Sunday, June 25, 2006

കണ്ണുനീര്‍ തുള്ളി

കലിതുള്ളി കൊടുങ്കാറ്റന്നൊരു
കാമരൂപിണിയാം കാര്‍മേഘത്തെ കവര്‍ന്നു.
ധരാധരത്തിനക്ഷിയില്‍ നിന്നും പടര്‍ന്നാ
ക്രോധാഗ്നി ഇന്ദ്രപ്രഹരണമായി.
നാകലോക, നിരയ ധരണികളിലെല്ലാം മുഴങ്ങി
അവളുടെ ആത്മരോദനം.

പരിത്യക്തയാ വാരിദം ഇരുളിലൊരു
കണ്ണുനീര്‍തുള്ളിയ്ക്ക് ജനനിയായി.
കൊടും കാട്ടിലെ കൂര്‍ത്ത കല്ലേകി
സ്വാഗതം കണ്ണുനീര്‍ മുത്തിനും.
അമ്മയെപ്പിരിഞ്ഞാ അശ്രുകണമന്ന്
കൂട്ടരുമൊത്തൊരു കണ്ണീരരുവിയായി.

വിഹ്വല നേത്രിയാമൊരു
പേടമാനവളെ നോക്കി കണ്ണു ചിമ്മി;
ദംഷ്ട്രങ്ങളുള്ളിലൊളിപ്പിച്ചൊരു
നരി പേടമാനിനേയും.
ബന്ധങ്ങളാം ചുഴിയില്‍പ്പെട്ടവള്‍
പലവട്ടം കറങ്ങി, കരഞ്ഞു;
പിന്നെ ബന്ധനവിമുക്തയായവള്‍
ഒരാരവത്തോടൊരു ആറ്റിലെത്തി.

ഒറ്റയ്ക്ക് തുഴഞ്ഞെത്തിയൊരു
കൊതുമ്പു വള്ളമവള്‍ താങ്ങി;
പിന്നെ വഞ്ചിപ്പാട്ടിന്നീണത്തിലെത്തിയൊരു
നവ നൗകയേയും.
ചൂണ്ടക്കൊളുത്തിലേയ്ക്കാഞ്ഞടുത്തൊരു
വര്‍ണ്ണമത്സ്യമവള്‍ക്കു ദഃഖമേകി;
പിന്നെ വലയില്‍ കുരുങ്ങിപ്പിടഞ്ഞൊരാ
രജത നിറമാര്‍ന്നൊരു ഝഷവും.

ഒരു കുടം വെള്ളത്തിനെത്തിയൊരു
പെണ്ണവളെ കണ്ണാടിയാക്കി;
പിന്നെയടുത്ത മാത്രയിലൊരു
തുള്ളി കണ്ണുനീരായവളിലലിഞ്ഞിറങ്ങി.
തന്നിലേയ്ക്കെറിയപ്പെട്ടൊരു
കബന്ധത്തിനവള്‍ മൂകസാക്ഷിയായി;
ചെന്നിണമവള്‍ക്കു ചുറ്റിലും
വളര്‍ന്നു കരാളഹസ്തങ്ങളായി.

ചുരുട്ടിയ മുഷ്ടികളാദര്‍ശങ്ങളെ
ആകാശത്തേയ്ക്കാഞ്ഞെറിഞ്ഞതും,
ലാഭവിഹിതത്തിനായ് അക്കരെയെത്തി
ആശീര്‍വാദം തേടിയതും അവള്‍ക്കന്ന്യമായി.

വേലയും, വിളക്കും വര്‍ണ്ണോത്സവങ്ങളും
അവള്‍ക്കരികിലെത്തി.
ഇരുളിന്റെ മറവിലൊരു കുട്ട മണലില്‍
നിന്നുമൂര്‍ന്നവള്‍ വീണ്ടുമാറ്റിലെത്തി.

മോഹങ്ങളാം നക്ഷത്രങ്ങള്‍ മീട്ടിയ
കിന്നര ഗാനമവള്‍ക്കു താരാട്ടു പാട്ടായി;
പിന്നെ പുലരിയിലെപ്പോഴൊ ഒരു
ഗായത്രിമന്ത്രമവള്‍ക്കുണര്‍ത്തു പാട്ടായി.

ഒടുവിലാര്‍ത്തലച്ചുകൊണ്ടൊരു തുറമുഖത്തവള്‍
അലിഞ്ഞാ ഭവസാഗരത്തില്‍.
പിന്നെയടുത്ത നിമിഷമാദിത്യനവളെയൊരു
ചെറു കുമിളയാക്കി മോക്ഷമേകി.
വീണ്ടുമൊരു കണ്ണുനീര്‍തുള്ളിയാകാനൊരു
പാവം മേഘത്തേരിലേറി.

Sunday, June 11, 2006

കിടുവ

NH47ന് സമീപത്ത് സര്‍വ്വരുടെയും ശ്രദ്ധയാകര്‍ഷിയ്ക്കുന്നൊരു സ്ഥലത്ത് 'ഷട്ടില്‍ കോക്ക് ' കളിച്ചിരുന്ന ഞാനുള്‍പ്പെടെയുള്ള യുവാക്കളുടെ അടുത്തേയ്ക്ക് അതിവേഗത്തില്‍ പൊടി പറത്തി ഒരു പോലീസ് ജീപ്പ് പാഞ്ഞു വന്ന് പെട്ടെന്ന് ബ്രേക്ക് ചെയ്തു. ജീപ്പ് നിറുത്തുന്നതിന് മുമ്പേ 'വൃത്തപരിശോധകന്‍' വിക്രം ചാടിയിറങ്ങി. കാക്കി പാന്റസ് വലിച്ചുകയറ്റി ശരിയാക്കി. തൊപ്പിയുരിയെടുത്ത് തിരികെ പ്രതിഷ്ഠിച്ചു. പിന്നെ തികഞ്ഞ ഗൗരവത്തില്‍ ഞങ്ങളോടായി ചോദിച്ചു: "നിങ്ങളാരൊക്കെയാ? എത്ര പേരുണ്ട് ? എപ്പോള്‍ തുടങ്ങി ഇവിടെ കളിയ്ക്കുന്നു ? എത്ര നേരം കളിയ്ക്കും ?..."

ആര്‍ക്കെങ്കിലും കാര്യമെന്താണെന്ന് പിടികിട്ടുന്നതിനു മുമ്പേ പരീശീലനകാലത്തെ എല്ലാ ചോദ്യങ്ങളും കക്ഷി ഞങ്ങളോട് ചോദിച്ച് കഴിഞ്ഞിരുന്നു. ആരെങ്കിലും എന്തെങ്കിലും പ്രതികരിയ്ക്കുന്നതിനു മുമ്പേ എല്ലാവരുടേയും മുഖത്തേയ്ക്ക് മാറി മാറി നോക്കി കാക്കിധാരി ഉറക്കെ പറഞ്ഞു: "നാളെ തുടങ്ങി ഞാനും ഇവിടെ കളിയ്ക്കാന്‍ വരും. മനസ്സിലായൊ ?" ഇത്രയും പറഞ്ഞ് ജീപ്പില്‍ കയറി വിക്രം അപ്രത്യക്ഷമായി.

ഇങ്ങിനെയും ആശയവിനിമയം ചെയ്യാന്‍ കഴിയുമല്ലെ എന്നോര്‍ത്ത് എല്ലാവരും തരിച്ചു നിന്നു. വാസ്തവത്തില്‍ ഇത്രയും നേരം കളിച്ച കളിയുടെ 'സ്കോര്‍' എല്ലാവരും മറന്നു പോയിരുന്നു!

കളി നിറുത്തിവെച്ച് 'വിശിഷ്ടാതിഥി' യുടെ സന്ദര്‍ശനത്തിനു പിന്നിലെ ചേതോവികാരത്തെപ്പറ്റിയായി ചര്‍ച്ച. കളിക്കളത്തില്‍ വെച്ച് പലപ്പോഴും റോഡില്‍ കൂടി പാഞ്ഞുപോകുന്ന ജീപ്പും ഞങ്ങളെ തുറിച്ച് നോക്കുന്ന പോലീസുകാരും ഞങ്ങളുടെയും ശ്രദ്ധയില്‍ പെട്ടിരുന്നു. ഇനി വല്ല കേസ്സന്വേഷണത്തിന്റെ ഭാഗമായി രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാനായിരിയ്ക്കുമൊ ഈ നുഴഞ്ഞു കയറ്റം എന്നും ഞങ്ങള്‍ ആലോചിച്ചു. ഞങ്ങള്‍ക്കെന്ത് രഹസ്യം! ഒടിഞ്ഞു നുറുങ്ങിയ 'ഫെതര്‍' ഷട്ടിലിന് പകരം പുതിയത് വാങ്ങിയ്ക്കാന്‍ ആരു കാശെടുക്കും എന്നുള്ള ചിന്ത എല്ലാവരുടെയും മനസ്സിലെ പരസ്യമായ രഹസ്യമായിരുന്നു. ഇപ്പോഴിതാ പുതിയ അവതാരം. പക്ഷെ കാശു വാങ്ങിച്ച് മാത്രം ശീലിച്ച കക്ഷിയുടെ കയ്യില്‍ നിന്നും കാല്‍ കാശു പോലും കിട്ടില്ലെന്ന് ഞങ്ങളൂഹിച്ചു. കാശിന്റെ കാര്യം വിട്ടു. കക്ഷിയെ 'വിശിഷ്ടാതിഥി'യാക്കി അവരോധിച്ചു. പിറ്റേ ദിവസ്സത്തേയ്ക്ക് കൂടാനായി സഭ പിരിഞ്ഞു.

എന്തൊ, പിറ്റേ ദിവസം കളിയ്ക്കാന്‍ എല്ലാവരും വന്നിരുന്നു. സര്‍ക്കാര്‍ ചെലവില്‍, 'Z' വിഭാഗത്തിലുള്ള സംരക്ഷണത്തോടെയുള്ള കളി സ്വപ്നം കണ്ടു എല്ലാവരും കളി തുടങ്ങി. നിയമ പാലകന്‍ കുറച്ചു കഴിഞ്ഞെത്തി. തലേദിവസ്സത്തെ ബഹളങ്ങളില്ല, യൂണിഫോമില്ല, കളിയ്ക്കാന്‍ കയ്യില്‍ ബാറ്റുമില്ല! എല്ലാവരോടും കുശാലായ് കുശലാന്വേഷണം. ഏമാന് കളിയ്ക്കാനായ് എല്ലാവരും കളിക്കളം ഒഴിഞ്ഞു കൊടുത്തു, ബാറ്റും. പക്ഷെ ഒറ്റയ്ക്ക് കളിയ്ക്കാന്‍ പറ്റാത്തതു കൊണ്ട് 'സാറി'ന്റെ കൂടെ ഞാനും മറു ഭാഗത്ത് രണ്ട് ചുണക്കുട്ടന്മാരുമായി പൂരത്തിന്റെ കുടമാറ്റത്തിനെന്ന പോലെ അണി നിരന്നു.

ഏമാന്‍ സ്വന്തം വെള്ള ഷര്‍ട്ട് ഊരിയെടുത്ത് കുടഞ്ഞ് ഇരു വിഭാഗത്തെയും വേര്‍തിരിച്ചിരുന്ന 'നെറ്റി'ന്റെ ഒരറ്റത്ത് ഞാത്തി. ഗര്‍ഭിണിയെ, പ്രസവത്തിന് കുറച്ചു നാള്‍ മുമ്പ് സ്വന്തം വീട്ടിലേയ്ക്ക് കൂട്ടികൊണ്ടു പോകുന്ന 'വയറുകാണിയ്ക്കല്‍' ചടങ്ങ് ഇതാണൊ എന്ന് ചോദിയ്ക്കണമെന്നുണ്ടായിരുന്നെങ്കിലും അതിന്റെ പ്രത്യാഘാതങ്ങള്‍ 'സ്കോറി'നെ ബാധിച്ചാലൊ എന്ന് ശങ്കിച്ച് ചോദിച്ചില്ല! ചുരുങ്ങിയ പക്ഷം 'ഇരട്ടക്കുട്ടികളാണൊ' എന്ന് ചോദിയ്ക്കണമെന്നുണ്ടായിരുന്നെങ്കിലും അതും വേണ്ടെന്ന് വച്ചു! 'ഉദര നിമിത്തം ബഹുവിധ ക്ലേശ'മനുഭവിയ്ക്കുന്നവനാണ് അതിഥിയെന്ന് ഒറ്റനോട്ടത്തിലറിഞ്ഞു; മനസ്സലിഞ്ഞു.

എല്ലാവരും സ്നേഹത്തോടെ 'ലവ് ഓളി'ല്‍ കളി തുടങ്ങി. മറുപക്ഷം 'സ്നേഹം' വിട്ടു, നമ്പറുകളിറക്കി, സ്കോറില്‍ നമ്പറുകള്‍ കയറ്റി. ഞങ്ങളുടെ പക്ഷം സ്നേഹത്തിലടിയുറച്ച് വിശ്വസിച്ച് പതറാതെ നിന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ സാറിന്റെ മട്ടും ഭാവവും മാറി. കണ്ണു രണ്ടും പുറത്തേയ്ക്ക് തള്ളിവരുന്നു. വായ അടയ്ക്കാന്‍ പറ്റുന്നില്ല. അറിയാതെ ബാറ്റ് കയ്യില്‍ നിന്നും കൊഴിഞ്ഞുപോയി, കൂടെ ജയിയ്ക്കാനുള്ള മോഹവും.

കളിക്കളത്തില്‍ നീണ്ടുനിവര്‍ന്നു മലര്‍ന്നു കിടന്ന് സാര്‍ മൊഴിഞ്ഞു: "ഇന്നലെ കുറച്ചോടി. രണ്ട് വാറ്റുകേസുണ്ടായിരുന്നു. അതിന്റെ ക്ഷീണാ."

ആര്‍ ആരെ ഓടിപ്പിച്ചു എന്നുള്ളത് സമസ്യയായി തുടരട്ടെ എന്ന് ഞാന്‍ മനസ്സില്‍ കരുതി. ആരൊ കൊണ്ടുവന്ന സോഡാ കുടിച്ച് വാടിയ ചേമ്പിന്‍ തണ്ടു പോലെ കളിക്കളത്തില്‍ വിശ്രമിയ്ക്കുന്ന ഏമാനറിഞ്ഞില്ല മറ്റുള്ളവരുടെയും കളി തടസ്സപ്പെട്ട കാര്യം. അതുകൊണ്ട് എല്ലാവരും ചുറ്റും കൂടി. പലതും സംസാരിച്ചപ്പോളാണ് സംഗീതത്തില്‍ അ'പാര' പാണ്ഡിത്യവും താല്പര്യവും സാറിനുണ്ടെന്ന് മനസ്സിലായത്. മനസ്സിലെപ്പോഴും സംഗീതം നിറഞ്ഞു നില്ക്കുമത്രെ. തുളുമ്പുമ്പോള്‍ കൂടെ ജോലി ചെയ്യുന്നവരൊ , പരാതി കൊടുക്കാന്‍ സ്റ്റേഷനിലെത്തുന്നവരൊ അത് ആസ്വദിയ്ക്കേണ്ടിവരില്ലെ, ഭരണിപ്പാട്ടായും മറ്റും എന്ന് ഞാന്‍ മനസ്സിലോര്‍ത്തു. കുറ്റകൃത്യങ്ങള്‍ തെളിയിയ്ക്കുന്ന കാര്യത്തിലും സാറിന് അസാധാരണ കഴിവായിരുന്നത്രെ. പ്രതികളെ ഉഴിഞ്ഞും ഇക്കിളിപ്പെടുത്തിയും ഫലമില്ലെങ്കില്‍ തന്റെ സംഗീതം കൊണ്ടും വാ തുറപ്പിച്ചിരുന്നത്രെ!

പോലീസ് വിശേഷങ്ങള്‍ വിളമ്പിയപ്പോള്‍ എന്റെ മനസ്സില്‍ തങ്ങിയതൊരെണ്ണം 'സത്യം സത്യമായി' ഇവിടെ കുറിയ്ക്കാമെന്ന് തോന്നി. ഷോളയാര്‍ വനത്തിനരികെ താമസിച്ചിരുന്ന ആദിവാസികള്‍ ഒരു നരിയെകൊണ്ട് പൊറുതിമുട്ടി. ആദിവാസികള്‍ക്ക് കാട്ടില്‍ പോയി വിറക്, തേന്‍, പച്ചമരുന്നുകള്‍ തുടങ്ങിയവ ശേഖരിയ്ക്കാന്‍ പറ്റാതായി. വീരനായ ഒരു ആദിവാസിയ്ക്ക് ഒരിയ്ക്കല്‍ നരിയുമായി അഭിമുഖത്തിന് അവസരം കിട്ടുകയും തലേവര ശരിയായിരുന്നതുകൊണ്ട് മാത്രം കോളനിയില്‍ ജീവനോടെ തിരിച്ചെത്തുകയും ചെയ്തു. നരിയെ പിടിയ്ക്കാന്‍ വനപാലകര്‍ ഒരുക്കിയ കെണികളോടൊക്കെ നരിയ്ക്ക് പുച്ഛമായിരുന്നു. ആദിവാസി കോളനിയിലെ ആടുമാടുകളില്‍ നല്ലൊരു പങ്കും നരിയുടെ മടയിലെത്തി തുടങ്ങിയപ്പോള്‍ നരിയെ തട്ടാന്‍ അധികൃതര്‍ ഉത്തരവിറക്കി. ഉത്തരവ് നടപ്പാക്കാന്‍ നിയോഗിയ്ക്കപ്പെട്ടത് 'റിസര്‍വി'ലുള്ള വിക്രമും കൂട്ടരും.

വിക്രമും വേറെ നാല് പോലീസുകാരും നിറതോക്കുകളുമായ് പകല്‍ സമയത്ത് കാട്ടിലെത്തി ആദിവാസികളുടെ സഹായത്തോടെ നരിമടയിലേയ്ക്കുള്ള വഴി കണ്ടുപിടിച്ചു. ലക്ഷ്യം കിട്ടാന്‍ യോജിച്ച സ്ഥലത്ത് കണ്ട ഒരു മുളങ്കൂട്ടം പതിഞ്ചോളം അടി ഉയരത്തില്‍ മുടി പറ്റെ വെട്ടി നിരത്തി പലക വിരിച്ച് കോളനിയിലേയ്ക്ക് തിരിച്ച് പോന്നു. മാര്‍ജ്ജാര വംശത്തിലെ ഓരോ ഇനത്തെയും ഇരുട്ടില്‍ തിളങ്ങുന്ന കണ്ണുകളുടെ നിറത്തില്‍ നിന്നും എങ്ങിനെ വേര്‍ തിരിച്ചറിയാമെന്നുള്ള സാങ്കേതിക ജ്ഞാനം ആദിവാസികളില്‍ നിന്നും വനപാലകരില്‍ നിന്നും മനസ്സിലാക്കി. സന്ധ്യയാകുന്നതിന് മുമ്പ് വിക്രമും മറ്റ് നാല് പോലീസുകാരും മാത്രം സര്‍വ്വ വിധ സന്നാഹളുമായി വീണ്ടും കാട്ടിലെ താവളത്തിലെത്തി.

മുളം കമ്പില്‍ ചവിട്ടി എല്ലാവരും മുകളിലെത്തി. നാലു പോലീസുകാര്‍ നാലു ദിശകളിലേയ്ക്ക് നിറതോക്കുകള്‍ ചൂണ്ടി കാഞ്ചിയില്‍ വിരലമര്‍ത്തി കമിഴ്ന്ന് കിടന്നു പ്രാര്‍ത്ഥിച്ചു. സ്ഥല പരിമിതിയാലൊ അതോ സ്വന്തം സുരക്ഷയെ കരുതിയൊ എന്തൊ ഇവര്‍ക്ക് നടുവില്‍ തോളില്‍ ചാരി വെച്ച തോക്കുമായ് വിക്രം പത്മാസനത്തില്‍ ധ്യാനനിരതനായി; മനസ്സ് കടിഞ്ഞാണില്ലാത്ത കണ്ടാമൃഗത്തെപ്പോലെ കുതിച്ചു പാഞ്ഞു. ജനസഹസ്രങ്ങള്‍ക്ക് മദ്ധ്യേ, ഉത്തുംഗ പീഠത്തില്‍, താളമേളക്കാര്‍ക്കു നടുവില്‍, ശുഭ്രവസ്ത്രധാരിയായി, തോളിലേന്തിയ വീണയില്‍ വിരല്‍ മീട്ടി വിക്രം മേഘരാഗത്താല്‍ കോടമഞ്ഞ് പെയ്യിച്ചു.

മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നരിയെ കണ്ടില്ല. സാവധാനത്തില്‍ കാടിന്റെ സംഗീതമവരെ നിദ്രയിലാഴ്ത്തി. ഈ സമയം സമീപ പ്രദേശത്ത് 'ഡ്യൂട്ടി'യിലുണ്ടായിരുന്ന ഒരു കരടികുട്ടന്‍ മനുഷ്യഗന്ധം പിടിച്ചെടുത്ത് ഉറവിടം തേടിയെത്തി. മുളയുടെ കമ്പുകളില്‍ പിടിച്ച് പതുക്കെ പതുക്കെ മുകളിലെത്തുകയും 'യൂണിഫോമി'ലുള്ള അഞ്ചു കംഭകര്‍ണ്ണന്മാരെ കാണുകയും, അവരിലൊരുവനെ കയ്യില്‍ തോണ്ടി വിളിയ്ക്കുകയും ചെയ്തു. പരസ്പര്‍ശം തിരിച്ചറിഞ്ഞ പോലീസുകാരന്‍ 'അനങ്ങാതിരിയെടാ...@#&...' എന്ന് മനസ്സില്‍ പറഞ്ഞ് കരടി കൈ തട്ടിമാറ്റുകയും, വ്യത്യസ്തത തിരിച്ചറിഞ്ഞ് ഒരു കണ്ണ് തുറന്നു നോക്കുകയും, കൈതണ്ടയില്‍ ചോരപ്പോലെ എന്തോ ഒന്ന് പൊട്ടിയൊലിയ്ക്കുന്നത് കാണുകയും, ഇരു കണ്ണുകളും തുറക്കുകയും, പരിചയമില്ലാത്ത ഒരു ബീഭത്സ മുഖം ചുടുചുംബനം നല്കാനണയുന്നത് കാണുകയും, സ്വന്തം ആത്മാവിനെ പോലും പുറത്തെത്തിയ്ക്കുമാറ് അത്യുച്ചത്തില്‍ "അമ്മേ" എന്നലറി കരയുകയും, 'ഠേയ്... ഠേയ്... ഠേയ്... ഠേയ്...' എന്ന് നാലു വെടികള്‍ നാലു ദിക്കിലേയ്ക്ക് പായുകയും, ഇതിന്റെയെല്ലാം മാറ്റൊലി മലനിരകളില്‍ നിന്ന് തിരിച്ചെത്തുകയും, 'ഠേയ്...' എന്ന് മറ്റൊരു വെടി ആകാശത്തേയ്ക്ക് ചീറിപ്പായുകയും ചെയ്തു.

ഈ ബഹളമെല്ലാം കേട്ട് കരടികുട്ടന്‍ ചാടിയിറങ്ങിയോടി സ്വന്തം ജോലിയില്‍ പ്രവേശിയ്ക്കുകയും, നരിയോ അതിര്‍ത്തി കടന്നപ്പുറത്തെത്തുകയും ചെയ്തത്രെ.

ധീരകൃത്യങ്ങളുടെ വിവരണം പൂര്‍ത്തിയാക്കിയാലെന്നപ്പോലെ വിക്രം കളിക്കളത്തില്‍ നിവര്‍ന്നിരുന്നു. പിന്നെ ഒരു ഉള്‍ വിളിയാലെന്നവണ്ണം ഉരുവിട്ടു: "PC 3... 28... 56... നല്ല കടുപ്പത്തിലൊരു 'സോഡേം' ഒരു പായ്ക്കറ്റ് വില്‍സും."
:)