Sunday, July 20, 2008

നുറുങ്ങുകള്‍

ഗാര്‍ഹികം

മണിയടിയും, വാതില്‍ക്കല്‍ തട്ടും മുട്ടും തുടര്‍ച്ചയായി കേട്ടപ്പോള്‍ അവള്‍ വാതില്‍ തുറന്നു. ഇരു കയ്യിലും ഓരോ പൊതിയുമായി, തെളിഞ്ഞ നിലാവുപ്പോലെ ചിരിച്ചു നില്ക്കുന്ന ഗൃഹനാഥന്‍.

അവളുടെ കണ്ണുകളിലെ അമ്പരപ്പിന്റെ ആഴമറിഞ്ഞ് അയാള്‍ വാചാലനായി:
'ഉപ്പ് കഴിഞ്ഞെന്നും പറഞ്ഞ് നിന്റെ മെസ്സേജ്ജുണ്ടായിരുന്നല്ലൊ'

അവളുടെ വിശദീകരണം ഒട്ടും വൈകിയില്ല്യ:
'ഉവ്വൊ? അത് രണ്ടാഴ്ച മുമ്പായിരുന്നു.'


കാലവും കോലവും

ആര്‍ക്കും ഒരു ഉപദ്രവവും ഇല്ലാതെ, ഇടയ്ക്കിടെ പിറുപ്പിറുത്തു നടന്നിരുന്ന അയാളോട് നാട്ടില്‍ എല്ലാവര്‍ക്കും സഹതാപമായിരുന്നു.

ഇടത്തേ ചെവിയില്‍ 'ബ്ലൂ ടൂത്ത്' കൂടു കൂട്ടിയശേഷം, പതിവു പോലെ പിറുപ്പിറുത്തു നടന്നിരുന്ന അയാളെ നഗരത്തില്‍ എല്ലാവരും അവഗണിയ്ക്കുകയായിരുന്നു.


സദ്യ

തൂശനിലയില്‍ വെള്ളം തളിച്ച്, തുടച്ച് വൃത്തിയാക്കി, വിഭവസമൃദ്ധമായ സദ്യയും പ്രതീക്ഷിച്ച്, അയാള്‍ കുറച്ചധികം നേരം കാത്തിരുന്ന് കുഴഞ്ഞപ്പോള്‍ അടുക്കളയില്‍ നിന്നും കളമൊഴിയുടെ കിളിമൊഴി:

"മറന്നു അല്ലെ? ഇന്നു തുടങ്ങി ഒരു നേരം 'പച്ചില സാലഡ്' മാത്രമേ കഴിയ്ക്കു എന്നല്ലെ തീരുമാനം!".

Labels: ,