത്രിയില്‍ കുറെ കാലിച്ചാക്കും, മത്തായിചേട്ടന്റെ ആറാമത്തെ സന്തതിയുടെ വലിപ്പമ്മുള്ള ആറു സെല്ലിന്റെ ടോര്‍ച്ചുമെടുത്ത് സീമന്തപുത്രനേയും കൂട്ടി പുറപ്പെടാനൊരുങ്ങിയപ്പോള്‍ മറിയാമ്മച്ചേട്ടത്തിയുടെ മനസ്സില്‍ അടുത്തിടെ സമീപസ്ഥലങ്ങളില്‍ അപ്രത്യക്ഷമായ കോഴികള്‍, കായക്കുലകള്‍ തുടങ്ങിയവ തെളിഞ്ഞുവന്നു. അത് വ്യക്തമായി വായിച്ചറിഞ്ഞപ്പോലെ മത്തായിച്ചേട്ടന്‍ "നമ്മുടെ കുട്ടായീടെ വീട്ടിലേയ്ക്കൊരു സഹായത്തിന് വരാന്‍ പറഞ്ഞണ്ട്. കിട്ടിയാല്‍ രണ്ട് ചാക്ക് അറക്കപ്പൊടി കൊണ്ടരണം. കൊറച്ച് വൈകും." എന്ന് പതുക്കെപ്പറഞ്ഞു.

അധികം ഗ്യാസ് നിറച്ച സോഡാകുപ്പിപോലെ മനസ്സില്‍ തിങ്ങിനിറഞ്ഞ ആവേശവുമായ് മത്തായിച്ചേട്ടന്‍ ശുഭമുഹൂര്‍ത്തത്തില്‍ വേട്ടയ്ക്കിറങ്ങി.

നേരം പുലരുന്നതിന് മുമ്പ് കിട്ടാവുന്നിടത്തോളം തവളകളെയെല്ലാം
ജാതിമതവര്‍ഗ്ഗവര്‍ണ്ണപ്രായലിംഗഭേദമെന്യെ ചാക്കിനകത്താക്കിയ കാര്യത്തില്‍ മൂത്തമകന്റെ സേവനം പ്രശംസനീയമായിരുന്നു. അങ്ങിനെ രണ്ട് ചാക്ക് 'സോഫ്റ്റ് ഐപോടുകളുടെ' വിലാപയാത്രയോടെ തിരക്കിട്ട് പള്ളിയ്ക്കരികിലുള്ള പൂട്ടികിടക്കുന്ന കടയുടെ മുമ്പിലേയ്കു ചെന്നു. പെട്രോമാക്സും, ടോര്‍ച്ചുമായ് ക്യൂവില്‍ നില്ക്കുന്ന പ്രൊഫഷണല്‍ തവളപിടുത്തക്കാരുടെ പുറകെ രണ്ടുപേരും തങ്ങളുടെ ഊഴവും കാത്ത് നിന്നു. പരിചയമുള്ള ആരെയും ക്യൂവില്‍ ഐഡന്റിഫൈ ചെയ്യാഞ്ഞ് ആശ്വാസത്തോടെ മത്തായിച്ചേട്ടന്‍ നെടുവീര്‍പ്പിട്ടു. ക്യൂവില്‍ നിവര്‍ന്നുനിന്നും, വളഞ്ഞുനിന്നും, ഒടിഞ്ഞുനുറുങ്ങിയും കൂലങ്കഷമായി ചിന്തിച്ചപ്പോള്‍ പ്രതീക്ഷിയ്ക്കുന്നതിലുമധികം ലാഭമുണ്ടാവുകയാണെങ്കില്‍ സ്വന്തം പ്രൊഫഷന്‍ സ്വിച്ച് ചെയ്യുന്നതില്‍ തെറ്റില്ലെന്നു പോലും മത്തായിച്ചേട്ടന് തോന്നി.

തന്റെ ഊഴം വന്നപ്പോഴാണ് മത്തായിച്ചേട്ടന് കാര്യങ്ങളുടെ ക്ലീന്‍ പിക്ചര്‍ പിടിക്കിട്ടിയത്. അവരെല്ലാ തവളകളെയും വാങ്ങിയ്ക്കില്ലത്രെ! പസഫിക് മഹാസമുദ്രത്തില്‍ നിന്നും പിടിയ്ക്കുന്ന കൊഞ്ചുകളേയും ഞണ്ടുകളേയും അളവുകോലില്‍ വെച്ച് ചെറുതെന്ന് കണ്ടാല്‍ തിരികെ കടലിലെറിയുന്നപ്പോലെ, മൊത്തച്ചവടക്കാര്‍ മത്തായിച്ചേട്ടന്റെ തവളകളെ ഓരോന്നായ് നിഷ്ക്കരുണം റോഡിലെറിഞ്ഞു. അതില്‍ നല്ലൊരു പങ്കും ചൊറിതവളകളായിരുന്നു. ഒളിമ്പിക്സിനുള്ള ഇന്ത്യയുടെ ഫൈനല്‍ സെലക്ഷന്‍ ലിസ്റ്റിലേപ്പോലെ, രണ്ട് ചാക്ക് തവളകളില്‍ നിന്നും അളവുകോല്‍ ചാടിക്കടന്ന് വിജയശ്രീലാളിതരായത് നാലഞ്ചു മാക്രികള്‍ മാത്രം!

ഗ്യാസ് പോയ സോഡാകുപ്പിപോലെ മത്തായിച്ചേട്ടന്‍ കടയുടെ ഷട്ടറില്‍ ചാരിയിരുന്നു!

പരോളിലിറങ്ങി പുതിയ പാത തേടുന്ന പോക്കറ്റടിക്കാരെപ്പോലെ റോഡിലെറിയപ്പെട്ട തവളകള്‍ തലങ്ങും വിലങ്ങും ചാടിനീങ്ങി. മത്തായിച്ചേട്ടനെന്തേ ഇത്രയും വൈകുന്നതെന്നോര്‍ത്ത് വ്യസനിച്ച് പുലര്‍ച്ച 6 മണിയ്ക്കുള്ള കുര്‍ബ്ബാനയ്ക്ക് പള്ളിയിലേയ്ക്ക് തിരക്കിട്ട് വന്നിരുന്ന മറിയാമ്മച്ചേട്ടത്തിയും കൊച്ചുമകളും ഒന്നു നിന്നു; വഴി നിറയെ തവളകള്‍! തലേ ദിവസം പുലര്‍ച്ച പള്ളിയിലേയ്ക്ക് പോകുമ്പോള്‍, ഇരുളിന്റെ മറവില്‍, രണ്ട് പാമ്പുകള്‍ വഴിയില്‍ കുറുകേ പോകുന്നത് കണ്ട കാര്യം മറിയാമ്മച്ചേട്ടത്തിയ്ക്ക് ഓര്‍മ്മ വന്നു. ഇന്നിപ്പോള്‍ തവളകള്‍! മോശയുടെ കാലത്ത് ദൈവം വിവിധ 'ബാധ'കള്‍ അയച്ച് ഫറവോനെ ശിക്ഷിച്ചത് 'ടെന്‍ കമാന്റ് മെന്റ്സ്' ലെപ്പോലെ മറിയാമ്മച്ചേട്ടത്തിയുടെ മനോമുകുരത്തില്‍ തെളിഞ്ഞുവന്നു.

തവളകളെ ചവിട്ടാതെ സുരക്ഷിതയായി പള്ളിയിലെത്താന്‍ തവളച്ചാട്ടം ചാടുന്ന കൊച്ചുമകളെ മറന്ന് മറിയാമ്മച്ചേട്ടത്തി സ്വര്‍ഗ്ഗത്തിലേയ്ക്ക് നോക്കി കൈകകള്‍ കൂപ്പി കേണു "എന്റെ കര്‍ത്താവെ അടുത്തതെന്തൂട്ടണാവോ ?"
:)

14 Comments:

Blogger Kalesh Kumar said...

ഈശ്വരാ, ഈ കൊടകരക്കാരെല്ലാം കൂടെ മനുഷ്യനെ ചിരിപ്പിക്കാനിറങ്ങിയേക്കുകയാണല്ലോ!

നന്നായിട്ടുണ്ട് കൂപമണ്ഡൂകം! രാവിലെ ചിരിച്ചുകൊണ്ട് ദിവസം തുടങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്!

11:23 PM  
Blogger Visala Manaskan said...

'പരോളിലിറങ്ങി പുതിയ പാത തേടുന്ന പോക്കറ്റടിക്കാരെപ്പോലെ റോഡിലെറിയപ്പെട്ട തവളകള്‍ തലങ്ങും വിലങ്ങും ചാടിനീങ്ങി. മത്തായിച്ചേട്ടനെന്തേ ഇത്രയും വൈകുന്നതെന്നോര്‍ത്ത് വ്യസനിച്ച് പുലര്‍ച്ച 6 മണിയ്ക്കുള്ള കുര്‍ബ്ബാനയ്ക്ക് പള്ളിയിലേയ്ക്ക് തിരക്കിട്ട് വന്നിരുന്ന മറിയാമ്മച്ചേട്ടത്തിയും കൊച്ചുമകളും ഒന്നു നിന്നു; വഴി നിറയെ തവളകള്‍!' :))

എനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ല! :)

11:26 PM  
Blogger രാജ് said...

ഈ കൊടകരക്കാരെല്ലാം ഇംഗ്ലീഷ് ചേര്‍ത്തെ തമാശപറയുകയുള്ളൂ? ഡോണ്‍‌ബോസ്കോ ഇംഗ്ലീഷ് മീഡിയം ആണോ കൊടകരക്കാരെ?

11:40 PM  
Blogger ഇളംതെന്നല്‍.... said...

അത്‌ന്ന്യാ എനിക്കും ചോയ്‌കാനുള്ളത്ഷ്ട്ടാ.. "അടുത്തതെന്തൂട്ടണാവോ?".. രസിച്ചു വായിച്ചൂ ട്ടൊ ഗഡീ.. ബുഡ്ഡാ വരുമ്പോഴ്ക്കും സ്‌കൂട്ടാവാന്‍ നോക്കട്ടെ.. കാണാം ഗഡീ...

11:50 PM  
Blogger അരവിന്ദ് :: aravind said...

:-) രസിച്ചു വായിച്ചു.
Technologyയുമായി ബന്ധമുള്ള ഉപമകള്‍ വീക്ക്നെസ്സ് ആണ് അല്ലേ :-)

12:00 AM  
Blogger myexperimentsandme said...

"ഒളിമ്പിക്സിനുള്ള ഇന്ത്യയുടെ ഫൈനല്‍ സെലക്ഷന്‍ ലിസ്റ്റിലേപ്പോലെ, രണ്ട് ചാക്ക് തവളകളില്‍ നിന്നും അളവുകോല്‍ ചാടിക്കടന്ന് വിജയശ്രീലാളിതരായത് നാലഞ്ചു മാക്രികള്‍ മാത്രം!"

കൊടകരക്കാരനായതുകാരണം ഞാനൊന്നും പറയുന്നില്ല... അല്ലേല്‍ രണ്ടു പറഞ്ഞേനെ. സ്നേഹിതന്റെ സ്വാഗതം എനിക്കൊരു പോസ്റ്റും തന്നു. ചിരിച്ചോണ്ടൊരു നന്ദി.

കല്ലേച്ചിയെപ്പോലെ..

ഇന്നത്തെ ചോദ്യം:
തവളേടെ വായെവിടെയാ......
ഉത്തരം:
നടുക്ക്

12:16 AM  
Anonymous Anonymous said...

ഇപ്പളാ കണ്ടത്...
ദേ വീണ്ടും ഒരു കൊടകര...
ഉഗ്രനായിട്ടുണ്ട് മാഷേ...
ബിജു

2:21 AM  
Blogger അഭയാര്‍ത്ഥി said...

മറ്റൊന്നിന്‍ ധറ്‍മ യോഗത്തില്‍ അതു താന്‍ അല്ലയോ ഇതു എന്നു വറ്‍ണ്യത്തില്‍ ആശങ്ക - വിശാലനും, കുടക്കീഴിലും ഒരേ സ്കൂളില്‍ പടിച്ചവരാണെന്നു തോന്നിപ്പിക്കുന്ന രൂപകാതിശയോക്തികള്‍.

ഞാനും കൊടകരയുടെ പ്റാന്തത്തിലൊക്കെ തന്നെ ഉള്ളവന്‍.

നമ്മളും തവള പിടുത്തതിനു നടന്നിടുണ്ടല്ലേ?.

ഗന്ധറ്‍വനും നടന്നിടുണ്ടു. കശുമാങ്ങ രസായനം കഴിച്ചു, രാത്റി മുഴുവന്‍ 3-4 സുഹ്റുത്തുക്കളൂമൊത്തു . മൊത്തം കിട്ടാറുള്ള തവളകള്‍ സ്നേഹിതന്റെ എണ്ണം തന്നെ-4. സാധാരണയായി കല്ലുകൊണ്ടു ഇടി കൊണ്ടു മരിക്കാന്‍ വിധിക്കപ്പെട്ട തവളകള്‍. എന്നാല്‍ തവളയിറച്ചി പലതവണ കഴിച്ചിട്ടുണ്ടു. വാള വെട്ടു, പഴയ കെട്ടിടത്തില്‍ ചേക്കേറുന്ന പ്റാവുകളെ പിടിക്കുക, ഉടുമ്പു, പൂച്ച അങ്ങിനെ ഒടുങ്ങാത്ത ലിസ്റ്റുമായി ഓറ്‍മകള്‍ കടന്നു വരുന്നു.
കൊടകര, പറപ്പൂക്കര, മാപ്റാണം വഴി, കാട്ടൂരെത്തുവോളം ഉള്ളവറ്‍ക്ക്ക്കു പ്റത്യേകിച്ചും ഗ്റുഹാതുരത്തമുനര്‍ത്തുന്ന ഒരു പാടു ഓര്‍മകള്‍ ഉണറ്‍ത്തുന്നു ചാരുതയാറ്‍ന്ന ഈ ആഖ്യാനം

3:21 AM  
Blogger അരവിന്ദ് :: aravind said...

ഒരിക്കല്‍ക്കൂടെ വായിച്ചപ്പോള്‍
കൊടകരയുടെ ചരിത്രകാരന്റെ ശൈലിയുടെ മണമടിക്കുന്ന പോലെ..

പ്രത്യേകിച്ചും ആ “ഇല്ലെങ്കിലും” പ്രയോഗങ്ങള്‍.
കുഴപ്പമില്ല..കൊടകരക്കാരുടെ ഐക്യമാകാം.

പുതിയ ശൈലികള്‍ ഭൂലോകത്തിലുണ്ടായാല്‍.................
.....വായിച്ചു രസിക്കാമായിരുന്നൂ‍....

1:58 AM  
Blogger സ്നേഹിതന്‍ said...

കലേഷ് : സന്തോഷം. :)
വിശാലന്‍ : ഞാനെന്തെങ്കിലും പറയണൊ മാഷെ!... :)
പെരിങ്ങോടന്‍ : ഡോണ്‍ബോസ്കോ എന്ന പേരു പോലും ഇംഗ്ലീഷല്ലെ പെരിങ്ങ്സെ... :)
ഇളം തെന്നല്‍ : കാണാം ഗഡീ... :)
വക്കാരി : ഒളിമ്പിക്സെന്ന് കേട്ടാല്‍ "അഭിമാന"പൂരിതമാകണം... ഫൈനല്‍ ലിസ്റ്റെന്ന് കേട്ടാല്‍ തിളയ്കണം...
പിന്നെ കൊടകരക്കാര്‍ക്ക് പ്രത്യേക കണ്‍സഷന്‍ (അയ്യോ മറന്നു! 'ഇളവ്' ) വേണ്ടേ :) :)
ബിജു : സന്തോഷം ബിജുമാഷെ. :)
ഗന്ധര്‍വന്‍ : നാട്ടില്‍ പോകുമ്പോള്‍ പറയണം. നമുക്കൊരു തവളപ്പിടുത്തം നടത്തി, "കൂടാലൊ". :) കാട്ടൂരാണ് ദേശം അല്ലെ? ഒരിയ്ക്കലവിടെ വന്നിട്ടുണ്ട്. ഭംഗിയുള്ള സ്ഥലം.
അരവിന്ദ് : അറിയില്ലെ ? ഞങ്ങള്‍ ട്രിപ്ലെറ്റ്സ് ('സോറി' പെരിങ്ങ്സെ...) ആണ്. നിഷ്ക്കളങ്കനായ മൂത്തസഹോദരന്‍ ഇരിങ്ങാലക്കുടയിലാണ് താമസം. സിനിമയിലെ തിരക്കുകാരണം എഴുതാന്‍ സമയം കിട്ടാറില്ല!
“ഇല്ലെങ്കിലും” പ്രയോഗങ്ങള്‍ എന്താണെന്ന് മനസ്സിലായില്ലലോ മാഷെ ?

1:02 AM  
Blogger ദേവന്‍ said...

തവളകളുടെ കൂട്ടയോട്ടം അസ്സലായി..മത്തായിച്ചേട്ടനെപ്പോലെ സാമ്പത്തികോദ്ദേശത്തിലല്ലാതെ കൊന്നാല്‍ പാപം തിന്നാല്‍ തീരും എന്ന ലൊടാക്കു ന്യായീകരണവുമായി രാത്രി ടോര്‍ച്ചുമായി വയലില്‍ നടന്നാല്‍ അടികിട്ടുമെന്നതിനാല്‍ പട്ടാപ്പകലു പ്രാണനും കൊണ്ട്‌ ചാടുന്ന ലവന്മാരെ ഓടി പിടിച്ച്‌ പലകയില്‍ ആണിയടിച്ചു കിടത്തി പച്ചയില്‍ മഞ്ഞ സ്റ്റ്രൈപ്പ്‌ ഉള്ള കോട്ട്‌ ഊരിയെടുത്ത്‌ പ്രാണന്‍ വെടിഞ്ഞിട്ടും തുടിക്കുന്ന ഹൃദയവും പണ്ടവും എടുത്തു കളഞ്ഞ്‌ ആരും കാണാതെ രഹസ്യമായി വറുത്തു തിന്നിട്ടുണ്ട്‌.. പിന്നെയും വളര്‍ന്ന് തവളകളെക്കുറിച്ച്‌ കൂടുതലറിഞ്ഞപ്പോള്‍ രാത്രി ചാക്കും പെട്രോമാക്സുമായി ഇറങ്ങുന്ന മത്തായിച്ചന്മാരെ തല്ലിയോടിക്കാന്‍ കുറുവടിയും ടോര്‍ച്ചുമായി സംഘം ചേര്‍ന്നു വയലില്‍ പട്രോളിങ്ങും നടത്തിയിട്ടുണ്ട്‌. തുളസി കാട്ടിത്തന്ന ആ കൊടകരവയലില്‍ മത്തായിച്ചന്‍ ഇറങ്ങി ചൊറിത്തവളയെ തപ്പുന്നതു വിഷ്വലൈസ്‌ ചെയ്യുമ്പോള്‍ ബൈ പ്രോഡക്റ്റ്‌ ആയി പൊന്തുന്നു രസമുള്ള പഴഞ്ചന്‍ ഓര്‍മകള്‍ - ഒരു മാക്രിയന്‍ നൊവാള്‍ജിയാ..(പറയാന്‍ വിട്ടു റ്റൈറ്റിലാണു എറ്റവും ഗംഭീരമായത്‌)

1:54 AM  
Blogger Unknown said...

തവളപിടുത്തം അതിന്റെ എല്ലാ ടെക്നിക്കല്‍ പെര്‍ഫെക്ഷനോടു കൂടി മാലോകര്‍ക്ക് കാട്ടിക്കൊടുത്ത ലേറ്റ് ശ്രീ പത്മരാജന്റെ “ഒരിടത്തൊരു ഫയല്‍‌വാന്‍” എന്ന ചലച്ചിത്രസംഭവം ഈ അവസരത്തില്‍ ഞാന്‍ സ്മരിച്ചുപോകുകയാണു.

കൊടകര പോലെ വിശാലമായ പാടസമ്പൂര്‍ണ്ണമായിരുന്നില്ല ഹൈറേഞ്ചെങ്കിലും അത്യാവശ്യത്തിനു വെട്ടിയുണ്ടാക്കിയ മൂന്നാലു കണ്ടം ഞങ്ങള്‍ താമസിച്ചിരുന്ന കുന്നിന്‍‌ചരിവില്‍ ഉണ്ടായിരുന്നു. അവിടെ ഞണ്ട് പിടുത്തം ആയിരുന്നു ഫേമസ്.

കൊടകരയില്‍ നിന്നും പുലികള്‍ വരിവരിയായി വരുന്നു. നടക്കട്ടെ!

7:09 AM  
Blogger അഭയാര്‍ത്ഥി said...

സ്നേഹിതാ,
അന്നു തുറന്നു വിട്ട ചാക്കിലെ തവളകളൊക്കെ പ്റവാസികളൂം ,രാഷ്ട്റീയക്കാരുമായി. പ്റവാസികളായവറ്‍ തവളച്ചാട്ടം ചാടി നാട്ടിലേക്കു ഡോളറ്‍ ഒഴുക്കുന്നു. രാഷ്ട്റീയ്യക്കാറ്‍ ഇന്നിവിടെ അടുത്ത ചാട്ടത്തില്‍ അവിടെ, ചാക്കുമായി ചെല്ലുമ്പ്പോള്‍ വീണ്ടും....

ഗന്ധറ്‍വന്‍ കാട്ടൂറ്‍ കാരനോ കൊടകരക്കരനോ അല്ല. കരയാത്ത ദേശാടനക്കിളി.

പറപ്പൂക്കര ഇഷ്ടികക്കളങ്ങള്‍ നിറഞ്ഞ പാടത്തു ഒരു പാടു രാത്റികല്‍ ചിലവിട്ടിടുണ്ടു. കാട്ടൂരുമായും അഭേദ്യമായ അത്മ ബന്ധമുണ്ടു. കൊടകരമുതല്‍ കാട്ടൂരുവരെയുള്ള ഈ ബെല്‍റ്റിലെ ചെറുപ്പക്കാരൊക്ക്ക്കെ ഒരേ ജീന്‍ പക്ഷികളാണെന്നു എനിക്കു തോന്നിയ്ട്ടുണ്ടു. ഒരേ ആലസ്യം, കലുങ്കില്‍ ഇരിപ്പു, തവളപിടുത്തം, പാതിരാത്റിയോളം നീളുന്ന ആകോള ചറ്‍ച്ചകള്‍, സെകന്റ്‌ ഷോ, തുടങ്ങിയ കൌമാര കുതൂഹലങ്ങളില്‍ സമാനതയുണ്ടു. പൊടുന്നനെ ഇവറ്‍ ഉത്തരവാദിത്തമുള്ളവരും മിടുക്കന്‍മാരുമായി മാറുന്നു. ഈ സമാനതയാണു ഞാന്‍ ഉദ്ദേശിച്ചതു.

10:20 PM  
Blogger സ്നേഹിതന്‍ said...

ദേവരാഗം, യാത്രാമൊഴി, ഗന്ധര്‍വന്‍ : വായിച്ച് അഭിപ്രായമെഴുതിയതില്‍ വളരെ വളരെ സന്തോഷം... :) :)

6:50 PM  

Post a Comment

<< Home