Tuesday, November 28, 2006

വെള്ളം

വട്ടം കറങ്ങി വട്ടത്തിലായ പുള്ളിപ്പശുവിനെ നോക്കി രാഘവന്‍ നെടുവീര്‍പ്പിട്ടു. നാളെ ഇവിടെ ഒരു കിണര്‍ രൂപം കൊള്ളാന്‍ തുടങ്ങും എന്ന് അറിയാമായിരുന്ന രാഘവന്‍ അവിടെയുള്ള പുല്ല് വെറുതെ കളയരുത് എന്നുള്ള സ്വന്തം തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തങ്കപ്പനാശാരി കിണറിന് സ്ഥാന നിര്‍ണ്ണയം നടത്തി അടിച്ചിറക്കിയ മരകുറ്റിയില്‍ പശുവിനെ കെട്ടിയിട്ടിരുന്നത്. പുള്ളിപ്പശു പണിതീര്‍ത്ത പരിപൂര്‍ണ്ണ വൃത്തം രാഘവനെ നെടുവീര്‍പ്പില്‍ നിന്നും ചിന്തകളുടെ ലോകത്തിലേയ്ക്ക് ഉയര്‍ത്തി. തങ്കപ്പനാശാരിയുടെ സഹായി ശശിയുടെ ശിരസ്സിലെ തിളക്കത്തില്‍ തുടങ്ങി, രൂപഭാവങ്ങള്‍ മാറാന്‍ വിധിയ്ക്കപ്പെട്ട് കൊപ്രക്കളത്തില്‍ പൊരിവെയിലില്‍ പൊരിയുന്ന പാവം തേങ്ങാമുറികളെ തഴുകി, പണ്ടാരന്റെ പൂമുറ്റത്ത് പനമ്പില്‍ ഉണക്കാനിട്ടിരുന്ന പപ്പടത്തെ കടന്ന്, തലേ രാത്രിയില്‍ കണ്ട പൂര്‍ണ്ണ ചന്ദ്രനെ കവര്‍ന്ന്, പണ്ട് കണക്കു പരീക്ഷ കഴിഞ്ഞ് ടീച്ചര്‍ സ്ലേറ്റില്‍ വരച്ചു വച്ച മാര്‍ക്കില്‍ എത്തിനിന്നു രാഘവന്റെ ചിന്തകള്‍.

തങ്കപ്പനാശാരി ആശാരിയല്ല. മറ്റെല്ലാ സംരംഭങ്ങളും പരാജയപ്പെട്ടപ്പോള്‍, കിണറിനു സ്ഥാനം നോക്കലും കരാറടിസ്ഥാനത്തില്‍ കിണര്‍ കുഴിയ്ക്കലും തൊഴിലാക്കിയപ്പോള്‍ നാട്ടുകാരാണ് തങ്കപ്പനെ തങ്കപ്പനാശാരിയാക്കിയത്. കിണറിന്റെ സ്ഥാന നിര്‍ണ്ണയവും കരാര്‍ ഉറപ്പിയ്ക്കലും കഴിഞ്ഞാല്‍ ജോലിയുടെ മേല്‍നോട്ടം മാത്രമെ തങ്കപ്പനുള്ളു. ജോലിയെല്ലാം ചെയ്യേണ്ടത് ശശിയും, ശങ്കരനും, മാണിക്യനുമാണ്. ചരടില്‍ തൂങ്ങുന്ന പിച്ചളക്കട്ടിയുടെ താളാത്മകമായ ചലനങ്ങളാണ് നീരൊഴുക്കിന്റെ ഉറവിടം കണ്ടെത്താന്‍ തങ്കപ്പന് തുണയാകുന്നത്. കൂടാതെ മരങ്ങളുടെ നില്പും, സ്ഥലമുടമസ്ഥന്റെ സാമ്പത്തിക ഇരിപ്പും, ഭൂമിയുടെ കിടപ്പും പ്രവചനങ്ങളെ സ്വാധീനിയ്ക്കാറുണ്ടായിരുന്നു.

'രാഹവാ...'

മുത്തശ്ശിയുടെ വിളി രാഘവനെ ചിന്തകളില്‍ നിന്നും മോചിപ്പിച്ചു. മുത്തശ്ശി വിളിച്ചതെന്തിനെന്ന് രാഘവനറിയാം; കല്‍ക്കണ്ടം വാങ്ങിയ്ക്കാന്‍. കിണറ് കുത്തി പുതുവെള്ളം തെളിഞ്ഞാല്‍ അതില്‍ വാരിയെറിയാന്‍, സന്തോഷം പങ്കുവെയ്ക്കാന്‍. മുത്തശ്ശിയ്ക്ക് എല്ലാ കാര്യത്തിലും തിടുക്കമാണ്. കല്‍ക്കണ്ടം രാഘവന്റേയും ബലഹീനതയായിരുന്നതു കൊണ്ട് അതും വൈകാതെ തയ്യാറായി.

പിക്കാസും, കൈക്കോട്ടും, ചൂരക്കൊട്ടയും, കയറും കപ്പിയുമായി തങ്കപ്പനും സംഘവും നേരത്തേ എത്തി. പുള്ളിപ്പശു മാറ്റിവരച്ച വൃത്തം, മരക്കുറ്റിയില്‍ കയറുകെട്ടി വട്ടം കറങ്ങി തങ്കപ്പനാശാരി ശരിയാക്കി. ശുഭ മുഹൂര്‍ത്തത്തില്‍ കിണര്‍ കുഴിയ്ക്കല്‍ തുടങ്ങി. കിണറും, ഒരു ചെറിയ കുന്നും ഇരട്ടകളേപ്പോലെ വളര്‍ന്നു തുടങ്ങി. അണഞ്ഞു പോയ ബീഡി ചുണ്ടിന്റെ ഇടത്തേ അറ്റം കൊണ്ട് കടിച്ചുപിടിച്ച് , വലതു ഭാഗം കൊണ്ട് കുശലാന്വേഷണം നടത്തി, അയല്‍പ്പക്കത്തെ പൈലി ജോലിക്കാര്‍ക്ക് പ്രോത്സാഹനം നല്‍കി.

കിണറിന് കുറച്ച് താഴ്ചയായപ്പോള്‍ ഇരുവശവും അടയ്ക്കാമരം കുഴിച്ചിട്ട്, കുറുകെക്കെട്ടി കപ്പി നാട്ടി. പുതുതായി വെട്ടിയെടുത്ത മുളയുടെ ഏണി കിണറ്റിലേയ്ക്കിറക്കി. കുടിവെള്ളം നിറച്ച മൊന്തയും, മുത്തശ്ശിയുടെ പഴയ തുപ്പല്‍ കോളാമ്പിയും ചൂരക്കൊട്ടയില്‍ കിണറ്റിലേയ്ക്കിറങ്ങി. കിണറ്റില്‍ ആരെങ്കിലും തുപ്പുന്നതോ, മൂക്കു പിഴിയുന്നതോ, ഓക്കാനിയ്ക്കുന്നതോ മുത്തശ്ശിയ്ക്ക് ഇഷ്ടമില്ലായിരുന്നു. കിണറ്റിലെ വെള്ളം സമൃദ്ധിയായി വീട്ടിലും, പറമ്പിലും, സമീപസ്ഥലങ്ങളിലും വിതരണം ചെയ്യാന്‍ പല കുതിരകളുടേയും കഴുതകളുടേയും ശക്തിയുള്ള മോട്ടോര്‍ കോയമ്പത്തൂരില്‍ നിന്നും ഇലക്ട്രീഷ്യന്‍ ഇട്ടുണ്ണി വഴി ഇറക്കുമതി ചെയ്തത് സസുഖം രാഘവന്റെ മുറ്റത്തെത്തി.

ദിവസങ്ങള്‍ പാഞ്ഞുപോയി. കുന്നിന് ഉയരം കൂടി; കിണറിന് താഴ്ചയും. കിണറിന്റെ ഉള്‍വശം ചെത്തിമിനുക്കി, നീരാട്ടു കഴിഞ്ഞ് നീര്‍ക്കോലിയ്ക്ക് നടു നിവര്‍ത്താന്‍ പാമ്പുവരികളുടെ പരമ്പരകളും പണിതീര്‍ത്തു. കിണര്‍ രൂപം കൊള്ളുന്നത് പാടത്തിന്റെ അരികിലായതുകൊണ്ട് പതിനഞ്ച് അടി താഴ്ചയില്‍ കിണറ്റില്‍ വെള്ളം പ്രത്യക്ഷപ്പെടുമെന്നുള്ള തന്റെ പ്രവചനത്തില്‍ നിന്നും തങ്കപ്പനാശാരി താഴേയ്ക്കു പോയില്ല; കിണറ് പോയി.

അക്ഷമനായി കിണറിനു ചുറ്റും നടന്നിരുന്ന തങ്കപ്പന്റെ അടുത്തേയ്ക്ക് പൈലി ഓടിക്കിതച്ചെത്തി. പകുതിയോളം എരിഞ്ഞു തീര്‍ന്ന ബീഡി കെടുത്താന്‍ മറന്ന് ഇടത്തെ ചെവിയ്ക്ക് മുകളില്‍ തിരുകിക്കയറ്റവെ, ചന്ദ്രുവിന്റെ ചായക്കടയില്‍ നിന്നും കോരിയെടുത്ത ചൂടുള്ള വാര്‍ത്ത ആവേശത്തോടെ തങ്കപ്പന് പകര്‍ന്നു നല്കി:

"ആശാരി അറിഞ്ഞോ... നമ്മടെ കിഴക്കേ വീട്ടുകാര് സാധാരണ കിണറല്ല കുത്താന്‍ പോണെ. കുഴല്‍ കിണറാ...".

കുറച്ചകലെ പള്ളിയില്‍ നിന്നും ഒറ്റമണി മുഴങ്ങി.

രണ്ട് ദിവസം മുമ്പ് ആ വീട്ടിലെ കാരണവരുമായി പുതിയ കിണറിനെപ്പറ്റി തങ്കപ്പന്‍ സംസാരിച്ച് ഏകദേശ ധാരണയായതായിരുന്നു. ഈ സംരംഭം സഫലമായാല്‍ അടുത്ത കുറ്റി ആ പറമ്പിലടിയ്ക്കാമെന്നുള്ള കണക്കു കൂട്ടലുകള്‍ കുറവുകളായൊ എന്ന് തങ്കപ്പന്‍ സംശയിച്ചു. മാണിക്യന്‍ നിറച്ചുകൊടുക്കുന്ന കുട്ട ആഞ്ഞാഞ്ഞു വലിച്ചിരുന്ന ശശിയോടും ശങ്കരനോടും വലി നിര്‍ത്തി കിണറ്റിലിറങ്ങി ആഞ്ഞാഞ്ഞു കൊത്തി എത്രയും പെട്ടെന്ന് വെള്ളം കാണിയ്ക്കാന്‍ തങ്കപ്പന്‍ കല്പിച്ചു. ഒരു തുരപ്പന്‍ യന്ത്രത്തോടും തോല്ക്കില്ലെന്നു് മന്ത്രിച്ച് തന്റെ തങ്കപ്പെട്ട മനസ്സുമായി തങ്കപ്പന്‍ നേരെ കിഴക്കേ വീട്ടിലേയ്ക്ക് പാഞ്ഞു; പൈലി സ്വന്തം വീട്ടിലേയ്ക്കും.

തന്റെ നിഴലിനു് നീളം കുറഞ്ഞപ്പോള്‍ പെട്ടെന്ന് എന്തെങ്കിലും അകത്താക്കിയിട്ടു വരാമെന്ന് കരുതി രാഘവന്‍ വീട്ടിലേയ്ക്ക് വലിഞ്ഞു. ചോറും, തൈരും, സാമ്പാറും, പപ്പടവും അച്ചാറും കൂട്ടിക്കുഴച്ച് ഉരുളകളാക്കി അപ്രത്യക്ഷമാക്കുമ്പോഴും രാഘവന്റെ മനസ്സ് കിണറ്റിന്‍ കരയിലായിരുന്നു. പെട്ടെന്ന് എന്തോ ശബ്ദം കേട്ടപ്പോലെ തോന്നിയ രാഘവന്‍ അകത്തേയ്ക്ക് പ്രവേശിയ്ക്കാന്‍ അനുമതിയ്ക്കായി കാത്തുനിന്ന ഉരുളയെ തടഞ്ഞു നിറുത്തി ചെവി വട്ടം പിടിച്ചു. കിണറ്റിന്‍കരയില്‍ നിന്നും പ്രതീക്ഷിച്ചിരുന്ന അതേ ശബ്ദം:

"വെള്ളം... വെള്ളം...".

അവസാന നിമിഷം വിസ നിഷേധിയ്ക്കപ്പെട്ട ഉരുള ഉരുളിയിലേയ്ക്ക് വീണു. മുത്തശ്ശിയേക്കാള്‍ മുമ്പെ കല്‍ക്കണ്ടപ്പൊതിയെടുത്ത് കിണറ്റിന്‍കരയിലേയ്ക്ക് കുതിയ്ക്കുമ്പോള്‍ കരള്‍ കുളിരുന്ന ആ ശബ്ദം രാഘവന്‍ വീണ്ടും കേട്ടു:

"വെള്ളം... വെള്ളം...".

ശബ്ദം കേട്ട് പൈലിയും തൊട്ടടുത്തുള്ള മറ്റു വീട്ടുകാരും കിണറ്റിന്‍കരയിലേയ്ക്ക് ഒഴുകിയെങ്കിലും ആദ്യമെത്തിയത് രാഘവന്‍ തന്നെ. അടുത്ത് എത്താറായപ്പോഴാണ് കിണറിന്റെ ഉള്ളില്‍ നിന്നും ചെറുതായി പുക ഉയരുന്നത് രാഘവന്റെ കണ്ണില്‍പ്പെട്ടത്. വല്ല അഗ്നിപര്‍വ്വതമായിരിയ്ക്കുമൊ ഇവര്‍ മാന്തി പുറത്തെടുത്തത് എന്ന് ശങ്കിച്ച് കിണറ്റിലേയ്ക്ക് എത്തി നോക്കിയ രാഘവന്‍ കണ്ടത് കിണറ്റില്‍ കൂട്ടിയിട്ട മണ്ണില്‍ ചാരിനിന്ന് തുടരെ തുടരെ ആഞ്ഞു പുകവലിയ്ക്കുന്ന ശങ്കരനെയും മാണിക്യനെയുമാണ്.

അവരുടെ അരികെ, ഇടതു കയ്യില്‍ കാലിയായ മൊന്ത ഉയര്‍ത്തിപ്പിടിച്ചും, വലതു കൈ കൊണ്ട് മിനുസ്സമായ ശിരസ്സുഴിഞ്ഞും, സൂര്യനെ തടഞ്ഞും, അല്പം മിനുസ്സം കുറഞ്ഞ പരന്ന പാറയുടെ മുകളില്‍ തളര്‍ന്നു നിന്ന് ശശി ദയനീയമായി ആവര്‍ത്തിച്ചു കൊണ്ടിരുന്നു:

"വെള്ളം... വെള്ളം...
...
കുടിയ്ക്കാനിത്തിരി വെള്ളം...".