Monday, February 12, 2007

വൈദ്യുതി

ഒരിയ്ക്കല്‍...
ചില്ലുജാലകത്തിനപ്പുറത്തെ
ചെറിയ ലോകവും,
പുസ്തകതാളുകള്‍ക്കിടയിലെ
പുതിയ ലോകവും,
ഉണര്‍ത്തിയ
ആനന്ദവും ആവേശവുമായിരുന്നു
വൈദ്യുതി അവള്‍ക്ക്.

പിന്നെയൊരിയ്ക്കല്‍...
നേടിയെടുത്ത പുരസ്കാരങ്ങളും,
തേടിയെത്തിയ അഭിനന്ദനങ്ങളും
കൊടിയേറ്റിയ
ആഹ്ലാദത്തിന്റെ ഉത്സവമായിരുന്നു
വൈദ്യുതി അവള്‍ക്ക്.

പിന്നീടൊരിയ്ക്കല്‍...
ദര്‍ശന മാത്രയിലെ
ഉന്മാദവും,
സ്പര്‍ശന മാത്രയിലെ
അനുഭൂതിയും,
തോളോടു തോളുരുമ്മുന്ന,
കയ്യോടു കൈ കോര്‍ക്കുന്ന
ഊഷ്മളതയുമായിരുന്നു
വൈദ്യുതി അവള്‍ക്ക്.

വേറൊരിയ്ക്കല്‍...
ആര്‍ത്തിയോടെ അടുത്തു വന്ന
നിഴലുകളോട്,
കണ്‍കണ്ട ദൈവം
അവളെ വില പേശിയപ്പോള്‍,
തൊട്ടാല്‍ പൊള്ളുന്ന
അനുഭവമായിരുന്നു
വൈദ്യുതി അവള്‍ക്ക്.

ഇനിയുമൊരിയ്ക്കല്‍...
മനസ്സിന്റെ
താളം പിഴച്ചെന്ന്
സര്‍വ്വരും പിറുപിറുത്തപ്പോള്‍,
ചുവടു തെറ്റിയൊരു
നര്‍ത്തകിയായിരുന്നു
വൈദ്യുതി അവള്‍ക്ക്.

മറ്റൊരിയ്ക്കല്‍...
കൈകാലുകള്‍ ബന്ധിതയായി,
ശുഭ്രവസ്ത്രധാരികളുടെ നടുവില്‍
നിശബ്ദയായി തേങ്ങിയപ്പോള്‍,
സഹസ്ര ഹസ്തങ്ങളാല്‍
ശിരസ്സിലേയ്ക്ക് പാഞ്ഞിറങ്ങിയ
നീരാളിയായിരുന്നു
വൈദ്യുതി അവള്‍ക്ക്.

അന്നൊരിയ്ക്കല്‍...
അമര്‍ത്ത്യതയുടെ കൂടുതേടി
പറന്നകന്ന
സ്വന്തം പ്രാണനായിരുന്നു
വൈദ്യുതി അവള്‍ക്ക്.

ഒടുവില്‍...
നഗരത്തിലെ
തിരക്കൊഴിഞ്ഞ ശ്മശാനത്തില്‍,
അവളറിയാതെ
അവളെ ഭസ്മീകരിച്ച
ഊര്‍ജ്ജസ്വിയായിരുന്നു
വൈദ്യുതി അവള്‍ക്ക്.

7 Comments:

Blogger സ്നേഹിതന്‍ said...

വൈദ്യുതി.

10:39 PM  
Blogger Areekkodan | അരീക്കോടന്‍ said...

അവള്‍ക്കങ്ങനെ....അവനോ സ്നേഹിതാ?

11:38 PM  
Blogger കുറുമാന്‍ said...

കവിത നന്നായിരിക്കുന്നു സ്നേഹിതാ.

പാവം അവള്‍. വായിച്ചവസാനിച്ചപ്പോ ഒരു ഷോക്കടിച്ച ഒരു ഫീലിങ്ങ്!

12:27 AM  
Blogger സു | Su said...

നന്നായിട്ടുണ്ട് സ്നേഹിതാ :)

1:20 AM  
Blogger സ്നേഹിതന്‍ said...

അരീക്കോടന്‍: നന്ദി. അവനെപ്പറ്റി എഴുതണൊ? രണ്ടാം ഭാഗമാകും :)

കുറുമാന്‍: നന്ദി.

സു: നന്ദി.

12:03 PM  
Blogger കുട്ടന്‍സ്‌ | S.i.j.i.t.h said...

:)

3:28 PM  
Blogger സ്നേഹിതന്‍ said...

കുട്ടന്‍സ്: ശുഭ യാത്ര.

qw_er_ty

9:52 AM  

Post a Comment

<< Home