Tuesday, December 16, 2008

പല വക

നിലനില്പ്


പോക്കറ്റടിക്കാരൻ പപ്പൻ 'പാർട്ട് ടൈം' പാർട്ടി പ്രവർത്തകനായത് പരിണാമദശയിലെ പ്രതിഭാസമായിരുന്നില്ല. തുടർച്ചയായ ഹർത്താലുകൾ മൂലം പട്ടിണി കിടക്കേണ്ടിവന്നതു കൊണ്ടായിരുന്നു.

ആദ്യമായി ബക്കറ്റു പിരിവിനിറങ്ങിയ പപ്പന്റെ മുഖം സ്ഥാനക്കയറ്റം കിട്ടിയ ഉദ്യോഗസ്ഥന്റേതുപോലെ അഭിമാനപൂരിതമായിരുന്നു.




സമയം


"ഈ വാച്ചിന്റെ സെക്കന്റ് സൂചി അനങ്ങുന്നില്ലല്ലോ"'.

"നോക്കാം... രണ്ട് ദിവസ്സം കഴിഞ്ഞ് തന്നാൽ പോരേ ?"

"പറ്റില്ല. ഇന്ന് തന്നെ വേണം. ഞാൻ വെയിറ്റ് ചെയ്യാം."

'അല്ലാ... ഇന്ന് ഓഫീസ്സില്ലെ ? "

"ഉവ്വുവ്വ്... ഞങ്ങൾ ഒരാഴ്ചത്തേയ്ക്ക് മെല്ലെപ്പോക്ക് സമരത്തിലാ ! "




വാർത്ത


ഉയരങ്ങളിൽ, തൊട്ടടുത്ത കമ്പികളിൽ മുറുകെ പിടിച്ചിരുന്ന് രണ്ട് വെൺ പ്രാവുകൾ കണ്ണോട് കൺ നോക്കി കുറുകി. അവരുടെ കണ്ണുകളിലും, അവർ ഇരുന്നിരുന്ന കമ്പികളിലും അദൃശ്യമായ ഒരു ശക്തിയുടെ അലയടിയുണ്ടായിരുന്നു. പ്രണയ പാരവശ്യതയിൽ അവർ .കൊക്കുരുമാൻ കൊതിച്ചു, കുതിച്ചു.

പിറ്റേന്ന് പല മാധ്യമങ്ങളിലും ഒരു വാർത്ത വന്നു:
'പ്രണയ നൈരാശ്യം മൂലം രണ്ട് കാക്കകൾ ആത്മഹത്യ ചെയ്തു.'




മാന്ത്രികം


ജീവനക്കാരുടെ വാർഷിക ആഘോഷത്തോട് അനുബന്ധിച്ച് ഓഫീസ്സിൽ അവതരിപ്പിയ്ക്കാൻ തീരുമാനിച്ചിരുന്ന മാജിക്കിന്റെ പരിശീലനം പൂർത്തിയാക്കിയ അയാൾ അതൊന്ന് വീട്ടിൽ പരീക്ഷിയ്ക്കാൻ തീരുമാനിച്ചു.

ശിരസ്സിൽ നിന്നും കറുത്ത തൊപ്പി ഉയർത്തിയെടുത്തു; ഭാര്യയേയും കൊച്ചു മകളേയും കാണിച്ചു. അതു ശൂന്യമായിരുന്നു. പിന്നെ ഏതോ അപശബ്ദങ്ങൾ പുറപ്പെടുവിച്ച്, മാന്ത്രിക വടി കൊണ്ട് തൊപ്പി മെല്ലെ പലവട്ടം തലോടി. തുടർന്ന് തൊപ്പിയിൽ നിന്നും റിബ്ബണുകൾ, പുഷ്പങ്ങൾ, പല വർണ്ണത്തിലുള്ള മേയ്ക്പ്പ് സാധനങ്ങൾ, പല തരത്തിലുള്ള ആഭരണങ്ങൾ എന്നിവ ഓരോന്നായി പുറത്തെടുത്ത് മേശപ്പുറത്തു കുന്നു പോലെ കൂട്ടിയിട്ടു; പിന്നെ അഭിമാനപൂർവ്വം കൊച്ചു സദസ്സിനു മുമ്പിൽ കുമ്പിട്ടു.

നിറുത്താതെ കയ്യടി പ്രതീഷിച്ച അയാൾ ശിരസ്സുയർത്തുന്നതിനു മുമ്പേ കൊച്ചു മകളുടെ നിഷ്ക്കളങ്കമായ അഭിപ്രായം കേട്ടു:
"ഡാഡി... ഇതിലും കൊറേ കൊറേ സാധനങ്ങൾ മമ്മീടെ സ്മോൾ ഹാൻഡ് ബാഗ് കൊടഞ്ഞാൽ കിട്ടും."




വഴി


വഴിയോരത്ത് പെട്ടെന്ന് നിറുത്തിയ തിരക്കുള്ള ബസ്സിൽ നിന്നും തിടുക്കത്തിൽ അയാൾ പുറത്തു കടന്നു. തിരക്കിട്ട് നടന്ന് നാൽക്കവലയിലെത്തി. പിന്നെ, ഓരോ വഴിയിലേയ്ക്കും മാറി മാറി നോക്കി; പകച്ചുനിന്നു.

അയാൾ വന്നതൊഴികെയുള്ളതെല്ലാം നേർവഴികളായിരുന്നു.

Labels: , ,