Saturday, September 02, 2006

പുലികളി

"പുലികളിയ്ക്കു പോയാലോന്ന് തോന്നാ..." ചന്ദ്രന്‍ ബാലനോട് പറഞ്ഞു.

"അതിനെന്താ പോവാലൊ." ബാലന്‍ ഇഷ്ടം അറിയിച്ചു.

"പുലികളി കാണാനല്ല. കളിയ്ക്കാന്‍..." ചന്ദ്രന്‍ വിശദീകരിച്ചു.

"എന്തൂട്ടാന്ന്! കഴിഞ്ഞ കൊല്ലം നാടകത്തിലഭിനയിച്ച് ഡയലോഗ് തെറ്റി ഉണ്ടായ ഗുലുമാലുകളൊക്കെ ഇത്ര വേഗം നീ മറന്നോ. അന്ന് എത്ര ചെരുപ്പാ കിട്ട്യെ സ്റ്റേജീന്ന്!" ബാലന്‍ ഓര്‍മ്മ പുതുക്കി.

"പുലികളിയില്‍ ഡയലോഗ് ഇല്ലല്ലൊ. പിന്നെ ഞാന്‍ വയര്‍ലെസ്സ് അല്ലല്ലൊ..." ചന്ദ്രന്‍ വിശദീകരിച്ചു.

"എന്നാലും അതു വേണൊ ചന്ദ്രാ. നിന്നേകൊണ്ട് അത് പറ്റോ? കുടവയര്‍ മാത്രം പോരാ ഇതിന്." ബാലന്‍ സംശയം പ്രകടിപ്പിച്ചു.

"അതൊന്നും ഒരു പ്രശ്നല്ല. അവര്‍ക്കു പറ്റുങ്ങെ എനിയ്ക്കും പറ്റും. ബാലേട്ടന് ആ കുട്ടപ്പനോട് ഒന്ന് പറയാന്‍പറ്റോ." ചന്ദ്രന് ആത്മവിശ്വാസം കൂടി.

"നോക്കാം. ഇത്തിരി കാശു ചെലവുണ്ടാവും. എന്നാലും ഇത് വേണ്ടാന്ന് വെയ്ക്കണംന്നാ എനിയ്ക്ക് തോന്നണെ." ബാലന്‍ വിശദീകരിച്ചു.

"കാശിന്റെ കാര്യം ഞാനേറ്റു. ബാലേട്ടന്‍ പേടിയ്ക്കാണ്ടിരിയ്ക്ക്." ചന്ദ്രന്‍ ഭീരുവല്ലെന്ന് തെളിയിയ്ക്കാന്‍ ശ്രമിച്ചു.

"ശരി... ശരി... എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ നീ തന്നെ പരിഹരിയ്ക്കണം." ബാലന്‍ കൈ കഴുകി.

നാട്ടിലെത്തിയാല്‍ ഇതു പോലുള്ള ആഗ്രഹങ്ങള്‍ ചന്ദ്രന്റെ ഉള്ളില്‍ തലപ്പൊക്കുന്നത് സ്വാഭാവികം.
ബാലന്റെ അടുത്ത ബന്ധുവാണ് ചന്ദ്രന്‍. ഒരു മിതഭാഷിയായ ബാലന്‍ കടുംബസമേതം വിദേശത്ത് കഴിയുന്നു. താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഒരു ജോലി തരപ്പെടുത്തിക്കൊടുത്ത്, നാട്ടിലുണ്ടാക്കിയ പൊല്ലാപ്പുകളില്‍ നിന്നും ചന്ദ്രനെ രക്ഷിച്ചവനാണ് ബാലന്‍. ചന്ദ്രനാകട്ടെ നാട്ടിലാണെങ്കില്‍ എവിടെയെങ്കിലും ചെണ്ടപ്പുറത്ത് കോലു വീഴുന്നുണ്ടെങ്കില്‍ അവിടെ എത്തിച്ചേരുന്നവനും, അവസരത്തിലും അനവസരത്തിലും ആ ചടങ്ങില്‍ പങ്കു ചേരുന്നവനും എല്ലാ പ്രശ്നങ്ങളുടേയും ഉറവിടമായിത്തീരുന്നവനുമാണ്. ഓണക്കാലത്ത് നാട്ടിലേയ്ക്കുള്ള യാത്രയില്‍ പതിവുപ്പോലെ ഇപ്രാവശ്യവും ചന്ദ്രന്‍ ബാല കുടുംബത്തിന്റെ കൂടെ തന്നെയായിരുന്നു.

ഓണത്തിനോടനുബന്ധിച്ച് തൃശൂരിലെ സ്വരാജ് റൗണ്ടില്‍ നടക്കുന്ന പുലികളിയില്‍ കാഴ്ചക്കാരനായല്ല കളിക്കാരനായി എത്താനായിരുന്നു ഇപ്രാവശ്യം ചന്ദ്രന്റെ തീരുമാനം. മറുനാട്ടില്‍, വിളിച്ചാല്‍ പെട്ടെന്ന് ഓടിയെത്താന്‍ ചന്ദ്രന്‍ മാത്രമെ ഉണ്ടാകൂ എന്നറിയാവുന്നതു കൊണ്ട് അര്‍ദ്ധ മനസ്സോടെ ചന്ദ്രന്റെ ആഗ്രഹത്തിനു ബാലന്‍ സമ്മതം മൂളി. കാട്ടുരാജാ കുട്ടപ്പനെ ചെറിയ പരിചയമുണ്ടായിരുന്നതു കൊണ്ട് കൈ കൂപ്പി, കുമ്പിട്ട്, കാലുപിടിച്ച്, കുപ്പി നിവേദിച്ച്, മണിയടിച്ച് ഒരുവിധത്തില്‍ ബാലന്‍ ചന്ദ്രനെ അവരുടെ സംഘത്തില്‍ ചേര്‍ത്തു. ചന്ദ്രന്റെ മേല്‍ എപ്പോഴും ഒരു കണ്ണു വേണമെന്ന് കുട്ടപ്പനോട് പ്രത്യേകം പറയുകയും ചെയ്തു. കുട്ടപ്പന്റെ മേല്‍നോട്ടത്തില്‍ കുറച്ചു ദിവസം ചന്ദ്രന്‍ പരിശീലനം നടത്തുകയും ചെയ്തു.

നാലോണനാളെത്തി. പുലികളിയുടെ ദിവസം. ചന്ദ്രന്‍ നേരത്തേ വീട്ടില്‍ നിന്നും യാത്ര തിരിച്ചു. സ്വരാജ് റൗണ്ടിനടുത്തുള്ള സ്ക്കൂളിലാണ് ചായമിടല്‍ നടന്നിരുന്നത്. കളിക്കാരെല്ലാം നേരത്തേ എത്തി ദേഹത്ത് ചായം പുരട്ടി തുടങ്ങിയിരുന്നു. ഒരു പുള്ളിപ്പുലിയാകാനായിരുന്നു ചന്ദ്രന്റെ വിധി. മേല്‍വസ്ത്രങ്ങള്‍ മാറ്റിയ ചന്ദ്രന്‍ കടും മഞ്ഞ നിറത്തിലുള്ള തിളങ്ങുന്ന ഒരു ട്രൗസ്സറില്‍ ചാടിക്കയറി. ഇനാമല്‍ പെയിന്റ് ശരീരത്തിലാദ്യമായി പടര്‍ന്നപ്പോള്‍ ചന്ദ്രന് കുളിരു കോരി.

പുറകില്‍ മഞ്ഞ നിറവും, മുന്നില്‍ വെള്ളി നിറവുമായി ആദ്യത്തെ കോട്ടടിച്ചു കഴിഞ്ഞപ്പോള്‍ ചായം പുരട്ടി കൊടുത്തിരുന്ന പീതാംബരന്‍ പെയിന്റ് കുറച്ചു കൂടി നേര്‍പ്പിയ്ക്കാന്‍ 'തിന്നര്‍ ' ചേര്‍ക്കുന്നതിനിടയില്‍ പറഞ്ഞു: "ഇത് ഡൂപ്ലിക്കേറ്റാന്നാ തോന്നണെ. വേറൊരു മണം. ചന്ദ്രന് എന്തെങ്കിലും ബുദ്ധിമുട്ട് തോന്ന്ണ്ടൊ. ആദ്യായതു കൊണ്ട് ചോദിച്ചതാ."

"ഇല്ല്യ... ഒരു പ്രശ്നോല്ല്യ." ചന്ദ്രന്‍ കരുത്തനാണെന്ന് സൂചിപ്പിച്ചു.

മണ്ണെണ്ണയേക്കാള്‍ രൂക്ഷ ഗന്ധമുള്ള എന്തോ ഒന്ന് ഒറ്റയടിയ്ക്ക് അകത്താക്കിയ പീതാംബരനെ കണ്ട് ചന്ദ്രന്‍ ചോദിച്ചു: "എന്താത് തിന്നറടിയ്ക്കെ ?"

"ഹേയ്... ഇത് നാടനാ. ഓണം സ്പെഷല്‍. കാലുറയ്ക്കാന്‍ നല്ലതാ. ലേശം..." പീതാംബരന്‍ ചന്ദ്രനെ മോഹിപ്പിച്ചു.

സ്നേഹത്തോടെ ആരെന്ത് തന്നാലും 'വേണ്ടാ' എന്ന് പറഞ്ഞിട്ടുള്ള ചരിത്രം ചന്ദ്രന്റെ ജീവിതത്തിലില്ലാത്തതു കൊണ്ട് ലേശം ലേശമായി ചന്ദ്രന്‍ നാടനായി, നടനായി.

പീതാംബരന്‍ ചന്ദ്രന്റെ കുട വയറൊഴികെ ശരീരത്തില്‍ കറുപ്പും, കറുപ്പിനു നടുവില്‍ ഇരുണ്ട ചുവപ്പും നിറങ്ങളിലുള്ള പുള്ളികള്‍ വരച്ച് ഉണക്കി, വലിയൊരു പുലിമുഖം ഉദരത്തില്‍ വരച്ചുകൊണ്ടിരിയ്ക്കുമ്പോഴാണ് മറ്റു സംഘങ്ങളുടെ വിവരങ്ങള്‍ രഹസ്യമായി കുട്ടപ്പന് കിട്ടുന്നത്. ഒന്നാം സമ്മാനത്തില്‍ കുറഞ്ഞ് ഒന്നും മനസ്സില്‍ കാണാത്ത കുട്ടപ്പന്‍ പുലിക്കൂട്ടത്തിലൊരു ചെറിയ മാറ്റം വരുത്താന്‍ തീരുമാനിച്ചു. കടുവകളുടെ എണ്ണം കൂട്ടണം. അതായത് പുള്ളിപ്പുലികളുടെ എണ്ണം കുറയ്ക്കണം. മറ്റുള്ളവരുടെയെല്ലാം ചായമിടല്‍ കഴിഞ്ഞിരുന്നതു കൊണ്ട് നറുക്കു വീണത് ചന്ദ്രനായിരുന്നു.

കളി തുടങ്ങാന്‍ അധിക സമയം ബാക്കിയില്ലാത്തതു കൊണ്ടും, ശില്പിയ്ക്കു മുന്നിലെ ശില്പം പോലെ നിന്ന് നടുവൊടിഞ്ഞു തുടങ്ങിയ ചന്ദ്രന്റെ ദയനീയത മനസിലാക്കിയതു കൊണ്ടും, പീതാംബരന്‍ ചന്ദ്രന്റെ ശരീരത്തിലുള്ള കറുത്ത പുള്ളികള്‍ മായിച്ചു കളയാന്‍ മുതിര്‍ന്നില്ല. പകരം ചന്ദ്രന്റെ ശരീരമാകെ കടും മഞ്ഞ നിറം തേച്ചു, കറുത്ത വരകള്‍ വരച്ചു കടുവയാക്കി. കുട വയറില്‍ കടുവയുടെ ക്രൂര മുഖം തെളിഞ്ഞു. പെയിന്റിന്റെ രൂക്ഷ ഗന്ധം ചന്ദ്രന്റെ കണ്ണുകളെ ഈറനണിയിച്ചതു കണ്ട് പീതാംബരന്‍ പതുക്കെ പറഞ്ഞു: "എന്താ ചെക്കന്റൊരു സന്തോഷം!"

ഗതാഗതം നിയന്ത്രിയ്ക്കപ്പെട്ട സ്വരാജ് റൗണ്ടിലേയ്ക്ക് ഉച്ചതിരിഞ്ഞ് അഞ്ചു മണിയോടെ പുലിക്കൂട്ടങ്ങളെത്തി തുടങ്ങി. കടുവകള്‍, പുള്ളിപ്പുലികള്‍, വാലുള്ള പുലികള്‍, വാലില്ലാത്ത പുലികള്‍, വന്‍ പുലികള്‍, കുഞ്ഞു പുലികള്‍, തടിച്ച പുലികള്‍, മെലിഞ്ഞ പുലികള്‍, ചാടുന്ന പുലികള്‍, ചാഞ്ചാടുന്ന പുലികള്‍, പട്ടയടിച്ച പുലികള്‍, പറ്റാകാത്ത പുലികള്‍, മുമ്പോട്ടു ചുവടു വെയ്ക്കുന്ന പുലികള്‍, പിന്നിലേയ്ക്ക് ചുവടു മാറ്റുന്ന പുലികള്‍, പുലി പോലെ നൃത്തം ചെയ്യുന്ന പുലികള്‍, എലി പോലെ നൃത്തം ചെയ്യുന്ന പുലികള്‍, മുഖം മൂടിയുള്ള പുലികള്‍, മുഖം മറയ്ക്കാത്ത പുലികള്‍, ഉണ്ടയില്ലാത്ത തോക്കിനു മുന്നില്‍ നെഞ്ചു വിരിച്ചാടി തിമിര്‍ക്കുന്ന പുലികള്‍, ഒടിഞ്ഞു നുറുങ്ങി കാറ്റിലാടുന്ന പുലികള്‍... തേക്കിന്‍ കാട് മൈതാനത്തിനു ചുറ്റും പുലി പ്രളയം.

ചെണ്ടയുടെ മുറുകുന്ന താളത്തിനൊപ്പം പുലികളുടെ ചുവടു വെയ്പുകളും ദ്രുതഗതിയിലായി.
ചന്ദ്രന്റെ പുലികളി കാണാന്‍ ബാലനും കുടുംബവും ജനക്കൂട്ടത്തിനിടയില്‍ കാത്തു നിന്നിരുന്നു. ബാലന്റെ തോളിലിരുന്നു നാലു വയസ്സുള്ള മകള്‍ രശ്മി എല്ലാം കണ്ട് ആസ്വദിച്ചുകൊണ്ടിരുന്നു.

"What is this Dad ?" ഇടതു കയ്യില്‍ വലിയൊരു ബലൂണ്‍ മുറുകെ പിടിച്ച്, വലതു കൈ പുലികള്‍ക്കു നേരെ നീട്ടി അവള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

"പുള്ളിപ്പുലി... കടുവ... പുള്ളിപ്പുലി..." ചോദ്യങ്ങള്‍ക്കൊത്ത് ബാലന്‍ മറുപടി നല്കിക്കൊണ്ടിരുന്നു.

"കടുവയെ പേടിച്ച കിടുവ." ജനക്കൂട്ടത്തെ നിയന്ത്രിച്ചിരുന്ന ഒരു കാക്കിധാരി കടന്നു പോയപ്പോഴും ബാലന്‍ തെറ്റാതെ ഉത്തരം നല്‍കി.

സൂര്യാഘാതമേറ്റ് രശ്മിയുടെ കയ്യിലുള്ള ബലൂണ്‍ അപ്രത്യക്ഷമാവുകയും ആ വിസ്ഫോടനത്തിന്റെ അലയൊലിയില്‍ കാണികള്‍ക്ക് അല്പം ഉയരം വെയ്ക്കുകയും പിന്നെ ചെറുതാവുകയും, തൊട്ടരുകില്‍ നൃത്തമാടിയിരുന്ന ഒരു പുലി ഞെട്ടിത്തെറിച്ച് 'ഇവിടെയും നായാട്ടൊ' എന്ന മട്ടില്‍ പുലിക്കൂട്ടത്തിലേയ്ക്ക് പാഞ്ഞു കയറുകയും ചെയ്തു.

കുട്ടപ്പന്റെ സംഘത്തില്‍, കൂടെയുള്ള പുലികളോടൊത്ത്, താളം തെറ്റാതെ ചന്ദ്രന്‍ ചുവടു വച്ചു. പിന്നെ ഈ ജന്മം സഫലമായതു പോലെ നിറഞ്ഞാടി. തുടക്കത്തില്‍ കുഴപ്പമില്ലായിരുന്നെങ്കിലും കുറച്ചു നേരം വെയിലേറ്റ് ശരീരം ചൂടുപ്പിടിച്ചപ്പോള്‍ ചന്ദ്രന് അസ്വസ്ഥത തോന്നി തുടങ്ങി. ശരീരത്തിലൂടെ വിയര്‍പ്പൊഴുകിയപ്പോള്‍ അവിടെയും ഇവിടെയുമായി ചൊറിഞ്ഞു തുടങ്ങി. അര്‍പ്പണ മനോഭാവമുള്ള ചന്ദ്രന്‍ അതെല്ലാം ക്ഷമയോടെ സഹിയ്ക്കാന്‍ ശ്രമിച്ചു. പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ ക്ഷമയുടെ നെല്ലിപ്പലകയെത്തി.

ഒരു ദുര്‍ബല നിമിഷം. തേക്കിന്‍ കാട് മൈതാനം ഒരു തടാകമായിരുന്നെങ്കില്‍ അതില്‍ ചാടി എല്ലാ പ്രശ്നങ്ങളും പരിഹരിയ്ക്കാമെന്ന് മോഹിച്ച നിമിഷം! ആ ദുര്‍ബല നിമിഷത്തില്‍ ചന്ദ്രന്റെ നിയന്ത്രണം വിട്ടു. തലങ്ങും വിലങ്ങും ശരീരമാകെ മാന്തി സായൂജ്യമടഞ്ഞു. മാന്തി നീക്കിയ ഉണങ്ങാത്ത പെയിന്റിന്റെ ഇടയില്‍ കൂടി കറുത്ത പുള്ളികള്‍ എത്തിനോക്കി. കടുവയുടെ വരകളും പുള്ളിപ്പുലിയുടെ പുള്ളികളും ചന്ദ്രന്റെ ഉപരിതലത്തില്‍ പ്രദര്‍ശനാനുമതിയ്ക്കായി മത്സരിച്ചു. ശരീരത്തിന്റെ അകത്തും പുറത്തുമുള്ള രാസപദാര്‍ത്ഥങ്ങളുടെ ഏറ്റുമുട്ടലില്‍ പേടിച്ചരണ്ട ചന്ദ്രന്റെ ദേഹത്തെ സൂര്യന്‍ കവചകുണ്ഡലങ്ങളണിയിച്ചു. ശരീരത്തില്‍ പലയിടത്തായി കൊച്ചു കൊച്ചു പൂക്കളങ്ങള്‍ ഉയര്‍ന്നുവന്നു. ജുരാസിക് കാലഘട്ടത്തിലെ ഒരു ജീവിയുടെ ത്വക്കിന്റെ തനിമ അല്പ സമയത്തിനകം ചന്ദ്രന്‍ ആവാഹിച്ചെടുത്തു.

ചൊറിച്ചില്‍ സഹിയ്ക്കവയ്യാതെ പല്ലുകടിച്ച്, ഇരു കൈകളുമുയര്‍ത്തി മടക്കി കക്ഷത്തോട് ചേര്‍ത്ത് 'T-REX'നേ പോലെ വന്നിരുന്ന ചന്ദ്രനെ കണ്ട്, നാടന്‍ നൃത്തത്തില്‍ ഗവേഷണം നടത്തിയിരുന്ന ഒരു ബ്രിട്ടീഷ് പെണ്‍കൊടി, ചാഞ്ഞും ചെരിഞ്ഞും വിവിധ കോണുകളില്‍ നിന്നും ചിത്രങ്ങളെടുത്തു. പിന്നെയും സംശയം ബാക്കിയാകയാല്‍ തൊട്ടടുത്തു നിന്നിരുന്ന ബാലനോടു ചോദിച്ചു:
"Is this an extinct species?"

തിരക്കിനിടയില്‍ മാറ്റാന്‍ മറന്ന പുള്ളിപ്പുലിയുടെ മുഖാവരണം അല്പമുയര്‍ത്തി നെടുവീര്‍പ്പിട്ട ചന്ദ്രന്റെ കണ്ണുകള്‍ ബാലന്റെ കണ്ണുകളുമായ് ഉടക്കി.

ഒറ്റ നോട്ടത്തില്‍ ആളെ മനസ്സിലാക്കിയ ബാലന്‍ ഈ പ്രപഞ്ചത്തിലെ സര്‍വ്വ ചരാചരങ്ങളേയും അറിയാവുന്ന പോലെ പെണ്‍കൊടിയോട് മൃദുവായി മൊഴിഞ്ഞു:
"No madam. It is a protected species. This is the only one left in this world!"