Tuesday, May 02, 2006

മിടുക്കന്‍!

കിട്ടന്‍, ഉയരം മൂന്നടി മൂന്നിഞ്ചാണെങ്കിലും ഏകദേശം എട്ടടിയോളം മിടുക്കനാണ്; മിടുമിടുക്കന്‍! കിട്ടന്റെ പ്രഭാതം പൊട്ടിവിടരുന്നത് തൊട്ടടുത്ത 'വൃന്ദാവന്‍' തിയ്യേറ്ററിലെ സെക്കന്റ്ഷോയ്ക്ക് തൊട്ടുമുമ്പാണ്. ഇടവേളയ്ക്ക് മുമ്പേ തിയ്യേറ്റര്‍ പരിസരത്തെത്തുന്ന കിട്ടന്‍, ഇടവേളക്കഴിഞ്ഞ് തിരികെക്കയറുന്ന കാണികളോട് ടിക്കറ്റ് ആവശ്യപ്പെടുകയില്ല എന്നറിയാവുന്നതുകൊണ്ട് അക്കൂട്ടത്തില്‍ അകത്ത് കയറുകയും, എല്ലാ സിനിമകളുടേയും പകുതി കണ്ട് എന്നും അതിശയിയ്ക്കുകയും ചെയ്തിരുന്നു. എല്ലാദിവസവും തുടക്കം മുതല്‍ ഒടുക്കം വരെ സിനിമ കാണുന്ന ഒരു നല്ലകാലം തനിയ്ക്കും വന്നു് ചേരുമെന്ന് സ്വപ്നം കാണുകയും, ആ സ്വപ്നസാക്ഷാത്ക്കാരത്തിനായ് തിയ്യേറ്റര്‍ പരിസരത്ത് പലപ്പോഴും ചുറ്റിപ്പറ്റി നടക്കുകയും, ടിക്കറ്റ് കൗണ്ടറിലിരിയ്ക്കുന്നവരോടും, പ്രൊജക്ടര്‍ ഓപ്പറേറ്ററോടും കുശലാന്വേഷണം നടത്തുകയും ചെയ്തിരുന്നു. കുറച്ചുകാലത്തിനുള്ളില്‍ കിട്ടന്‍ അവിടെ ഒരു താല്ക്കാലിക ജോലിക്കാരനായി. ജീവിതത്തില്‍ ഒരിയ്ക്കലും ഒരു പ്യൂണ്‍ പോലുമാകില്ലെന്ന് കരുതിയിരുന്ന കിട്ടന്‍ അങ്ങിനെ കലക്ടറായി, ടിക്കറ്റ് കലക്ടര്‍!

സെക്കന്റ്ഷോ കഴിഞ്ഞാല്‍ സ്വയം തൊഴില്‍ കണ്ടെത്തുന്നതിന്റെ ഭാഗമായ് കിട്ടന്‍ കര്‍മ്മനിരതനാകുന്നു. വീടുകളില്‍ നിന്നും അകലെയുള്ള തെങ്ങുകളില്‍ കയറും. തന്റെ പൊക്കക്കുറവ് ഒരു പ്രശ്നമല്ലെന്നറിഞ്ഞ് നിലാവുള്ള രാത്രികളില്‍ ഒരു വിഹഗവീക്ഷണം നടത്തും. ഇരുട്ടാണെങ്കില്‍ ഓരോ ചീവീടിന്റേയും, മാക്രിയുടേയും ശബ്ദം എടുത്തുമാറ്റി മനുഷ്യന്റേയും നായയുടേയും മാത്രം ശബ്ദത്തിനായ് കാതോര്‍ക്കും. ഉള്ളിന്റെയുള്ളില്‍ പച്ചവെളിച്ചം തെളിഞ്ഞാല്‍ ഒരു നാളികേരം പിരിച്ചെടുത്ത് താഴേയ്ക്കിടും. കുറച്ചു നേരത്തേയ്ക്ക് ചുവപ്പ് വെളിച്ചം. വീണ്ടും കാതോര്‍ക്കും. അങ്ങിനെ കുറച്ചു സമയത്തിനുള്ളില്‍ മൂത്തതെല്ലാം താഴേയ്ക്കെത്തും. നാളികേരം തരപ്പെട്ടില്ലെങ്കില്‍ വാഴക്കുല, കൊള്ളി തുടങ്ങിയവയ്ക്കാണ് ആ കരസ്പര്‍ശം എല്ക്കാനുള്ള ഭാഗ്യം. ശേഖരിച്ചതെല്ലാം പുലരും മുമ്പെ സ്വന്തം മാളത്തിലെത്തിച്ച് സൗകര്യം പോലെ വിതരണം ചെയ്യും. രാത്രിയിലെ ജോലിയായതുകൊണ്ട് ഒരു സമര്‍ദ്ദവുമില്ലാത്ത പകലുറക്കം നിര്‍ബന്ധം!.

കിട്ടന്‍ കുറച്ച് വടക്ക് നിന്ന് അതായത് വടക്കാഞ്ചേരിയില്‍ നിന്നോ വടക്കുംചേരിയില്‍ നിന്നോ ആണ് ഇവിടേയ്ക്ക് കുടിയേറിയത്. കിട്ടന്റെ അവിടുത്തെ 'നിസ്വാര്‍ത്ഥ' സേവനത്തില്‍ 'സംതൃപ്തരായ' നാട്ടുകാര്‍ ഒരു ദിവസം കിട്ടന് ഗംഭീര 'യാത്രയയപ്പ്' നല്കുകയും പലയിടത്തും കറങ്ങിക്കറങ്ങി ഒടുവില്‍ യാത്രാവിവരണങ്ങള്‍ എഴുതേണ്ട സമയമായെന്ന് തോന്നിയപ്പോള്‍ വെറുതെ കള്ളവണ്ടി കയറി കല്ലേറ്റുംകര റെയില്‍വേസ്റ്റേഷനിലിറങ്ങി കറങ്ങുന്നതിനിടയില്‍ ഒരാള്‍ കുറവില്‍ തീവണ്ടി സ്ഥലം വിടുകയും, എന്നാല്‍ ഒരു പുതിയ ജീവിതം തുടങ്ങാമെന്ന് കരുതി കിട്ടന്‍ അവിടെ നിന്നും തുടങ്ങിയുള്ള എല്ലാ തെങ്ങുകളുടേയും എണ്ണവും വണ്ണവും എടുത്ത് കൊടകരയിലെത്തുകയും ചെയ്തുവെന്നാണ് ചരിത്രം.

പതിവുപോലെ ഒരു ദിവസം കിട്ടന്‍ സെക്കന്റ്ഷോ കഴിഞ്ഞ് 'വഴിതെറ്റി' ഒരു വലിയ തെങ്ങിന്‍ പറമ്പില്‍ ചെന്നുപ്പെട്ടു. അഞ്ചോളം തെങ്ങുകളില്‍ കയറി മൂത്തത് മാത്രം പിരിച്ചെടുത്ത് താഴേയ്ക്കിട്ടു. സ്ഥലമുടമസ്ഥന്‍ രവിയേട്ടനോളം ഉറക്കെ കുരയ്ക്കാന്‍ കഴിയുന്ന രവിയേട്ടന്റെ നായയുടെ നിദ്രാഭംഗത്തിന് തുടര്‍ച്ചയായ് കേട്ട ഈ ശബ്ദം ഹേതുവായി. പിന്നെ വൈകയില്ല. നായ ലക്ഷ്യ സ്ഥാനത്തെത്തി മുകളിലേയ്ക്ക് നോക്കി ബഹളമുണ്ടാക്കി. സംഗതി പന്തിയല്ലെന്ന് കണ്ട് കിട്ടന്‍ തലയൂരാന്‍ ഒരു വിഫല ശ്രമം നടത്തി. ചരടില്‍ കല്ലുക്കെട്ടി വട്ടം കറക്കിയാലെന്നപ്പോലെ തെങ്ങിനു ചുറ്റും ദ്രുതവേഗത്തിലോടിയ നായ കിട്ടന്റെ എല്ലാ പരീക്ഷണങ്ങളേയും അതിജീവിച്ചു. അറ്റകൈയ്ക്ക് കിട്ടന്‍ വീണ്ടും തെങ്ങിന്റെ തലയ്ക്കലെത്തി. നാളികേരമോരോന്നായ് പിരിച്ചെടുത്ത് നായയെ എറിഞ്ഞു. അസാമാന്യ മെയ് വഴക്കത്തോടെ ശുനകന്‍ എല്ലാതില്‍ നിന്നുമൊഴിഞ്ഞുമാറി. കുറച്ചുക്കഴിഞ്ഞപ്പോള്‍ തെങ്ങിന്മേല്‍ ഒരു മച്ചിങ്ങ പോലുമില്ലാതെയായ്!

ഈ ബഹളമെല്ലാം കേട്ട് രവിയേട്ടന്‍ ടോര്‍ച്ചുമെടുത്ത് തെങ്ങിന്‍ച്ചുവട്ടിലെത്തുകയും, തെങ്ങിന്റെ മണ്ടയില്‍ ചൊവ്വാഗ്രഹത്തില്‍ നിന്നും തൊട്ട് മുമ്പ് വന്നിറങ്ങിയ ഒരു ജീവിയേയും, പറന്നടുത്ത പറക്കുംതളികയുടെ പരാക്രമത്തില്‍ പേടിച്ച് കൊഴിഞ്ഞുവീണ നാളികേരം, കരിക്ക്, മച്ചിങ്ങ തുടങ്ങിയവ തെങ്ങിന് ചുറ്റും ചിതറിക്കിടക്കുന്നത് കാണുകയും ചെയ്തു.

"ഇറങ്ങടാ താഴെ" കയ്യിലുള്ള ടോര്‍ച്ചിന്റെയും കൂടെയുള്ള നായയുടെയും ബലത്തില്‍ രവിയേട്ടന്‍ ആക്രോശിച്ചു.

"പിന്നേയ്... നായിനെക്കൊണ്ട് കടിപ്പിയ്ക്കാനല്ലെ? അതിന് വേറെ ആളെ നോക്ക്..." മുകളില്‍ നിന്നും മനുഷ്യ ശബ്ദം.

"നിന്നോടാരാ പറഞ്ഞെ എന്റെ തെങ്ങില്‍ കേറാന്‍ ?" രവിയേട്ടന്‍ ഒരു ചോദ്യം തൊടുത്തു.

"ഞാന്‍ കേറീതൊന്നല്ല. സെക്കന്റ്ഷോ കഴിഞ്ഞ് റോട്ടീക്കോടെ മര്യാദയ്ക്ക് വീട്ടീപ്പോയ എന്നെ ഈ നായിന്റെമോന്‍ ഓടിച്ചപ്പോ ജീവനീ കൊതിയ്ള്ളോണ്ടാ ഞാനീ തെങ്ങി കേറിയെ. എന്നെ ഓടിച്ചു കേറ്റീതാ." കിട്ടന്‍ ന്യായം നിരത്തി.

യുക്തിബോധമുള്ള രവിയേട്ടന്‍ ഒരു നിമിഷം ചിന്തിച്ചു: 'ശരിയായിരിയ്ക്കുമൊ?'

"അപ്പോള്‍ പിന്നെ ഈ തെങ്ങിന്റെ കടയ്ക്കല്‍ കാണുന്ന നാളികേരമൊക്കെ എങ്ങിനെ വന്നു?" രവിയേട്ടന്‍ വിശദീകരണം ആവശ്യപ്പെട്ടു.

"നിങ്ങള്‍ടല്ലെ നായ! ഞാന്‍ പറഞ്ഞട്ട് അവന്‍ കേട്ടില്ല. അവനെ വീട്ടിലേയ്ക്ക് വിടാന്‍ വേണ്ട്യാ ഞാനിതൊക്കെ പൊട്ടിച്ചെറിഞ്ഞെ. പക്ഷെ അതവന് മനസ്സിലായില്ല്യാന്നാ തോന്നണെ. അല്ലാണ്ട് ഞാനെന്താ എന്റെ ജീവിതത്തില് ഇതേവരെ നാളികേരം കണ്ടട്ടില്ല്യാന്നാ വിചാരിച്ചെ?" കിട്ടന്‍ വ്യക്തമായി വിശദീകരിച്ചു.

രവിയേട്ടന്‍ വീണ്ടും ചിന്തിച്ചു: 'ശരിയാണല്ലൊ. ഒരാള്‍ക്ക് സ്വന്തം ജീവന്‍ തന്നെയല്ലെ ഏറ്റവും വലുത്. ജീവനില്ലെങ്കില്‍ എന്ത് നാളികേരം!'

കുറച്ച്നേരം വീണ്ടും ചിന്തിച്ചിട്ട് രവിയേട്ടന്‍ പറഞ്ഞു "ശരി... ശരി... നീ താഴെറങ്ങി വീട്ടീപ്പോ".

"നായിനെ കെട്ടിടാണ്ട് ഞാന്വ്ടന്ന് ഇറങ്ങണ പ്രശ്നല്ല്യ" കിട്ടന്‍ വാശിപ്പിടിച്ചു.

രവിയേട്ടന്‍ നായയെ പിടിച്ച് ഒതുക്കി നിറുത്തി. ഇത് കണ്ട കിട്ടന്‍ കയറിയതിലും വേഗത്തില്‍ താഴെയിറങ്ങി മച്ചിങ്ങയെല്ലാം കാലുക്കൊണ്ട് തട്ടിമാറ്റി ഏറ്റവും വലിയ ഒരു നാളികേരം എടുത്ത് കുലുക്കിനോക്കി.

"എന്തിനാ നീ നാളികേരം എടുക്കണെ?" രവിയേട്ടനാകെ സംശയമായ്.

"അതുശരി. ഇത്രയും വലിയ തെങ്ങുംപ്പറമ്പുണ്ടായ്ട്ട് അതറിയില്ലെ? തെങ്ങുകയറ്റുക്കാരന് ചുരുങ്ങിയത് ഒരു നാളികേരമെങ്കിലും സ്വന്തമാക്കാം." കിട്ടന്‍ നിയമം വിശദീകരിച്ചു.

രവിയേട്ടന്‍ വീണ്ടും ചിന്തിച്ചു. കുറേ സമയത്തിന് ശേഷം പറഞ്ഞു "ശരി... ശരി... വേഗം ആ നാളികേരം കൊണ്ട് സ്ഥലം വിട്".

"അതെങ്ങ്ന്യാ? തെങ്ങിലാരെങ്കിലും വെറുതെ കയറോ? തെങ്ങൊന്നുക്ക് പത്തു രൂപയാ എന്റെ കൂലി." കിട്ടന്‍ തൊഴില്‍ നിയമം വിശദീകരിച്ചു.

"പത്ത് രൂപയൊ? എന്റെ പറമ്പില്‍ സ്ഥിരം നാളികേരമിടുന്നവന് അഞ്ച് രൂപയാ എന്റെ കണക്ക്." രവിയേട്ടനും തൊഴില്‍ നിയമങ്ങളറിയാമെന്ന് വ്യക്തമാക്കി.

"അത് പകല്. ഇപ്പോള്‍ രാത്രി. കൂലി ഇരട്ടിയാ. പത്തു രൂപയും രണ്ട് നാളികേരവും." കിട്ടന്‍ രവിയേട്ടനേക്കാള്‍ ഒരു പടി മുന്നിലാണെന്ന് തെളിയിച്ചു.

രവിയേട്ടന്‍ വീണ്ടും ചിന്താമഗ്നനായ്. കുറേനേരം കഴിഞ്ഞ് പറഞ്ഞു "ശരി... ശരി... ഞാന്‍ കാശിപ്പോ കൊണ്ടരാം. അതേവരെ ഈ നാളികേരം ആരും കൊണ്ടുവാണ്ട് നോക്ക്യോള്ളൊ."

കാശെടുക്കാന്‍ പോകാനൊരുങ്ങിയ രവിയേട്ടന്റെ മനസ്സിലേയ്ക്ക് ഒരു മിന്നലായ് കിട്ടന്‍ വീണ്ടും കടന്നു ചെന്നു "വേറെ നാല് തെങ്ങും കൂടി കേറീണ്ട്. എല്ലാം കൂടി അമ്പത് രൂപയാവും. വേഗാവട്ടെ. എനിയ്ക്ക് പോയീട്ട് വേറെ പണീണ്ട്!"
:)

20 Comments:

Blogger സ്നേഹിതന്‍ said...

ഒരു 'മിടുക്കന്റെ' കഥ!

11:18 PM  
Blogger ജേക്കബ്‌ said...

മിടുക്കന്‍ മിടുക്കന്‍ തന്നെ,കൊള്ളാം ;-)

12:55 AM  
Blogger ദേവന്‍ said...

കിട്ടന്‍ ആളു ബോണ്‍സായി പുലി. കഥ രസിച്ചു സ്നേഹിതാ. പഴേ ഒരെണ്ണം ഓര്‍ക്കുകേം ചെയ്തു.

പറഞ്ഞു കേട്ട കഥയാണേ. ഞങ്ങളുടെ ആസ്ഥാന മോഷ്ടാവ്‌ പൂച്ച പ്രഭാകരന്റെ പരമപൂജനീയ ഗുരുനാഥന്‍ മൂന്നെന്‍ മൂപ്പന്‍ ( ഈ പേര്‍ ബോണി എം പോലെയല്ല, മുകുന്ദന്‍ ലോപിച്ചതാണു മൂന്നെന്‍) ഇതുപോലെ ഒരു രാത്രി നാളീകേര സംഭരണ വേളയില്‍ തെങ്ങില്‍ വച്ചു പറമ്പിന്റെ ഓണര്‍ നാഗേന്ദ്ര അണ്ണാച്ചിയാല്‍ തൊണ്ടി സഹിതം പിടിക്കപ്പെട്ടു. കിട്ടനോളം മിടുക്കനല്ലാതിരുന്നതിനാല്‍ പിടികൊടുത്ത്‌ നിലത്തിറങ്ങി. നെല്ലിമരത്തേല്‍ ബന്ധിതനായി. ഓണര്‍ ഇടി തുടങ്ങി. ഓടിക്കൂടിയ നാട്ടുകാര്‍ പുരയിടത്തിന്റെ ഉടമക്കു പിന്തുണ പ്രഖ്യാപിച്ച്‌ കൂട്ടയിടി തുടങ്ങി. മാലപ്പടക്കം എരിഞ്ഞു കേറുന്നതുപോലെ കുമ്മന്‍ ഇടി പൊട്ടവേ മൂന്നെന്‍ മൂപ്പന്‍ കരഞ്ഞുകൊണ്ട്‌ പറഞ്ഞു.

"പാണ്ടിച്ചിയുമായി ഒളിസേവ നടത്തിയതിനു നാഗേന്ദ്രന്‍ അണ്ണാച്ചി ഇടിക്കുന്നതെനിക്കു മനസ്സിലാക്കാം, ഈ നാട്ടുകാര്‍ എന്തിനാ കൂടെക്കയറി അടിക്കുന്നത്‌? നിങ്ങക്കെന്താ ഇതില്‍ കാര്യം?"

കറണ്ടു പോയ റൈസ്‌ മില്ലു പോലേ സര്‍വ്വം നിശബ്ദം നിശ്ചലം. പിന്നെ ചക്ക വീഴുമ്പോലെ ഒരു ശബ്ദം. അതു നാഗന്റെ നെഞ്ചാങ്കൂട്‌ പൊട്ടിയതാണെന്നു മനസ്സിലാക്കാന്‍ ആളുകള്‍ കുറേ സമയം എടുത്തു.

വിമോചിതനായ മൂന്നെന്‍ മൂപ്പന്‍ ഉടുമ്പു ലേഹ്യത്തില്‍ നിന്നൊരു തവി എടുത്തു സേവിച്ച്‌ ഒരേമ്പക്കവും
വിട്ട്‌ ശിഷ്യന്‍ പൂച്ചയോട്‌ നടന്ന കാര്യങ്ങള്‍ ഒറ്റവാക്യത്തില്‍ വിവരിച്ചു "ആ നാഗേന്ദ്രന്‍ അണ്ണാച്ചി എന്റെ കൂമ്പു കലക്കി, ഞാന്‍ അവന്റെ മാനവും കലക്കി. ത്രേള്ളു."

1:44 AM  
Anonymous Anonymous said...

കഥയെഴുതിയോനും മിടുക്കന്‍ തന്നെ :)

1:47 AM  
Blogger Visala Manaskan said...

നില്‍ക്കാനും കൂടെ പഠിച്ചോനാ അപ്പോ‍ കിട്ടന്‍ ല്ലേ?
:) കൊള്ളാം സ്‌നേഹിതാ‍ാ.

'വൃന്ദാവന്‍ തിയ്യേറ്ററിലെ സെക്കന്റ്ഷോകള്‍’ ഓര്‍മ്മിപ്പിച്ചതിന്... ട്ടാങ്ക്സ്!

പണ്ട്, കൊടകര മൂന്ന് c class തിയറ്ററുകള്‍ ‌ ജീവിച്ചിരുന്നു. ദ്വാരക, വൃന്ദാവന്‍ & അമ്പാടി. മൂന്നും കൃഷണനുമായി ബന്ധപ്പെട്ടവ. ഒരിക്കല്‍ നാട്ടില്‍ പോയപ്പോള്‍ വൃന്ദാവന്‍ ഗായബ്. അന്വേഷിച്ചപ്പോള്‍, വൃന്ദാവന്‍ സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തെന്ന വിവരം അറിഞ്ഞു. :(

ദേവന്റെ കമന്റും ഞെരിപ്പന്‍

2:13 AM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

ഈ കുടകരക്കീഴില്‍ ഇനിയുമുണ്ടോ പുലികള്‍?

3:49 AM  
Blogger കുറുമാന്‍ said...

കിട്ടനെ വര്‍ണ്ണകുടക്കുകീഴെ നിര്‍ത്തി, വര്‍ണ്ണിച്ച വര്‍ണ്ണന വായിച്ച്, ചിരിച്ച് ചിരിച്ച് കുറുമന്റെ ഹബ്ബ് എളകി.

കൊറച്ചു കടം തര്വോ ഈ ഹ്യൂമര്‍സെന്‍സ്?

4:09 AM  
Blogger കണ്ണൂസ്‌ said...

:-) ഉശിരന്‍!!!

4:23 AM  
Blogger ശനിയന്‍ \OvO/ Shaniyan said...

ഹമ്മേ! കൊല്ല്, കൊല്ല്..ഈ ചിരിച്ച് മരിക്ക്യാന്നൊക്കെ പറയണത് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യാണേയ്.. :-)

കലക്കി മാഷേ..

12:59 PM  
Blogger സ്നേഹിതന്‍ said...

ജേക്കബ് : കിട്ടനേപ്പോലെയുള്ളവര്‍ക്കും ജീവിയ്ക്കണ്ടെ! :) :)
ദേവരാഗം : കമന്റ് കലക്കീട്ടൊ. ഗംഭീര വര്‍ണ്ണന! ദേവരാഗത്തിനത് ഒരു കിടിലന്‍ പോസ്റ്റാക്കാമായിരുന്നു.
തുളസി : കിട്ടനോളമാവില്ല :)
വിശാലന്‍ : സെക്കന്റ്ഷോയ്ക്ക് ഒരിയ്ക്കലും വീട്ടില്‍ നിന്ന് അനുവാദമില്ലായിരുന്നു. വല്ലപ്പോഴും ഒരു
ഫസ്റ്റ്ഷോ. ഒരിയ്ക്കല്‍ നാട്ടില്‍ ചെന്നപ്പോള്‍ ചാലക്കുടിയിലേയ്ക്കുള്ള യാത്രയില്‍ 'വൃന്ദാവന്‍'
അസ്ഥിപഞ്ജരമായി നില്ക്കുന്നതു കണ്ടു. :(
സാക്ഷി : വാസ്തവത്തില്‍ പുലിത്തോലിട്ട കുഞ്ഞാടുകളാണ് കൂടുതലും. :)
കുറുമാന്‍ : അതിനുള്ളതൊന്നുമില്ലിഷ്ടാ! ചിരിച്ചെന്നറിഞ്ഞതില്‍ സന്തോഷം. :)
കണ്ണൂസ് : കിട്ടനാളുശിരനല്ലായിരുന്നെങ്കില്‍ ഇത് ഞാനെഴുതൊ ? :) :)
ശനിയന്‍ : ജയചന്ദ്രന്‍ പാടിയ ഒരു സിനിമാപ്പാട്ടിന്റെ ചില വരികള്‍ മനസ്സിലെത്തി: "കരഞ്ഞാലും മരിയ്ക്കും, ചിരിച്ചാലും മരിയ്ക്കും എന്നാപ്പിന്നെ ചിരിച്ചിട്ട് മരിച്ചോടെ..." എന്നാണെന്ന് തോന്നുന്നു. ചിരി ആയുര്‍ ദൈര്‍ഘ്യം കൂട്ടട്ടെ! :)

7:54 PM  
Blogger സ്വാര്‍ത്ഥന്‍ said...

കുടകരക്കാരാ‍ാ‍ാ‍ാ‍ാ
മുടുമുടുക്കന്‍

2:05 AM  
Blogger Unknown said...

സ്നേഹിതന്‍ വീണ്ടും കലക്കി.
ഈ ഒരു പ്രദേശം മുഴുവന്‍ പയലുകള് ചിരിമരുന്ന് നിറച്ച് വെടിപൊട്ടിക്കുന്നതില്‍ പുലികളായതിന്റെ രഹസ്യമെന്തെരോ എന്തോ!

7:36 PM  
Blogger myexperimentsandme said...

“സ്നേഹിതന്നേ പൂയ്, സ്നേഹിതന്നേ പൂയ്, അതിശയ സ്നേഹിതന്നേ........”(ശാലിനിയൊക്കെ അഭിനയിച്ച ആ തമിഴ്‌പടം...ങാ അതുതന്നെ)

യടിപൊളി.....

കൊടകരയില്‍ പറ്റുപിടിയില്ലായിരുന്നെങ്കിലും കണിച്ചായീസ്, സുരഭി, അക്കരെ തുടങ്ങിയ 70 എം.എം. ഡീ.ഡീ.റ്റീ ശബ്‌ദസൌകുമാര്യങ്ങളുള്ള ചാലക്കുടി തീയറ്ററുകളിലെ നിത്യസന്ദര്‍ശകനായിരുന്നു ഞാനും രണ്ടുകൊല്ലത്തോളം. അക്കരെ തന്നെയായിരുന്നു ഏറ്റവും ബെസ്റ്റ്... തൊട്ടപ്പുറത്ത് പോലീസ് സ്റ്റേഷനും ഇപ്പുറത്ത് സ്വാമീടെ ഹോട്ടലും.

മകളേ..... ORമകളേ.....ORമകനേ...

4:40 AM  
Blogger myexperimentsandme said...

ഒരു രക്ഷേമില്ലല്ലോ... എപ്പോ പോസ്റ്റിയാലും കമന്റ് പതിമൂന്നാമന്‍.....

4:40 AM  
Blogger മുല്ലപ്പൂ said...

കിട്ടന്‍ ആളു കിടു തന്നെ..
പോസ്റ്റ്‌ ഉഗ്രന്‍

5:46 AM  
Blogger സ്നേഹിതന്‍ said...

സ്വാര്‍ത്ഥന്‍ : ഞാനെഴുതിയത് ക്ഷമയോടെ വായിയ്ക്കുന്നവരല്ലെ ശരിയ്ക്കും മിടുക്കര്‍! :)
യാത്രാമൊഴി : രഹസ്യം പരസ്യമല്ലെ; ദൈനംദിന ജീവിത സമര്‍ദ്ദത്തില്‍ നിന്നൊരു താല്ക്കാലിക ഒളിച്ചോട്ടം. :)
വക്കാരിമഷ്ടാ : കേട്ടറിഞ്ഞ 'ചിന്നചിന്നതാം' ഓര്‍മ്മകളെ 'രഹസിയ' മാക്കി അലപോലെ പായുന്നതിന് പകരം പരസ്യമാക്കാമെന്ന് കരുതി. :)
വക്കാരിയ്ക്ക് പതിമൂന്ന് ഭാഗ്യനമ്പറാണല്ലൊ! ഉറവിടം ചാലക്കുടിയൊ അല്ലെങ്കില്‍ ചുറ്റുവട്ടത്തെവിടെയോ ആണല്ലെ!
മുല്ലപ്പു : വായിച്ചെഴുതിയതിന് നന്ദി. സന്തോഷം. :)

11:11 PM  
Blogger nalan::നളന്‍ said...

സ്നേഹിതാ ഈ തേങ്ങാമോഷണമൊരാഗോള സംഭവമാണല്ലേ...കിട്ടന്‍ ആളു ജഗജില്ലന്‍..
ഒന്നുമല്ലേല്‍ കട്ടുകുടിക്കുന്ന കരിക്കിന്‍ വെള്ളത്തിന്താ രുചി. അഷ്ടമുടിക്കായലോരത്ത് ചരിഞ്ഞുകിടക്കുന്ന തെങ്ങുകളൊന്നും ഞങ്ങളന്യന്റെയാണെന്നു സമ്മതിച്ചുകൊടുത്തിട്ടില്ല. കരിക്കിന്‍വെള്ളവും പട്ടയും കോമ്പിനേഷനെക്കുറിച്ചോര്‍ത്താല്‍ അങ്ങനെ തോന്നുകയുമില്ല. വല്ലപ്പോഴും ജീവനും കൊണ്ടൊടിയിട്ടുള്ളതൊക്കെ ഒരു സംഭവമാണോ.. :)

10:12 PM  
Blogger സ്നേഹിതന്‍ said...

നളന്‍ :) കരിക്കിന്‍വെള്ളവും പട്ടയും കൂടിയ ആ കോമ്പിനേഷന്‍ വലിയ ഹിറ്റാണെന്ന് തോന്നുന്നു! അതിനെപ്പറ്റിയുള്ള പ്രശംസ ഒരു ലാല്‍ സിനിമയില്‍ കേട്ടതോര്‍ക്കുന്നു.

9:53 PM  
Blogger പാപ്പാന്‍‌/mahout said...

കഥ ബഹുകേമം. ദേവന്റെ കമന്റും.

3:56 AM  
Blogger സ്നേഹിതന്‍ said...

പാപ്പാന്‍ : വായിച്ചെഴുതിയതില്‍ സന്തോഷം! ദേവന്റെ കമന്റ് ഒരുഗ്രന്‍ പോസ്റ്റാക്കാമായിരുന്നു. :)

7:13 PM  

Post a Comment

<< Home