Sunday, July 23, 2006

അഭയാര്‍ത്ഥി

നിന്‍ ദൃശ്യമെന്‍ മിഴികളില്‍
വേദന തന്‍ വേലിയേറ്റമായ്.
നിന്‍ സ്പര്‍ശമെന്നിടനെഞ്ചില്‍
താളം മുറുകിയ തുടിയടിയായ്.
നിന്‍ കദന കഥയെന്‍ വരികളില്‍
സന്താപത്തിന്‍ സംശബ്ദമായ്.

കണ്ണുനീര്‍ വറ്റി, കുഴിഞ്ഞ
നിന്‍ കണ്ണുകളില്‍ ദൈന്യത.
നിന്നില്‍, നിസ്സഹായതയുടെ
തടയപ്പെട്ട രോദനത്തിന്‍ മൂകത.

വിണ്ടു കീറിയ നിന്‍ ചുണ്ടില്‍
നഷ്ടബോധങ്ങള്‍ തന്‍ ഊഷരത.
നാളെയുടെ ഒറ്റയടിപ്പാതകള്‍
ഇരുളില്‍ നിനക്കേകുന്നു അവ്യക്തത.

ഉള്ളിന്റെയുള്ളില്‍, ഒഴിയാത്ത
പ്രതികാര ചിന്തകള്‍ തന്‍ ക്രൂരത.
നിന്നില്‍ നിന്നകലുന്നു ഉഷസ്സും,
സന്ധ്യയും മോഹന സ്വപ്നങ്ങളും.

മറന്നു നീ, സുഗന്ധം പേറുമീ
മന്ദമാരുതനും അവയേകിയ പൂക്കളും.
മെലിഞ്ഞ നിന്‍ കൈകളില്‍
നഷ്ടമാം ജീവിതത്തിന്‍ മരവിപ്പും.

പിടയുന്നു നിന്‍ ദേഹത്തില്‍
പിരിയാന്‍ മടിയ്ക്കുന്ന ജീവന്‍.
നിനക്കു ചുറ്റും ചിറകടിയ്ക്കുന്നു
ചൂഷകരാം കറുത്ത കഴുകുകള്‍.

എങ്കിലും...

നിറയട്ടെ നിന്നില്‍, ഉണ്മയെ
കാക്കും വീരര്‍ തന്‍ ധീരത.
നിനക്കായെന്നും പാടട്ടെ
പൂങ്കുയിലും പാണനാരും.

നിനക്കായ് പൊഴിയട്ടെ
വേനലിലെ ആദ്യ മുത്തുകള്‍.
വഴി കാട്ടിയാകട്ടെ പുതുസൂര്യന്‍
നിന്നിടറിയ കാല്പാദങ്ങള്‍ക്ക്.

നിന്നിലലിയട്ടെ, അഹിംസയ്ക്കായ്
ബലിയാടായ ത്യാഗത്തിന്‍ പവിത്രത.
നിനക്കാകട്ടെ, നാളെയുടെ
പുലരിയും പുതു മഞ്ഞുതുള്ളിയും.

സ്നേഹത്തിന്‍ ചാമരം, നിനക്കായ്
വീശട്ടെ തളിരും പുതു പൂക്കളും.
കൈ കോര്‍ക്കട്ടെ നിന്നോട്
കനിവിന്‍ മൃദുവാം ഊഷ്മത.

പടരട്ടെ നിന്നില്‍, നന്മതന്‍
നാമ്പുകള്‍ പുതുജീവനായ്.
ചിറകടിച്ചുയരട്ടെ നിനക്കായ്
സമാധാനമോതും മാലാഖമാര്‍...

9 Comments:

Blogger സ്നേഹിതന്‍ said...

പ്രത്യയ ശാസ്ത്രങ്ങളുടെ പടവെട്ടില്‍
പകച്ചു നില്ക്കുന്നവര്‍,
പിടഞ്ഞു വീഴുന്നവര്‍,
പാലായനം ചെയ്യുന്നവര്‍ - അഭയാര്‍ത്ഥികള്‍.

8:59 PM  
Blogger വക്കാരിമഷ്‌ടാ said...

ഒരു ചേയ്ചിനു വേണ്ടി നീ-യെ ഭൂമിദേവിയായി സങ്കല്‍‌പിച്ചു നോക്കി. ശരിയായില്ല.

ഈ കവിത എഴുതുന്നതെങ്ങിനെയെന്ന്.....

സ്നേഹതന്റെ കവിതകള്‍ മനസ്സിലാക്കി വായിക്കാന്‍ പറ്റുന്നുണ്ട്. അതുകൊണ്ടു തന്നെ ആസ്വദിക്കാനും (എന്റേതായ രീതിയില്‍ കേട്ടോ).

6:55 AM  
Blogger ബിന്ദു said...

ഞാനും ആദ്യം വേറേ ആരൊക്കെയോ ആണെന്നു സങ്കല്‍പ്പിച്ചു. :) പിന്നെയാ ഹെഡ്ഡിംഗ്‌ നോക്കിയത്‌.

10:53 AM  
Blogger സ്നേഹിതന്‍ said...

വക്കാരി, ബിന്ദു : ലെബനനില്‍ നിന്നുമുള്ള അഭയാര്‍ത്ഥി പ്രവാഹമാണ് കവിതയ്ക്ക് പ്രചോദനമായത്. ഇസ്രയേലിന്റെ ചരിത്രവും വ്യത്യസ്തമല്ലല്ലൊ. ബംഗ്ലാദേശില്‍ നിന്നുമുള്ള അഭയാര്‍ത്ഥി പ്രവാഹം നമ്മള്‍ക്കും അപരിചിതമല്ല.

വായിച്ചതിനും കമന്റിയതിനും നന്ദി.

5:27 PM  
Blogger പാര്‍വതി said...

നന്നായിരിക്കുന്നു...

-പാര്‍വതി.

9:15 AM  
Blogger സ്നേഹിതന്‍ said...

പാര്‍വതി: സന്തോഷം.

2:35 PM  
Blogger Raghavan P K said...

A small prologue would hav enhanced the understanding of this poem.
പിടയുന്നു നിന്‍ ദേഹത്തില്‍
പിരിയാന്‍ മടിയ്ക്കുന്ന ജീവന്‍
I liked some of these lines
പി കെ രാഘവന്‍

10:08 AM  
Blogger സ്നേഹിതന്‍ said...

രാഘവന്‍ : ആസ്വാദകര്‍ക്ക് രസംകൊല്ലിയാകരുതെന്ന് കരുതിയാണ് ഒരു ആമുഖം ഒഴിവാക്കിയത്. ചിലപ്പോള്‍ ഒരു അനുബന്ധമായി കമന്റുകളില്‍ വിശദീകരണം നല്കാറുണ്ട്.

വായിച്ചതിനും പ്രത്യേകം കമന്റിയതിനും പ്രത്യേകം നന്ദി.

10:59 AM  
Blogger വല്യമ്മായി said...

നല്ല വരികള്‍

4:12 AM  

Post a Comment

Links to this post:

Create a Link

<< Home