Tuesday, May 16, 2006

അന്വേഷണം

എന്നിലര്‍പ്പിതമാമമിതപ്രതീക്ഷകള്‍ക്കൊപ്പമുയരുവാനാകാതെ ഞാന്‍ വലഞ്ഞു.
എന്‍ സ്പര്‍ശമേറ്റതെല്ലാം നാശമാകുവതെന്‍ നിര്‍ഭാഗ്യത്താലല്ലെന്നാരറിഞ്ഞു ?
നിസ്വാര്‍ത്ഥനായെന്നെയര്‍പ്പിച്ചൊരാകര്‍ത്തവ്യങ്ങളേവതും വ്യര്‍ത്ഥമായതുമിന്നറിഞ്ഞു.
ബന്ധുക്കളാം ബന്ധനങ്ങളില്‍ നിന്നെനിക്കേകണേ മോക്ഷമെന്നുള്ളില്‍ മൊഴിഞ്ഞു.
സര്‍വ്വവും ത്യജിച്ചെന്‍നാടിനെമറന്നന്ന്യനായ് മറുനാട്ടിലെത്താന്‍ തുനിഞ്ഞു.
ചിന്തയാം ചിതയിലേറെയഗ്നിയായെന്‍ പിതാവിന്‍ മനം ഞാനറിഞ്ഞു.
ഒന്നുമുരിയാടാതെയെല്ലാമുള്ളിലൊതുക്കിയെന്നമ്മതന്‍ ദുഃഖം കണ്ണീരിലലിഞ്ഞു.
അലൗകികനായെന്നസ്ഥിത്വം തേടിയലയുവാനെന്‍ വിധിയെന്നെന്‍ മനം പറഞ്ഞു.
പട്ടിണിപ്പാവങ്ങള്‍, പീഡിതര്‍, രോഗികളേറെയാചിത്രം കണ്ടെന്‍ കരള്‍ പിടഞ്ഞു.
അതിലൊരുവനായവശനായിരവും പകലും മറന്നെന്നെമറന്നു ഞാനലഞ്ഞു.
ഇത്രയും കാലമറിഞ്ഞതത്രയും നിരര്‍ത്ഥമായിരുന്നെന്നോടൊരുനാളൊരു ഗുരു മൊഴിഞ്ഞു.
ഞാന്‍, ഞാന്‍ത്തന്നെയെന്‍ നിഴലല്ലെന്നറിയുവാനെന്‍ നിഴലിനുനേരെ ഞാന്‍ പുറം തിരിഞ്ഞു.
പിന്നെയും ഞാനാരാണെന്നറിയുവാനെന്നിലേയ്ക്കിറങ്ങിയെന്‍ കണ്‍തുറന്നുവെന്‍ കണ്‍നിറഞ്ഞു.
ഞാന്‍ ഞാനായിപ്പിറന്നീട്ടുമെന്നെയേവരുമപരനായികാണുവതെന്നപരാധമേയല്ലെന്നറിഞ്ഞു.
ഒന്നിനോടുമുപമിയ്ക്കാനൊന്നുമെനിയ്ക്കില്ലെങ്കിലുമായില്ലായ്മയല്ലെയെന്‍ സര്‍വ്വവുമെന്നറിഞ്ഞു!

7 Comments:

Blogger സ്നേഹിതന്‍ said...

അന്വേഷണം... ഒരന്വേഷണം... സ്വയമൊരന്വേഷണം!

4:38 PM  
Blogger അരവിന്ദ് :: aravind said...

ചില വാക്യങ്ങള്‍ മനസ്സിലാകാതെ ഞാന്‍ വലഞ്ഞു
മനസ്സിലായത് വളരെ നന്നായിരിക്കുന്നുവെന്ന് ഞാന്‍ പറഞ്ഞു
കവിത മൊത്തം മനസ്സിലാകാത്തതില്‍ എന്നുള്ളം പുകഞ്ഞു

:-) നന്നായി സ്നേഹി.

11:09 PM  
Blogger സ്നേഹിതന്‍ said...

അരവിന്ദ് :
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് പരിചയപ്പെട്ട ഒരു ഉത്തരേന്ത്യക്കാരനോട് കടംബാംഗങ്ങളെപ്പറ്റിയന്വേഷിച്ചപ്പോള്‍ എല്ലാമിട്ടെറിഞ്ഞ് പോയ പിതാവിനെപ്പറ്റി സൂചന നല്‍കി. ഭാര്യയേയും മക്കളേയും ഉപേഷിച്ച് കാവിവസ്ത്രധാരിയായി കാശിയിലും ഹരിദ്വാറിലും ഋഷികേശിലും ജീവിയ്ക്കാന്‍ ഒരു കുടുംബനാഥന്‍ തീരുമാനിയ്ക്കാനുണ്ടായ കാരണം അറിയണമെന്ന് തോന്നിയെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് തോന്നിയതുകൊണ്ട് ചോദിച്ചില്ല. കുറച്ച് നാള്‍ മുമ്പ് ഈ ഉത്തരേന്ത്യക്കാരന്‍ വിസയുടെ കാലാവധി കഴിഞ്ഞതുകൊണ്ട് ഇന്ത്യയിലേയ്ക്ക് തിരിച്ചുപ്പോയി.

ഒരു കുടുംബനാഥന്റെ സന്ന്യാസത്തിനുള്ള കാരണങ്ങള്‍ ആ വ്യക്തിയുടെ മനസ്സിലേയ്ക്ക് കടന്നു ചെന്ന് (ഒരു പരകായ പ്രവേശം പോലെ) അറിയുവാനുള്ള ഏന്റെ എളിയ ശ്രമമായിരുന്നു ഈ കുത്തിക്കുറിയ്ക്കപ്പെട്ട വരികള്‍ക്ക് പിന്നില്‍. അങ്ങിനെയുള്ളൊരവസ്ഥയില്‍ ഞാന്‍ മറ്റുള്ളവര്‍ക്ക് അപരനും എനിയ്ക്ക് ഞാനുമാകുന്നു. ഞാനുമെന്റെ ബന്ധുക്കളെ മറക്കുന്നു, അലയുന്നു, സ്വയമറിയുന്നു...

അന്വേഷണം... ഒരന്വേഷണം... സ്വയമൊരന്വേഷണം!

ഈ വിശദീകരണം എന്റെ വരികളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കില്ലെന്ന് കരുതുന്നു :) :)

12:11 AM  
Blogger myexperimentsandme said...

ഈശ്വരാ, കൂഴച്ചക്കയെഴുതിയ ഈ മിടുക്കന്‍ സ്നേഹിതന്‍ തന്നെയാണോ, കാലമോതിയ ഈ കഥ കൂപത്തിലെ മണ്ഡൂകങ്ങളായ എന്നെപ്പോലുള്ളവരോട് സ്വാഗതമോതിക്കൊണ്ട് പറയുന്നത്? അരവിന്ദന്‍ പറഞ്ഞതുപോലെ വായിച്ചിട്ട് മുഴുവനങ്ങ്‌ട് മനസ്സിലായില്ലെങ്കിലും എങ്ങിനെയിങ്ങിനെയൊക്കെയെഴുതാങ്കഴിയുന്നെന്‍‌
സ്നേഹിതനേ.. സ്‌നേഹി തന്നേ.. അതിശയസ്നേഹി തന്നേ.

(മുകളിലെഴുതിയത് താങ്കളുടെ പോസ്റ്റുമായി ഒരു രീതിയിലും ബന്ധിപ്പിക്കാന്‍ പറ്റാത്ത, വെറും ചളങ്കുളം മാത്രം ആണെന്ന് ...... ക്ഷമിക്കുമല്ലോ).

12:34 AM  
Blogger സ്നേഹിതന്‍ said...

വക്കാരി : പോസ്റ്റിനു നന്ദി. ഇടയ്ക്കൊരു മാറ്റം വേണമെന്ന് തോന്നിയെഴുതിയതാണപ്പാ!
പഴം ചോറില്‍ നിന്നും പഴം കഞ്ഞിയിലേയ്ക്കൊ അതൊ തിരിച്ചൊ ഒരു മാറ്റം അത്രമാത്രമപ്പാ.

6:49 PM  
Blogger സ്വാര്‍ത്ഥന്‍ said...

ഈ വരികളില്‍ എന്നുടെ പ്രതിബിംബമായി, സ്നേഹിതാ നിന്നെ ഞാനിന്നറിഞ്ഞു...

2:03 AM  
Blogger സ്നേഹിതന്‍ said...

വായിച്ചെഴുതിയതിന് പെരുത്ത് നന്ദി. സ്വാര്‍ത്ഥന്റെ നിസ്വാര്‍ത്ഥതയും എന്റെ സ്വാര്‍ത്ഥതയും പ്രതിഫലിയ്ക്കുന്നതല്ലെ എന്റെ വരികള്‍ :)

9:51 PM  

Post a Comment

<< Home