Wednesday, December 02, 2009

ഒന്നു മുതൽ പൂജ്യം വരെ.



1

മാനം മുട്ടാൻ മുളയെടുക്കുന്ന
മുളയാകാം.

ശൈവരെന്നും തൊഴുന്ന
ശിവലിംഗമാകാം.

പടവാളാകാവുന്ന
തൂലികയാകാം.

ലക്ഷ്യത്തിലേയ്ക്ക് പായുന്ന
അസ്ത്രമാകാം.

മാനത്തു നിന്നും പൊഴിയുന്ന
മുത്തിന്റെ മായയാകാം.

ഒന്നിനോടുപമിയ്ക്കാൻ
സർവ്വം തികഞ്ഞതൊന്നു മാത്രം.


2
ഫണം വിടർത്തുന്ന
കോപമാകാം.

ഇണയെ തിരയുന്നൊരു
അരയന്നമാകാം.

വജ്ജ്രാസനത്തിലിരിയ്ക്കുന്നൊരു
സന്യാസിയാകാം.

പാതി വഴിയിൽ
വാടിയൊരു മോഹമാകാം.


3
തീരത്തെ വാരിപ്പുണരുന്ന
തിരമാലകളാകാം.

ചടുപിടെ ചരടറ്റൊരു
ചാപമാകാം.

കാളയുടെ കൊമ്പാകാം;
കൊമ്പുകുത്തിയ്ക്കുന്ന മല്ലന്റെ
കൊമ്പൻ മീശയാകാം.

ത്രിശൂലത്തിൻ തുമ്പിലെ
തിളക്കമാകാം.


4
അപ്സര നർത്തകിയുടെ
അന്യൂനമാം പാദ മുദ്രയാകാം.

പുതിയ ലോകം തേടുന്നൊരു
പഴയ പായ് കപ്പലാകാം.

മോഹങ്ങൾ വിതയ്ക്കാൻ,
ഭൂമിയെ ഉഴുതുമറിയ്ക്കുന്ന
കലപ്പയാകാം.


5
ഇരയെ കാത്തിരിയ്ക്കുന്നൊരു
പാവം ചൂണ്ട കൊളുത്താകാം.

സ്വപ്നങ്ങൾ കൊയ്യുന്ന
പൊന്നരിവാളാകാം.

എല്ലാം മറന്നു, സുഖനിദ്രയിൽ
ചുരുണ്ടുകൂടിയൊരു
മർത്ത്യനാകാം.


6
ഗജമുഖന്റെ ചുരുട്ടിയ
തുമ്പിക്കൈയാകാം.

വർണ്ണ ശലഭത്തിൻ
മധു തേടും വദനമാകാം.

അപരാധിയെ കാത്തിരിയ്ക്കും
ആരാച്ചാരുടെ കുരുക്കാകാം.

രത്നഗർഭയാം
ഭൂമിദേവിയുടെ
നിഗൂഢതയാകാം.


7
ശ്രീരാമൻ ഖണ്ഡിച്ചൊരു
ധനുസ്സാകാം.

വാർദ്ധക്യത്തിലെ
നിത്യ താങ്ങാകാം.

വഴിമുട്ടി,
മുനയൊടിഞ്ഞൊരു
ചോദ്യമാകാം.


8
നീലകണ്ഠന്റെ കയ്യിൽ
തുടിയ്ക്കുന്ന തുടിയാകാം.

ഉണ്ണിക്കണ്ണന് കവരാൻ
വെണ്ണ നിറഞ്ഞിരിയ്ക്കുന്ന
ഉറിയാകാം.

കൃതയുഗത്തിൽ നിന്നും
കലിയുഗത്തിലേയ്ക്ക്
കാലത്തെ
ക്രമമായി കൊഴിയ്ക്കുന്ന
നാഴികമണിയാകാം.


9
വേനലിലെ പുതുമഴ
തൊട്ടുണർത്തിയൊരു
ചെറു പയറിന്റെ
ആദ്യാങ്കുരമാകാം.

ശ്രംഗാരം തുളുമ്പുന്നൊരു
നമ്രമുഖിയാകാം.

പിറക്കാതെ പോയൊരു
പൈതലാകാം.


0
സ്വയം വിഴുങ്ങുന്നൊരു
നാഗമാകാം.

ഗുഹാമനുഷ്യന്റെ
ഇരുളടഞ്ഞ
അഭയകേന്ദ്രമാകാം.

ജ്ഞാനപഴം തേടിയ
ശ്രീമുരുകന്റെ യാത്രയാകാം;
കിട്ടിയ ഫലമാകാം.

അല്പനാം മനുഷ്യന്റെ
ഊതിപ്പെരുപ്പിച്ച
അഹങ്കാരമാകാം.

അടിമത്ത ചങ്ങലയിലെ
ആദ്യ കണ്ണിയാകാം.

അടുത്ത നിമിഷം
പൊലിയാവുന്ന
ജീവന്റെ
നീർകുമിളയാകാം.

ഒന്നുമില്ലെന്നും,
ഒന്നുമല്ലെന്നും,
ഒന്നുമാകില്ലെന്നുമുള്ള
ആരുടെയോ അറിവാകാം.

Labels: , ,