Tuesday, March 28, 2006

സ്വാഗതം!

സ്വാഗതം!
അതായിരുന്നു എനിയ്ക് പറയുവാനുണ്ടായിരുന്നത്.

പണ്ട് പണ്ടൊരു തിരുമനസ്സ് ഒരു ഗ്രാമത്തിലൂടെ പല്ലക്കിലെഴുന്നെള്ളുമ്പോള്‍ എതിരെ വന്ന മറകുട ചൂടിയൊരു നമ്രമുഖി ദര്‍ശനം നല്‍കുകയും, ദര്‍ശനമാത്രയില്‍ തമ്പുരാന്‍ അനുരാഗവിവശനാകുകയും, കൊട്ടാരത്തിലെത്തിയശേഷം ചിന്താവിഷ്ഠനാവുകയും, പള്ളിയുറക്കത്തിന് ഭംഗം വന്നപ്പോള്‍ 'കുട കണ്ട കരയെവിടെ' എന്ന് അന്വേക്ഷിയ്ക്കാന്‍ ആജ്ഞാപിയ്ക്കുകയും, തത്ഫലമായ് ആ ഗ്രാമത്തിന് 'കുടകണ്ടകര' എന്ന് നാമകരണം നടക്കുകയും, കാലമേറെ ചെന്നപ്പോള്‍ ആ നാമം ലോപിയ്ക്കുകയും ചെയ്തത്രെ. ആ ഗ്രാമത്തില്‍ കര്‍ത്താവിന്റെ മണവാട്ടികള്‍ നടത്തുന്ന പാഠശാലയില്‍ അഞ്ചാം ക്ലാസ്സില്‍ പഠിയ്ക്കുമ്പോഴാണ് എനിയ്ക്കു് സ്വാഗതപ്രസംഗം എഴുതി പ്രസംഗിയ്ക്കാനുള്ള സുവര്‍ണ്ണാവസരം കിട്ടിയത്.

ഒന്നാമത്തെ ബഞ്ചില്‍ ഒന്നാമനായി കുടികിടപ്പുള്ളതുകൊണ്ടാണോ എന്നറിയില്ല, 'സിസ്റ്റര്‍ സില്‍വര്‍ ലൈന്‍' സ്കൂള്‍ വാര്‍ഷികത്തിന് സ്വാഗതപ്രസംഗം എഴുതി പ്രസംഗിയ്ക്കുന്ന കൃത്യം ഓഫീസ്സില്‍ വെച്ച് എന്നെ ഏല്പിച്ചു. ഒരാഴ്ചത്തെ സമയം മാത്രമെയുള്ളു പ്രസംഗം എഴുതി, സിസ്റ്റര്‍ക്ക് കൊടുത്ത്, സിസ്റ്റര്‍ തിരുത്തി തന്നത് ഞാന്‍ വീണ്ടും തിരുത്തി, എന്റെ മനസ്സില്‍ തിരുകുവാന്‍.

ജീവിതത്തിലാദ്യമായ് നിറഞ്ഞ സദസ്സിനുമുന്നില്‍ കാല്‍മുട്ടടിയ്ക്കാന്‍ കിട്ടിയ അവസരമായതുകൊണ്ട് വളരെ ശ്രദ്ധാപൂര്‍വം ഒരു IAS ട്രെയിനിയെപ്പോലെയാണ് ഞാന്‍ എഴുതി തുടങ്ങിയത്. ആദ്യമായ് ഒരു ഡ്രാഫ്റ്റ് കോപ്പി എഴുതാന്‍ തീരുമാനിച്ചു. ആദ്യത്തെ വാചകം എഴുതി തുടങ്ങി. 'ബഹുമാന്യനായ...'. ഇത്രയുമായപ്പോഴേയ്ക്കും ഒരു സംശയം ഉടലെടുത്തു. 'ബഹുമാന്യ' എന്നുച്ചരിച്ചതിനുശേക്ഷം ദീര്‍ഘശ്വാസം എടുക്കേണ്ടിവരുകയും തുടര്‍ന്ന് പ്രസംഗിയ്ക്കേണ്ടി വരുകയും ചെയ്യുകയാണെങ്കില്‍?
രണ്ടു കാലില്‍ നടക്കുന്നവരെ അങ്ങിനെ അഭിസംബോധന ചെയ്യുന്നത് ശരിയല്ല എന്ന് തോന്നുകയും, പക്ഷെ ആദ്യമായെഴുതിയ വാക്കായതുകൊണ്ട് അതിനെ ഉപേക്ഷിയ്ക്കാന്‍ മടി തോന്നുകയും ചെയ്കയാല്‍ ഇക്കാര്യം പിന്നെ തീരുമാനിയ്ക്കാം എന്നുള്ള ചിന്തയില്‍ അവിടെ "അതു വേണോ?" എന്ന് എഴുതി ചേര്‍ക്കുകയും ചെയ്തു. സ്റ്റണ്ട് രംഗങ്ങളില്‍ നായകനു പകരം ഡ്യൂപ്പിടുന്നതു പോലെ, മറ്റൊരു വാക്കെഴുതി തുടങ്ങി 'ബഹുമാനപ്പെട്ട...'. വാടി തുടങ്ങിയ ഒരു സൂര്യകാന്തി പൂ ഉടനെ മനസ്സില്‍ തെളിയുകയും, "ഇതും വേണൊ?" എന്ന് അവിടെ എഴുതി ചേര്‍ക്കുകയും ചെയ്തു. ഇത്രയുമായപ്പോഴേയ്ക്കും എഴുത്ത് അത്ര സുഖമുള്ള ജോലിയല്ലെന്ന് ബോദ്ധ്യം വരികയും, ബാക്കിയുള്ളതെല്ലാം പിന്നെ ഒരിയ്ക്കലേയ്ക്കായി മാറ്റി വയ്ക്കുകയും ചെയ്തു.

മഴക്കാലം തുടങ്ങുന്നതിന്ന് മുമ്പ്, പഞ്ചായത്ത് റോഡ് തിരക്കിട്ട് ടാറിംഗ് ചെയ്യുന്നതുപോലെ, എന്തൊക്കെയൊ ഒരുവിധം എഴുതി നിധികുംബം പോലെ സിസ്റ്ററെ ഏല്പിച്ചു. കാര്യമായ മാറ്റങ്ങളോടെ തിരികെ കിട്ടിയ ഫൈനല്‍ കോപ്പി അതിലുള്ളതും അപ്പുറവും ഇരുന്നും, കിടന്നും, നടന്നും, ഓടിയും മനഃപ്പാഠമാക്കി. ജീവനുള്ളതുപോലെ വേണം പ്രസംഗിയ്കാന്‍. അതു കേള്‍ക്കുന്നവര്‍ കോരിത്തരിയ്കണം. ആ കോരിത്തരിപ്പ് വിറയലായ് എനിയ്ക്ക് അനുഭവപ്പെട്ടു.

അങ്ങിനെ സുപ്രധാന ദിനം വന്നു ചേര്‍ന്നു. 'സോഫ്റ്റ്വെയര്‍' കമ്പനിയുടെ പുതിയ ഉല്പന്നത്തിന്റെ അവതരണത്തിനിടയ്ക്ക് പ്രദര്‍ശന കംപ്യൂട്ടറിന് താളപ്പിഴകള്‍ വന്നാല്‍ ബദല്‍ കംപ്യൂട്ടറിലേയ്ക്ക് എടുത്ത് ചാടി അവതരണം അഭംഗുരം തുടരുന്നതുപോലെ, മനഃപ്പാഠമാക്കിയതെന്തെങ്കിലും മറന്നാല്‍ ഉപയോഗത്തിന്, സിസ്റ്റര്‍ തന്ന കോപ്പിയും, അത് കൈമോശം വന്നാല്‍ സ്വന്തം ഡ്രാഫ്റ്റും ഞാന്‍ കയ്യില്‍ കരുതിയിരുന്നു.

ഞാനറിഞ്ഞില്ലെങ്കിലും അണിയറയില്‍ ഇതേ സമയം കാര്യമായ സംഭവങ്ങള്‍ നടന്നിരുന്നു. സ്വാഗതമോതാന്‍ ആകാംഷഭരിതനായ് നില്ക്കുന്ന എന്റെ മുന്‍പിലേയ്ക്ക് ഒരു വെള്ളിടിയായ് സിസ്റ്റര്‍ സില്‍വര്‍ ലൈന്‍ പ്രത്യക്ഷപ്പെട്ടു. എന്നോട് പതുക്കെപ്പറഞ്ഞു: "സ്വാഗതപ്രസംഗം പറയുന്നത് അനിലാണ്. ഞാന്‍ തന്ന പേപ്പര്‍ അവന് കൊടുക്കണം. അവന്‍ നോക്കി വായിച്ചുകൊള്ളും." പിന്നീടാണ് ഞാന്‍ അറിഞ്ഞതെങ്കിലും, അണിയറയിലെ കാര്യങ്ങള്‍ അവസാന നിമിഷത്തില്‍ ഒരു വഴിതിരിവില്‍ എത്തി വളഞ്ഞു പോയിരുന്നു.

സ്ഥലത്തെ പ്രധാന പയ്യന്‍സ് സ്ക്കൂള്‍ വാര്‍ഷികത്തിനോടൊപ്പമുള്ള സമ്മാന ദാനത്തിനായ് കാര്യമായ സംഭാവന നല്‍കിയിരുന്നു. പയ്യന്‍സിനെ പ്രസാദിപ്പിയ്കാന്‍, പയ്യന്‍സ്സിന്റെ പയ്യനായ അനിലിന് വേദിയില്‍ തിളങ്ങാന്‍ അവസരം നല്‍കുകയായിരുന്നു അവസാനനിമിഷത്തില്‍. സ്റ്റേഡിയത്തിലേയ്ക് പോകാനിരുന്ന ഓപ്പണിംഗ് ബാറ്റ്സ്മാനോട് "പോയി ഗ്യാലറിയിലിരുന്ന് കളി കാണെടാ മോനെ..." എന്ന് പറയുന്നതുപ്പോലെ എനിയ്ക്ക് തോന്നി.

ദത്തെടുക്കലിന്റെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കുഞ്ഞിനെ കൈമാറുന്ന അമ്മയുടെ ഹൃദയവേദനയോടെ ഞാന്‍ പേപ്പറുകളെല്ലാം അനിലിന് കൈമാറുകയും, ആനന്ദഭരിതന്‍ അനില്‍ കടലാസ്സുകള്‍ മുഴുവന്‍ കയ്യടക്കി പുഞ്ചിരി പൊഴിയ്ക്കുകയും ചെയ്തു.

ജീവിതത്തില്‍ ഏറിയ പങ്കും ചുമടെടുത്ത തൊഴിലാളിയെപ്പോലെ ഞാന്‍ സ്കൂള്‍ ഗ്രൗണ്ടിന്റെ ഒരു മൂലയില്‍ ഒതുങ്ങി നിന്നു. "ആദ്യമായ് സ്വാഗതം" എന്ന് മൈക്കിലൂടെ കേട്ടപ്പോള്‍ ഞാന്‍ ചുറ്റും നോക്കി. എന്റെ ക്ലാസ്സിലെ മൂന്ന്പേര്‍ കുറച്ചകലെയായ് സേമിയാ ഐസ്ക്രീം ആരവത്തോടെ ആസ്വദിയ്ക്കുന്നു. ഞാനവിടേയ്ക്ക് ചെന്നു. അനില്‍ സ്റ്റേജിലേയ്ക് വന്നപ്പോള്‍ "ഞാനാ സ്വാഗതപ്രസംഗം എഴുതിയെ" എന്ന് മൂവരോടും അഭിമാനപ്പൂര്‍വം പറഞ്ഞു. അവരുടെ ചെറുതായ്പ്പോകുന്ന കണ്ണുകളിലേയ്ക് നോക്കി ഞാന്‍ വിണ്ടും പറഞ്ഞു "അതേഷ്ടാ, ഞാന്‍ തന്ന്യാ".

കുഴലപ്പം പോലെ ചുരുട്ടികൊണ്ടുവന്ന കടലാസ്സുകള്‍ വലിച്ചു നിവര്‍ത്തി ആര്‍ത്തിയോടെ അനില്‍ വായിച്ചു തുടങ്ങി. "ബഹുമാന്യ നായ...അതു വേണോ?... ബഹുമാന പെട്ട... ഇതും വേണൊ?...".

ഇത്രയും ആയപ്പോഴേയ്ക്കും വിശിഷ്ഠാതിഥികള്‍ പരസ്പരം നോക്കുന്നതും, എവിടെ നിന്നോ പറന്നിറങ്ങിയ പരുന്തിനേപ്പോലെ സിസ്റ്റര്‍ അനിലിനെ റാഞ്ചിമറയുന്നതും, എന്തിനും ഏതിനും ആഹ്ലാദിയ്ക്കുന്ന മുന്‍നിരയിലെ തറടിക്കറ്റിലിരിയ്ക്കുന്ന ഒന്നും രണ്ടും ക്ലാസ്സിലെ കുട്ടികള്‍ നിര്‍ത്താതെ കയ്യടിയ്ക്കുന്നതും, 'ഹെഡ്മിസ്ട്രസ്സ് ഹല്ലേലൂയ' സര്‍വര്‍ക്കും സമാധാനവുമായ് സ്റ്റേജിലേയ്ക് വരുന്നതും, കയ്യടി പവര്‍ കട്ടായതുപോലെ പെട്ടെന്ന് നിന്നതും എല്ലാം ഒരു മിന്നായം പോലെ എന്റെ മുന്‍പില്‍ മിന്നിമറഞ്ഞു.

'ഇതായിരുന്നൊ നിന്റെ സ്വാഗതപ്രസംഗം' എന്ന മട്ടില്‍ കൂട്ടുകാര്‍ മൂവരും എന്നെ തിരിഞ്ഞ് നോക്കിയപ്പോള്‍ ഞാന്‍ എവിടെയായിരുന്നെന്ന് സത്യത്തില്‍ എനിയ്ക്ക് പോലും അറിയില്ലായിരുന്നു.

Labels:

Sunday, March 26, 2006

പ്രതീക്ഷകള്‍

ബാല്യം:
അമ്മതന്‍ താരാട്ടുമമൃതുമൊരിയ്ക്കലും നിലയ്ക്കില്ലെന്ന്
പിച്ചവയ്ച പൊന്‍പാദങ്ങളൊരിയ്കലും പിഴയ്കില്ലെന്ന്
മുത്തശ്ശിക്കഥയിലെ മുത്തുമണികള്‍ക്കെന്നും മുത്തം കൊടുക്കാമെന്ന്
പട്ടുടുപ്പും പുഞ്ചിരിയുമായ് പിതാവിതാ പടിക്കടന്നുടനെയെത്തുമെന്ന്

കൗമാരം:
മാനത്തെ മാരിവില്‍ മായാതെ മറയാതെയെന്നും മന്ദഹസിയ്കുമെന്ന്
കുറുക്കന്‍ കാട്ടിലെ കുയിലിന്‍ മണിനാദമെന്നും ശ്രവിയ്കാമെന്ന്
തൊടിയിലെ പച്ചപട്ടുകുടയില്‍ പനംതത്തയിന്നുമൊളിച്ചിരിയ്കുമെന്ന്
മുറ്റത്തെ മുല്ലയില്‍ മാലാഖമാരിന്നും പറന്നിറങ്ങുമെന്ന്

വാനിലെ വെണ്‍മേഘത്തേരില്ലെന്നും പാറിപ്പറന്നിടാമെന്ന്
മതിമയങ്ങുമെന്‍ സൗന്ദര്യമേവരേയും ഭ്രമിപ്പിയ്കുമെന്ന്
പുലരുമ്പോള്‍ കുന്നിലെ കല്ലെല്ലാം കാഞ്ചനമായ് മാറുമെന്ന്
കാഞ്ചന കുന്നിലെ കണ്ണാടികെട്ടാരത്തില്ലെന്നും സസ്സുഖം വാഴാമെന്ന്

യൗവ്വനം:
ഇണയെതിരഞ്ഞെല്ലാലോകങ്ങളും യുഗങ്ങളോളമലയാമെന്ന്
വഴിയറിയാതെ കവലയിലുഴലുമ്പോള്‍ ചിരിച്ചുകൊണ്ടവളോടിയെത്തുമെന്ന്
കാലാന്തങ്ങളോളം കണ്ണിടറാതെയങ്ങിനെ കണ്ടിരിയ്കാമെന്ന്
സിരകളില്‍ കത്തികയറുമീയുന്മാദമൊരിയ്കലും നിലയ്കില്ലെന്ന്

വാര്‍ദ്ധക്യം:
നിത്യശാന്തിയീഭൂവില്ലെന്നെങ്കിലും പുലരുമെന്ന്
ആ ശാന്തിഭൂവില്‍ തന്‍ മക്കളേവരും സസ്സുഖം വാഴുമെന്ന്
കാലമേറെക്കഴിഞ്ഞാലും തന്‍ ശ്വാസമൊരിയ്കലും നിലയ്കില്ലെന്ന്
എല്ലാം നിശ്ചലമായാലുമീയുടലുയിരോടെ വൈകുണ്ഠം പൂകുമെന്ന്

:-)