Wednesday, April 16, 2008

ഇരട്ടവാലന്‍

വീട് വൃത്തിയാക്കിയപ്പോളാണ് മഹാഭാരതം ഗ്രന്ഥം അയാളുടെ കണ്ണില്‍പ്പെട്ടത്. കുറച്ചു കാലം മുമ്പ് വായനശാലയില്‍ നിന്നും കൊണ്ടു്വന്നതായിരുന്നു. തിരികെ കൊടുക്കാന്‍ മറന്നുപോയി. പുസ്തകത്തിലെ പൊടി തട്ടിക്കളഞ്ഞ്, പിഴയടയ്ക്കാന്‍ തയ്യാറായി, ഒരു കുട ചൂടി, ആ മഴയത്തും തിടുക്കത്തില്‍ അയാള്‍ വായനശാലയിലെത്തി. കുടയിലേയും, താടിയിലേയും മഴവെള്ളം കുടഞ്ഞ് കളഞ്ഞു.

പുസ്തകം തുറന്ന് നോക്കിയപ്പോള്‍ ഗ്രന്ഥശാലാധികാരിയുടെ സഹായി അമ്പരന്നു. കറേയേറെ തുളകള്‍. വശങ്ങളിലേയ്ക്കും, ആഴങ്ങളിലേയ്ക്കും പടര്‍ന്നു കയറിയിരിയ്ക്കുന്നു. ഉദ്വേഗത്തോടെ ഏടുകള്‍ ഓരോന്നായി സഹായി മറിച്ചുനോക്കി. പലയിടത്തും വാക്കുകളും വാചകങ്ങളും നഷ്ടപ്പെട്ടിരിയ്ക്കുന്നു.

സഹായി അയാളോടു പറഞ്ഞു:
"ഏകലവ്യന്റെ പെരുവിരല്‍ കാണാനില്ലല്ലൊ."
അയാള്‍ മറുപടിയൊന്നും പറഞ്ഞില്ല.

"ചൂതില്‍ പാണ്ഡവര്‍ പണയം വെച്ച പലതും കാണാനില്ല."
അയാള്‍ മൗനം പാലിച്ചു.

"പാഞ്ചാലിയുടെ ചേലയുടെ പകുതിയോളം കാണാനില്ല."
അയാള്‍ നിശബ്ദത കൈവെടിഞ്ഞില്ല.

"കര്‍ണ്ണന്റെ കവചകുണ്ഡലങ്ങളും കാണാനില്ല."
തലകുമ്പിട്ട്, ചിന്തയുടെ ലോകത്തായിരുന്നു അയാള്‍.

ഇത്രയും നേരം ഇതെല്ലാം കേട്ട്, ഏമാന്‍ വായിച്ചു തീര്‍ത്ത പുസ്തകം തിരികെ കൊടുക്കാന്‍ വരിയില്‍ കാത്തുനിന്നിരുന്ന ഒരു കാക്കിധാരിയ്ക്ക് ക്ഷമകെട്ടു. മുന്നോട്ടുവന്ന്, വിരല്‍ ഞൊടിച്ചുക്കൊണ്ട്, സഹായിയോട് പറഞ്ഞു:
"ഇതിലും വലിയ കേസ്സുകള്‍ക്ക് ഞാന്‍ തുമ്പുണ്ടാക്കിയിട്ടുണ്ട്. ഇവനേകൊണ്ട് ഇതിനെല്ലാം ഞാന്‍ തത്ത പറയുന്നപ്പോലെ മറുപടി പറയിപ്പിയ്ക്കാം."

പിന്നെ തിരിഞ്ഞ് താടിക്കാരന്റെ കഴുത്തില്‍ കൂട്ടിപ്പിടിച്ച് നിലത്തു നിന്നും ഉയര്‍ത്തി അലറി:
"ആഹാ... ദേഹോപദ്രവം, മോഷണം, സ്ത്രീപീഢനം... എല്ലാ വകുപ്പുമുണ്ടല്ലൊ. നിന്റെ ശരീരം കണ്ടാ അങ്ങിനെ തോന്നില്ലല്ലൊ, പക്ഷെ ഈ കള്ളത്താടി കണ്ടാലറിയാം. എവിടെയാടാ ഇതൊക്കെ?"

അപ്രതീക്ഷിതമായ അനുഭവമായതുകൊണ്ടും, കഴുത്തിലാണ് പിടുത്തമെന്നതുകൊണ്ടും അയാള്‍ തിടുക്കത്തില്‍, തത്തയുടെ ശബ്ദത്തില്‍ മറുപടി പറഞ്ഞു:
"പെരുവിരല്‍ ദ്രോണാചാര്യരുടെ 'ഷോകേസി'ലുണ്ടാവും. പാണ്ഡവര്‍ പണയം വെച്ചതെല്ലാം എവിടെയാണെന്ന് ശകുനിയ്ക്കറിയാം. പിന്നെ പാഞ്ചാലിയുടെ ചേല; ഞാന്‍ അത്തരക്കാരനല്ല സാര്‍! അത് ദുശ്ശാസനനോട് ചോദിയ്ക്കണം. കവചകുണ്ഡലങ്ങള്‍ ആ പാവം ബ്രാമണ ഇന്ദ്രന്റെ ആഭരണപ്പെട്ടിയിലുണ്ടാവും, ഇല്ലെങ്കില്‍ ഏതെങ്കിലും ആക്രികടയിലുണ്ടാവും. എന്നെ നിലത്തുനിറുത്തൂ പ്ലീസ്സ്..."

അയാളെ നിലത്ത് കുത്തിനിറുത്തിയതിനു ശേഷം കാക്കിധാരി അയാളോട് പറഞ്ഞു:
"ചോദിയ്ക്കേണ്ട രീതിയില്‍ ചോദിച്ചാലേ നീയൊക്കെ സത്യം പറയൂ അല്ലെ? കുറേക്കാലമായി ഞാന്‍ ഒരു താടിക്കാരനെ അന്വേഷിച്ചു നടക്കുന്നു."

പിന്നെ തിരിഞ്ഞ് സഹായിയോട് പറഞ്ഞു:
"വേറെ എന്തെങ്കിലും അറിയാനുണ്ടോ?"

ധര്‍മ്മസങ്കടത്തിലായ സഹായി പരിഭ്രമത്തോടെ മറുപടി പറഞ്ഞു:
"ഇയാള്‍ നിരപരാധിയാണ് സാര്‍. ഇത് ഇരട്ടവാലന്റെ പണിയാണ്. അവന്‍ പത്മവ്യൂഹത്തിലേയ്ക്ക് തുളച്ചു കയറി അഭിമന്യുവിന്റെ അടുത്തെത്തിയത് ഞാന്‍ കണ്ടുപിടിച്ചു."

തന്റെ കാര്യക്ഷമതയെ സംശയിച്ചത് ഇഷ്ടപ്പെട്ടില്ല എന്നുള്ളത് ആ നിയമപാലകന്റെ വാക്കുകളില്‍ വ്യക്തമായിരുന്നു:
"കുറ്റക്കാരന്‍ ആരാണെന്ന് ഞാന്‍ തീരുമാനിച്ചോളാം. നിങ്ങള്‍ക്ക് വേറെ എന്തെങ്കിലും അറിയാനുണ്ടോ?"

മനസ്സില്ലാമനസ്സോടെ സഹായി പറഞ്ഞു:
"സൂര്യനെ കാണാനില്ല."

ജനലിലൂടെ പുറത്തുനോക്കി, അന്വേഷിച്ചത് കാണാഞ്ഞ്, 'ഇതു പോലും ഇവന്‍ അടിച്ചു മാറ്റിയോ?' എന്ന ചോദ്യഭാവത്തില്‍ കാക്കിധാരി താടിക്കാരന്റെ മുഖത്തുനോക്കി.

"അത് കൃഷ്ണന്റെ വേലയാണ് സാര്‍. ജയദ്രഥനെ കിട്ടാന്‍." താടിക്കാരന്‍ കൂടുതല്‍ വിനയവാനായി.

"കൗരവരെ ആരെയും കാണാനില്ല." സഹായി വീണ്ടുമൊരു സത്യം പറഞ്ഞു.

ഒരു 'സീരിയല്‍ കില്ലറെ' നോക്കുന്നപ്പോലെയുള്ള കാക്കിയുടെ നോട്ടം കണ്ട് നടുങ്ങി, താടിക്കാരന്‍ പറഞ്ഞു:
"ഒരു ഈച്ചയെപ്പോലും ഇതുവരെ ഞാന്‍ ഉപദ്രവിച്ചിട്ടില്ല സാര്‍! ഇതിനു പിന്നില്‍ പാണ്ഡവരാണ്."

"അര്‍ജ്ജുനന്റെ ആവനാഴിയില്‍ ഒന്നും കാണാനില്ല."
ഇതുമാത്രം പറയാതിരുന്നിട്ട് കാര്യമില്ലെന്ന് തോന്നിയ സഹായി പറഞ്ഞു.

'ആവനാഴി മാത്രം എന്തിന് ബാക്കിവെച്ചു?' എന്നൊരു ചോദ്യം താടിക്കാരന്റെ മുഖത്തേയ്ക്കെറിഞ്ഞ് കാക്കിധാരി കൂടുതല്‍ അക്ഷമനായി.

"അസ്ത്രങ്ങള്‍ കഴിഞ്ഞിരിയ്ക്കാം, അല്ലെങ്കില്‍ കാലാവധി കഴിഞ്ഞപ്പോള്‍ ഉപേക്ഷിച്ചിരിയ്ക്കാം. പിന്നെ ആ ആവനാഴി; അത് ദേഹത്ത് ഒട്ടിക്കിടന്ന് ഒരു ശീലമായിക്കാണും. എനിയ്ക്ക് ഇതൊന്നും വേണ്ടേ വേണ്ട. എന്റെ ആയുധം ഇതാണ്" കീശയില്‍ നിന്നും ഒരു കറുത്ത പേനയെടുത്ത് ഉയര്‍ത്തി അയാള്‍ പറഞ്ഞു.

ഒരു വിപ്ലവകാരിയെ നോക്കുന്നപ്പോലെ കാക്കിധാരി താടിക്കാരനെ വീക്ഷിച്ചു. പിന്നെ ഒരു കൈബോംബിന്റെ കയ്യകലത്തിനപ്പുറം നീങ്ങിനിന്നു.

"ഈ ഇരട്ടവാലനെ ഇനി എന്തു ചെയ്യും?" സഹായി ആരോടെന്നില്ലാതെ പറഞ്ഞു.

"ആ ധൃതരാഷ്ടര്‍ ഒന്ന് കെട്ടിപ്പിടിച്ചാല്‍ തീരാവുന്ന പ്രശ്നമേയുള്ളു." താടിക്കാരന്‍ ഒരു എളിയ പരിഹാരം നിര്‍ദേശിച്ചു.

"പക്ഷെ ഇരട്ടവാലന്‍ കുറച്ചു മുമ്പ് ഇതില്‍ നിന്നും ചാടിപ്പോയില്ലെ." സഹായി തന്റെ നിസ്സഹായത പ്രകടിപ്പിച്ചു.

"എവിടേയ്ക്ക്?" കാക്കിധാരിയ്ക്ക് തിടുക്കമായി.

"ഇവിടെ തൊട്ടടുത്തുള്ള 'പരിണാമ സിദ്ധാന്ത'ത്തിലേയ്ക്ക്. ഇനിയെന്താകുമൊ?" സഹായി ആകുലച്ചിത്തനായി.

താടി തടവി, മന്ദഹസ്സിച്ച് താടിക്കാരന്‍ പ്രവചിച്ചു:
"ഇരുകാലന്‍!"

Labels: ,

10 Comments:

Blogger സ്നേഹിതന്‍ said...

ഇരട്ടവാലന്.

7:38 PM  
Blogger Rasheed Chalil said...

ഇരുകാലി... ല്ലേ.

9:09 PM  
Blogger ശ്രീനാഥ്‌ | അഹം said...

ഹേ... കൊടകരക്കാരനാണോ? ഇവിടെയാ വീട്‌? എന്റെ വീട്‌ കാരൂര്‍ ആണ്‌. വഴിയമ്പലത്തിനും, മനക്കുളങ്ങരക്കും അടുത്തുള്ള കാരൂര്‍...

9:25 PM  
Blogger siva // ശിവ said...

really very interesting.....thanks

8:11 AM  
Blogger Vishnuprasad R (Elf) said...

kollam

10:51 AM  
Blogger Vishnuprasad R (Elf) said...

kalakki , kollam.pakshe araa aa kaakkidhaari?

10:53 AM  
Blogger Unknown said...

നല്ല രചന

1:22 PM  
Blogger Unknown said...

അപ്പൊ മുള്ളുന്ന വണ്ടിയായി!

ഇനിയെന്നാ അപ്പിയിടുന്ന വണ്ടി വരുന്നെ?
ലോകം തന്നെ മാറുകയല്ലെ അങ്ങനെ സംഭവിച്ചു കൂടായക്യില്ല

1:28 PM  
Anonymous Anonymous said...

നല്ല പോസ്റ്റ്. ആ അവസാന വാക്യം ഇല്ലാതെയും പോസ്റ്റ് ഓടില്ലാരുന്നോ

6:30 PM  
Blogger സ്നേഹിതന്‍ said...

ഇത്തിരിവെട്ടം: അതുതന്നെ. :) നന്ദി.

ശ്രീനാഥ്‌ | അഹം: അവിടെയാണ്. നന്ദി. :)

sivakumar ശിവകുമാര്‍ ஷிவகுமார்: Thank you. :)

Don: ആരുമാകാം. നന്ദി. :)

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍: നന്ദി. :)

~*GuptaN*~ : ഓടുമായിരിയ്ക്കാം. നന്ദി. :)

10:43 PM  

Post a Comment

<< Home