Wednesday, March 26, 2008

ദോഷം

വാരാന്ത്യത്തില്‍
അയാള്‍ വളരെ
ബലഹീനനായിരുന്നു.

ചുമയും,
ചുമ്മാ പനിയും.

വൈദ്യന്‍ പറഞ്ഞൊഴിഞ്ഞു;
ജലദോഷമത്രെ.

അച്ഛന്‍ പറഞ്ഞറിഞ്ഞു;
ജനസംസ്സര്‍ഗ്ഗദോഷമത്രെ.

അമ്മ പറഞ്ഞുഴിഞ്ഞു;
ജന്മദോഷമത്രെ.

അയാളാകെ കുഴഞ്ഞു;
ദോഷം
ജലത്തിനൊ,
ജനത്തിനൊ,
ജന്മത്തിനൊ?

വാരാന്ത്യങ്ങള്‍
അയാളുടെ വലിയ
ബലഹീനതയായിരുന്നു.

Labels: ,

Wednesday, March 05, 2008

പുതിയ പാതയില്‍

ഒന്നാം വരിയില്‍
ഒച്ചിഴയുന്നു.

രണ്ടാം വരിയില്‍
രണ്ടും കല്പിച്ചാരോ
പരക്കംപായുന്നു.

മൂന്നാം വരിയില്‍
മനം മടുപ്പിയ്ക്കും
മാലിന്യമേറെ.

നാലാം വരിയില്‍
നിലയ്ക്കാത്ത
നിര്‍മ്മാണവും,
നിര്‍മ്മാര്‍ജ്ജനവും.

പാതയ്ക്കരുകില്‍
പല കൂട്ടം.
കാക്കിയ്ക്കിന്നും
കൈനീട്ടം.

പാതയിലേറെയും,
പുതുപണത്തിന്‍
പളപളപ്പ്.

രണ്ടു ചക്രങ്ങളില്‍
ഒന്നായി പോകുന്നവര്‍.
നാലു ചക്രങ്ങളില്‍
രണ്ടായി പോകുന്നവര്‍.

'ചക്ര'മേറെയില്ലാത്തവര്‍;
കടം കൊണ്ട ചക്രങ്ങളില്‍
ചക്രശ്വാസം വലിയ്ക്കുന്നവര്‍.

പാതയോരത്ത്
അതിവേഗതയുടെ
അതിദാരുണമാം
ദുരന്ത ദൃശ്യം.

പാതയില്‍ പലയിടത്തും
പാതാളത്തിലേയ്ക്കും,
പരലോകത്തേയ്ക്കും
പല പാതകള്‍.

പുതുലോകത്തെ
പലവരി പാതയില്‍,
വര്‍ണ്ണ പതാകകള്‍
വഴി തടയുന്നു.

ഒന്നാം വരിയില്‍
ഒച്ചിഴയുന്നു!

Labels: ,