Tuesday, May 26, 2009

അവിയൽ!

ദുരവസ്ഥ

ഇരു കൈകളും കാലുകളും ബാൻഡേജിന്റെ ഭാരത്താൽ ഉയർത്താനാകാതെ തളർന്നു കിടന്നിരുന്ന യുവാവിന്റെ തൊട്ടടുത്ത കിടക്കയിൽ ഏകദേശം അതേ അവസ്ഥയിൽ കിടന്നിരുന്ന ഒരു മദ്ധ്യ വയസ്സൻ ആ യുവാവിനോട് ചോദിച്ചു:

"എന്തു പറ്റി ? "

"പ്രത്യേകിച്ച് ഒന്നും പറ്റിയില്ല. കൂട്ടുകാരന്റെ സല്ക്കാരം കഴിഞ്ഞ് രാത്രി ബൈക്കിൽ തിരികെ വരുമ്പോൾ, ഒരു ത്രില്ലിന്, എതിരെ നിന്നും ഒപ്പത്തിനൊപ്പം വന്നിരുന്ന രണ്ട് ബൈക്കുകളുടെ ഇടയിൽ കൂടി ഞാൻ എന്റെ ബൈക്ക് കൊണ്ടു പോകാൻ നോക്കിയതാ."

"ഓ... അവര് ഇടം തന്നില്ലെ ? "

"അവരെ കൊണ്ട് പറ്റിയില്ല."

'അതെന്താ ? "

'അതൊരു കാറായിരുന്നു..."

അല്പ സമയത്തെ ആലോചനയ്ക്കു ശേഷം യുവാവ് തുടർന്നു:

"നിങ്ങൾക്ക് ഏന്തു പറ്റി ? "

"എനിയ്ക്കും പ്രത്യേകിച്ച് ഒന്നും പറ്റിയില്ല. ഭാര്യയ്ക്ക് ഒരു കൂട്ടാവട്ടെ എന്ന് കരുതി ഒരു കല്യാണം കൂടി കഴിച്ചു..."



ഇന്നും നാളെയും

ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു രണ്ട് കൂട്ടുക്കാർ. സെമിത്തേരിയിലെ കപ്പേളയ്ക്കു മുന്നിൽ എഴുതി വെച്ചിരിയ്ക്കുന്ന വാചകം ഒന്നാമൻ രണ്ടാമന് സങ്കടത്തോടെ ചൂണ്ടിക്കാട്ടി.

"ഇന്നു ഞാൻ; നാളെ നീ."

ചടങ്ങിനു ശേഷം 'തണ്ണി ശാല'യിൽ ഏറെ നേരം 'ജലസേചനം' നടത്തി സങ്കടത്തിന്റെ കടുങ്കെട്ടുകൾ ഇരുവരും പതുക്കെ പതുക്കെ അയച്ചു. ബില്ലെത്തിയപ്പോൾ രണ്ടാമൻ ഒന്നാമനോട് സന്തോഷത്തോടെ പറഞ്ഞു:

"ഇന്നു നീ; നാളെ ഞാൻ".



സുരക്ഷ

ജലദോഷം മാറ്റാനും, വിശ്രമിയ്ക്കാനുമായി വിദ്ദേശയാത്ര തരപ്പെടുത്തിയ നേതാവ്, കൈകൾ കൂപ്പി, ഇരുപുറവുമുള്ള സെക്യൂരിറ്റിക്കാരെ നോക്കി ചിരിച്ച്, എയർപ്പോർട്ടിലെ മെറ്റൽ ഡിറ്റക്റ്ററിൽ കൂടി മന്ദം മന്ദം കടന്നു. ഡിറ്റക്റ്റർ ചിണുങ്ങി.

മനസ്സില്ലാ മനസ്സോടെ സ്വർണ്ണ വാച്ച് അഴിച്ചു വച്ച് അയാൾ വീണ്ടും ഡിറ്റക്റ്ററിലൂടെ കടന്നു. അത് വീണ്ടും സങ്കടപ്പെട്ടു. തുടർന്ന് താക്കോൽ കൂട്ടം, മോതിരം, ബെൽറ്റ് തുടങ്ങിയവ ഉപേക്ഷിച്ച ആ ശരീരം പുനർജ്ജനി ഗുഹയിലൂടെ പലവട്ടം കടന്നു. ഓരോ തവണയും ഡിറ്റക്റ്റർ പരിഭവം പറഞ്ഞു.

സഹികെട്ട അയാൾ അമർഷം ഉള്ളിലൊതുക്കി, സെക്യൂരിറ്റിക്കാരെ നോക്കി, തന്റെ സ്വർണ്ണ പല്ലുകൾ പുറത്തുകാൺകെ ചിരിച്ച് മൊഴിഞ്ഞു:

"കഴിഞ്ഞയാഴ്ചത്തെ ടെസ്റ്റിന് ശേഷം ബ്ലഢിൽ അയേൺ കൂടുതലാണെന്ന് ഡോക്ടർ പറഞ്ഞിരുന്നു."



ഫൈവ് സ്റ്റാർ ഡിന്നർ

മങ്ങിയ വെളിച്ചമുള്ള, ശീതീകരിച്ച മുറിയ്ക്കുള്ളിൽ ഒരു ഗാനം ഗതി കിട്ടാതെ അലഞ്ഞു തിരിയുന്നു; കൂടെ പലരുടേയും അടക്കിപ്പിടിച്ച സംസാരവും. മുറിയുടെ ഒരറ്റത്ത് ശുഭ്ര നിറമാർന്ന വിരിയിട്ട ഒരു വട്ട മേശ. ദുഃഖഭാരത്താൽ കുമ്പിട്ടു നില്ക്കുന്ന കടും നിറമുള്ള പൂക്കൾ ഒരു വശത്ത്. തൊട്ടടുത്ത് ചില്ലു ഗ്ലാസ്സിൽ രക്ത നിറത്തിൽ ദ്രാവകം. മേശയിൽ തിളങ്ങുന്ന വെളുത്ത പളുങ്ക് പാത്രം. പാത്രത്തിൽ, പകുതി ജീവനുള്ള ഒരു പക്ഷി. അരുകിൽ കീഴടങ്ങിയെന്നറിയിയ്ക്കുന്ന തൂവെള്ള തൂവാല. പാത്രത്തിന്റെ ഇരു വശങ്ങളിലുമായി, മൂർച്ചയുള്ള കത്തിയും കൂർത്ത മുനയുള്ള മുള്ളുകളും. തൊട്ടടുത്ത്, കൊല്ലണോ വളർത്തണോ എന്ന ചിന്തയിൽ ഒരു ഉപഭോക്താവും!

Labels: ,

3 Comments:

Blogger സ്നേഹിതന്‍ said...

അവിയൽ...
അവിയലല്ല...
അവിയലു പോലെ... :)

9:11 PM  
Blogger Typist | എഴുത്തുകാരി said...

അവിയലു നന്നായിട്ടുന്‍ടല്ലോ.

9:50 PM  
Blogger സ്നേഹിതന്‍ said...

നന്ദി എഴുത്തുകാരി.

10:46 PM  

Post a Comment

<< Home