Tuesday, July 04, 2006

ഊണു തയ്യാര്‍

അരയോളം വെള്ളത്തില്‍ നിന്ന്, ശരീരമാകെ സോപ്പ് തേച്ച്, മൂക്ക് പൊത്തി മൂന്ന് പ്രാവശ്യം മുത്തു മുങ്ങിപ്പൊങ്ങി, കണ്ണു തുറന്നു. ഉറക്കമെല്ലാം പമ്പ കടന്നു. ചട്ടുകമെടുത്ത് വെള്ളത്തില്‍ തുഴഞ്ഞു കളിച്ചു, പിന്നെ പതിവു പോലെ നീട്ടി പാടി: "പോനാല്‍ പോകട്ടും പോടാ. ഇന്ത..."

'ട്ടേ...' എന്ന ശബ്ഭം കേട്ടും അനുഭവിച്ചും തീ കനലില്‍ ചവുട്ടിയവനേപ്പോലെ ഒരടി ഉയരത്തില്‍ മുത്തു ചാടി. പിന്നെ തിരികെയെത്തി തിരിഞ്ഞു നോക്കി. പുറം മാന്താനുപയോഗിയ്ക്കുന്ന വടിയുമായ് 'അന്നപൂര്‍ണ്ണ' ഭോജനശാലയുടെ സര്‍വ്വസ്വവുമായിരുന്ന രാഘവേട്ടന്‍ ചുണ്ടില്‍ കെട്ടുപ്പോയ ബീഡി കുറ്റിയും, കണ്ണില്‍ അഗ്നി സ്പുലിംഗങ്ങളുമായി പുകയുന്നു. ഇതു കണ്ടതും മുത്തുവിന്റെ ശരീരത്തില്‍ നിന്നും കറേ ജലാംശം നഷ്ടപ്പെട്ടു. ചുറ്റും ജലനിരപ്പുയര്‍ന്നു.

"നിന്നോടെത്ര പ്രാവശ്യം പറഞ്ഞേക്കണു ചോറു വെയ്ക്കുന്ന ചെമ്പില്‍ കയറി നിന്നു കുളിയ്ക്കരുതെന്ന്. ഇനിയിതു കണ്ടാല്‍..." രാഘവേട്ടന്‍ മുഴുവനും പറയാതെ സ്വന്തം പുറം മാന്തി തിരിച്ചു പോയി. മുത്തു പുകയുന്ന പുറമുഴിഞ്ഞു പുളഞ്ഞു. അപ്പോഴാണ് രാഘവേട്ടന്റെ പിന്നില്‍ മറഞ്ഞു നിന്നിരുന്ന കണ്ണന്‍ മുത്തുവിന്റെ കണ്ണില്‍ പെട്ടത്. അപ്പോള്‍ ഇവനാണല്ലെ ഈ ഏഷണിയൊപ്പിച്ചത്. 'പാര്‍ക്കലാം' എന്ന് പതുക്കെ പറഞ്ഞ് മുത്തുമണികളുതിരുന്ന ശരീരത്തോടെ മുത്തു ചെമ്പിനു പുറത്തു കടന്നു.

മുത്തു ചെറുപ്പത്തിലേ തമിഴ് നാട്ടില്‍ നിന്നും ഈ ഹോട്ടലില്‍ എത്തി ജീവിതം തുടങ്ങിയവന്‍. കുടികിടപ്പെല്ലാം ഹോട്ടലില്‍ തന്നെ. നാട്ടിലേയ്ക്കൊരിയ്ക്കലും തിരിച്ചു പോയീട്ടില്ല. കാലത്ത് മൂന്നരയ്ക്കെണീയ്ക്കണം. പാത്രം കഴുകല്‍, ഭക്ഷണം പാചകം ചെയ്ക്കല്‍, പരിപ്പ് ഉഴുന്ന് അരി തുടങ്ങിയവ അരയ്ക്കല്‍, രാത്രി ഹോട്ടലടച്ചതിനു ശേഷം അടിച്ചു തുടയ്ക്കല്‍ തുടങ്ങിയവയെല്ലാം മുത്തുവിന്റെ വേലയാണ്. കണ്ണനാണ് മുഖ്യ ശത്രു. കണ്ണന്‍ നാട്ടുകാരനാണ്. അച്ഛനും അമ്മയുമില്ലാത്ത കണ്ണനെ അമ്മാവനാണ് വളര്‍ത്തിയത്. ഭക്ഷണം പാചകം ചെയ്യലാണ് കണ്ണന്റെ പ്രധാന ജോലി. സാധാരണയായി കണ്ണനെത്തുമ്പോഴേയ്ക്കും പല ജോലികളും തുടങ്ങിയിരിയ്ക്കും. ഇവരെ കൂടാതെ അത്യാവശ്യം ക്യാഷ് കൗണ്ടറിലിരിയ്ക്കാനും മറ്റു കാര്യങ്ങള്‍ക്കുമായുള്ള ഓള്‍റൗണ്ടര്‍ ചന്ദ്രേട്ടനും ഹോട്ടലിന്റെ അവിഭാജ്യ ഘടകം തന്നെ.

പ്രഭാതം പൊട്ടിവിടര്‍ന്നു തുടങ്ങി. അന്നപൂര്‍ണ്ണയില്‍ എല്ലാവരും വളരെ തിരക്കിലാണ്. മുട്ടകറിയ്ക്കുള്ള പുഴുങ്ങിയ മുട്ടകള്‍ തൊണ്ടുകളഞ്ഞ് കുട്ടയില്‍ പിരമിഡ് പോലെ അടുക്കി വെച്ച് ജോലി ആസ്വദിയ്ക്കുകയായിരുന്നു കണ്ണന്‍. ഏറ്റവും മുകളിലുള്ള മുട്ടയും വെച്ച് സംതൃപ്തി നിറഞ്ഞ മുഖത്തോടെ ഫറവോനെ പോലെ അത് നോക്കി ആസ്വദിച്ചു കഴിഞ്ഞപ്പോഴാണ് തൊണ്ടു കളയാത്ത രണ്ട് മുട്ടകള്‍ കൂടി പാത്രത്തിലെ തണുത്ത വെള്ളത്തില്‍ കിടക്കുന്നത് കണ്ടത്. രണ്ട് മുട്ടകള്‍ക്ക് വേണ്ടി തന്റെ സൃഷ്ടിയില്‍ ഒരു മാറ്റം വരുത്താന്‍ കണ്ണന് താല്പര്യമില്ലായിരുന്നു. അതുകൊണ്ട് രണ്ട് മുട്ടകളും അപ്രത്യക്ഷമാക്കാന്‍ കണ്ണന്‍ തീരുമാനിച്ചു. ഒരെണ്ണം വിഴുങ്ങികൊണ്ടിരിയ്ക്കുമ്പോള്‍ പിരമിഡിന്റെ ഘടനയ്ക്ക് കോട്ടം തട്ടാതെ ഏറ്റവും അടിയിലെ ഒരു മുട്ട എങ്ങിനെ ഊരാം എന്ന് കണ്ണന്‍ ഗാഢമായി ചിന്തിച്ചു. വ്യക്തമായ ഒരു ഉത്തരം കണ്ടെത്താനാകാതെ അടുത്ത മുട്ടയും വായിലേയ്ക്ക് വെച്ചതും 'ട്ടേ...' എന്ന ശബ്ദം. കണ്ണന്റെ കണ്ണില്‍ നിന്നും കോഴി കുഞ്ഞുങ്ങള്‍ പറന്നു! ഇത്തവണ രാഘവേട്ടന്റെ പുറകില്‍ മുത്തുവായിരുന്നു.

കണ്ണന്റെ മനസ്സ് പുകഞ്ഞു. പുറത്തെ പുകച്ചില്‍ മറന്നു. വെറും രണ്ട് മുട്ടയ്ക്കു വേണ്ടിയാണ് ഇന്ന് അടി കൊണ്ടത്. തലേ ദിവസം പത്തു രൂപ കടം ചോദിച്ചതും, കിട്ടാതിരുന്നതും, മാറ്റിനിയ്ക്ക് മുങ്ങിപ്പൊങ്ങിയപ്പോള്‍ കയ്യോടെ പിടി കൂടിയതും, ഇരട്ടി സമയം ജോലി ചെയ്യിപ്പിച്ചതും കൂടി ഓര്‍ത്തപ്പോള്‍ കണ്ണന് കലി വന്നു. കുറേ കാലമായി പുകയുന്ന കണ്ണന്റെ മനസ്സില്‍ ഇന്നത്തെ അടി പ്രതികാരാഗ്നി ആളിക്കത്തിച്ചു. ഈ ഹോട്ടല്‍ അടച്ചു പൂട്ടിയ്ക്കണം. മുതലാളിയെ ഈ നാട്ടില്‍ നിന്നും കെട്ട് കെട്ടിയ്ക്കണം. കണ്ണന്‍ തീരുമാനിച്ചുറച്ചു. തന്റെ തീരുമാനങ്ങളുടെ പരിണത ഫലമറിയാമായിരുന്ന കണ്ണന്‍ രക്ഷപ്പെടാനുള്ള വഴികളും തല പുകഞ്ഞാലോചിച്ചു. തൃശൂര്‍ വരെ ബസ്സില്‍, മദ്രാസ്സിലേയ്ക്ക് ട്രെയിനില്‍. അവിടെ ഏതെങ്കിലും ഹോട്ടലില്‍ കയറിപ്പറ്റാം. മുത്തുവില്‍ നിന്നും അത്യാവശ്യം തമിഴ് വാക്കുകളും പഠിച്ചിട്ടുണ്ട്.

അന്ന് ചോറു വയ്ക്കുന്നത് കണ്ണന്റെ ജോലിയായിരുന്നു. ഹോട്ടലിന് പുറത്ത് തുറസ്സായ സ്ഥലത്ത് ചെമ്പില്‍ അരി തിളച്ചു മറിയുന്നു. പാത്രങ്ങള്‍ കഴുകാനുപയോഗിയ്ക്കുന്ന മണമില്ലാത്ത വെളുത്ത സോപ്പു പൊടി ആരുടേയും കണ്ണില്‍ പെടാതെ കണ്ണന്‍ കൈക്കലാക്കി. ചുറ്റും നോക്കി ആരുമില്ലെന്നുറപ്പു വരുത്തി ചെമ്പിലേയ്ക്ക് ചൊരിഞ്ഞു, നന്നായിളക്കി. പൊടി തിരികെ കൊണ്ടു പോയി വച്ചു. ഓരോ വിരലിലേയും നഖം കടിച്ച് നീട്ടിതുപ്പി സ്വന്തം ഭാവിയെപ്പറ്റി കൂലംകഷമായ് ചിന്തിച്ചപ്പോഴും കണ്ണനറിഞ്ഞില്ല കടിച്ച് തുപ്പിയ നഖമെല്ലാം ചെമ്പിലാണ് ചെന്ന് വീണന്തെന്ന്. വെന്തു പാകമായ ചോറൂറ്റിയെടുത്ത് കുട്ടയിലാക്കി വാഴയിലകൊണ്ട് മൂടി. ഹോട്ടലിലേയ്ക്കുള്ള പലചരക്കും പച്ചക്കറികളും വാങ്ങാന്‍ രാഘവേട്ടന്‍ ചാലക്കുടിയ്ക്ക് പോയിരിയ്ക്കുന്ന സമയമായതുകൊണ്ട് രക്ഷപ്പെടാന്‍ പറ്റിയതിപ്പോഴാണെന്ന് കണ്ണന്‍ ഉറപ്പിച്ചു.

മുത്തു ബീഫ് മസാലയെ രുചികരമാക്കാനുള്ള ശ്രമത്തിലായിരുന്നു. ഗരം മസാല ചേര്‍ത്ത് ഇളക്കി തുടങ്ങിയപ്പോഴാണ് എന്തോ ഒന്ന് പാത്രത്തില്‍ കിടന്ന് പിടയുന്നത് കണ്ടത്. ഒരു പല്ലി! ഒരു നിമിഷം മുത്തു ചിന്തിച്ചു. ഈ പല്ലി ഇതില്‍ വരാന്‍ മൂന്ന് കാരണങ്ങള്‍ തോന്നി. ഒന്നുകില്‍ ആത്മഹത്യ. തന്നേപ്പോലെ ആരുമാകാതെ ജീവിതം മടുത്ത് ഇതിലവസാനിപ്പിയ്ക്കാന്‍ ശ്രമിച്ചിരിയ്ക്കാം. അല്ലെങ്കില്‍ അപകടമാകാം. അമിതമായ ആത്മവിശ്വാസം മൂലം തിളച്ചു മറിയുന്ന പാത്രത്തിനു മുകളില്‍ ഉത്തരത്തില്‍ ചാടി കളിച്ചപ്പോള്‍ ഒരു കൈ പിഴവ്. അതുമല്ലെങ്കില്‍ വെറും ജിജ്ഞാസ. താഴെ ചുവന്ന നിറത്തില്‍ കലങ്ങി മറിയുന്നതെന്തെന്ന് അറിയാനും അനുഭവിയ്ക്കാനുമുള്ള അദമ്യമായ ത്വര.

ചിന്തകള്‍ക്ക് കടിഞ്ഞാണിട്ട് ചട്ടുകം കൊണ്ട് ഗൗളിയെ പതുക്കെ ഉയര്‍ത്തിയെടുത്ത് പാത്രത്തിനു പുറത്തെത്താറായതും നരകത്തിലേയ്ക്ക് വീണ അശുദ്ധാത്മാവിനേ പോലെ തിളച്ചു മറിയുന്ന ചുകന്ന ചാറിലേയ്ക്ക് അത് വീണ്ടും കൂപ്പ് കുത്തി. ചട്ടുകം കൊണ്ട് പല തവണ തിരഞ്ഞിട്ടും പല്ലിയെ കണ്ടില്ല. ഇനി അതിനെ കിട്ടിയാലും, ഏത് ആശുപത്രിയില്‍ കൊണ്ടുപ്പോയാലും 'അഞ്ച് മിനിറ്റ് മുമ്പ് എത്തിച്ചിരുന്നെങ്കില്‍' എന്ന് കേള്‍ക്കേണ്ടി വരുമെന്ന് മുത്തുവിന് മനസ്സിലായി. ചുറ്റും ഒന്ന് കണ്ണോടിച്ച് കുറച്ചു കൂടുതല്‍ മുളകു പൊടി വിതറി, നന്നായിളക്കി മുത്തു ബീഫ് മസാലയെ കൂടുതല്‍ രുചികരമാക്കി. നെറ്റിയിലെ വിയര്‍പ്പ് ഇടത്തെ കൈ കൊണ്ട് തുടച്ചു കളഞ്ഞു മുത്തു നെടുവീര്‍പ്പിട്ടു. അപ്പോഴാണ് ചോറു വയ്പു കഴിഞ്ഞ് കണ്ണന്‍ അകത്തേയ്ക്ക് വന്നത്. മുത്തുവൊന്ന് ഞെട്ടിയെങ്കിലും പുറമെ പ്രകടിപ്പിച്ചില്ല.

"ഇപ്പൊ വരാം" ഇത്രയും മുത്തുവിനോട് പറഞ്ഞ് കൂടുതല്‍ വിശദീകരിയ്ക്കാതെ കണ്ണന്‍ വീട്ടിലേയ്ക്ക് പോയി. അമ്മാവനും അമ്മായിയും പാടത്തു പണിയെടുക്കാന്‍ പോയിരിയ്ക്കുന്ന സമയം. അത്യാവശ്യം തുണികള്‍ ഒരു ചെറിയ ബാഗില്‍ കുത്തി നിറച്ചു. ചെറിയ തകരപ്പാട്ടയിലുണ്ടായിരുന്ന അമ്മായിയുടെ കൊച്ചു സമ്പാദ്യം തുറന്നെടുത്തു.

കണ്ണന്‍ തിരക്കടിച്ച് ബസ്സ് സ്റ്റോപ്പിലെത്തി. അതാ വരുന്നു തൃശൂര്‍ ഫാസ്റ്റ് പാസ്സഞ്ചര്‍. ബസ്സ് അകലെ നിറുത്തിയാലും ഓടിക്കയറണമെന്ന് അവന്‍ തീരുമാനിച്ചു. ബസ്സ് നിറുത്തിയപ്പോള്‍ കുറേപ്പേര്‍ ഇറങ്ങാനുണ്ടായിരുന്നു. യാത്രക്കാര്‍ ഇറങ്ങി കഴിയുന്നതിനു മുമ്പേ അവന്‍ ഇടിച്ചു കയറാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ് അതിലൊരാള്‍ കണ്ണന്റെ കയ്യില്‍ കയറി പിടിച്ചത്. അവന്‍ ഞെട്ടിപ്പോയി. രാഘവേട്ടന്‍!

"ഊണ് വിളമ്പേണ്ട നേരത്ത് നീയെവിടെ പോണു ?" കണ്ണനെ റോഡരുകിലേയ്ക്ക് മാറ്റി നിറുത്തി രാഘവേട്ടന്‍ ഒരു ചോദ്യമെറിഞ്ഞു.

"അമ്മായീടെ കെട്ട്യോനെ കാണാന്‍ ആശുപത്രീ പോവാ" മുഖത്തെ ഭാവഭേദങ്ങള്‍ രാഘവേട്ടനില്‍ നിന്നൊളിയ്ക്കാന്‍ ഒരാള്‍ കുറവില്‍ പാഞ്ഞു പോകുന്ന ബസ്സിനെ നോക്കി കണ്ണന്‍ പറഞ്ഞു.

"അമ്മായിടെ കെട്ട്യോനൊ ?" രാഘവേട്ടന് ജിജ്ഞാസയായി.

"അമ്മാവന് സുഖല്ല. തൃശൂരാശുപത്രീലാ." താന്‍ ഈ ലോകത്താണെന്നറിയിയ്ക്കാന്‍ കണ്ണന്‍ പരിശ്രമിച്ചു.

"നീയെന്താ വെറയ്ക്കണെ. വെയര്‍ക്കണെ ?" രാഘവേട്ടന്‍ സംശയാലുവായി.

"അമ്മാവന് എന്തെങ്കിലും പറ്റിയാല്‍ പിന്നെ ഞങ്ങള്‍ക്കാരാ." കണ്ണന്‍ ഗദ്ഗദ കണ്ഠനായി.

"നീ വല്ലതും കഴിച്ചൊ ?" രാഘവേട്ടന്റെ മനസ്സ് ആര്‍ദ്രമായി.

"എനിയ്ക്കൊന്നും കഴിയ്ക്കാന്‍ തോന്നണില്ല" കണ്ണന്‍ ദുഃഖലോകത്തു തന്നെ.

"അതു പറ്റില്ല. നീ ഒന്നും കഴിയ്ക്കാണ്ട് പോയാ നീ വെച്ചത് കഴിയ്ക്കണോര്‍ക്കെ ദേഹത്ത് പിടിയ്ക്കില്ല" രാഘവേട്ടന്‍ തന്റെ വിശ്വാസം പ്രകടിപ്പിച്ചു.

ഇത്രയും പറഞ്ഞ് രാഘവേട്ടന്‍ കണ്ണനെ കയ്യില്‍ പിടിച്ചു വലിച്ചു. വെട്ടാന്‍ കൊണ്ടു പോകുന്ന പോത്തിനേപ്പോലെ രാഘവേട്ടന്റെ കൂടെ കണ്ണന്‍ പതുക്കെ പോയി.

"യാത്ര പോണതല്ലെ. നീ അടുക്കളേ കേറണ്ട" ഹോട്ടലിലെത്തിയതും രാഘവേട്ടന്‍ കണ്ണനോട് പറഞ്ഞു.

"നീ ഇവനൊരു ഊണ് കൊടുത്തേ. ആദ്യത്തെ ഊണ് ഇന്ന് ഇവനാവട്ടെ." കാശു വാങ്ങാനിരിയ്ക്കുന്ന ചന്ദ്രനോട് രാഘവേട്ടന്‍ പറഞ്ഞു.

ഇതു കേട്ട ഉടനെ കണ്ണന്‍ ചന്ദ്രേട്ടനെ അടുത്തേയ്ക്ക് വിളിച്ച് പതുക്കെ പറഞ്ഞു: "എനിയ്ക്ക് നല്ല വെശപ്പില്ല. ചോറു വേണ്ട. പൊറോട്ടേം ബീഫും മതി"

"സ്പെഷല്‍ പൊറോട്ടേം ബീഫും" ഹോട്ടലിന്റെ പിന്നിലേയ്ക്ക് നോക്കി ചന്ദ്രേട്ടന്‍ വിളിച്ചു പറഞ്ഞു.

അന്നെന്തോ മറ്റെല്ലാ ഭക്ഷണങ്ങളോടും വിരക്തി തോന്നിയ മുത്തു ഒരു ചെറിയ കലത്തില്‍ ചോറും തൈരും മാത്രം കൂട്ടി കുഴച്ച് ഉരുളകളാക്കി, ഉപ്പ് ഇത്തിരി കൂടിയൊ എന്ന സംശയത്തോടെ, ചെത്തി തേയ്ക്കുന്ന ചുവരിലേയ്ക്ക് കുമ്മായ കൂട്ട് എറിഞ്ഞു പിടിപ്പിയ്ക്കുന്ന ആശാരിയെപ്പോലെ ഉരുളകളോരോന്നായി അണ്ണാക്കിലേയ്ക്ക് എറിയുമ്പോഴാണ് 'സ്പെഷല്‍ പൊറോട്ടേം ബീഫും' ആത്മാവില്‍ മുട്ടിയത്.

ഗൗളി രസായനം ആദ്യമനുഭവിയ്ക്കാനുള്ള ഭാഗ്യം ആര്‍ക്കാണെന്നറിയാനായി വാതില്ക്കല്‍ എത്തി നോക്കിയ മുത്തുവിന് കണ്ണനെ കണ്ട് ചിരിയടക്കാന്‍ കഴിഞ്ഞില്ല. ചോറുരുളയ്ക്ക് വഴി തെറ്റി. ശ്വാസം കിട്ടാതെ മുത്തു വലത്തെ കൈ കൊണ്ട് തലയില്‍ ആഞ്ഞടിച്ചു. ഒരു കൈയ്യില്‍ കുട്ടിക്കലവും മറു കൈ തലയിലും, രണ്ട് കണ്ണുകളും കഴുക്കോലിലുമായി ചുമയ്ക്കുന്ന മുത്തുവിന്റെ തുറന്ന വായിലെ ചോറു കണ്ട് കണ്ണനും മനസ്സിന്റെ നിയന്ത്രണം വിട്ടു.

അടുക്കളയിലേയ്ക്ക് പിന്‍വാങ്ങിയ മുത്തു തിരച്ചടിയ്ക്കാന്‍ കിട്ടിയ സുവര്‍ണ്ണാവസ്സരം നഷ്ടപ്പെടുത്തരുതെന്ന് തീരുമാനിച്ചു. ശോദനയ്ക്കായി വൈദ്യന്‍ തന്നിരുന്ന ആവണയ്ക്കെണ്ണ ശരിയായ അളവില്‍ ചേര്‍ത്ത് ബീഫ് മസാലയെ കൊഴുപ്പിച്ച് പൊറോട്ടയടക്കം കണ്ണന്റെ മുമ്പില്‍ സമര്‍പ്പിച്ചു.

'സ്പെഷല്‍' ചോറിന്റെ ആദ്യത്തെ ഇരയെ കണ്ട് മന്ദസ്മിതം തൂകുന്ന കണ്ണന്റേയും, അതേ മാനസികാവസ്ഥയില്‍ പുഞ്ചിരി പൊഴിയ്ക്കുന്ന മുത്തുവിന്റേയും മുഖങ്ങളിലേയ്ക്ക് മാറി മാറി നോക്കി ആഹ്ലാദ ചിത്തനായി രാഘവേട്ടന്‍ തോളില്‍ കിടന്ന തുണിയെടുത്ത് മേശപ്പുറത്തിരുന്ന ചെറിയ പരസ്യം തുടച്ച് വൃത്തിയാക്കി ഹോട്ടലിനു പുറത്ത് വാതില്ക്കലായി കൊളുത്തിയിട്ടു.

വിശക്കുന്നവര്‍ക്ക് സ്വാഗതമോതി ആ വെളുത്ത പരസ്യപ്പലകയിലെ കറുത്ത അക്ഷരങ്ങള്‍: 'ഊണു തയ്യാര്‍'.

12 Comments:

Blogger സ്നേഹിതന്‍ said...

ഊണു തയ്യാര്‍!

12:07 AM  
Blogger അരവിന്ദ് :: aravind said...

സൂപ്പറായി സ്നേഹിതാ!
ഇതു വരെ എഴുതിയതില്‍ വച്ച് എനിക്കേറ്റം ഇഷ്ടപ്പെട്ടത് ഇത് :-))
സൂപ്പര്‍!

1:35 AM  
Blogger കുറുമാന്‍ said...

ഇത് കൊള്ളാം സ്നേഹിതനേ......ഒന്നുകൂടെ നന്നാക്കാമായിരുന്നില്ലേന്നൊരു ശങ്ക. യവനാരടാന്ന് എന്നോട് ചോദിക്കണേലും മുന്‍പ് ഞാന്‍ സ്കൂട്ടി.....

എനിക്കിഷ്ടപെട്ടൂട്ടോ.

ഏതാണ്ടിതുപോലത്തെ ഒരെണ്ണം പകുതിമുക്കാലും എഴുതി തീര്‍ത്തത്, മുഴുവനാക്കാനായ് ഇന്നു ലീവെടുത്ത എന്റെ കാര്യം കട്ടപൊകയാകുമോ ബ്ലോഗിന്‍ കാവിലമ്മേ?

2:14 AM  
Blogger ഇടിവാള്‍ said...

എന്റെ സ്നേഹിതാ....
നിങ്ങളെന്റെ ഉച്ചക്കിലത്തെ അന്നം മുട്ടിക്കുമല്ലോ !!
വിശ്വസിച്ചെങ്ങനെ ഇനി ഹോട്ടലില്‍ നിന്നും ഊണു കഴിക്കും ??

കഥ നന്നായിട്ടുണ്ട്‌ !

5:03 AM  
Blogger ബിന്ദു said...

എന്നിട്ടെന്താ പറ്റിയത്‌? ആകാംഷയായി. നന്നായി എഴുതിയിട്ടുണ്ട്‌ :)

6:21 AM  
Blogger സ്നേഹിതന്‍ said...

അരവിന്ദന്‍ : അത്രയ്ക്കുണ്ടൊ അരവിന്ദാ. എങ്കിലും അകമഴിഞ്ഞ അഭിനന്ദനങ്ങള്‍ക്കു എന്റെ കൂപ്പു കൈ. :)
കുറുമാന്‍ : ജൂലൈ 4-ന് ഒരു മുടക്കു കിട്ടിയപ്പോള്‍ എഴുതിയതാണേ. ജോലി തിരക്കില്‍ ഒരു വീണ്ടു വിചാരത്തിനു സമയം കിട്ടുന്നില്ല. അഭിപ്രായമെഴുതിയതില്‍ വളരെ സന്തോഷം. :)
ഇടിവാള്‍ : നന്ദി. അന്നം മുട്ടിച്ചുവല്ലെ ഞാന്‍. ക്ഷമിയ്ക്ക. പൊതിചോറായിക്കോട്ടെ ഇനി. :)
ബിന്ദു : സന്തോഷം. എന്നിട്ടെന്താകാനാ. 'അന്നപൂര്‍ണ്ണ'യിലെ 'ന്ന'യും കൊണ്ട് കണ്ണന്‍ പോയില്ലെ! :) :)

1:15 PM  
Blogger തണുപ്പന്‍ said...

നല്ല ആവിഷ്കാരം സ്നേഹിതാ..

3:32 PM  
Blogger സ്നേഹിതന്‍ said...

തണുപ്പന്‍ : നന്ദി. സന്തോഷം. :)

6:56 PM  
Blogger വക്കാരിമഷ്‌ടാ said...

നല്ലപോലെ അവതരിപ്പിച്ചിരിക്കുന്നു, സ്നേഹിതാ. പാരയ്ക്ക് ഫലം മറുപാര. ടോട്ടല്‍ ഈസ് എ കോണ്‍‌സ്റ്റാന്റിനോപ്പിള്‍ (ഞാന്‍ ഡയറക്ട് മാര്‍ക്കറ്റിംഗിന്റെ ആളാ).

ശരിക്കും ഹോട്ടലില്‍ ഇതൊക്കെ നടക്കുമോ? സപ്പോസ്, ഒരു പല്ലി വീണു. എടുത്തു കളയാന്‍ നോക്കും. പറ്റിയില്ലെങ്കില്‍? പല്ലി വീണതാണെന്നും പറഞ്ഞ് ഒരു കലം ബീഫ് കറി കമഴ്‌ത്തിക്കളയാനുള്ള ധാര്‍മ്മിക ബോധമുള്ളവരൊക്കെയാണ് നാട്ടിലെ ചായക്കടക്കാര്‍ എന്നുള്ള ശുഭാപ്തിവിശ്വാസമൊന്നുമില്ലെങ്കില്‍ പിന്നെവിടെ മനഃസമാധാനം. ചെയ്യാനുള്ളത് ചെയ്യുക, വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നാണല്ലോ (ദേ പിന്നേം മാര്‍ക്കറ്റിംഗ്!).

ഞങ്ങളുടെ വീടിനടുത്തുള്ള ദൈവസഹായം ഹോട്ടലുകാരന് കൈതുടയ്ക്കാനും പുറം തുടയ്ക്കാനും ഇല തുടയ്ക്കാനും തോളത്തിടാനും ഒരൊറ്റ തോര്‍ത്തു മാത്രം. രാത്രിയില്‍ കിടക്കാന്‍ പോകുന്നതിനു മുന്‍‌പ് അദ്ദേഹം ആ തോര്‍ത്ത് ഭിത്തിയില്‍ ചാരിവെക്കും.

ഞാന്‍ കാ തോര്‍ത്തിരിക്കും അടുത്ത പോസ്റ്റിനായി.

ഇഷ്ടപ്പെട്ടു, സ്നേഹിതാ..... (ചാലക്കുടിക്കടുത്ത് ഏത് ഹോട്ടലാണെന്നാ പറഞ്ഞത്? ആത്‌മാര്‍ത്ഥമായിട്ടൊന്ന് ഓക്കാനിക്കാനാ) :)

8:02 PM  
Blogger സ്നേഹിതന്‍ said...

വക്കാരി: ഒരിയ്ക്കല്‍ കോഴിക്കോട് ഒരു ഹോട്ടലില്‍ വച്ച് ആവി പറക്കുന്ന വെജിറ്റബിള്‍ ബിരിയാണി മുന്നില്ലെത്തിയപ്പോള്‍ പാറ്റയുടെ കാല്‍ കണ്ടതാണ് ഈ കഥയ്ക്ക് പ്രചോദനം. ഹോട്ടലില്‍ നിന്നും കഴിയ്ക്കുന്ന എല്ലാ സസ്യാഹാരവും ശുദ്ധമായ സസ്യാഹാരമായിരിയ്ക്കില്ലെന്ന് അന്ന് മനസ്സിലായി.
ചാലക്കുടിയ്ക്കും തൃശൂരിനും ഇടയ്ക്ക് കറേ ഹോട്ടലുണ്ടല്ലൊ വക്കാരി. നാട്ടില്‍ പോകുമ്പോള്‍ ഓരോ സ്ഥലത്തും ആത്‌മാര്‍ത്ഥമായിട്ടൊന്ന് ഓക്കാനിക്കാന്‍ മറക്കരുത്. :):)

11:48 AM  
Blogger സ്വപ്നാടകന്‍ said...

ഇക്കണക്കിന്‍ ഞങ്ങള്‍ vegetarians കറങ്ങിപ്പോകുമല്ലോ! :) കഥ വളരെ നന്നായിരിക്കുന്നു. ഇതൊരു കഥയല്ല ... അനുഭവം പോലിരുന്നു... വൈകിയെങ്കിലും താങ്കളുടെ എഴുത്തിന്റെ രസം നുകരാന്‍ കഴിഞ്ഞതില്‍ കൃതാര്‍ത്ഥനാണ്‍...

9:17 PM  
Blogger അപ്പു said...

സൂപ്പര്‍..... ഇനിയും എഴുതൂ..

9:30 PM  

Post a Comment

Links to this post:

Create a Link

<< Home