Monday, May 29, 2006

സര്‍പ്പകോപം

സന്ധ്യയ്ക്ക് പറമ്പില്‍ നിന്നും പശുവിനെ അഴിയ്ക്കാന്‍ പോയ കല്യാണിയാണ് ആദ്യം പാമ്പിനെ കണ്ടത്. പശുവിനെ പുല്ലുതിന്നാന്‍ കെട്ടിയിട്ടിരുന്നതിനടുത്തുള്ള വേലിയോട് ചേര്‍ന്നുള്ള നെടുനീളന്‍ മണ്‍തിട്ടയില്‍ നിറയെ പൊത്തുകളാണ്. അതിലൊന്നില്‍ തല പുറത്തേയ്ക്കിട്ട് ഇടയ്ക്കിടെ നാവു നീട്ടിയ ഒരു ചെറിയ പാമ്പിനെ കണ്ടതും കല്യാണി പശുവിനെ അഴിയ്ക്കാതെ ഓടി അപ്പുറത്തെ വീടിന്റെ പുറകിലെത്തി ശാരദയോട് ഒരു വിഷപാമ്പിനെ കണ്ട കാര്യം പറഞ്ഞു. രണ്ടുപേരുംകൂടി കാര്‍ത്ത്യായനിയുടെ വീട്ടിലെത്തി ഒരു മൂര്‍ഖനെ കണ്ട രംഗം വിവരിച്ചു. മുവരും കൂടി ഒരു എട്ടടി മൂര്‍ഖനെ കണ്ട കാര്യം തൊട്ടപ്പുറത്തെ വീട്ടിലെ നാണിയമ്മയോട് അതിശയത്തോടെ വര്‍ണ്ണിച്ചു. ഇനിയും ഈ വിവരം ആരോടു പറയുമെന്നാലോചിച്ച് എല്ലാവരും വിഷമിച്ചു.

എന്നിരുന്നാലും, കല്യാണി ഉഗ്രവിഷമുള്ള ഒരു രാജ വെമ്പാലയെ കണ്ടെന്നും, മോഹാലസ്യപ്പെട്ടുവെന്നും (പാമ്പല്ല), രാജ വെമ്പാല കല്യാണിയെ കൈവയ്ക്കാതെ വെറുതെ വിട്ടെന്നും സന്ദര്‍ശകരെ സ്വീകരിയ്ക്കാന്‍ ഇപ്പോഴും പൊത്തിലിരിപ്പുണ്ടെന്നും ഉള്ള വാര്‍ത്ത അല്പസമയത്തിനകം കാട്ടുതീ പോലെ ആ കരയിലാകെ പരന്നു.

ഈ പാമ്പിനെ ഒന്ന് ഒതുക്കീട്ട് തന്നെ ഇനിയെന്തും എന്ന് കരുതി ചുണയുള്ള ആണുങ്ങളും, പെണ്ണുങ്ങളും കുഞ്ഞുങ്ങളും അത്യാവശ്യം അടിയ്ക്കാനുള്ള വടികളുമായ് കല്യാണിയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി. ജനക്കൂട്ടത്തെ കണ്ടതും 'നിങ്ങള്‍ക്ക് നിങ്ങളുടെ വഴി എനിയ്ക്ക് വളഞ്ഞ വഴി' എന്ന മട്ടില്‍ പാമ്പ് തല വലിച്ച് അപ്രത്യക്ഷമായി. പാമ്പിനെ പിടിയ്ക്കണൊ, അടിയ്ക്കണൊ, എങ്ങിനെ പിടിയ്ക്കും, എങ്ങിനെ അടിയ്ക്കും, കൊല്ലണൊ, വളര്‍ത്തണൊ, ദാനം ചെയ്യണൊ എന്ന് തുടങ്ങിയ ചര്‍ച്ചകളായി പിന്നെ. പക്ഷെ ചര്‍ച്ചകളുടെ പ്രസക്തി തെളിയിച്ചുകൊണ്ട് ഒരു ജനകീയ അഭിപ്രായം ഉരുത്തിരിഞ്ഞുവന്നു. അതെ, അതുതന്നെ; കീരിവാസുവിനെ വിളിയ്ക്കുക!

പാമ്പു പിടുത്തത്തില്‍ കീരിവാസു നിസ്സാരക്കാരനല്ലെന്നാണ് ജനസംസാരം. ഒരുവിധം പാമ്പുകളൊക്കെ കീരിവാസു വരുന്നുണ്ടെന്ന് മണത്തറിഞ്ഞാല്‍ ആ നിമിഷം സ്ഥലം വിടുമത്രെ! ഒരിയ്ക്കല്‍ നിലാവുള്ളൊരു രാത്രിയില്‍ പതിവിലധികം പട്ടയടിച്ച് ഊടുവഴിയില്‍ക്കൂടി സര്‍വ്വതും ചവിട്ടി മെതിച്ച് നടന്നു നീങ്ങിയിരുന്ന കീരിവാസുവിനെ ഒരു എട്ടടി മൂര്‍ഖന്‍ വാലിലെഴുന്നേറ്റ് നിന്ന് മുഖാമുഖം പേടിപ്പിച്ചുവത്രെ! വാസുവാകട്ടെ മൂര്‍ഖന്റെ 'ചെവിയ്ക്ക്' പിടിച്ച് തിരുമ്മി, "ഈ അസമയത്താണൊ ഇവിടെ കിടന്ന് കളിയ്ക്കണെ? വീട്ടീപ്പോടാ.." എന്ന് പറഞ്ഞ് വിരട്ടിയെന്നും, അതല്ല വാസുവിന്റെ ഉച്ഛ്വാസം തട്ടി കുഴഞ്ഞുവീണ പാമ്പിനെ അറിയാതെ ചവിട്ടിക്കൂട്ടി കാലില്‍കോര്‍ത്ത് ദൂരെയെറിഞ്ഞതാണെന്നും രണ്ട് തരം കഥകള്‍ പ്രചാരത്തിലുണ്ട്.

കീരിവാസുവിനെ വിളിയ്ക്കാന്‍ ഒരു സംഘം ദൂതന്മാര്‍ നിയോഗിയ്ക്കപ്പെട്ടു. പാമ്പിനെ തല്ലിയൊതുക്കാനുള്ള വടിയും മറ്റ് മാരകായുധങ്ങളും കൂടുതലായി സംഭരിയ്ക്കാന്‍ മറ്റൊരു സംഘം യാത്രയായി. ബാക്കിയുള്ളവര്‍ പൊത്തിലിരിയ്ക്കുന്ന നാഗരാജാവിന് കാവലായ് പുറത്ത് നിലകൊണ്ടു. കുറച്ചു സമയത്തിനുള്ളില്‍ കീരിവാസുവിനേയും പുറകിലിരുത്തി വാസുവിന്റെ വലംകൈ സുബ്രന്‍ ഒരു ലൂണ മോപ്പെഡില്‍ പറന്നെത്തി. വെളിച്ചം കുറഞ്ഞു തുടങ്ങിയതു കൊണ്ട് ആരുടെയൊ കയ്യില്‍ നിന്നും ഒരു ടോര്‍ച്ച് വാങ്ങി വാസു പൊത്തിലേയ്ക്കടിച്ചുനോക്കി. ഒന്നും കാണാനില്ലായിരുന്നു. പഹയനെ പുകച്ചു പുറത്തിറക്കണൊ, ചൂടുവെള്ളമൊഴിച്ച് ചാടിയ്ക്കണൊ എന്ന് ചിന്തിയ്ക്കാനായി വാസു ഒരു ബീഡി കത്തിച്ച് സ്വന്തം മനസ്സാകെ പുകച്ച് ഒരു തീരുമാനമെടുത്തു. വെള്ളം തന്നെ!

വെളുത്തുള്ളി പാല്‍ക്കായം തുടങ്ങിയവ ഇട്ടു തിളപ്പിച്ച വെള്ളം തയ്യാറാക്കാന്‍ വാസു കല്പന കൊടുത്തു. പാല്‍ക്കായ പായസം ആരൊ പെട്ടെന്ന് തന്നെ തയ്യാറാക്കി കൊണ്ടുവന്നു. അടിയ്ക്കാന്‍ തയ്യാറായി വിവിധ കോണുകളില്‍ പലരും കാത്തു നിന്നു. പാല്‍ക്കായ പാനി മുക്കാല്‍ പങ്കും മാളത്തിലെത്തിച്ചു. ചാടിവീഴാന്‍ പോകുന്ന പാമ്പിനെ തല്ലാന്‍ എല്ലാവരും തയ്യാറായി നിന്നെങ്കിലും ഇരു കൈകളും ശിരസ്സില്‍ വെച്ച് കുമ്പിട്ട് ആരും മാളത്തില്‍ നിന്നും പുറത്തു വന്നില്ല!

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ കല്യാണിയ്ക്കൊരു സംശയം: 'ഇത്രയും സമയം പാല്‍ക്കായ ഗന്ധം സഹിച്ചിരിയ്ക്കാന്‍ സാധാരണ പാമ്പുകള്‍ക്ക് പറ്റുമൊ? അപ്പോളിത് അതു തന്നെ, സര്‍പ്പം!'.

"ഇത് സര്‍പ്പാണെന്നാ തോന്നണെ. അതിനെ ഒന്നും ചെയ്യണ്ട. സര്‍പ്പകോപണ്ടാവും." എല്ലാവരോടുമായി കല്യാണി പറഞ്ഞു.

"ഇടപ്പള്ളിയിലേയ്ക്ക് രണ്ട് കോഴീനെ കൊടുത്താ മതി" മറിയാമ്മ ചേട്ടത്തി പെട്ടെന്നൊരു പ്രതിവിധി കണ്ടെത്തി.

"എന്നാ പാമ്പുമേക്കാട്ടേയ്ക്ക് ഒരു വഴിപാടായിക്കോട്ടെ" മുത്തശ്ശിയും അറിവ് പങ്കു വെച്ചു.

"കാശും കോഴീം അകത്തുള്ളോന്റെ തലേലിരിയ്ക്കണ മാണിയ്ക്കനേം ഞാനെടുത്തോളാം. ഒരു കുപ്പി കള്ള് വേറെ വേണം" കീരിവാസു ഏല്ലാവരേയും സംതൃപ്തരാക്കാന്‍ ശ്രമിച്ചു.

നേരം കറേ കഴിഞ്ഞീട്ടും പാമ്പിനെ കാണാത്തതുമൂലം തനിയ്ക്ക് നഷ്ടപ്പെടാന്‍ പോകുന്ന അഭിനന്ദനങ്ങളോര്‍ത്ത് വാസുവിന് അരിശം വന്നു.

"അവന്‍ പൊറത്തു വന്നില്ലങ്ങെ നമ്മള് അകത്തേയ്ക്ക് പോവും. നമുക്കീ പൊത്ത് കെളയ്ക്കാം." വാസു എല്ലാവരോടുമായി പറഞ്ഞു.

"ഇരുട്ടായി തുടങ്ങീട്ടൊ. അകത്തൂള്ളോനെ സൂക്ഷിയ്ക്കണം." പ്രായമായവരിലാരൊ വാസുവിനെ ഉപദേശിച്ചു.

"അകത്ത് വാസുകിയാണെങ്കിലെ പൊറത്ത് വാസ്വാ! കെളയ്ക്കെടാ പൊത്ത്." വാസുവിന് ആത്മധൈര്യം കൂടി.

വാസുവിന്റെ ആവേശം കണ്ട് യുവാക്കള്‍ക്ക് ഉത്സാഹമായി. കാല്‍ വെളിച്ചത്തെ പകുതിയാക്കാന്‍ ടോര്‍ച്ചുമായി രണ്ടാളും, അള മാറി മാറി കിളയ്ക്കാന്‍ രണ്ടുപേരും, പാമ്പിനെ കണ്ടാല്‍ കുത്തി മലര്‍ത്താന്‍ മുപ്പല്ലിയുമായി സുബ്രനും, പുറത്തേയ്ക്ക് വന്നാല്‍ അടിച്ചു കൊല്ലാനായി വാസു മുമ്പിലും മറ്റു ചിലര്‍ ചുറ്റിലും വ്യത്യസ്ത ദിശകളിലും സ്ഥലങ്ങളിലുമായി നില കൊണ്ടു.

"ഒന്ന്... രണ്ട്... മൂന്ന്..." സുബ്രന്‍ എണ്ണാന്‍ പഠിച്ചു. കിളച്ച് തുടങ്ങി, കിളച്ചവര്‍ കിതച്ചു തുടങ്ങി, കിതച്ചവര്‍ കുഴഞ്ഞു തുടങ്ങി.

വെളിച്ചം കുറവായിരുന്നെങ്കിലും പാമ്പിന്റെ വാലറ്റം കണ്ടതും സുബ്രന്‍ മുപ്പല്ലി കൊണ്ട് വാലില്‍ ആഞ്ഞുകുത്തി മുറുകെപ്പിടിച്ച് വിളിച്ചു പറഞ്ഞു "പാമ്പിനെ കിട്ടീ... പൊറത്തേയ്ക്കെടുക്കാന്‍ പോവാ... അടിയ്ക്കാന്‍ റെഡിയായീക്കോ...".

പാമ്പിനെ കിട്ടിയ ആവേശത്തില്‍ സുബ്രന്‍ മുപ്പല്ലി പുറത്തേയ്ക്കാഞ്ഞു വലിയ്ക്കുകയും, നിര്‍ഭാഗ്യവശാല്‍ മുപ്പല്ലിയില്‍ നിന്നും വേര്‍പ്പെട്ട് പാമ്പ് ആകാശത്തെത്തി കറങ്ങിത്തിരിഞ്ഞ് ഒരു പൂമാലപ്പോലെ താഴേയ്ക്ക് വരികയും നിലത്തെത്തുന്നതിന് മുന്‍പേ ചറുപിറുന്നനെ എല്ലാവരും കൂടി അടി തുടങ്ങുകയും ചെയ്തു.

'എന്നെ കൊല്ലല്ലെ... നിറുത്ത്..' എന്നൊരാര്‍ത്തനാദത്തോടെ കീരിവാസു വെട്ടിയിട്ട വാഴപ്പോലെ നിലംപതിച്ചു. ആകാശത്തേയ്ക്കുയര്‍ന്നു പൊന്തിയത് പാമ്പാണൊ ചേമ്പാണൊ, വന്നുവീണത് നിലത്താണൊ വാസുവിന്റെ കഴുത്തിലാണൊ എന്നൊന്നും ചിന്തിയ്ക്കാനുള്ള അവസ്ഥയിലായിരുന്നില്ല അവിടെയുള്ള ആരും തന്നെ. വെളിച്ചം കുറയുന്തോറും മനുഷ്യന് ഭയം കൂടുമെന്നുള്ളതു കൊണ്ടൊ, സ്വന്തം ജീവനില്‍ കൊതിയുള്ളതുകൊണ്ടൊ, പ്രത്യേക സാഹചര്യങ്ങളില്‍ പെട്ടെന്ന് പ്രതികരിയ്ക്കാനുള്ള ശേഷി പലരിലും വ്യത്യസ്തമായതുകൊണ്ടൊ, കുറച്ച് സമയം കഴിഞ്ഞാണ് അടി നിന്നത്.

പാമ്പാണൊ കീരിയാണൊ ചത്തതെന്നറിയാന്‍ എത്തിനൊക്കിയ നാട്ടുകാര്‍ കണ്ടത് പണ്ടെന്നൊ പൊഴിച്ചുകളഞ്ഞ ഒരു പാമ്പുറ (പാമ്പിന്‍ പടം) തന്റെ കഴുത്തില്‍ നിന്നും ഊരിയെടുത്ത് 'വെള്ളം... വെള്ളം...' എന്ന് പതുക്കെപ്പറഞ്ഞ് നിലത്തു നിന്നും എണീയ്ക്കാന്‍ ശ്രമിയ്ക്കുന്ന വാസുവിനെയായിരുന്നു.

വെള്ളമെത്തും മുമ്പെ വാസു വടിയായാലൊ എന്ന് സംശയിച്ച് സുബ്രന്‍ വാസുവിന്റെ അവസാനത്തെ ആഗ്രഹം നിറവേറ്റേണ്ടത് തന്റെ കടമയായി കണക്കാക്കി വലതു കയ്യില്‍ മുപ്പല്ലിയും ഇടതു കയ്യില്‍ ഇരുമ്പു ചട്ടിയില്‍ ബാക്കിയുള്ള പാല്‍ക്കായ പാനിയുമായി വാസുവിനെ സമീപിച്ചു. നീരുവന്ന് വീര്‍ത്ത കണ്ണുകളിലൊന്ന് പതുക്കെ തുറന്ന് നോക്കിയ വാസു ആദ്യം തന്നെ മുപ്പല്ലിയുടെ കൂര്‍ത്ത മുനകള്‍ കാണുകയും 'ഒന്നും വേണ്ടേയ്...' എന്നലറി കരഞ്ഞുകൊണ്ട് വീണ്ടും ബോധശൂന്യനായി നിലം പതിയ്ക്കുകയും ചെയ്തു.

ഇതെല്ലാം കണ്ട്, ഇതിനെല്ലാം കാരണക്കാരനായ ഒരു നീര്‍ക്കോലി 'അപ്പോള്‍ ഇന്നത്തെ ഷോ കഴിഞ്ഞുവല്ലെ, അടുത്തതെന്നാണാവൊ ' എന്ന് ചിന്തിച്ച് കുറച്ചകലെയുള്ള തന്റെ ബാല്‍ക്കണിയില്‍ നിന്നും അകത്തെ മുറിയിലേയ്ക്ക് കയറി.
:)

30 Comments:

Blogger സ്നേഹിതന്‍ said...

സര്‍പ്പകോപം!

7:35 PM  
Blogger ശനിയന്‍ \OvO/ Shaniyan said...

കീരി പാമ്പായേ!!!

ഹഹ!! ഇന്നു വിചാരിച്ചേ ഉള്ളൂ കുട കണ്ടിട്ടു കുറച്ചായീലോ ന്ന്..
നമസ്കാരം മാഷേ..

7:42 PM  
Blogger ബിന്ദു said...

നീര്‍ക്കോലി ആയിരുന്നോ? കൊള്ളാം ട്ടോ. :)

8:34 PM  
Blogger Visala Manaskan said...

'ഇതെല്ലാം കണ്ട്, ഇതിനെല്ലാം കാരണക്കാരനായ ഒരു നീര്‍ക്കോലി 'അപ്പോള്‍ ഇന്നത്തെ ഷോ കഴിഞ്ഞുവല്ലെ, അടുത്തതെന്നാണാവൊ ' എന്ന് ചിന്തിച്ച് കുറച്ചകലെയുള്ള തന്റെ ബാല്‍ക്കണിയില്‍ നിന്നും അകത്തെ മുറിയിലേയ്ക്ക് കയറി'

ഐവ! ‘പാമ്പും കീരിയും’ ഇഷ്ടപ്പെട്ടു മാഷെ.

8:37 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

മൂര്‍ഖന്റെ 'ചെവിയ്ക്ക്' പിടിച്ച് തിരുമ്മി, "ഈ അസമയത്താണൊ ഇവിടെ കിടന്ന് കളിയ്ക്കണെ? വീട്ടീപ്പോടാ.." എന്ന് പറഞ്ഞ് വിരട്ടിയ രംഗം മനസ്സില്‍ കണ്ട് കുറേ ചിരിച്ചു.

8:50 PM  
Blogger സ്നേഹിതന്‍ said...

ശനിയന്‍ : കുട മടക്കി അല്പ സ്വല്പം ജോലി ചെയ്യാന്‍ തീരുമാനിച്ചു. അതാവും ചിലപ്പോള്‍ കുട കാണാത്തത്. പക്ഷെ കുട ഞാനിടയ്ക്കിടയ്ക്ക് നിവര്‍ത്തിപ്പിടിയ്ക്കും, അര്‍ദ്ധരാത്രിയ്ക്കൊഴികെ!
വായിച്ചെഴുതിയതിന് നന്ദി :)
ബിന്ദു : നീര്‍ക്കോലിയ്ക്കുമുണ്ടൊരു ദിവസം! ഇവിടെ വന്നെഴുതിയതില്‍ സന്തോഷം. :)
വിശാലന്‍ : പാമ്പും കീരിയും കണ്ടുമുട്ടിയാല്‍ എന്തെങ്കിലുമൊക്കെ സംഭവിയ്ക്കില്ലെ :)
ജോലിത്തിരക്കിനിടയിലും വായിച്ച് കമന്റ് എഴുതിയതില്‍ വളരെയധികം സന്തോഷം!
സാക്ഷി : ചെവിയ്ക്ക് തിരുമ്മിയെങ്കിലും വേദനിപ്പിയ്ക്കാതെയാണ് തിരുമ്മിയതത്രെ! :)

8:59 PM  
Blogger Adithyan said...

ഇതു സ്പാറി... :-)

പണ്ടു മറ്റെ ഥക്ഷഗന്‍ പുഴുവായി അല്ലെ വന്നത്‌? നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും എന്നല്ലെ?
പ്രിവന്‍ഷന്‍ ഇസ്‌ ബെറ്റര്‍ ദാന്‍ ക്യൂര്‍...

അതു കൊണ്ടു ചെയ്തതൊന്നും വെറുതെയായില്ല എന്നേ ഞാന്‍ പറയൂ...

9:51 PM  
Blogger Sreejith K. said...

ഒരു ജഗതി സിനിമ കാണുന്ന അനുഭവം. നന്നായിട്ടുണ്ട്. നീര്‍ക്കോലികോപം കലക്കി.

10:03 PM  
Blogger കണ്ണൂസ്‌ said...

നന്നായിരിക്കുന്നു സ്നേഹിതാ.. വെവ്വേറേ രൂപങ്ങളിലാണെങ്കിലും, എല്ലാ നാട്ടിലും നടക്കുന്ന ഒരു കാര്യം, വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു.

ഞങ്ങളുടെ നാട്ടില്‍ ഉണ്ടായിരുന്ന അയ്യപ്പന്‍ എന്നൊരാള്‍, പാമ്പുള്ളിടത്ത്‌ വന്ന് മണം പിടിച്ച്‌ പറയുമായിരുന്നത്രേ വിഷപ്പാമ്പാണോ അല്ലയോ എന്ന്. ബാല്‍ക്കണിയില്‍ നിന്ന് സ്കൂട്ടായ നീര്‍ക്കോലിയുടെ ഷോ അയ്യപ്പേട്ടന്‍ ആയിരുന്നെങ്കില്‍ നടക്കുമായിരുന്നില്ല. :-)

10:29 PM  
Blogger ദേവന്‍ said...

പാരുങ്കളേ പാരുങ്കളേ നീര്‍ നാഹം അന്ത കീരിയെ ഒതച്ചു വിട്ടാരേ (സ്റ്റൈല്‍ ക്രെഡിറ്റ്‌ ബഷീരിന്‌)

സ്നേ,
വല്ലപ്പോഴുമായാലുമായാലെന്താ, ഒള്ളത്‌ കതിനാവെടിയല്ലേ.

10:45 PM  
Blogger പരസ്പരം said...

നന്നായിരിക്കുന്നു കുട..ബ്ലോഗുലകത്തിലുള്ള നാടന്‍ കഥകളെല്ലാം ത്രിശ്ശൂര്‍ തിരുവനന്തപുരം ശൈലിയിലാണ്.ഇതിന്റെ മദ്ധ്യതിരുവിതാംകൂര്‍ ടച്ച് എന്റെ നാട്ടിലൊക്കെ സംഭവിക്കുന്നതുപോലെ തോന്നിപ്പിച്ചു..

11:39 PM  
Blogger myexperimentsandme said...

കീരിവാസു മൂര്‍ഖേട്ടന്റെ ചെവിക്കു പിടിച്ചു തിരുമ്മിയതു വായിച്ചപ്പോള്‍ പെട്ടെന്നോര്‍ത്തത് ഗോപാലകിഷയണ്ണന്‍ ഇടത്തെ കൈകൊണ്ട് ദീപുവിന്റെ ചെവിയില്‍ കൊഞ്ചിക്കൊണ്ടു തിരുമുന്ന സീനാ. അപ്പോള്‍ ഒന്നുകൂടി ചിരിച്ചു.

യടിപൊളി സ്നേഹിതനേ. വല്ലപ്പോഴുമേ മാളത്തീന്ന് പുറത്തിറങ്ങുവൊള്ളൂ എങ്കിലുമെന്നാ, പുറത്തിറങ്ങിയാല്‍ നീര്‍ക്കോലി ഓളമുണ്ടാക്കിയതുപോലെ ഒരു ഓളമൊക്കെ ഉണ്ടാക്കിയിട്ടേ സ്നേഹിതന്‍ ഇനി അടുത്തതെപ്പോഴാണാവോ എന്ന മട്ടില്‍ കൂളായിട്ട് ബാല്‍ക്കണീന്ന് അകത്തെ മുറീലോട്ടു പോകൂ. അതു മതീന്ന്.

12:58 AM  
Blogger അരവിന്ദ് :: aravind said...

കൊള്ളാം. :-) ഡീസന്റ് കോമഡി.

2:21 AM  
Blogger സു | Su said...

നീര്‍ക്കോലിയെ രാജവെമ്പാല ആക്കിയോ?

രസമായിരിക്കുന്നു കഥ.

7:07 AM  
Blogger കുറുമാന്‍ said...

പണിചെയ്യാന്‍ മാത്രം ഓഫ്ഫീസ്സില്‍ ജോലിക്കു വച്ച പോലേയാ, ഒരാഴ്ചയായിട്ട്. എപ്പോളും പണി. കഴിഞ്ഞ പോസ്റ്റിന്റെ ശാപമാന്നാ തോന്നണ്വെ... എന്തായാലും കുറച്ചു സമയമെടുത്ത്, ഒരു പോസ്റ്റെങ്കിലും വായിച്ചേ തീരൂ എന്ന ശപഥവും എടുത്ത് സര്‍പ്പകോപം കമ്പ്ലീറ്റാക്കി.

അകത്ത് വാസുകിയാണെങ്കിലെ പൊറത്ത് വാസ്വാ...
സ്നേഹിതാ.....കലക്കി......

ആസ്വദിച്ചു വായിച്ച് ചിരിച്ചു.

7:29 AM  
Blogger Kuttyedathi said...

നീര്‍ക്കോലി, വിഷപ്പാമ്പായി, മൂര്‍ഖനായി, എട്ടടി മൂര്‍ഖനായി, രാജവെമ്പാലയായി...ആഹാ... എത്ര രസകരമായ വിവരണം.

ഉഗ്രനായി സ്നേഹിതനേ..

1:14 PM  
Blogger Unknown said...

നീര്‍ക്കോലിസര്‍പ്പവും വാസുക്കീരിയും, നല്ല ബെസ്റ്റ് കോമ്പിനേഷന്‍. നന്നായിട്ടുണ്ട് സ്നേഹിതാ..
വ്ര്‌വ്ര്.. (wvrwr)

6:25 PM  
Blogger സ്നേഹിതന്‍ said...

ആദിത്യന്‍ : വായനക്കാര്‍ക്ക് ബോറടിയ്ക്കാതിരിയ്ക്കാന്‍ തക്ഷകനെയും രംഗത്തിറയ്ക്കാന്‍ ആലോചിച്ചിരുന്നു :) കമന്റിയതിന് നന്ദി. :)
ശ്രീജിത്ത് : ജഗതിയെവിടെ, ഈ അഗതിയെവിടെ ? പക്ഷെ കമന്റ് എനിയ്ക്ക് ഇഷ്ടായി! :)
കണ്ണൂസ് : അയ്യപ്പേട്ടന്‍ ആള് മിടുക്കനാണല്ലൊ! സദ്യ തയ്യാറാക്കുമ്പോള്‍ വാസനയില്‍ നിന്നും ഉപ്പ് തുടങ്ങി സര്‍വ്വതിന്റേയും അളവ് ക്രത്യമായി അറിയാന്‍ കഴിവുള്ള ഒരു പാചകക്കാരനെപ്പറ്റി ഞങ്ങളുടെ നാട്ടില്‍ പറഞ്ഞു കേട്ടിട്ടുണ്ട്. വായിച്ചെഴുതിയതിന് നന്ദി :)
ദേവരാഗം : അന്ത കീരിയ്ക്കത് താന്‍ 'വിധി'! റൊമ്പ താങ്ക്സ് ദേവണ്ണാ. പാര്‍ക്കലാം... (എന്റെ തമിഴ് സ്റ്റോക്ക് കഴിഞ്ഞു) എന്റേത് വെറും ഈര്‍ക്കിലി പടക്കമല്ലെ മാഷെ. :)
പരസ്പരം : ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ വളരെയധികം സന്തോഷം. :)
വക്കാരി : ഇടയ്ക്കൊക്കെ മാളത്തില്‍ കയറിയില്ലെങ്കില്‍ പെരുവഴിയിലാകും :) :)
എല്ലാ പോസ്റ്റുകളും വായിച്ച് വക്കാരീകമന്റുപ്പോലെ മിന്നുന്ന കമന്റിടാന്‍ (അതൊരു കലയാണെ) ഉള്ളിലാഗ്രഹമുണ്ടെങ്കിലും പറ്റണില്ല. ഗോപാലകിഷയണ്ണനെ പരിചയമില്ലല്ലൊ മാഷെ.
അരവിന്ദ് : നാനും ഡീസന്റാ... ന്നാണ് പലരും പറയണെ :) :)
സു : നീര്‍ക്കോലിയ്ക്കും വേണ്ടെ വല്ലപ്പോഴുമിത്തിരി ഗമ; സ... രി... ഗമ...
വന്നെഴുതിയതില്‍ വളരെ ആഹ്ളാദം :)
കുറുമാന്‍ : ജോലിത്തിരക്കിലും വന്ന് വായിച്ചെഴുതിയല്ലൊ. സന്തോഷായി. :)
കുട്ട്യേടത്തി : പരിണാമ സിദ്ധാന്തത്തിന്റെ വേറൊരു വശമാണെ നീര്‍ക്കോലിയില്‍ നിന്നും
രാജ വെമ്പാലയിലേയ്ക്കുള്ള മാറ്റം :) കുട്ട്യേടത്തിയുടെ രസകരമായ കമന്റിനു നന്ദി.
യാത്രാമൊഴി : സര്‍പ്പത്തേയും കീരിയേയും ചേരുംപടി ചേര്‍ക്കാന്‍ നോക്കിയതാണെ!
വായിയ്ക്കാന്‍ വന്നത് ആവണക്കെണ്ണയിലോടുന്ന വണ്ടിയിലായിരുന്നൊ? ഒരു ശബ്ദം കേട്ടപ്പോലെ തോന്നി...വ്ര്‌വ്ര്.. (wvrwr)... ഹാ ഹാ ഹാ... വായിച്ചെഴുതിയതില്‍ സന്തോഷം മാഷെ :)

11:14 PM  
Blogger myexperimentsandme said...

സ്നേഹിതന്നേ, കോവാലകിഷയണ്ണനെ പരിചയപ്പെട്ടില്ലേ? കുമാറിന്റെ നെടുമങ്ങാടീയത്തില്‍ ബാറിലിരുന്ന് നാരങ്ങാ അച്ചാറും തൊട്ടുനക്കി വെള്ളമടിച്ചിങ്ങനെയിരുപ്പുണ്ട്. വേഗം ചെന്നാല്‍ ബോധത്തോടെ കാണാം...ദോ ഇവിടൊണ്ട്

11:22 PM  
Blogger Vempally|വെമ്പള്ളി said...

യ്യൊ, ലേറ്റായി പോയല്ലൊ ഓഫീസിലിരുന്നു വായിക്കാന് പറ്റഞ്ഞതുകൊണ്ട് ഇന്നലെ പ്രിന്‍റി വീട്ടില്‍കൊണ്ടുപോയി വായിച്ചു. കീരി വാസുവിനെ എനിക്ക് “ക്ഷ“ പിടിച്ചു. ഇനിയും ഇങ്ങനെ നാടന് സിമ്പിള് കഥകള് പോന്നോട്ടെ.

11:28 PM  
Blogger Kumar Neelakandan © (Kumar NM) said...

സ്നേഹിതലു,
വായിച്ചു. പാമ്പിനെ പിടിക്കാന്‍ ഒപ്പം നിന്ന ഫീലിങ്.
നാട്ടും‌പുറങ്ങള്‍ നഗരത്തെ കീഴടക്കട്ടെ.

:)

12:07 AM  
Blogger സ്നേഹിതന്‍ said...

വക്കാരി : കോവാലകിഷയണ്ണനെ പരിചയപ്പെട്ടു. പരിചയപ്പെടുത്തിയതിനു നന്ദി.
വെമ്പള്ളി : ലേറ്റായിട്ടില്ല. എപ്പോഴും ലേറ്റാകുന്ന ആള്‍ ഞാനാ! നാളെ പ്രദക്ഷിണം തുടങ്ങാമെന്ന് വിചാരിയ്ക്കുന്നു. കഥയിഷ്ടായീന്നറിഞ്ഞതില്‍ പെരുത്ത് സന്തോഷം :)
കുമാര്‍ : കോവാലകിഷയണ്ണനെ അന്വേഷിച്ച് ഷാപ്പിലെത്തിയിരുന്നു. ചെവിയ്ക്ക് പിടിച്ചുള്ള
ഡയലോഗിന് ഒരു പ്രത്യേക ഇഫക്റ്റുണ്ടേ! ഇവിടെ വന്ന് വായിച്ചെഴുതിയതിന് പ്രത്യേക നന്‍ട്രി!

12:42 AM  
Blogger myexperimentsandme said...

ഇദ് ഷാപ്പല്ലല്ലോ ഓപ്പണെയറല്ലേ... കള്ളല്ലല്ലോ ചാരായമല്ലേ (ചിത്രം മുഖചിത്രം -ചിത്രം വിചിത്രം സ്റ്റൈലല്ല-സിനിമേടെ പേര്)

ഷ്‌നേഹിദണേ...... അദ് ഷാപ്പല്ലാന്ന് കുമാര്‍ പറഞ്ഞു-ബാറ്..ബാറ്....

12:50 AM  
Blogger സ്നേഹിതന്‍ said...

കുമാര്‍ : ബാറിന്റെ 'സ്റ്റാന്‍ഡേര്‍ഡ്' കുറച്ച് ഷാപ്പാക്കിയതിന് സോറീട്ടാ. ഞാനത് ഔപചാരികമായി നാട നടുവില്‍ മുറിച്ച് വീണ്ടും ബാറാക്കീട്ടാ :)
വക്കാരി : അല്ല, ഷാപ്പും ബാറും തമ്മിലുള്ള വ്യത്യാസമെന്താന്ന് വെറുതെ ആലോചിച്ചു.
പുറത്തേയ്ക്ക് വരാനുള്ള വീതിയുള്ള അസാധാരണ വാതിലിലൊ...
അകത്ത് കാലിയാക്കുന്ന വെള്ളത്തിന്റെ നിറത്തിലൊ...
പെരുഞ്ചീരകത്തിനിടയില്‍ മയങ്ങിക്കിടക്കുന്ന ബില്ലിലെ അക്കങ്ങളിലൊ...
ആലോചന നിര്‍ത്തി.
രാത്രി ഒരുമണി കഴിഞ്ഞു.
ഇനിയും ആലോചിച്ചാല്‍ ഞാനത് കൂള്‍ ബാറാക്കും. :)
ഓ. ടോ. ഓഫീസിലെ ഒരു സെര്‍വര്‍ ചത്തുപ്പോയി. അതിനു ജീവന്‍ കൊടുക്കാനുള്ള പരിശ്രമമായിരുന്നു ഇതിനിടയില്‍. കക്ഷി ഇപ്പോളുയിര്‍ത്തു. ഇനിയും കുഴപ്പമുണ്ടാക്കില്ല എന്ന് വിചാരിയ്ക്കുന്നു. അപ്പൊ പിന്നെ കാണാം. :)

1:28 AM  
Blogger ജേക്കബ്‌ said...

നന്നായിട്ടുണ്ട്‌ സ്നേഹിതാ...

2:25 AM  
Blogger സ്നേഹിതന്‍ said...

േജക്കബ് : വായിച്ചെഴുതിയതില്‍ വളരെ സന്തോഷം. :)

11:22 PM  
Blogger JK Vijayakumar said...

യുവതിക്ക്‌ മൂര്‍ഖന്‍ പാമ്പ്‌ വരനായ വാര്‍ത്ത കേരളകൌമുദിയില്‍ വന്നിട്ടുണ്ട്‌. താഴെയുള്ള കൊളുത്തെടുത്ത്‌ താങ്കളുടെ തിരയല്‍യന്ത്രത്തിണ്റ്റെ മകുടിയില്‍ ഇട്ടു നോക്കുക. വാര്‍ത്ത വായിക്കാം.

http://www.keralakaumudi.com/news/print/jun3/page7.pdf

12:24 PM  
Blogger JK Vijayakumar said...

This comment has been removed by a blog administrator.

12:26 PM  
Blogger JK Vijayakumar said...

http://www.keralakaumudi.com/
news/print/jun3/page7.pdf

12:27 PM  
Blogger സ്നേഹിതന്‍ said...

പഴങ്ങാലം : ഞാന്‍ കഥയെഴുതിയപ്പോള്‍ ഒരു മൂര്‍ഖനെ മനസ്സില്‍ കണ്ടു. വേറൊരു നിട്ടില്‍ ഒരു മൂര്‍ഖന്‍ ഒരാളുടെ മനസ്സില്‍ കൊണ്ടു!
ലിങ്കിന് നന്ദി. :)

3:42 PM  

Post a Comment

<< Home