Wednesday, March 28, 2007

സ്മൈല്‍ പ്ലീസ്...

ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തങ്ങളെ ആവശ്യാനുസരണം ഒപ്പിയെടുക്കുകയും, ഒപ്പിയെടുത്തതെല്ലാം കഴുകി, ഉണക്കിയെടുത്ത് സുലഭമായി പകര്‍ത്തികൊടുക്കുകയും ചെയ്തിരുന്ന 'ദൃശ്യ സ്റ്റുഡിയോ', 'ദൃശ്യ വീഡിയോ'യിലേയ്ക്ക് കാലക്രമേണ വളര്‍ന്നപ്പോള്‍, ആ വളര്‍ച്ചയില്‍ പങ്കുചേരാന്‍ എത്തിയതാണ് രാജു. ദീര്‍ഘകാലമായി 'ഫോട്ടോഗ്രാഫര്‍' ആയിരുന്ന നാരായണന്‍ സ്ഥാനക്കയറ്റം കിട്ടി 'വീഡിയോഗ്രാഫര്‍' ആയപ്പോള്‍ നിശ്ചലമായി കിടന്നിരുന്ന ആ ഒഴിവിലേയ്ക്ക് ഒരു സുപ്രഭാതത്തില്‍ കയറിവന്ന നിശ്ചല ഛായാഗ്രാഹിയായിരുന്നു രാജു. ഒന്നോ രണ്ടോ സിനിമകള്‍ക്ക് 'സ്റ്റില്‍സ്' എടുത്തിട്ടുണ്ടെന്നുള്ള അവകാശവാദത്തിന്റേയും, ചില താരങ്ങളുടെ ഫോട്ടോകളുടേയും പിന്‍ബലത്തിലാണ് രാജു ആ ഒഴിവു നികത്തിയത്.

'ദൃശ്യ'യില്‍ എത്തിയതിനു ശേഷം ചിലപ്പോഴൊക്കെ ദൃശ്യമായവയെ അദൃശ്യമാക്കുകയും, അദൃശ്യമായവയെ ദൃശ്യമാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അപ്പോഴെല്ലാം ഉപഭോക്താക്കളോട് യുക്തിയോടെ അത് വിശദീകരിച്ച്, അനുനയിപ്പിച്ച്, അവരുടെ സമചിത്തത കൈവിടാതെ തിരികെ അയയ്ക്കാന്‍ രാജുവിന് സാധിച്ചിട്ടുണ്ട്.

പടം പിടുത്തത്തിനിടയില്‍ സിനിമാ ലോകത്തെപ്പറ്റിയുള്ള രാജുവിന്റെ അതിശയോക്തി കലര്‍ന്ന പ്രഭാഷണത്തിന്റെ പ്രത്യാഘാതമായിരിയ്ക്കണം ചിലരുടെ ചിത്രങ്ങളിലെ പകുതി തുറന്ന വായയ്ക്ക് കാരണം. നായകന്റേയും നായികയുടേയും കണ്ണഞ്ചിയ്ക്കുന്ന താരപ്രഭയുടെ വര്‍ണ്ണന കേട്ട് കണ്ണു മഞ്ഞളിച്ചതായിരിയ്ക്കാം പലരുടേയും ചിത്രങ്ങളിലെ പകുതി അടഞ്ഞ കണ്ണുകള്‍ക്ക് കാരണവും!

ഒരിയ്ക്കല്‍ കാര്‍മേഘവര്‍ണ്ണന്‍ ബീരാന്‍കുട്ടി പാസ്പോര്‍ട്ട് ഫോട്ടോയ്ക്ക് എത്തിയപ്പോള്‍ സൗമ്യമായി പീഠത്തില്‍ പിടിച്ചിരുത്തി, കുടയ്ക്ക് പിന്നിലൊളിപ്പിച്ച ബള്‍ബിനാലും, 'കട്ട്', 'റീടേക്ക്', 'വണ്‍സ് മോര്‍', 'ഫൈനല്‍ ടേക്ക്', 'ഓക്കെ' തുടങ്ങിയ പദപ്രയോഗങ്ങളാലും ധാരാളമായി പ്രകാശിപ്പിച്ച് പകര്‍ത്തിയെടുത്ത ചിത്രം വാങ്ങാന്‍ വരികയും, കണ്ണട എടുക്കാന്‍ മറന്ന ബീരാന്‍കുട്ടിയ്ക്ക് ഒറ്റനോട്ടത്തില്‍ ആ ചിത്രം ഇഷ്ടപ്പെടുകയും, ഇതുപോലെയുള്ള മൂന്നെണ്ണവും ചില്ലിട്ട് വെയ്ക്കാന്‍ ഇമ്മിണി വല്യത് ഒരെണ്ണവും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ സംശയം തോന്നിയ രാജു, കാണാന്‍ കൊടുത്തത് മറ്റാരുടേയോ ചിത്രമാണെന്ന് വൈകിയെങ്കിലും തിരിച്ചറിയുകയും, 'പോസറ്റീവായ' മന്ദഹാസത്തോടെ ശരിയായ ചിത്രം പ്രദര്‍ശിപ്പിയ്ക്കുകയും, മുഖം കൂടുതല്‍ കറുത്ത ബീരാന്‍കുട്ടി തിരികെ പോകുമ്പോള്‍ 'ഇബിലീസ്' എന്ന് പറഞ്ഞത് കേട്ട് രാജു, ഗ്രൂപ്പ് ഫോട്ടോയ്ക്ക് കാത്തുനിന്ന കോളേജ് കുമാരികളുടെ മുമ്പില്‍ 'നെഗറ്റീവാവുകയും' ചെയ്തു.

പതിവുപ്പോലെ ഒരു ദിവസ്സം രാജു മേശപ്പുറത്തെ കാല്‍ ഇഞ്ച് കനമുള്ള ഗ്ലാസ്സ് തുടച്ചു വൃത്തിയാക്കി, അതിനടിയിലുള്ള ഓരോ ചിത്രങ്ങളിലും നോക്കി, ചാരുതയാര്‍ന്ന ആ ചിത്രങ്ങളെടുത്ത തന്റെ പാടവത്തില്‍ അഭിമാനം കൊണ്ടിരുന്ന സമയത്താണ് നാണിയമ്മ പ്രത്യക്ഷപ്പെട്ടത്. നിസ്സാരക്കാര്യങ്ങള്‍ക്ക് നാട്ടുകാരോട് ശണ്ഠകൂടുന്ന, മൂക്കിന്റെ തുമ്പത്ത് ശുണ്ഠിയുള്ള, ചന്തയില്‍ ഉണക്കമീന്‍ കച്ചവടം നടത്തുന്ന നാണിയമ്മ, മകള്‍ കല്ല്യാണിയുടെ കല്ല്യാണം സ്വല്പം ആഡംബരം ആക്കാന്‍ തീരുമാനിയ്ക്കുകയും, വീഡിയോയും ഫോട്ടോയും 'ദൃശ്യ'യെ ഏല്പിയ്ക്കുകയും, കൃത്യം മുപ്പത് ദിവസ്സത്തിനു ശേഷം സ്വഭവനത്തില്‍ കാലത്ത് പത്തിനും പത്തരയ്ക്കും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തിലുള്ള മംഗള കര്‍മ്മത്തിന് കുടുംബസമേതം കാലേക്കൂട്ടി വരാന്‍ ക്ഷണിയ്ക്കുകയും, ആ ക്ഷണം നാരായണന്‍ 'അഡ്വാന്‍സ്'ന്റെ കൂടെ ആ ക്ഷണത്തില്‍ സ്വീകരിയ്ക്കുകയും ചെയ്തു.

കല്ല്യാണ ദിവസ്സം വീഡിയോഗ്രാഫര്‍ നാരായണനും, അത്ര 'ലൈറ്റ്' അല്ലാത്ത ലൈറ്റ്ബോയ് ബാബുവും, നിശ്ചലന്‍ രാജുവും നേരത്തേ വന്നെത്തുകയും, രാജു വീട്ടിലും പറമ്പിലും വീട്ടുമുറ്റത്ത് കെട്ടിയുയര്‍ത്തിയിരുന്ന തോരാപന്തലിലും ഓടിനടക്കുകയും, ഇടയ്ക്കിടയ്ക്ക് 'ലൊക്കേഷന്‍... ലൊക്കേഷന്‍...' എന്ന് വിളിച്ചുപറയുകയും ഒടുവില്‍ മണ്ഡപത്തിനരുകിലായി സ്ഥാനം പിടിയ്ക്കുകയും, കുറച്ച് കളഭം എടുത്ത് നെറ്റിയില്‍ തേയ്ക്കുകയും, താലത്തിലിരിയ്ക്കുന്ന ചെറുനാരങ്ങകള്‍ ഓരോ പോക്കറ്റിലിടുകയും വേറൊരെണ്ണമെടുത്ത് തിരുമ്മി മണപ്പിയ്ക്കുകയും, കിതപ്പു മാറ്റുകയും ചെയ്തു.

ചുവരില്‍ തൂക്കിയ പൂര്‍വ്വപിതാക്കളുടെ ചിത്രങ്ങളില്‍ തുടങ്ങി തുണിക്കടയുടെ പരസ്യ കലണ്ടറുകളിലെ സിനിമാനടിമാരെ കവര്‍ന്ന് മൂവര്‍ സംഘം പ്രതിശ്രുതവധുവിനെ അണിയിച്ചൊരുക്കുന്ന മുറിയിലേയ്ക്ക് തള്ളിക്കയറി പലവട്ടം 'ടേക്കുകള്‍' നടത്തി. കുങ്കുമം മുതല്‍ കണ്‍മഷി വരെ 'ക്ലോസ്സപ്പ്' ചെയ്തു; കൂട്ടത്തില്‍ വധുവിനേയും ചുറ്റുമുള്ള ലലനാമണികളേയും.

'കുട്ടിയ്ക്ക് സിനിമേല് നല്ല ഭാവീണ്ട് ' എന്നുള്ള പ്രശംസയെറിഞ്ഞ് കൂട്ടത്തിലൊരു കണ്‍മണിയെ രാജു 'സൂം' ചെയ്ത് നിശ്ചലമാക്കുന്നതിനിടയിലാണ് വരനും കൂട്ടരും വന്നെത്തിയെന്ന വാര്‍ത്ത കേട്ടത്. ആ വാര്‍ത്ത കേട്ട് പന്തലിലേയ്ക്ക് കുതിയ്ക്കാനൊരുങ്ങിയ മൂവരും, വധുവിന്റെ ചേച്ചിയുടെ 'വീഡിയോവിനുള്ള പണം പെണ്‍വീട്ടുകാരാണ് കൊടുക്കുന്നതെന്നും തിരക്കടിയ്ക്കേണ്ട' എന്നുമുള്ള സൂചന മൂലം തുടര്‍ന്ന് അവിടേയ്ക്ക് 'സ്ലോമോഷനി'ലാണ് നീങ്ങിയത്.

പ്രതിശ്രുതവരനേയും സംഘത്തേയും പകര്‍ത്താന്‍ കാത്തു നിന്ന നാരായണന്റെ തോളിലേന്തിയ ക്യാമറയ്ക്കു മുമ്പിലൂടെ വെള്ളിവെളിച്ചത്തില്‍ കുളിച്ച്, കിണുകിണുങ്ങി, കുണുങ്ങി കുണുങ്ങി പല പട്ടുസാരികളും, പട്ടുപാവാടകളും ചുരിദാര്‍ കനവുകളും കടന്നു പോയി. തുടര്‍ന്നു വന്ന ഒരു കാരണവര്‍ ക്യാമറയെ കണ്ടതും ഇടത്തേ തോളില്‍ കിടന്ന മേല്‍മുണ്ടെടുത്ത് വിയര്‍ത്ത മുഖം തുടച്ച് വലത്തേ തോളിലിടുകയും, കുപ്പായകീശയില്‍ നിന്നും കണ്ണടയെടുത്ത് വച്ച് നാരായണനെ നോക്കി ചിരിയ്ക്കുകയും, ക്യാമറ കടന്നപ്പോള്‍ കണ്ണട മടക്കി കീശയിലിടുകയും ചെയ്തു. പിന്നാലെ വാലു പോലെ വന്ന വല്ല്യമ്മ ക്യാമറയെ കണ്ട് നാണം വന്ന് മറയന്വേഷിച്ചു. ഒടുവില്‍ വന്ന, അത്യാവശ്യം പെട്ടയും ആവശ്യത്തിലധികം പട്ടയുടെ മണവുമുള്ള കൊമ്പന്‍മീശക്കാരന്‍, ക്യാമറയെ അവഗണിച്ച്, ചുവന്ന ഉണ്ടക്കണ്ണുകള്‍ കൊണ്ട് വീടിന്റെ വീതിയും ഉയരവും അളക്കുന്നതു കണ്ടപ്പോള്‍, 'പുരനിറഞ്ഞു നില്ക്കുന്നവര്‍ ഇനിയാരെങ്കിലുമുണ്ടോ ഈ വീട്ടില്‍' എന്ന് അന്വേഷിയ്ക്കുകയാണെന്ന് രാജുവിന് തോന്നി.

മുഹൂര്‍ത്തത്തിന് ഇനിയും സമയമുണ്ടെന്നറിഞ്ഞ രാജു ആ വിലപ്പെട്ട നിമിഷങ്ങള്‍ പാഴാക്കരുതെന്ന് തീരുമാനിയ്ക്കുകയും അതനുസരിച്ച് പ്രതിശ്രുത വധുവരന്മാരെ സമീപിയ്ക്കുകയും 'പന്തലിന്റെ മുമ്പിലൊരു ഫോട്ടോ' എന്ന പ്രലോഭനത്തിന് മനസ്സില്ലാമനസ്സോടെ അവര്‍ വഴിപ്പെടുകയും ചെയ്തു. പിന്നീട് അവിടെ നിന്നും അല്പം അകലെയുള്ള ചെന്തെങ്ങിന്റെ ചുറ്റിലേയ്ക്കും അവര്‍ നീങ്ങി. കല്ല്യാണവീട്ടിലെ കാര്യങ്ങളെല്ലാം ഓടിനടന്ന് അന്വേഷിച്ചിരുന്ന ഒരു കാരണവര്‍ കുറച്ചു നേരം കഴിഞ്ഞപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്: 'കല്ല്യാണപ്പെണ്ണിനെ കാണാനില്ല!'. അല്പം കഴിഞ്ഞപ്പോഴാണ് മറ്റൊരു കാര്യവും ശ്രദ്ധയില്‍പെട്ടത് 'കല്ല്യാണച്ചെക്കനേയും കാണാനില്ല!'.

ചുവന്ന 'നെയില്‍ പോളീഷ്' ഇട്ട നഖം കൊണ്ട് വിനയവും ശ്രംഗാരവും കൂടികലര്‍ന്ന ചേതോവികാരങ്ങള്‍ പറമ്പിന്റെ അറ്റത്തുള്ള കശുമാവിന്റെ തടിയില്‍ ഉല്ലേഖനം ചെയ്തിരുന്ന പ്രതിശ്രുതവധുവിന്റേയും, ആ വികാരങ്ങള്‍ കത്തിപ്പടര്‍ന്ന് ശിഖരങ്ങളിലൂടെ ചുറ്റിലും പ്രസരിച്ചത് പിടിച്ചെടുത്ത 'നോക്കിയ'യെ വലത്തേ കയ്യില്‍ മുറുകെ പിടിച്ച്, ചെവിയിലമര്‍ത്തി, ആകാശത്തേയ്ക്ക് നോക്കി, 'കണ്‍ഫ്യൂഷനായി' നില്ക്കുന്ന പ്രതിശ്രുതവരന്റേയും നിശ്ചലരംഗം, മുക്കാലിയുടെ മുതുകത്തിരിയ്ക്കുന്ന കറുത്ത കൊച്ചു പെട്ടിയില്‍ പകര്‍ത്താന്‍ രാജു പാടുപെടുമ്പോഴാണ് കാരണവര്‍ അവിടേയ്ക്ക് ഓടിയെത്തിയതും പിടിച്ചുനിര്‍ത്തിയ എല്ലാ ശ്വാസങ്ങളും വിട്ടതും.

മഹൂര്‍ത്തത്തിന് അരമണിക്കൂര്‍ മുമ്പേ കറന്റ് പോയപ്പോള്‍ 'മരിച്ചു പോയോര്‍ക്ക് വീതം വെയ്ക്കാന്‍ മറന്നോ' എന്ന് ആരോ സംശയം പ്രകടിപ്പിയ്ക്കുകയും, ആ സന്ദേശം 'ലൈന്‍മാന് കൊടുക്കേണ്ടത് ലൈന്‍മാന് കൊടുത്തോ' എന്നൊരു സന്ദേഹം രാജുവില്‍ ഉടലെടുക്കുന്നതിനു കാരണമാവുകയും ചെയ്തു. മുന്‍കരുതലായി കൊണ്ടുവന്നിരുന്ന ജനറേറ്റര്‍ ബാബുവിന്റെ വലിയും, ചവിട്ടും, തൊഴിയും സഹിയ്ക്കവയ്യാതെ ചുമച്ചുതുപ്പി നിദ്രയെ വെടിയുകയും, അവന്റെ കണ്ണുകളും കയ്യിലുള്ള 'ഹാലൊജനും' പ്രകാശപൂരിതമാക്കുകയും ചെയ്തു.

മിന്നുകെട്ടിന്റെ മനോഹര ദൃശ്യമെടുക്കാന്‍ അവസാന നിമിഷത്തില്‍ രാജു മറുകണ്ടം ചാടുകയും, ഈ കാലുമാറ്റം ഇഷ്ടപ്പെടാത്ത, 'വീഡിയോ ക്യാമറ'യിലേയ്ക്കുള്ള മരണവള്ളി തേടാതെത്തന്നെ കാലില്‍ ചുറ്റി രാജുവിനെ നിലംപരിചാക്കുകയും, വീണിടത്തുനിന്നും സടകുടഞ്ഞെണീറ്റ രാജു തന്റെ 'സ്റ്റില്‍സ് ക്യാമറ' കുലുക്കിനോക്കുകയും, കേട്ട പ്രത്യേക ശബ്ദത്തെ അവഗണിയ്ക്കുകയും, നാരായണന്റെ തോളിലിരിയ്ക്കുന്ന ചൈതന്യമറ്റ വീഡിയോ ക്യാമറയിലേയ്ക്ക് മരണവള്ളിയെ തിരുകിക്കയറ്റുകയും ചെയ്തുവെങ്കിലും അതിനകം താലികെട്ട് കഴിഞ്ഞിരുന്നു.

താലികെട്ടിന്റെ സ്റ്റില്‍സും വീഡിയോവും ഇല്ലാതെ 'ദൃശ്യ'യിലേയ്ക്ക് മടങ്ങിയാല്‍ തന്റെ ജോലി അദൃശ്യമാകും എന്നറിയാമായിരുന്ന രാജു പ്രശ്നപരിഹാരത്തിനുള്ള ഏക പോംവഴി കണ്ടെത്തുകയും, ബഹുഭാഷകളില്‍ ഏകകണ്ഠമായി എല്ലാവരോടും അതുറക്കെ പ്രഖ്യാപിയ്ക്കുകയും ചെയ്തു:

"ആരെങ്കിലും ആ താലിയൊന്ന് അഴിയ്ക്കൂ...
പ്ലീസ്... ഇപ്പൊ കെട്ടാം.
ലാസ്റ്റ് ടേക്ക്.
ലൈറ്റ്സ് ... ക്യാമറ... ആക്ഷന്‍... "

'(പൊന്നു) മോനേ...' എന്നു തുടങ്ങുന്ന ഒരു വാചകം നാണിയമ്മയുടെ നാവിന്‍ തുമ്പില്‍ കലിതുള്ളി പുറത്തു ചാടാന്‍ തുടങ്ങിയെങ്കിലും സ്ഥലകാല ബോധം വീണ്ടെടുത്ത നാണിയമ്മ, ഇതു ചന്തയല്ല സ്വഭവനമാണെന്നും, കച്ചവടമല്ല കല്ല്യാണമാണെന്നും തിരിച്ചറിയുകയും പ്രഹരശേഷി മുഴുവന്‍ ഇരുകണ്ണുകളിലേയ്ക്ക് ആവാഹിയ്ക്കുകയും ചെയ്തു. തൃക്കണ്ണു പോലെയുള്ള വലിയ ചുവന്ന പൊട്ടിനു താഴെ ഇരുവശങ്ങളിലുമുള്ള അഗ്നിഗോളങ്ങളില്‍ നിന്നും രക്ഷപ്പെടാനായി തന്റെ ക്യാമറയ്ക്കു പിന്നില്‍ ഒളിച്ച രാജു മൃദുവായി ശാന്തിമന്ത്രമോതി:

"സ്മൈല്‍ പ്ലീസ്..."



(ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം.)

Labels:

11 Comments:

Blogger സ്നേഹിതന്‍ said...

(ഒരു കൊച്ചു കുറിപ്പ്: 'ഈ കുടക്കീഴില്‍ ' (http://bahuvarnakuda.blogspot.com) എന്ന ഒരിടത്തു മാത്രമാണ് ഞാന്‍ പോസ്റ്റുന്നത്. 'സ്നേഹിതന് 'എന്ന ബ്ലോഗുനാമത്തില്‍ മാത്രമാണ് പോസ്റ്റുകളും കമന്റുകളും രേഖപ്പെടുത്തുന്നതും. 'പിന്മൊഴി'യിലല്ലാതെ മറ്റ് ഗ്രൂപ്പുകളിലൊ ചാറ്റ്റൂമുകളിലൊ അംഗവുമല്ല. 'Snehithan' എന്ന ആംഗലേയ നാമത്തില്‍ നെറ്റില്‍ പലയിടത്തും കാണുന്നത് ഈ 'സ്നേഹിതന്‍ ' അല്ല എന്നും അറിയിയ്ക്കട്ടെ.)

കഴിഞ്ഞ ഒരു വര്‍ഷമായി ഈ ബ്ലോഗില്‍ എഴുതിയതെല്ലാം ക്ഷമയോടെ വായിയ്ക്കുകയും, വിമര്‍ശിയ്ക്കുകയും, പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്ത എല്ലാവര്‍ക്കും എന്റെ എളിയ നന്ദി.

8:01 PM  
Blogger കുട്ടന്‍സ്‌ | S.i.j.i.t.h said...

സ്മൈല്‍ പ്ലീസ്..രസകരമായ വിവരണം സ്നേഹിതാ..ലേക്ഫോറസ്റ്റ് വിശേഷങ്ങള്‍ എന്തുണ്ട്..??

9:08 PM  
Blogger പാവാടക്കാരി said...

നല്ല വിവരണം..മുറിയാത്ത എഴുത്ത്..

ഇതെങ്ങനെയാ ഇത്രേം നീളമ്മുള്ള സെന്റന്‍സ് എഴുതുന്നെ?:-)

10:37 PM  
Blogger സു | Su said...

സ്നേഹിതാ :) പാവം രാജു. ഇങ്ങനെ എവിടെയൊക്കെ സംഭവിച്ചിട്ടുണ്ടാകും അല്ലേ?

നന്നായിട്ടുണ്ട്.

11:49 PM  
Blogger കുറുമാന്‍ said...

രാജു വീട്ടിലും പറമ്പിലും വീട്ടുമുറ്റത്ത് കെട്ടിയുയര്‍ത്തിയിരുന്ന തോരാപന്തലിലും ഓടിനടക്കുകയും, ഇടയ്ക്കിടയ്ക്ക് 'ലൊക്കേഷന്‍... ലൊക്കേഷന്‍...' എന്ന് വിളിച്ചുപറയുകയും ഒടുവില്‍ മണ്ഡപത്തിനരുകിലായി സ്ഥാനം പിടിയ്ക്കുകയും, കുറച്ച് കളഭം എടുത്ത് നെറ്റിയില്‍ തേയ്ക്കുകയും, താലത്തിലിരിയ്ക്കുന്ന ചെറുനാരങ്ങകള്‍ ഓരോ പോക്കറ്റിലിടുകയും വേറൊരെണ്ണമെടുത്ത് തിരുമ്മി മണപ്പിയ്ക്കുകയും, കിതപ്പു മാറ്റുകയും ചെയ്തു - നല്ല വിവരണം, സ്നേഹിതാ.

പക്ഷെ പഴയ കഥകളുടെ അത്ര ഗുമ്മില്ല ഈ കഥക്ക് എന്നു പറയാതിരിക്കാന്‍ വയ്യ.

12:01 AM  
Blogger അഭയാര്‍ത്ഥി said...

കല്യാണ രംഗങ്ങള്‍.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ട്‌ ജൂണ്‍ 28.
കല്യാണ പന്തല്‍.
പൂമ്മാലൈ ഇടാന്‍ തുനിയുമ്പോള്‍ മുണ്ടൂരി പൊകുന്നു.
പുഷ്പാംജലീ ഹാളീല്‍ ചിരിയുടെ മാലപ്പടക്കം.
മുഴുവന്‍ കോമഡി സീനുകളൂള്ള ഒരു ടെയ്ക്കായിരുന്നു എന്റേത്‌.
വടക്കുനോക്കിയിലെ പടങ്ങളും ശ്രീനിവാസന്റെ ചേഷ്ടകളും
എന്നെ ചിരിപ്പിക്കാത്തത്‌ അതുകൊണ്ട്‌ തന്നെ.

എല്ലാ കല്യാണ ആല്‍ബവും ചിരിക്ക്‌ വക നല്‍കുന്നു. ഒന്ന്‌ മിനക്കെട്ട്‌
ആ ഫോട്ടോയ്യില്‍ പതിഞ്ഞവരുടെ മനോവ്യാപാരങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ച്‌
നോക്കു.

സ്നേഹിതാ പടം പതിഞ്ഞിരിക്കുന്നല്ലാ
(കിലുക്കം മോഹന്‍ലാലിനോട്‌ കടപ്പാട്‌.)

തവളപിടുത്തം തൊട്ടിതുവരേക്കും ചിരിയുടെ ഡോസ്‌ കുറഞ്ഞിട്ടില്ല എഴുതുന്നതിലൊക്കേയും.

12:34 AM  
Blogger krish | കൃഷ് said...

കൊള്ളാം സ്നേഹിതാ.. ഇങ്ങനെ വേണം കല്യാണതിന്‌ പടം പിടിക്കാന്‍. നമ്മുടെ കുറുമാനെ വിളിച്ചാല്‍ പൂട്ടുകുറ്റിയുംവെച്ച്‌ ഇതിലും നന്നായി കവര്‍ ചെയ്യുമല്ലോ.

(കൊച്ചുകൊച്ചു സന്തോഷങ്ങളില്‍ ജയറാമും സഹായും കൂടി കല്യാണം കവര്‍ ചെയ്യുന്ന സീന്‍ ഓര്‍മ്മ വന്നു.)

1:10 AM  
Blogger സ്നേഹിതന്‍ said...

കുട്ടന്‍സ്: നന്ദി. ഇവിടെ വിശേഷങ്ങള്‍ പതിവുപോലെ. :)
ബാംഗളൂര്‍ ശാന്തമായെന്ന് കരുതുന്നു.

പാവാടക്കാരി: നന്ദി. എഴുത്ത് മുറിയ്ക്കണം. :)

സു: നന്ദി. സംഭവിച്ചിരിയ്ക്കാം, സംഭവിയ്ക്കാം. :)

കുറുമാന്‍: തുറന്നെഴുതിയതിനു നന്ദി. പോസ്റ്റിംഗ് കഴിഞ്ഞപ്പോള്‍ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി. (സാധാരണയായി പോസ്റ്റിംഗ് കഴിഞ്ഞാണ് അങ്ങിനെ തോന്നുക) :)

ഗന്ധര്‍വ്വന്‍: പുഷ്പാംജലീ ഹാളീല്‍ ആരൊക്കെ ചിരിച്ചിട്ടുണ്ടായാലും ചിരിയ്ക്കാന്‍ സാധിയ്ക്കാതിരുന്ന ചിലരുണ്ടായിരുന്നിരിയ്ക്കും :)
ഗന്ധര്‍വ്വന്‍ പറഞ്ഞത് തീര്‍ത്തും ശരിയാണ്. കല്ല്യാണ ആല്‍ബങ്ങളും വീഡിയോകളും സ്വഭാവിക രംഗങ്ങള്‍ മൂലം പലപ്പോഴും ചിരിയ്ക്ക് വക നല്‍കുന്നു. എങ്കിലും ഈയിടെ കണ്ട ഒരു കല്ല്യാണ വീഡിയോവില്‍ കൃത്രിമത്വം കൂടുതലായി തോന്നി.
കമന്റിനും അനുഭവം പങ്കിട്ടതിനും നന്ദി.

കൃഷ്: നന്ദി.


ഈ ബ്ലോഗിന്റെ പിറന്നാളിന് ഇവിടെ വരുകയും കമന്റുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി. :)

2:50 PM  
Blogger സ്നേഹിതന്‍ said...

Biby Cletus: Thanks and welcome.

11:42 AM  
Blogger myexperimentsandme said...

ഹ...ഹ... സ്നേഹിതാ, പ്രത്യേക രീതിയിലുള്ള വിവരണം.

ചാലക്കുടിയിലെ ഫോട്ടോഗ്രാഫര്‍മാരുമായി ആത്മബന്ധമുണ്ടേ :)

3:23 PM  
Blogger സ്നേഹിതന്‍ said...

വക്കാരി: നന്ദി.

പണ്ട് കണ്ടിട്ടുള്ള രസകരങ്ങളായ ചില വീഡിയോ റെക്കോര്‍ഡിംഗ് രംഗങ്ങള്‍ ഈയിടെ ഒരു കല്ല്യാണ വീഡിയോ കണ്ടപ്പോള്‍ ഓര്‍ത്തതാണ് ഈ പോസ്റ്റിന് കാരണം.

ചില ഫോട്ടോഗ്രാഫര്‍മാരുമായി എനിയ്ക്കും ആത്മബന്ധമുണ്ടേ :)

10:15 PM  

Post a Comment

<< Home