Tuesday, August 15, 2006

തെക്കും വടക്കും

ഒളിച്ചോടിയാലും ജീവിയ്ക്കണം. മുംബെയില്‍ കൂട്ടുകാര്‍ കാത്തു നില്ക്കും. എന്തു വന്നാലും ആത്മഹത്യ ചെയ്യില്ല. ബാലകൃഷ്ണ തീരുമാനിച്ചുറച്ചു.

തലേ ദിവസം കോളേജില്‍ വെച്ച് സുനന്ദിനിയ്ക്ക് ട്രെയിന്‍ ടിക്കറ്റ് കൈമാറിയിരുന്നു, സീറ്റ് നമ്പര്‍ പറഞ്ഞു കൊടുത്തിരുന്നു; കൂടാതെ പരിചയമുള്ളവരുടെ മുമ്പില്‍ ചെന്നു പെടാതിരിയ്ക്കാനായി പ്ലാറ്റ്ഫോമില്‍ എവിടെയെങ്കിലും മറഞ്ഞു നില്ക്കാനും, ട്രെയിനെത്തിയാല്‍ ഉടനെ കംപാര്‍ട്ടുമെന്റില്‍ കയറാനും തീരുമാനിച്ചിരുന്നു. പക്ഷെ അവളെവിടെ? വേറെ കംപാര്‍ട്ടുമെന്റില്‍ കയറിയിരിയ്ക്കാം.

ആന്ധ്രയിലെ കൊണ്ടപുരം റെയില്‍വേ സ്റ്റേഷനിലെ അല്പ വിരാമത്തിനുശേഷം വടക്കോട്ട് മുംബെയിലേയ്ക്ക് പതുക്കെ കുതിച്ചു തുടങ്ങിയ ജയന്തി ജനതയില്‍ നിന്നും അവന്‍ വിയര്‍ത്ത്, വിറച്ച് പ്ലാറ്റ്ഫോമിലേയ്ക്കും കംപാര്‍ട്ടുമെന്റിലേയ്ക്കും മാറി മാറി നോക്കി.

തൊട്ടടുത്ത പ്ലാറ്റ്ഫോമില്‍ നിന്നും തെക്കോട്ട് കന്യാകുമാരിയിലേയ്ക്ക് കുതിച്ചു തുടങ്ങിയ ജയന്തി ജനതയില്‍* അവനെക്കാത്ത് അവളും വ്യാകുലയായ് വേപഥു പൂണ്ടു.

__________________________________________________
* കന്യാകുമാരിയിലേയ്ക്ക് പോകുന്ന ജയന്തി ജനതയും (കന്യാകുമാരി എക്സ്പ്രസ്സ് ) മുംബെയിലേയ്ക്ക് പോകുന്ന ജയന്തി ജനതയും ആന്ധ്രയിലെ കൊണ്ടപുരം റെയില്‍വേ സ്റ്റേഷനില്‍ തൊട്ടടുത്ത പ്ലാറ്റ്ഫോമുകളില്‍ സമയം തെറ്റി ചിലപ്പോള്‍ ഒരേ സമയം എത്തിച്ചേരാറുണ്ട്.

14 Comments:

Blogger സ്നേഹിതന്‍ said...

തെക്കും വടക്കും!

7:54 PM  
Blogger Adithyan said...

ആകസ്മികമായ ഒരു അപകടം! :)

7:57 PM  
Blogger വക്കാരിമഷ്‌ടാ said...

ഹോ... കഷ്ടം! കാതല്‍ കോട്ടയെന്നോ മറ്റോ ഉള്ള അജിത്-ദേവയാനി പടത്തില്‍ ഇതുപോലല്ലെങ്കിലും തൊട്ടു തൊട്ടില്ല എന്ന രീതിയില്‍ അവര്‍ രണ്ടുപേരും ഒത്തിരി സ്ഥലത്ത് മിസ്സായി അവസാനം പടം തീരുന്നതിന് ഒരു സെക്കന്റ് മുന്‍പ് മാത്രം അവര്‍ കണ്ടുമുട്ടുന്നു, ആദ്യമായി. ആലോചിച്ച് നോക്കിക്കേ, പടം എങ്ങാനും ഒരു സെക്കന്റ് മുന്‍പ് തീര്‍ന്നിരുന്നെങ്കിലോ? അവര്‍ ഒരിക്കലും കണ്ടുമുട്ടില്ലായിരുന്നു. കാണികളുടെ ഭാഗ്യം :)

സ്നേഹിതാ, ഒരു നുറുങ്ങ് പുലിയും കൂടിയാണല്ലേ. കൊള്ളാം :)

8:19 PM  
Blogger വയനാടന്‍ said...

ബാലകൃഷ്ണാ... നീ പേടിക്കണ്ടാ....അവള്‍ അടുത്ത സ്റേറഷനില്‍ ഇറങ്ങിക്കൊള്ളും. നാളെ കോളേജില്‍ വച്ചുകണ്ട് അടുത്ത യാത്ര പ്ളാന്‍ ചെയ്യാം. അല്ലാ.. നിങ്ങള്‍ക്കാര്‍ക്കും മൊബൈല്‍ ഇല്ലേ?......

കഥ കൊള്ളാം... നീ എന്തിനാടാ ഇങ്ങനെ കരയിപ്പിക്കുന്നതു? (കടപ്പാട്-കുടിയന്‍ ബൈജു)

9:35 PM  
Blogger Raghavan P K said...

ഗാപ്‌ ഓഫ്‌ കമ്മുണികേഷന്‍....പലപ്പോഴും സംഭവിക്കുന്നത്‌.

10:32 PM  
Blogger റീനി said...

ബാലകൃഷ്ണാ, അണുങ്ങള്‌ പ്ലാനിങ്ങില്‌ ഡീറ്റൈയില്‍ ഓറിയെന്റട്‌ അല്ലാ
അല്ലാത്‌ എന്തു പറയാന്‍? അടുത്ത ഒളിച്ചോട്ടം അവളു പ്ലാന്‍ ചെയ്യട്ടെ.

10:35 PM  
Blogger ദില്‍ബാസുരന്‍ said...

ഛെ.. ഛെ..

ഇതൊക്കെ ഓളിച്ചോട്ടം പ്ലാന്‍ ചെയ്യുന്നതിലെ അനുഭവമില്ലായ്മ കൊണ്ട് പറ്റുന്നതാണ്. വിശദമായി മാപ്പ് വരച്ച്, പ്ലാന്‍ ഏ, പ്ലാന്‍ ബി കൂടാതെ എമര്‍ജന്‍സി എക്സിറ്റ് പ്ലാന്‍,കണ്ടിജന്‍സി റീയൂണിയന്‍ സ്പോട്ട് എന്നിവയൊക്കെ വേണ്ടേ. ഒന്നുമില്ലെങ്കിലും രണ്ട് മൊബൈലെങ്കിലും സംഘടിപ്പിക്കണ്ടേ.

മോശം.. മോശം..

10:53 PM  
Blogger വിശാല മനസ്കന്‍ said...

സ്‌നേഹിതാ. വളരെ നന്നായിട്ടുണ്ട്.

രണ്ടാളുടെ കയ്യിലും മൊബൈലുകള്‍ (ചാര്ജ്ജും കണക്ഷനും ക്രെഡിറ്റും റേയ്ഞ്ചുമടക്കം) ഉണ്ടായിരുന്നെങ്കില്‍... സംഭവിക്കാതെ പോകുമായിരുന്ന ദുരന്തം. :)

മൊബൈലുകള്‍ ഉണ്ടായിരുന്നെങ്കില്‍..എത്രയോ സിനിമകളുടെ ക്ലാമാക്സ് തന്നെ മാറിപ്പോയേനെ ല്ലേ??

11:19 PM  
Blogger വിശാല മനസ്കന്‍ said...

ദില്‍ ബാസു..
ഉം ഉം ഉം..!

11:21 PM  
Blogger ദില്‍ബാസുരന്‍ said...

വിശാലേട്ടാ ഹ ഹ!

“എന്റെ മോന് ഇത്രയും വിദഗ്ധമായി നാട്ടുകാരേയും വീട്ടുകാരേയും പറ്റിക്കാന്‍ പറ്റില്ല. ഏത് പന്നിയാണ് ഈ പ്ലാന്‍ അവന് കൊടുത്തത് ?”എന്ന് ചോദ്യം ഇപ്പോഴും എന്റെ കാതില്‍ മുഴങ്ങുന്നു.

11:34 PM  
Blogger സന്തോഷ് said...

സിനിമകളിലൊക്കെ കാണുന്ന (വന്ദനമുള്‍പ്പടെ) ഒരു സ്ഥിരം നമ്പരാണെങ്കിലും സ്നേഹിതന്‍ നന്നായി എഴുതിയിരിക്കുന്നു.

11:58 PM  
Blogger കൈത്തിരി said...

ന്റെ ഭാര്യേന്റെ പേര് സുനന്ദിനീന്നല്ലല്ലൊ, ഇനി എവള് പേരു മാറ്റിയോ... ശ്രീമതി ഇങ്ങനാ കണ്ണുതെറ്റിയാല്‍ തിരിഞ്ഞു കിടക്കുന്ന ട്രെയിനില്‍ കയറിക്കളേം.... (അയ്യോ, ഞാന്‍ ഓടി...)

12:46 AM  
Blogger വയനാടന്‍ said...

കൈത്തിരിയെ കെട്ടിയെന്നു കരുതി മൊത്തം തല തിരിഞ്ഞെ ചെയ്യൂ എന്നു പറയരുത്

1:37 AM  
Blogger സ്നേഹിതന്‍ said...

കറേ വര്‍ഷങ്ങള്‍ക്കു മുമ്പ്, അതായത് മൊബൈല്‍ ഫോണ്‍ ഇന്ത്യയില്‍ പ്രചാരത്തിലാകുന്നതിനു മുമ്പ് നടന്ന ഒരു ചെറിയ സംഭവമാണ് ഈ കഥയ്ക്ക് പ്രചോദനമായത്.

ബോംബെയില്‍ (അന്ന് മുംബെ അല്ല) നിന്നും നാട്ടിലേയ്ക്ക് ജയന്തി ജനതയില്‍ വരുമ്പോള്‍ കൊണ്ടപുരം റെയില്‍വേ സ്റ്റേഷനിലെ രണ്ടു മിനിറ്റ് സറ്റോപ്പില്‍ പുറത്തിറങ്ങിയപ്പോള്‍ പ്ലാറ്റ്ഫോമില്‍ പതിവില്‍ കൂടുതല്‍ മലയാളികളെ കണ്ടു. അപ്പോഴാണ് തൊട്ടപ്പുറത്ത് നിര്‍ത്തിയിട്ടിരിയ്ക്കുന്ന വടക്കോട്ടേയ്ക്കുള്ള ജയന്തി ജനത കണ്ടത്. ചായ വാങ്ങി തിരികെ കയറി ട്രെയിന്‍ മാറിയിട്ടില്ലെന്ന് ഉറപ്പു വരുത്തി.

ട്രെയിന്‍ പുറപ്പെട്ട് കറേക്കഴിഞ്ഞപ്പോള്‍ തൊട്ടപ്പുറത്തു നിന്നും ഒരു തേങ്ങി കരച്ചില്‍. ഒരു കൊച്ചു കുട്ടിയേയും മടിയിലിരുത്തി ഒരു സ്ത്രീ കരയുന്നു. അവരുടെ ഭര്‍ത്താവിനെ കാണാനില്ല!

ആ ട്രെയിന്‍ മുഴുവന്‍ തിരഞ്ഞിട്ടും അയാളെ കണ്ടെത്തിയില്ല. അടുത്ത സറ്റേഷനില്‍ ട്രെയിന്‍ നിറുത്തിയപ്പോള്‍ ഞങ്ങള്‍ സറ്റേഷന്‍ മാസ്റ്ററെ വിവരമറിയിച്ചു. അപ്പോഴാണ് സറ്റേഷന്‍ മാസ്റ്റര്‍ ഒരു സന്ദേശം ഞങ്ങള്‍ക്കു തന്നത്. 'നഷ്ടപ്പെട്ട' ഭര്‍ത്താവിനെ കണ്ടുകിട്ടിയിരിയ്ക്കുന്നു. വടക്കോട്ടു പോയിരുന്ന ജയന്തി ജനതയില്‍ മാറിക്കയറിയ ഭര്‍ത്താവ് അടുത്ത സ്റ്റേഷനിലിറങ്ങി തിരികെ വരാനായി നല്ലവനായ അവിടുത്തെ സറ്റേഷന്‍ മാസ്റ്ററുടെ സഹായത്തോടെ അടുത്ത ട്രെയിനിനായി കാത്തു നില്ക്കുന്നു.

ഭക്ഷണ പാനീയങ്ങളും ആശ്വാസ വാക്കുകളുമായ് ഞങ്ങളെല്ലാവരും ആ സ്ത്രീയ്ക്കും കുട്ടിയ്ക്കും സഹായമാകാന്‍ ശ്രമിച്ചു. പിറ്റേ ദിവസം പുലര്‍ച്ചയ്ക്ക് തൃശൂരിലിറങ്ങുമ്പോള്‍ കണ്ട കരഞ്ഞു തളര്‍ന്നുറങ്ങുന്ന ആ കുട്ടിയുടെ മുഖവും, കരഞ്ഞു തളര്‍ന്നിട്ടും ഉറങ്ങാത്ത സ്ത്രീയുടെ മുഖവും കുറേക്കാലം മനസ്സില്‍ തങ്ങി നിന്നു.

വായിയ്ക്കുകയും കമന്റുകയും ചെയ്ത എല്ലാവര്‍ക്കും പ്രത്യേക നന്ദി.


ആദിത്യന്‍ : അപകടം തന്നെ. കമന്റിയതിനു നന്ദി. :)

വക്കാരി : "പടം എങ്ങാനും ഒരു സെക്കന്റ് മുന്‍പ് തീര്‍ന്നിരുന്നെങ്കിലോ? അവര്‍ ഒരിക്കലും കണ്ടുമുട്ടില്ലായിരുന്നു." - രസിപ്പിച്ചു.
കമന്റിയതില്‍ സന്തോഷം. :)

വയനാടന്‍ : സുനന്ദിനി ധനികന്റെ മകള്‍. കാറും മൊബൈലും ഉള്ളവള്‍. ബാലകൃഷ്ണ ഒരു പാവം കര്‍ഷകന്റെ മകന്‍. മൊബൈല്‍ ഇല്ല. സ്വന്തമായുള്ളത് ഒരു പഴയ സൈക്കിള്‍ മാത്രം. ടിക്കറ്റിനു പോലും സുനന്ദിനി സഹായിച്ചു. ഈ കഥ എപ്പടി :) :)
കമന്റിയതില്‍ സന്തോഷം. :)

രാഘവന്‍ : കമ്മുണിക്കേഷന്‍ ഗ്യാപ്പും, നിര്‍ഭാഗ്യവും.
കമന്റിയതിനു നന്ദി. :)

റീനി : തീര്‍ച്ചയായും അടുത്തത് അവള്‍ പ്ലാന്‍ ചെയ്യട്ടെ. (ഫ്ലൈറ്റായിയ്ക്കോട്ടെ) :)

ദില്‍ബാസുരന്‍ : ഹാ... ഹാ... ഹാ... ഒരു എക്സിറ്റ് പോള്‍ കൂടെ വേണമായിരുന്നു :) :)
കമന്റിയതിനു നന്ദി. :)

വിശാലന്‍ : ഈ മൊബൈലുകള്‍ നിരോധിയ്ക്കേണ്ട സമയമായിരിയ്ക്കുന്നു. കഥയെഴുതുന്നവര്‍ക്കും കഥാപാത്രങ്ങള്‍ക്കും മൊബൈലുകള്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. :) :)
കമന്റിയതില്‍ സന്തോഷം. :)

സന്തോഷ് : കമന്റിയതില്‍ സന്തോഷം. :)
കഥയ്ക്കുള്ള പ്രചോദനം മുകളില്‍ സൂചിപ്പിച്ചിരിയ്ക്കുന്നു.

കൈത്തിരി : ഹാ... ഹാ... ഹാ... കമന്റ് കലക്കി. പക്ഷെ കടുംബം കലക്കാതെ നോക്കണം. :) :)
കമന്റിയതിനു നന്ദി. :)

12:02 PM  

Post a Comment

Links to this post:

Create a Link

<< Home