Monday, April 30, 2007

സംസ്ഥാന സമ്മേളനം.

രാഷ്ട്രീയ പാര്‍ട്ടികളുടെ സംസ്ഥാന സമ്മേളനങ്ങള്‍ കേരളത്തില്‍ പലപ്പോഴും ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും ശിവരാമനേയോ തിരിച്ചോ സ്വാധീനിച്ചിട്ടില്ല. വെളുത്ത നിറത്തിനോട് ഒഴികെ വേറെ ഒരു നിറത്തിനോടും പ്രത്യേക മമതയില്ലാത്തതു കൊണ്ടും മമ്മദിന്റെ ചായക്കടയില്‍ രണ്ടു നേരവും അളവു തെറ്റാതെ പാലു കൊടുക്കാന്‍ സഹായിയ്ക്കുന്ന സിന്ധിപശുവില്‍ മാത്രം വിശ്വസിയ്ക്കുന്നതു കൊണ്ടും ശിവരാമന്‍ രാഷ്ട്രീയത്തില്‍ ഒരു ചേരിചേരാ നയമായിരുന്നു പുലര്‍ത്തിയിരുന്നത്.

പാലിലെ വെള്ളത്തിന്റെ അളവു കൂടുന്നത് തോരാത്ത മഴയില്‍ പശു കുടയില്ലാതെ നിന്നതു കൊണ്ടല്ലെന്നും പച്ചപുല്ല് കൂടുതല്‍ തിന്നുന്നതു കൊണ്ടാണെന്നും ഒരു നാള്‍ ശിവരാമന്‍ മമ്മദിനോട് വിശദീകരിച്ചു കഴിഞ്ഞപ്പോഴാണ് ഗംഗാധരേട്ടന്‍ പതിവുപോലെ ഒരു കാലിചായ കഴിച്ചത് പറ്റില്‍ ചേര്‍ക്കാന്‍ മമ്മദിനോട് ആവശ്യപ്പെട്ടത്. പറ്റില്‍ ചേര്‍ക്കലും പറ്റിയ്ക്കലും തമ്മില്‍ കാര്യമായ വ്യത്യാസമില്ലെന്നറിയാവുന്ന മമ്മദ് ഒന്ന് മൂളി.

സമ്മേളനങ്ങള്‍ക്ക് ചൊടിയും ചുണയുമുള്ള പ്രവര്‍ത്തകരെ പലയിടത്തു നിന്നും സംഘടിപ്പിയ്ക്കുകയും കൊടിയുടെ നിറവും മുദ്രാവാക്യങ്ങളും പഠിപ്പിച്ച് പ്രബുദ്ധരാക്കുകയും ചെയ്യുന്ന ആള്‍പിടിയന്‍ ഗംഗാധരേട്ടന്‍ ശിവരാമനെ കണ്ട് അടുത്ത സമ്മേളനങ്ങളനത്തിനുള്ള ലിസ്റ്റിന്റെ നീളവും വീതിയും കൂട്ടി. സംഘടിച്ച്, സംഘടിച്ച് ശക്തരാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും, കിട്ടാനുള്ള പുതിയ ലോകത്തെ കുറിച്ചും, നല്ല നാളെയെ കുറിച്ചും, സംഘാംഗങ്ങളുടെ 'ടീം സ്പിരിറ്റിനെ' കുറിച്ചും, ഇതിനെല്ലാം ശക്തിയേകുന്ന 'സ്പിരിറ്റിനെ' കുറിച്ചും വാ തോരാതെ പ്രസംഗിച്ച് ശിവരാമനെ മയക്കിയെടുത്തു ഗംഗാധരേട്ടന്‍.

നല്ല മയക്കം കിട്ടാന്‍ എന്നും സന്ധ്യയ്ക്ക് അകത്താക്കിയിരുന്ന ആനമയക്കിയെ നിര്‍ലോഭം നല്കാമെന്നുള്ള വാഗ്ദാനമാണ് വാസ്തവത്തില്‍ ശിവരാമനെ മയക്കിയത്; കൂടാതെ ജന്മനാടിന്റെ 'ഠ' വട്ടത്തില്‍ നിന്നും അധികം പുറത്തു പോകാത്ത ശിവരാമന് കോഴിക്കോട് നഗരം ചിലവൊന്നുമില്ലാതെ കണ്‍ കുളിര്‍ക്കെ കാണാനുള്ള സുവര്‍ണ്ണാവസരവും. അളവു തെറ്റാതെ ചായക്കടയില്‍ എന്നും പാലെത്തിയ്ക്കുന്ന തന്റെ വിദ്യ അതുപോലെ അനുകരിയ്ക്കുന്ന ഗംഗാധരേട്ടനെ ശിവരാമന്‍ സഹോദരനായി കണ്ടു.

ഒരു വഴിയ്ക്ക് പോകുന്നതല്ലെ എന്ന് കരുതി അത്യാവശ്യം കുറച്ച് പണം ശിവരാമന്‍ കരുതിയിരുന്നു. പതിവു യാത്രക്കാരെ പെരുവഴിയിലാക്കി 'വെള്ളികുളങ്ങര ടു ഇരിങ്ങാലകുട ടു വെള്ളികുളങ്ങര' ശകടം അന്ന് കോഴിക്കോട്ടേയ്ക്ക് കുതിയ്ക്കാന്‍ കിതച്ചു നിന്നു.

"ഇതാര് ശിവരാമനോ?"
"പശൂന് സുഖം തന്ന്യല്ലേ?"
തുടങ്ങി പലരുടേയും കുശലാന്വേഷണങ്ങളെ പരിപൂര്‍ണ്ണമായും അവഗണിച്ച് ശിവരാമന്‍ ഒരു 'വിന്റോ സീറ്റ്' കരസ്ഥമാക്കി. തമിഴ് നാട്ടില്‍ നിന്നും കശാപ്പു ചെയ്യാന്‍ കൊണ്ടുവന്നിരുന്ന എല്ലുന്തിയ കന്നുകാലി കൂട്ടത്തെ മറികടന്ന് ബസ്സ് ചീറിപാഞ്ഞപ്പോള്‍ 'ലക്ഷം ലക്ഷം പിന്നാലെ. എണ്ണണമെങ്കില്‍ എണ്ണീക്കോ. നാളെ കള്ളം പറയരുത്" തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉരുവിട്ടു പഠിയ്ക്കുകയായിരുന്നു ശിവരാമന്‍.

മനുഷ്യകടലായി മാറിയ കോഴിക്കോട് നഗരത്തിലേയ്ക്ക് ശിവരാമന്‍ അലിഞ്ഞു ചേര്‍ന്നു. കൊടികളും ബാനറുകളുമായി കോഴിക്കോടെ തെരുവീഥികളിലൂടെ ചിട്ടയായി ഒഴുകിനീങ്ങിയ മാര്‍ച്ച്, കുറച്ച് മുമ്പ് ഒരു ശുനകന്‍ അതിര്‍ത്തിയാക്കിയ ഒരു മൈല്‍കുറ്റി പൂര്‍ണ്ണമായും കടന്നു പോകാന്‍ ഏറെ സമയമെടുത്തു.

പ്രതീക്ഷിച്ചിരുന്ന സല്കാരമല്ല കിട്ടിയത് എന്നുള്ളതും അതില്‍ അസംതൃപ്തനായിരുന്നു എന്നുള്ളതും ശിവരാമന്റെ തീവൃത കുറഞ്ഞ മുദ്രാവാക്യം വിളികളില്‍ നിന്നും വ്യക്തമായിരുന്നു. ചുണ്ടു നനയ്ക്കാന്‍ മാത്രം കിട്ടിയ ഇന്ധനത്തിന്റെ പുറത്ത് ഇത്രയും ദൂരം പൊരിവെയിലത്ത് നടക്കേണ്ടതില്ലെന്ന് ശിവരാമന്‍ തീരുമാനിച്ചു. റോഡിന് ഇരു വശത്തുമുള്ള കാണികളുടെ തിരക്ക് കൂടിവന്നപ്പോള്‍ ഏതോ ഒരു നിമിഷാര്‍ദ്ധത്തില്‍ ശിവരാമന്‍ അവരില്‍ ഒരാളായി മാറി.

കടപ്പുറവും നഗരവും ചുറ്റിക്കറങ്ങി ക്ഷീണിച്ചപ്പോള്‍ ക്ഷീണം തീര്‍ക്കാന്‍ ചിലവു കുറഞ്ഞ ഇടം തേടിയ ശിവരാമന് ഒരു വീണ്ടുവിചാരമുണ്ടായി. ഒറ്റതടിയായി ജീവിയ്ക്കുന്ന താന്‍ ആര്‍ക്കു വേണ്ടി എന്തിനു വേണ്ടി സമ്പാദിയ്ക്കുന്നതെന്ന് ഒരു നിമിഷം ചിന്തിച്ചു. അടുത്ത നിമിഷം അടുത്ത് കണ്ട ചില്ലു കൂടാരത്തിലേയ്ക്ക് കയറി. കേട്ടുപരിചയമുള്ള 'ബ്രാന്‍ഡുക'ളെല്ലാം തിരക്കി ഒടുവില്‍ 'വെയിറ്റര്‍' നിര്‍ദേശിച്ച ഒരു വിദ്ദേശിയോടൊപ്പം 'സ്മോളില്‍' നിന്നും 'ലാര്‍ജി'ലേയ്ക്ക് മാര്‍ച്ചു ചെയ്തു. ബില്ല് കണ്ട് ഒന്ന് ഞെട്ടിയെങ്കിലും ശിവരാമന്‍ സംയമനം പാലിയ്ക്കുകയും, എന്നുമില്ലല്ലോ എന്നോര്‍ത്ത് സമാധാനിയ്ക്കുകയും, പെരുംജീരകത്തിനു മുകളില്‍, ബില്ലിനടിയില്‍ പല ദിവസ്സങ്ങളിലേയും സമ്പാദ്യം ഒതുക്കി വെയ്ക്കുകയും ചെയ്തു.

തൊട്ടപ്പുറത്തെ വട്ടമേശയില്‍ പണ്ടകശാലയെ കുറിച്ചും ക്രയവിക്രയങ്ങളെ കുറിച്ചും വാസ്കോഡിഗാമയും സാമൂതിരിയും തമ്മില്‍ 'ചിയേര്‍സ്'ല്‍ തുടങ്ങിയ സംവേദനം സംവാദത്തിലേയ്ക്കും, സംഘര്‍ഷത്തിലയ്ക്കും, സംഹാരത്തിലേയ്ക്കും തെന്നി നീങ്ങിയപ്പോള്‍ ഒരു ഒത്തു തീര്‍പ്പിന് ശ്രമിച്ച ശിവരാമന്‍ താന്‍ ഒരിയ്ക്കലും കുഞ്ഞാലിമരയ്ക്കാരാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. തന്റെ മധ്യസ്ഥതയില്‍ അവിടെ വീണ്ടും 'ചിയേര്‍സ്' വിരിഞ്ഞതു മാത്രമെ ശിവരാമന് ഓര്‍മ്മയുള്ളു. ബോധം തെളിഞ്ഞപ്പോള്‍ പണമടങ്ങിയ തന്റെ കറുത്ത കൊച്ചു ബാഗും കൊണ്ട് അവര്‍ മുങ്ങിയെന്ന് മനസ്സിലാക്കിയതും ശിവരാമന്റെ ബോധം വീണ്ടും മങ്ങി.

'വെയിറ്റര്‍' വന്ന് വിളിച്ചപ്പോള്‍ ശിവരാമന്റെ തലയ്ക്ക് നല്ല 'വെയിറ്റായിരുന്നു'. എത്രയും പെട്ടെന്ന് വീട്ടിലെത്തിയാല്‍ മതി എന്നുള്ള ചിന്തയാല്‍ പരിഭവവും പരാതിയും മാനേജര്‍ക്ക് കൈമാറി ശിവരാമന്‍ പടികളിറങ്ങി. മുണ്ടിന്റെ മടിക്കുത്തില്‍ ബീഡി പൊതിയ്ക്കൊപ്പം ചുരുട്ടി വെച്ചിരുന്ന അല്പം പണം അവിടെയുണ്ടെന്ന് ഉറപ്പു വരുത്തുമ്പോഴാണ് ബസ്സ് സ്റ്റാന്‍ഡിലേയ്ക്കുള്ള വഴി ചോദിയ്ക്കാന്‍ മറന്ന കാര്യം ഓര്‍ത്തത്.

വഴി നീളെ 'നാളെ... നാളെ...' വിളികളോടെ ഭാഗ്യം വിറ്റിരുന്ന ലോട്ടറിക്കാരന്‍ പയ്യന്‍ സ്റ്റാന്‍ഡിലേയ്ക്കുള്ള വഴി പറഞ്ഞു തന്നതിനുള്ള വിലയായി ശിവരാമനെകൊണ്ട് ഒരു ടിക്കറ്റെടുപ്പിച്ചു. ലോട്ടറി ടിക്കറ്റിലേയ്ക്ക് നോക്കി നെടുവീര്‍പ്പിട്ട് മടക്കി ഷര്‍ട്ടിന്റെ കൈ തെറുത്തുകയറ്റി അതില്‍ സുരക്ഷിതമാക്കിയപ്പോഴേയ്ക്കും 'അമ്മാ വല്ലതും തരണേ...' വിളികളും, വൈകാതെ 'അപ്പാ വല്ലതും തരണേ...' വിളികളും ശിവരാമനെ വഴിയില്‍ തടഞ്ഞു നിറുത്തിയത് ചില്ലറയാല്‍ പരിഹരിയ്ക്കപ്പെട്ടു.

അകലെ നിന്നും പാഞ്ഞുവന്നിരുന്ന ബസ്സിന്റെ നെറ്റിയില്‍ ഒട്ടിച്ചു വച്ചിരിയ്ക്കുന്നത് സ്വന്തം നാടിന്റെ പേരാണെന്നും, വേഗത കുറയുന്ന ബസ്സ് ആര്‍ക്കോ ഇറങ്ങാനായി നിറുത്തുകയാണെന്നും ഒറ്റനോട്ടത്തില്‍ അറിഞ്ഞ ശിവരാമന്‍ സര്‍വ്വ ശക്തിയും സംഭരിച്ച് പാഞ്ഞെത്തി. തിടുക്കത്തില്‍ ഇറങ്ങാന്‍ ശ്രമിച്ചിരുന്ന രണ്ടു യാത്രക്കാരുടെ നടുവിലൂടെ അതിലും തിടുക്കത്തില്‍ അകത്ത് കയറാന്‍ ശ്രമിച്ച തന്നെ അവര്‍ ഇക്കിളിയാക്കിയത് എന്തിനാണെന്ന് ചിന്തിയ്ക്കാനുള്ള മാനസികാവസ്ഥയില്‍ ആയിരുന്നില്ല ശിവരാമന്‍. മടിക്കുത്ത് കാലിയായത് അറിയാതെ അടുത്തു കണ്ട സീറ്റില്‍ ശിവരാമന്‍ മയങ്ങിവീണു.

'വടകര' ഫാസ്റ്റ് പാസ്സഞ്ചര്‍ വടക്കോട്ട് കുറേ ദൂരം പോയപ്പോള്‍ ബസ്സിന്റെ അങ്ങേ തലയ്ക്കലുണ്ടായിരുന്ന ടിക്കറ്റ് ചെക്കര്‍, വിവരപ്പട്ടികയുമായുള്ള ഗുസ്തി മതിയാക്കുകയും കണ്ടക്റ്ററുടെ മുഖത്തെ സ്വസ്തി കാണുന്നതിനും മുമ്പേ 'വികലാംഗര്‍ക്കു മാത്രം' മാറ്റിവെച്ചിരിയ്ക്കുന്ന സീറ്റിനെ സമീപിയ്ക്കുകയും ചെയ്തു. സുഖനിദ്രയിലായിരുന്ന ശിവരാമനെ സ്നേഹപൂര്‍വ്വം തോളില്‍ തോണ്ടിയുണര്‍ത്തി. മുദ്രാവാക്യം വിളിയ്ക്കാന്‍ ഉയര്‍ത്തിയ ശിവരാമന്റെ കൈ, ചെക്കറുടെ 'ടിക്കറ്റ് ' എന്ന ശബ്ദത്താല്‍ നിയന്ത്രിയ്ക്കപ്പെട്ട് പോക്കറ്റിലേയ്ക്കും തുടര്‍ന്ന് മടിക്കുത്തിലേയ്ക്കും പിന്നെ ഒരു ഞെട്ടലോടെ ഷര്‍ട്ടിന്റെ കൈ മടക്കിലേയ്ക്കും നീങ്ങി. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പുതുപുത്തന്‍ വാഗ്ദാനമെടുത്ത് നിഷ്കളങ്കനായി ചെക്കര്‍ക്ക് നേരെ നീട്ടി ശിവരാമന്‍ മൊഴിഞ്ഞു:

'ഒഴു കൊഴകഴ'.

Labels: ,

7 Comments:

Blogger സ്നേഹിതന്‍ said...

മെയ് ദിന ആശംസകള്‍.

11:25 PM  
Blogger സു | Su said...

പാവം ശിവരാമന്‍. പക്ഷെ കൊഴകഴ എന്ന് പറഞ്ഞത് വായിച്ച് ചിരിച്ചു. സംസ്ഥാനസമ്മേളനം നന്നായിട്ടുണ്ട്. പല വാചകങ്ങളും ഇഷ്ടമായി. :)

9:15 AM  
Blogger Pramod.KM said...

കൊടകരക്കാറ് മൊത്തം തമാശയാണോ?
ഹഹ.കഥ കൊള്ളാം സ്നേഹിതാ

9:49 AM  
Blogger Mr. K# said...

നന്നായിട്ടുണ്ട്.

11:21 AM  
Blogger സ്നേഹിതന്‍ said...

സു :)
pramod.km :)
കുതിരവട്ടന്‍ :)
നന്ദി.

9:35 PM  
Blogger myexperimentsandme said...

സ്നേഹിതനേ, വളവളാ കൊഴകൊഴാ

നല്ല പോസ്റ്റ്. ഇത് പണ്ട് വായിച്ചിരുന്നു അക്‍നുവോളജ് ചെയ്യാത്തതെന്തേ എന്ന് ആലോചിച്ചുകൊണ്ടിരിക്കുന്നു

3:22 PM  
Blogger സ്നേഹിതന്‍ said...

വക്കാരി:) നന്ദി.

10:17 PM  

Post a Comment

<< Home