Saturday, December 23, 2006

കൂപം

(ഒന്നാം ഭാഗം ഇവിടെ വായിയ്ക്കാം)

പുതിയ കിണറ്റില്‍ തടസ്സങ്ങളൊന്നുമില്ലാതെ വെള്ളം കണ്ടെത്താന്‍ വേണ്ടി രാഘവന്‍ കിണറു കുത്തുന്നതിനു മുമ്പേ അടുത്തുള്ള ക്ഷേത്രത്തില്‍ വെടി വഴിപാടു നടത്തിയിരുന്നു. പക്ഷേ താഴോട്ടുള്ള വഴി തല്ക്കാലം തടയപ്പെട്ടതുകൊണ്ട് ഇനി കിണറ്റിലും വെടി വേണ്ടിവരുമെന്ന് രാഘവന് തോന്നി.

കിണറ്റിലെ പാറ പൊടിയാക്കാന്‍ വെടി വെയ്ക്കണൊ, ബോംബിടണൊ, അതൊ തുരക്കണൊ എന്നൊക്കെ ചിന്തിച്ചും പലരുമായും ചര്‍ച്ച ചെയ്തും രാഘവന്‍ ദിവസ്സങ്ങള്‍ തള്ളിനീക്കി. ഒടുവില്‍ അയല്‍പ്പക്കത്തെ പൈലിയുടെ ശിപാര്‍ശയും, തങ്കപ്പനാശാരിയുടെ സ്വാധീനവും, സ്വന്തം മാനസിക സമ്മര്‍ദ്ദവും മൂലം പാറ വെടിവെയ്ക്കാമെന്ന് തീരുമാനിയ്ക്കുകയും ആ ദൗത്യം പാറേക്കാട്ടുകരയിലുള്ള പാറക്കാരന്‍ പത്രോസിനെ ഏല്പിയ്ക്കുകയും ചെയ്തു. പണി പിറ്റേ ദിവസം തന്നെ തുടങ്ങാമെന്ന് പത്രോസ് പ്രഖ്യാപിച്ചു.

വെള്ളം തരണേയെന്ന് മുപ്പത്തിമുക്കാല്‍ കോടി ദൈവങ്ങളോടും വേഴാമ്പലിനേപ്പോലെ പലവുരു കേണതുകൊണ്ടാണൊ എന്നറിയില്ല പിറ്റേ ദിവസം ഒന്നര അടിയോളം വെള്ളം രാഘവന്റെ കിണറ്റില്‍ പ്രത്യക്ഷപ്പെട്ടു; തലേ രാത്രി തോരാത്ത മഴയായിരുന്നു.

കിണറ്റിന്‍ കരയില്‍, കലക്കവെള്ളത്തിലേയ്ക്ക് നോക്കി രാഘവന്‍ കുറേ നേരം തല പുകഞ്ഞു; തൊട്ടടുത്ത തെങ്ങിന്റെ പട്ടയിലിരുന്ന് ഒരു പൊന്മാനും. വെയിലു തട്ടി ഈ ചെളിവെള്ളം മുഴുവന്‍ വറ്റണമെങ്കില്‍ ഒരു മാസമെങ്കിലും എടുക്കും, കോരി വറ്റിയ്ക്കണമെങ്കില്‍ പകുതി ദിവസ്സമെടുക്കും. വെള്ളം വറ്റിയ്ക്കാതെ പണി തുടങ്ങില്ലെന്നുള്ള തീരുമാനത്തില്‍ പത്രോസ് പാറ പോലെ ഉറച്ചു നിന്നതിനാല്‍ പുതിയതായി വാങ്ങിയ മോട്ടോര്‍ ഉപയോഗിച്ച് ഇട്ടുണ്ണിയുടെ മേല്‍നോട്ടത്തില്‍ സഹായി ഖാദര്‍ ചെളിവെള്ളം വറ്റിയ്ക്കാനുള്ള ശ്രമമാരംഭിച്ചു.

കിണറ്റില്‍ നിന്നും വലിച്ചു കുടിയ്ക്കുന്ന ചെളിവെള്ളം മുഴുവന്‍ മോട്ടോര്‍ തുപ്പിക്കളഞ്ഞിരുന്നത് കുറച്ചകലെയുള്ള വലിയ ചവറുകുഴിയിലേയ്ക്കായിരുന്നു. വെള്ളമടി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ കുതിരകളെല്ലാം മിന്നല്‍ പണിമുടക്കു നടത്തി, കഴുതകള്‍ മാത്രം പണിയെടുക്കുന്നതുകൊണ്ട് വെള്ളത്തിന്റെ ഒഴുക്കു കുറഞ്ഞു; ക്രമേണ നിലച്ചു. മലമ്പനി ബാധിച്ചവനേപ്പോലെ മോട്ടോര്‍ വിറയ്ക്കാന്‍ തുടങ്ങി. ഖാദറിന്റെ മനസ്സില്‍ ട്യൂബ് ലൈറ്റ് ഒരു നിമിഷം മിന്നിക്കത്തി.

നേരെ രാഘവന്റെ വീട്ടിലേയ്ക്കോടി; പിന്നാലെ രാഘവനും. രാഘവന്റെ കരസ്പര്‍ശത്തില്‍, അടുക്കളയിലെ ട്യൂബ് ലൈറ്റ് പകല്‍പോലെ പ്രകാശിച്ചു. ഊര്‍ജ്ജമല്ല പ്രശ്നം എന്ന് സ്ഥിരീകരിച്ചു. കൂടുതല്‍ വേഗതയില്‍ ഖാദര്‍ തിരികെയോടി മോട്ടോറിന്റെ സേവനം തല്ക്കാലത്തേയ്ക്കു മതിയാക്കി. മോട്ടോറും, ഒരേ വ്യാസത്തിലുള്ള, പച്ച നിറമുള്ള രണ്ടു കുഴലുകളും വലിച്ചു കരയ്ക്കു കയറ്റി, ബന്ധം വേര്‍പ്പെടുത്തി. രണ്ടിലും ചെളി നിറഞ്ഞിരിയ്ക്കുന്നു; പ്രതിപക്ഷവും ഭരണകക്ഷിയും ഒരേ ദിവസ്സം ബന്ദ് നടത്തി വഴി തടഞ്ഞതുപോലെ.

ഖാദര്‍ കുഴലുകളും മോട്ടോറും വൃത്തിയാക്കി, പുനഃസംഘടിപ്പിച്ച്, പ്രതിഷ്ഠിച്ച്, പ്രവര്‍ത്തനക്ഷമമാക്കി; അക്ഷമനായി നില്ക്കുന്ന പത്രോസിന്റെ മുഖത്തു നോക്കി പത്രാസു കാണിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ചവറുകുഴിയിലെ ചെളിവെള്ളത്തിന്റെ അളവു കുറയുന്നതു കണ്ട് ഖാദറിന്റെ മനസ്സില്‍ വീണ്ടുമൊരു മിന്നല്‍. ത്രാസില്‍ തൂങ്ങുന്ന പത്രാസിനെ അവഗണിച്ച്, വൈദ്യുതിയേക്കാള്‍ വേഗത്തിലോടി, ഖാദര്‍ മോട്ടോറിന്റെ സേവനം വീണ്ടും തല്ക്കാലത്തേയ്ക്കു മതിയാക്കി. രണ്ടു കുഴലുകളുടേയും ലക്ഷ്യസ്ഥാനം മാറിപ്പോയിരുന്നു.

കുഴലുകളുടെ ലക്ഷ്യസ്ഥാനം വീണ്ടും മാറ്റി ഖാദര്‍ ലക്ഷ്യം കണ്ടു. ബാക്കിയുള്ള ചെളിയെല്ലാം കോരിക്കളഞ്ഞ് വൃത്തിയാക്കിയ കിണറ്റില്‍ പത്രോസ്സും കൂട്ടരും പാട്ടു പാടി പണി തുടങ്ങി. കൂടുതല്‍ ആഴമുള്ള, വട്ടപ്പാറ മാത്രമുള്ള രാഘവന്റെ കിണറിനേയും, കേവലം നൂറ് മീറ്റര്‍ മാത്രം അകലെ പടിഞ്ഞാറുള്ള, ഒരിയ്ക്കലും വറ്റാത്ത സ്വന്തം കിണറിനേയും താരതമ്യപ്പെടുത്തി, 'ദൈവത്തിന്റെ ഓരോ കളികളേ...' എന്ന് മൊഴിഞ്ഞ്, ഒരു പൊതി ബീഡി വലിച്ചു തീര്‍ത്ത്, പതിവുപോലെ പൈലി പണിക്കാര്‍ക്ക് പ്രചോദനമായി.

പാറയുടെ പല ഭാഗങ്ങളിലും കൂടം കൊണ്ടടിച്ച്, ശബ്ദം ശ്രദ്ധിച്ച് പത്രോസ് അടയാളമിട്ടു. അടുത്ത രണ്ടു ദിവസ്സത്തിനുള്ളില്‍ ആഴത്തിലുള്ള ആറു തുളകള്‍ പാറയുടെ പള്ളയിലും മണ്ടയിലുമായി പത്രോസും സംഘവും പണിതീര്‍ത്തു. കമ്പിയില്‍ പഴംതുണി ചുറ്റി ആറു തുളകളും തുടച്ച് ഉണക്കിയെടുത്തു. പാറയെ പ്രകമ്പനം കൊള്ളിച്ച് പിണ്ണാക്കാക്കാന്‍, തിരിയിട്ട സ്പോടക വസ്തുക്കള്‍ തുളകളില്‍ നിക്ഷേപിച്ച്, തിരികളെല്ലാം കൂട്ടിയിണക്കി നീളത്തില്‍ പെരുംതിരിയിട്ടു. കിണറിനു മുകളില്‍ മുളകള്‍ നിരത്തി, പലക പരത്തി, തെങ്ങിന്‍ പട്ട അടുക്കി, വലിയ കല്ലുകള്‍ കയറ്റി വച്ച് പ്രതിരോധം സൃഷ്ടിച്ചു.

ഉച്ചയ്ക്കുള്ള പള്ളിമണി മുഴങ്ങുമ്പോള്‍ തിരിയ്ക്ക് തീ കൊളുത്തുമെന്ന് സമീപത്തുള്ള വീടുകളിലെല്ലാം ഔദ്യോഗികമായി രാഘവന്‍ അറിയിയ്ക്കുകയും, ഇരുകാലികളും നാല്കാലികളും സ്വന്തം പറമ്പില്‍ അലഞ്ഞു തിരിയുന്നില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. പള്ളിമണി മുഴങ്ങിയതും, മുളംതോട്ടിയുടെ അറ്റത്ത് കെട്ടിവച്ച ചൂട്ടിന് തീ കൊളുത്തി, തെങ്ങിന്‍ പട്ടകളും പലകയും അല്പം നീക്കി തിരിയ്ക്ക് തീ കൊളുത്തി, തോട്ടി തിരികെയെടുത്ത്, പലകയും പട്ടകളും പൂര്‍വ്വസ്ഥിതിയിലാക്കി, സുരക്ഷിത സ്ഥാനത്തേയ്ക്ക് പ്രാണനും കൊണ്ട് പത്രോസ് പാലായനം ചെയ്തു. മുത്തശ്ശിയുടെ നാമജപങ്ങള്‍ക്കിടയില്‍ ഭൂമി പലവട്ടം നടുങ്ങി, സര്‍വ്വരും കിടുങ്ങി, കാക്കകള്‍ നാലു ഭാഗത്തേയ്ക്കും ചിതറി പറന്നു. റിക്റ്ററിന്റെ അളവുകോല്‍ അഞ്ചുവട്ടം ഒടിഞ്ഞു; ഒരുവട്ടം ചതഞ്ഞു.

സുഖ നിദ്രയിലായിരുന്ന പാറകൂട്ടം, പിടഞ്ഞെണീറ്റ് പലവഴിയ്ക്കും പാഞ്ഞു; അതിലൊന്ന് പലകയും പട്ടകളും ഭേദിച്ച് അടുത്തുള്ള തെങ്ങിന്റെ മണ്ടയിലേയ്ക്കും, സഹവാസം ഇഷ്ടപ്പെടാഞ്ഞ് കറേ കരിക്കുകള്‍ താഴേയ്ക്കും രക്ഷപ്പെട്ടു. കോലാഹലങ്ങള്‍ ഒതുങ്ങിയപ്പോള്‍ പൈലി സ്വന്തം പുരപ്പുറത്തുള്ള ഓടെല്ലാം എണ്ണിനോക്കി, പിന്നെ രാഘവന്റെ പറമ്പില്‍ ചെന്ന് കരിക്കുകള്‍ കുലുക്കിനോക്കി.

പലകകളും പട്ടകളും മാറ്റി പുകയ്ക്ക് പത്രോസും സംഘവും മോക്ഷമേകി; ക്രമേണ പാറക്കഷണങ്ങള്‍ക്കും. സൂര്യനസ്തമിയ്ക്കുന്നതിനു മുമ്പെ കിണറു വൃത്തിയാക്കി; പത്രോസിന്റെ പരിശോധനയില്‍ പടിഞ്ഞാറു ഭാഗത്തേയ്ക്ക് രണ്ട് വിള്ളലുകള്‍ കണ്ടുവെങ്കിലും നീരൊഴുക്കിന് തീരെ ശക്തിയില്ലായിരുന്നു. വെടി തുടരണമെന്ന വിധി പ്രസ്താവിച്ച് പത്രോസും കൂട്ടരും പാറേക്കാട്ടുകരയ്ക്കു് യാത്രയായി; രാഘവന് വെള്ളമപ്പോഴും മരീചികയായി.

സമയം പാതിരായോടടുത്തപ്പോള്‍ ഉറക്കത്തില്‍ നിന്നും പൈലി പിടഞ്ഞെണീറ്റു. കിണറ്റില്‍ എന്തോ വീണ ശബ്ദം. ആവര്‍ത്തിച്ചുള്ള 'ഓടി വായോ... കിണറ്റിലാരോ ചാടി' എന്ന നിലവിളിയോടെ, ലൈറ്റ് തെളിച്ച്, ഭാര്യയേയും മക്കളേയും എണ്ണി നോക്കി, വിളിച്ചുണര്‍ത്തി, ടോര്‍ച്ചുമെടുത്ത് കിണറ്റിന്‍ കരയിലേയ്ക്ക് കുതിച്ചു. കിണറ്റില്‍ നിന്നും നുരകളുയരുന്നത് ടോര്‍ച്ചിന്റെ പ്രകാശത്തില്‍ വ്യക്തമായി കണ്ട പൈലി, നിലവിളി 'കിണറ്റിലേത് കുരിശാണാവോ കര്‍ത്താവെ...' എന്ന ഗാനത്തിലേയ്ക്ക് മാറ്റി, ടോര്‍ച്ച് കരയിലുപേക്ഷിച്ച്, മുണ്ടിലും പ്രാണനിലും മുറുകെ പിടിച്ച് കിണറ്റിലേയ്ക്ക് എടുത്തു ചാടി. പൈലിയും പാരച്യൂട്ടും ഒന്നിനു പുറകെ മറ്റൊന്നായി കിണറ്റിലെത്തി.

ഓടികൂടിയ നാട്ടുകാര്‍ കിണറിനു ചുറ്റും തിരഞ്ഞെങ്കിലും ആത്മഹത്യ കുറിപ്പോ, വണ്ടിച്ചെക്കോ, വില്‍പത്രമോ, ഒരു ജോടി പഴയ ചെരിപ്പോ കണ്ടുകിട്ടിയില്ല. അരിച്ചു പരതിയിട്ടും സ്വന്തം ഉടുമുണ്ടല്ലാതെ മറ്റൊന്നും പൈലിയുടെ കയ്യില്‍ തടഞ്ഞുമില്ല. രാഘവന്‍ കൊണ്ടുവന്ന ഏണിയാല്‍ പൈലി കരയ്ക്കെത്തി, കണ്ണടച്ചു് സ്വന്തം നെറ്റിയില്‍ കുരിശുവരച്ചു, എല്ലാവരേയും പിരിച്ചുവിട്ടു.

നേരം പുലര്‍ന്നു. ഉപ്പും ഉമിക്കരിയും കൂട്ടികലര്‍ത്തി പല്ലുവെളുപ്പിച്ചുകൊണ്ടിരുന്ന രാഘവന്‍ പതുക്കെ പതുക്കെ തന്റെ കിണറ്റിന്‍ കരയിലേയ്ക്ക് നടന്നു. കിണറ്റിലേയ്ക്കെത്തി നോക്കിയ രാഘവന്റെ കയ്യില്‍ നിന്നും വായില്‍ നിന്നും ഉമിക്കരി കൊഴിഞ്ഞു വീണു. കിണറ്റിലെ നിലയില്ലാ വെള്ളത്തില്‍ നോക്കി ഒരു നിമിഷം രാഘവന്‍ സ്തംഭിച്ചു നിന്നു. അടുത്ത നമിഷം കിണറിനു ചുറ്റും ആനന്ദ നൃത്തമാടി, അല്പം കഴിഞ്ഞ് ആര്‍ത്തട്ടഹസിച്ചു:

"വെള്ളം... വെള്ളം...". കാക്കകള്‍ നാലു ഭാഗത്തേയ്ക്കും ചിതറി പറന്നു.

രാഘവന്റെ ആഹ്ലാദ വചനങ്ങളുടെ അലയൊലികള്‍ പൈലിയെ പിടിച്ചുണര്‍ത്തി. അയല്‍പക്കത്തേയ്ക്ക് പായുന്നതിനു മുമ്പ് സ്വന്തം കിണറ്റിലേയ്ക്കെത്തി നോക്കാന്‍ മനസ്സു മന്ത്രിച്ചു. 'വല്ല അനാഥപ്രേതങ്ങളെങ്ങാനും പൊന്തി കിടക്കുന്നുണ്ടെങ്കില്‍... ഹേയ് അതുണ്ടാവില്ല... ഇന്നലെ അരിച്ചു പെറുക്കിയതല്ലെ...' പൈലി ആത്മഗതം ചെയ്തു. കിണറ്റിലേയ്ക്ക് എത്തിനോക്കിയ പൈലി, അല്പം ചെളിവെള്ളം മാത്രമുള്ള കിണറിന്റെ അടിത്തട്ട് കണ്ട് ഒരു നിമിഷം സ്തംഭിച്ചു നിന്നു. അടുത്ത നമിഷം അവ്യക്തമായെന്തോ പറഞ്ഞ്, കിണറിനു ചുറ്റും ഭ്രാന്തനേ പോലെ ഓടി. തൊണ്ട വരണ്ട്, കണ്ണില്‍ ഇരുട്ടു കയറിയ പൈലി, കിണറിന്റെ മതിലില്‍ ചാരിയിരുന്ന് ദയനീയമായി ആവര്‍ത്തിച്ചു കൊണ്ടിരുന്നു:

"വെള്ളം... വെള്ളം...
...
കുടിയ്ക്കാനിത്തിരി വെള്ളം...".


(ഉപസംഹാരം)

12 Comments:

Blogger സ്നേഹിതന്‍ said...

ബൂലോഗര്‍ക്ക് ക്രിസ്തുമസ്സിന്റെയും നവവത്സരത്തിന്റെയും ആശംസകള്‍.

9:03 PM  
Blogger സു | Su said...

ക്രിസ്തുമസ്-പുതുവര്‍ഷ ആശംസകള്‍.

പാവം രാഘവേട്ടന്‍.

പാവം പൈലി.

11:43 PM  
Blogger myexperimentsandme said...

ഹ...ഹ... അതൊരു പ്രതീക്ഷിക്കാത്ത കളിമാക്സിയായിരുന്നല്ലോ. ഒന്നാം ഭാഗത്തിന്റെയും രണ്ടാം ഭാഗത്തിന്റെയും അവസാന ഡയകോലുകള്‍ നല്ല കല്‍‌ക്കുലേറ്റഡ് ഡയകോലുകള്‍. ഉഗ്രന്‍.

കൊടകരവീരന്മാരെല്ലാം ഇപ്പോള്‍ കിണറ്റിലാണല്ലോ :)

നല്ലൊരു ക്രിസ്മസ് സമ്മാനം തന്നു സ്നേഹിതന്‍. താങ്കൂ.

ഞങ്ങളുടെ വീട്ടിലെ കിണറ്റില്‍ വെടി പൊട്ടിച്ച അണ്ണന്മാര്‍ കിണറ്റിലിരുന്ന് ബീഡി കത്തിച്ച് തിരികൊളുത്തിയിട്ട് പെട്ടെന്ന് മുകളില്‍ കയറി ഓടുകയായിരുന്നു പരിപാടി. ധീരന്മാര്‍.

6:21 PM  
Blogger സാരംഗി said...

സ്നേഹിതാ..'കൂപം' ഇഷ്ടമായി. ഇതു വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത്‌ പണ്ട്‌ ഗുജറാത്ത്‌ ഭൂകമ്പത്തിനു ശേഷം കേരളത്തില്‍ ചിലയിടങ്ങളില്‍ ഉണ്ടായ കിണര്‍ സംബന്ധിയായ പത്രവാര്‍ത്തകളാണു.
:-)

7:23 PM  
Blogger വിഷ്ണു പ്രസാദ് said...

ഒന്നാം ഭാഗം വായിക്കാതെ തന്നെ ഈ ഭാഗം ആസ്വദിക്കാനായി.നല്ല ശൈലി.നല്ല കഥ.
ക്രിസ്മസ് -നവവത്സരാശംസകള്‍ ...

7:32 PM  
Blogger സ്നേഹിതന്‍ said...

സു: നന്ദി. പാവം വായനക്കാര്‍. :)

വക്കാരി: നന്ദി. രണ്ടാം ഭാഗമെഴുതണമെന്ന് കരുതിയിരുന്നില്ല. വെള്ളമില്ലാത്ത കിണറിന് ഐശ്വര്യം കുറവല്ലേന്ന് കരുതി പൊട്ടിച്ചതാണേ.

ചൂട്ടു കത്തിച്ച് തിരി കൊളുത്തിയവര്‍ക്ക് തിരിയിലും ആയുസ്സിലും വിശ്വാസം കുറവാണെന്നേയ്.

ബൂലോഗത്തെ പല സംഭവങ്ങളും വൈകി അറിയുമ്പോള്‍ ഞാന്‍ കിണറ്റിലാണെന്ന് തോന്നാറുണ്ട്. :)

സാരംഗി: ഈ ആഴ്ചയില്‍ തൃശൂര്‍ ജില്ലയിലും ഇവിടെ കാലിഫോര്‍ണിയയിലും റിക്റ്റര്‍ സ്കെയില്‍ കുലുങ്ങിയിരുന്നു. 'കൂപം' ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. നന്ദി.

വിഷ്ണുപ്രസാദ്: കഥ ആസ്വദിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. നന്ദി.

7:22 PM  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അതു കലക്കി, നല്ല കഥ

8:29 PM  
Blogger കുറുമാന്‍ said...

വെള്ളം തരണേയെന്ന് മുപ്പത്തിമുക്കാല്‍ കോടി ദൈവങ്ങളോടും വേഴാമ്പലിനേപ്പോലെ പലവുരു കേണതുകൊണ്ടാണൊ എന്നറിയില്ല പിറ്റേ ദിവസം ഒന്നര അടിയോളം വെള്ളം രാഘവന്റെ കിണറ്റില്‍ പ്രത്യക്ഷപ്പെട്ടു; തലേ രാത്രി തോരാത്ത മഴയായിരുന്നു.

കഥ ഇഷ്ടായി. പാവം പൈലി! (സ്വന്തം കിണറ്റിലെ വെള്ളം രാഘവന്റെ കിണറ്റിലേക്കൊഴുകിപോയപ്പോള്‍ ഭ്രാന്തായില്ലെ?)

9:33 PM  
Blogger വേണു venu said...

സ്നേഹിതാ, ക്രിസ്തുമസ്സു് സമ്മാനം ഇഷ്ടപ്പെട്ടു.
നവവത്സരാശംസകള്‍.

10:18 PM  
Blogger സ്നേഹിതന്‍ said...

indiaheritage: നന്ദി; വന്നതിനും അഭിപ്രായമെഴുതിയനും.

കുറുമാന്‍: ഒരാളുടെ നഷ്ടം വേറൊരാളുടെ നേട്ടം :)
കഥ ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. നന്ദി.

വേണു: ഇതൊരു ചില്ലിക്കാശിന്റെ സമ്മാനം. ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതില്‍ സന്തോഷം. നന്ദി.

10:16 PM  
Blogger വിചാരം said...

snEhithanum കുടുംബാംഗങ്ങള്‍ക്കും
സ്നേഹവും സന്തോഷവും
കരുണയും ദയയും
നന്മ നിറഞ്ഞ വിചാരങ്ങളും നിറഞ്ഞ
പുതുവത്സരാശംസകള്‍
നേരുന്നു

11:07 PM  
Blogger സ്നേഹിതന്‍ said...

വിചാരം: നന്ദി.
താങ്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും നവവത്സരാശംസകള്‍.

12:49 PM  

Post a Comment

<< Home