Sunday, March 22, 2009

കുറിപ്പുകൾ

ഒരു വല
ഒരു വലി
കുടുങ്ങുന്നൊരായിരം സ്വപ്നങ്ങൾ.

ഒരു പക
ഒരു പകൽ
പിടയുന്നൊരായിരം തുടിപ്പുകൾ.

ഒരു തരി
ഒരു തിര
മറയുന്നൊരായിരം മോഹങ്ങൾ.

ഒരു കനൽ
ഒരു കാനനം
എരിയുന്നൊരായിരം കാണാ വസന്തങ്ങൾ.

ഒരു കഥ
ഒരു തീരാകഥ
കദന കഥകളായിരം വിഡ്ഢിപ്പെട്ടിയിലിന്നും.

ഒരു പാട്ട്
ഒരു വോട്ട്
ചിറകടിച്ചുയരുന്നൊരായിരം സന്ദേശങ്ങൾ.

ഒരു വളർച്ച
ഒരു വീഴ്ച
തകരുന്നൊരായിരം സമ്പത്തിൻ സങ്കല്പങ്ങൾ.

ഒരു മുഖം
ഒരു മാറ്റം
വെൺ മാളികയിലൊരായിരം സ്വപ്ന സാക്ഷാത്കാരം.

ഒരു ചിത്രം
ഒരു ചേരി
വിടരുന്നൊരായിരം പുത്തൻ പ്രതീക്ഷകൾ.

ഒരു തിരി
ഒരു തീപ്പൊരി
വിരിയുന്നു മനസ്സിലൊരായിരം വർണ്ണങ്ങൾ.

ഒരു വര
ഒരു വരി
തെളിയുന്നൊരായിരം പുതു ചിത്രങ്ങൾ.

Labels: ,