Sunday, June 25, 2006

കണ്ണുനീര്‍ തുള്ളി

കലിതുള്ളി കൊടുങ്കാറ്റന്നൊരു
കാമരൂപിണിയാം കാര്‍മേഘത്തെ കവര്‍ന്നു.
ധരാധരത്തിനക്ഷിയില്‍ നിന്നും പടര്‍ന്നാ
ക്രോധാഗ്നി ഇന്ദ്രപ്രഹരണമായി.
നാകലോക, നിരയ ധരണികളിലെല്ലാം മുഴങ്ങി
അവളുടെ ആത്മരോദനം.

പരിത്യക്തയാ വാരിദം ഇരുളിലൊരു
കണ്ണുനീര്‍തുള്ളിയ്ക്ക് ജനനിയായി.
കൊടും കാട്ടിലെ കൂര്‍ത്ത കല്ലേകി
സ്വാഗതം കണ്ണുനീര്‍ മുത്തിനും.
അമ്മയെപ്പിരിഞ്ഞാ അശ്രുകണമന്ന്
കൂട്ടരുമൊത്തൊരു കണ്ണീരരുവിയായി.

വിഹ്വല നേത്രിയാമൊരു
പേടമാനവളെ നോക്കി കണ്ണു ചിമ്മി;
ദംഷ്ട്രങ്ങളുള്ളിലൊളിപ്പിച്ചൊരു
നരി പേടമാനിനേയും.
ബന്ധങ്ങളാം ചുഴിയില്‍പ്പെട്ടവള്‍
പലവട്ടം കറങ്ങി, കരഞ്ഞു;
പിന്നെ ബന്ധനവിമുക്തയായവള്‍
ഒരാരവത്തോടൊരു ആറ്റിലെത്തി.

ഒറ്റയ്ക്ക് തുഴഞ്ഞെത്തിയൊരു
കൊതുമ്പു വള്ളമവള്‍ താങ്ങി;
പിന്നെ വഞ്ചിപ്പാട്ടിന്നീണത്തിലെത്തിയൊരു
നവ നൗകയേയും.
ചൂണ്ടക്കൊളുത്തിലേയ്ക്കാഞ്ഞടുത്തൊരു
വര്‍ണ്ണമത്സ്യമവള്‍ക്കു ദഃഖമേകി;
പിന്നെ വലയില്‍ കുരുങ്ങിപ്പിടഞ്ഞൊരാ
രജത നിറമാര്‍ന്നൊരു ഝഷവും.

ഒരു കുടം വെള്ളത്തിനെത്തിയൊരു
പെണ്ണവളെ കണ്ണാടിയാക്കി;
പിന്നെയടുത്ത മാത്രയിലൊരു
തുള്ളി കണ്ണുനീരായവളിലലിഞ്ഞിറങ്ങി.
തന്നിലേയ്ക്കെറിയപ്പെട്ടൊരു
കബന്ധത്തിനവള്‍ മൂകസാക്ഷിയായി;
ചെന്നിണമവള്‍ക്കു ചുറ്റിലും
വളര്‍ന്നു കരാളഹസ്തങ്ങളായി.

ചുരുട്ടിയ മുഷ്ടികളാദര്‍ശങ്ങളെ
ആകാശത്തേയ്ക്കാഞ്ഞെറിഞ്ഞതും,
ലാഭവിഹിതത്തിനായ് അക്കരെയെത്തി
ആശീര്‍വാദം തേടിയതും അവള്‍ക്കന്ന്യമായി.

വേലയും, വിളക്കും വര്‍ണ്ണോത്സവങ്ങളും
അവള്‍ക്കരികിലെത്തി.
ഇരുളിന്റെ മറവിലൊരു കുട്ട മണലില്‍
നിന്നുമൂര്‍ന്നവള്‍ വീണ്ടുമാറ്റിലെത്തി.

മോഹങ്ങളാം നക്ഷത്രങ്ങള്‍ മീട്ടിയ
കിന്നര ഗാനമവള്‍ക്കു താരാട്ടു പാട്ടായി;
പിന്നെ പുലരിയിലെപ്പോഴൊ ഒരു
ഗായത്രിമന്ത്രമവള്‍ക്കുണര്‍ത്തു പാട്ടായി.

ഒടുവിലാര്‍ത്തലച്ചുകൊണ്ടൊരു തുറമുഖത്തവള്‍
അലിഞ്ഞാ ഭവസാഗരത്തില്‍.
പിന്നെയടുത്ത നിമിഷമാദിത്യനവളെയൊരു
ചെറു കുമിളയാക്കി മോക്ഷമേകി.
വീണ്ടുമൊരു കണ്ണുനീര്‍തുള്ളിയാകാനൊരു
പാവം മേഘത്തേരിലേറി.

10 Comments:

Blogger സ്നേഹിതന്‍ said...

കണ്ണുനീര്‍ തുള്ളിയായ്...

6:52 PM  
Blogger കലേഷ്‌ കുമാര്‍ said...

കടുകട്ടിയാണല്ലോ ഭായ്!
(സത്യമായും ചിലതൊന്നും മനസ്സിലായില്ല)

5:18 AM  
Blogger വിശാല മനസ്കന്‍ said...

ഈ പോസ്റ്റിനെ പറ്റി വല്ലതും പറയാന്‍ ഞാന്‍ വളര്‍ന്നിട്ടില്ല.

5:25 AM  
Blogger സ്നേഹിതന്‍ said...

കലേഷ് ഭായ് : ഒരു മഴ തുള്ളിയുടെ ഉത്ഭവവും, അരുവിയിലും പുഴയിലും ഒടുവില്‍ കടലിലും എത്തുന്ന അതിന്റെ യാത്രയിലുള്ള കാഴ്ചകളും അനുഭവങ്ങളും, പുനര്‍ ജന്മവും ചുരുക്കി പറഞ്ഞതാണേയ്.
കമന്റിയതില്‍ വളരെ സന്തോഷം. :)

വിശാലോാാാാാാാാാാ :) :)

9:43 AM  
Blogger കുറുമാന്‍ said...

കവിതയ്ക്ക് കമന്റിടുന്നത് പൊതുവെ എന്നേ സംഭവിച്ചിടത്തോളം അസംഭവ്, അസംഭവ്. കാരണം മറ്റൊന്നുമല്ല(കവിത എന്റെ ഭാര്യയായതല്ല), പകുതി കാര്യം മനസ്സിലാവില്ല. ഇനിയും, ഇനിയും, ഞാന്‍ വായിക്കട്ടെ.

11:11 AM  
Blogger ഉമേഷ്::Umesh said...

എന്റമ്മോ... (വിശാലനു് ഇ-മെയില്‍ അയയ്യ്ക്കുന്നതല്ല :-))

ഇതു വിശ്വത്തിന്റെ കഥകള്‍ പോലെയുണ്ടല്ലോ സ്നേഹിതാ... കുട്ടീ, നിര്‍ത്തിനിര്‍ത്തിപ്പാടൂ... എന്നാലല്ലേ അര്‍ത്ഥം മനസ്സിലാകൂ :-)

സീരിയസ്സായി, വരികള്‍ പലതും രണ്ടു വരിയാക്കി, ആവശ്യത്തിനു സ്പേസിട്ടു്, ഒന്നു് പ്രദര്‍ശിപ്പിക്കുമോ? ദാ, ഇങ്ങനെ:

പരിത്യക്തയാ വാരിദം ഇരുളിലൊരു
കണ്ണുനീര്‍ തുള്ളിയ്ക്ക് ജനനിയായി.

കൊടും കാട്ടിലെ കൂര്‍ത്ത കല്ലേകി
സ്വാഗതം കണ്ണുനീര്‍ മുത്തിനും.


എന്നിട്ടുമങ്ങോട്ടു ക്ലിയറാകുന്നില്ലല്ലോ. സ്നേഹിതന്റെ മനസ്സിലുള്ളതുപോലെ ഒന്നു പകര്‍ത്തിക്കാണിക്കുമോ?

11:28 AM  
Blogger സ്നേഹിതന്‍ said...

കുറുമാന്‍ : ഒടിഞ്ഞു നുറുങ്ങിയ വരികള്‍ വായനാ സുഖം തരുന്നില്ലെന്ന് തോന്നുന്നു. എഴുതിയ പോലെയല്ല ബൂലോഗത്തെത്തുമ്പോള്‍ കാണുന്നത്. മാറ്റിയെഴുതിയത് സാധ്യമെങ്കില്‍ വായിച്ചു നോക്കു. വന്നെഴുതിയതിനു വളരെ നന്ദി.

ഉമേഷ് : വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി.
നീളമുള്ള വരികള്‍ ബൂലോഗത്തിലെത്തിയപ്പോള്‍ അപ്രതീക്ഷിതമായ ഇടങ്ങളില്‍ ഒടിഞ്ഞു നുറുങ്ങി കാണ്‍ുകയും ഇത് പാരയാകുമോയെന്ന് (കട: ദേവരാഗം, വക്കാരി...) ഭയക്കുകയും ചെയ്തിരുന്നു. കൂട്ടിയിണക്കിയ നീളന്‍ വരികളും വായിയ്ക്കാന്‍ പ്രചോദനമേകുന്നി്ലെന്നറിഞ്ഞ് ചെറു വരികളാക്കാന്‍ ഒരു ശ്രമം നടത്തിയിട്ടുണ്ട്. സാധ്യമെങ്കില്‍ വായിച്ചു നോക്കു. വീണ്ടും നന്ദി.

2:18 PM  
Blogger വക്കാരിമഷ്‌ടാ said...

ഇപ്പം വായിയ്ക്കാനിത്തിരി ധൈര്യം വന്നു. ഇനിയൊന്ന് ട്രൈ ചെയ്യട്ടെ.

എന്നാലും എന്റെ അത്‌ഭുതം അതല്ല, എങ്ങിനെയിങ്ങിനെയൊക്കെയെഴുതാങ്കഴിയുന്നു? എത്രയെത്ര വാക്കുകള്‍. അതുപോലെതന്നെ എന്റെ അസൂയാപാത്രങ്ങളാണ് അക്ഷരശോകക്കാര്‍. എനിക്ക് ശോകം വരും, ഇതുപോലൊന്നും പറ്റുന്നില്ലല്ലോ എന്നോര്‍ത്ത്.

6:05 PM  
Blogger Marthyan said...

സ്നേഹിതാ,
ആദ്യം മുഴുവനങ്ങ്‌ട്‌ മനസ്സിലായില്ലെങ്കിലും, കമന്റുകളും കവിതയും കൂടെയായപ്പോള്‍ കൂടുതല്‍ ആസ്വദിച്ചു വായിച്ചു.

8:01 PM  
Blogger സ്നേഹിതന്‍ said...

വക്കാരി : ധൈര്യകുറവ് എനിയ്ക്കായിരുന്നു ഇത് പ്രസിദ്ധീകരിയ്ക്കാന്‍.
'പാര'യെപ്പറ്റിയുള്ള പാരഗ്രാഫുകളുടെ അടുത്തെത്തില്ല എന്റെ വരികള്‍.
വക്കാരിയുടെ സാനിധ്യത്തിനു പ്രത്യേക നന്ദി. :)

മര്‍ത്ത്യന്‍ : നീട്ടിപ്പരത്തിയെഴുതിയോ എന്നൊരു സംശയത്തിലായിരുന്നു ഞാന്‍. ഇനിയെഴുതുമ്പോള്‍ കൂടുതല്‍ ലളിതമാക്കാന്‍ ശ്രമിയ്ക്കാം. വായിച്ചെഴുതിയതില്‍ വളരെ സന്തോഷം. :)

11:33 PM  

Post a Comment

<< Home